ആത്രേയി

എന്തെല്ലാം സാമഗ്രികൾ വേണം…? അളവുകൾ എങ്ങനെ ആയിരിക്കണം? സൂക്ഷ്മതയോടെ ചെയ്യണം. പൊതുവെ വളരെ കൃത്യതയും സൂക്ഷ്മതയും ഉള്ളയാളാണ്

അയാൾ. എന്നാൽ അന്ന് ആദ്യമായി തനിയെ കാര്യങ്ങൾ ചെയ്യുന്ന തുടക്കക്കാരനെ പോലെ അയാൾ പതറി. അങ്കലാപ്പു നിറഞ്ഞ നോട്ടം അയാൾ പലകുറി

ഷെഡിലേക്കു അയച്ചു. ചിതറി പറക്കുന്ന ചിന്തകൾ അടുക്കി എടുക്കാൻ നോക്കുന്തോറും കാറ്റിൽ ചുഴറ്റുന്ന കരിയില പോലെ അയാളുടെ മനസ്സ് അലങ്കോലപ്പെട്ടു

കൊണ്ടിരുന്നു .
എങ്ങനെ ശ്രദ്ധ നിൽക്കും? നിർത്താതെയുള്ള കിളിക്കൊഞ്ചൽ ചിന്തകളെ ഖണ്ഡിച്ചു കൊണ്ടിരുന്നു .” പപ്പാ ബോബ് , ഇതെന്താ? പപ്പാ ബോബ്, ഇതും കൊണ്ട്

എന്താ ചെയ്കാ? പപ്പാ ബോബ്, എൻറെ കൂടെ കളിക്കാൻ വരൂ …” ഹോ ഒന്ന് സംസാരം നിർത്തൂ കുട്ടീ, ഞാനിവിടെ തിരക്കായി നിൽക്കുന്നത് കണ്ടില്ലേ ?

അയാളുടെ മനസ്സ് പറഞ്ഞു .
വിജാഗിരി ഉണ്ടോ ? ഒരു ജോഡി വേണ്ടി വരും. പിന്നെ എന്തൊക്കെ വേണം? സംസാരം മസ്തിഷ്കത്തിൽ കയറാതെയിരിക്കാൻ ശ്രമിച്ചു കൊണ്ട്

മുറുക്കെയടച്ച കണ്ണുകളോടെ അയാൾ ആലോചിച്ചു തുടങ്ങി. കൊളുത്തു രണ്ട്, അതോ ഒന്ന് മതിയോ ? അടപ്പു പലക , പെട്ടി പലക, പിടി തറയ്ക്കാനുള്ള

ബ്രാക്കറ്റുകൾ , മൂലകളിൽ പിടിപ്പിക്കാനുള്ള മെറ്റൽ കോണുകൾ, കൊത്തുപണി ഉള്ളത് വേണോ അതോ … ” “പപ്പാ ബോബ്, എനിക്ക് ഇത് പോലൊന്ന് കൊത്തി

തരുമോ ? എനിക്ക് മമ്മിക്ക്‌ കൊടുക്കാനാ. മമ്മിക്കു പൂക്കളുടെ കൊത്തു പണി വലിയ ഇഷ്ടമാ …” വീണ്ടും ചിന്ത മുറിഞ്ഞപ്പോൾ അസഹ്യതയോടെ റോബർട്ട്

നെറ്റി തടവി.
പണി മുന്നോട്ടു പോകാത്ത മടുപ്പിൽ അയാൾ അടുത്ത് കിടന്ന ടയറിൻറെ പുറത്തു ഇരുന്നു. നുരഞ്ഞു പൊങ്ങുന്ന വേദന പിടിച്ചു നിർത്താനെന്ന പോലെ തല

രണ്ട് കയ്യും കൊണ്ട് അമർത്തി . പൂച്ച കുഞ്ഞിൻറെ കരച്ചിൽ നേരിയതായിരുന്നെങ്കിലും അയാൾ വല്ലാതെ ഞെട്ടി . അത് വന്നു അയാളുടെ കാലുകളിൽ ദേഹം

ഉരസി സ്നേഹം പ്രകടിപ്പിക്കുന്നതും നോക്കി അയാൾ നിസ്സഹായനായി ഇരുന്നു. ഒരാഴ്ചയായി ഭക്ഷണം കൊടുക്കുന്നതിൻറെ സ്നേഹം. അതിനെ കയ്യിൽ

എടുത്തു ഓമനിക്കാൻ തോന്നിയെങ്കിലും ഒരു വല്ലാത്ത ഭയം കാരണം അയാളതിനെ തൊട്ടില്ല . പൂച്ചകുഞ്ഞിൻറെ മുഖത്ത് നോക്കിയിരുന്നാൽ അസ്തപ്രജ്ഞനായി

പോകുമോ എന്ന് ഒരു പേടി. അത് പരിചിതമായ മുഖത്തിന് വേണ്ടി അവിടൊക്കെ തേടുന്നത് കണ്ടു അയാൾ പെട്ടെന്ന് മുഖം തിരിച്ചു. “പപ്പാ ബോബ്,

നിങ്ങൾക്കു പ്രായമായില്ലേ? അത് കൊണ്ട് പപ്പാ ബോബ് പതിയെ എല്ലാം ചെയ്യണം. ഞാൻ ഓടിയോടി ചെയ്യും. ഞങ്ങൾ കുഞ്ഞുങ്ങൾക്ക് ഒരുപാടു തിരക്കാ . ”

വീണ്ടും കലപില സംസാരം. ഇല്ല, ഇന്ന് പതിയെ ചെയ്യാൻ സമയമില്ല. അയാൾ വീണ്ടും എഴുന്നേറ്റു ചെവിക്കു പിന്നിൽ തിരുകിയ പെൻസിൽ കയ്യിലെടുത്തു..
അളവുകൾ കൃത്യമായിരിക്കണം. ഇനിയൊരു അവസരം കിട്ടില്ല തെറ്റിയാൽ തിരുത്താൻ . നീളം എത്ര വേണം? അയാൾ ഓർക്കാൻ ശ്രമിച്ചു. വിസ്താരം

അധികം വേണ്ട. ഉള്ളിൽ നിന്നും എത്ര പൊക്കം വേണം? ലൈനിങ്ങിനു ഉള്ളിൽ കുഷണിങ് വേണം. അതനുസരിച്ചു വേണം ഉള്ളിലെ സ്ഥലം തിട്ടപ്പെടുത്താൻ.

തയ്യൽ മെഷീന്റെ കടകട ശബ്ദം പിന്നെയും അയാളുടെ ശ്രദ്ധ തിരിച്ചു. യൗളീൻ തയ്‌ക്കുകയാണ് , അവളുടെ വിവാഹ ഗൗൺ മുറിച്ചു ഒരു കുഞ്ഞി കുപ്പായം.

അവളും ഇടയ്ക്കിടയ്ക്ക് നിർത്തുന്നു, ഒരു പതർച്ചയോടെ വീണ്ടും തയ്യൽ തുടരുന്നു. അവളും ഓർത്തെടുക്കാൻ നോക്കുകയാണ്. അവളെയും വർത്തമാനം

പറഞ്ഞു ശല്യം ചെയ്യുന്നുണ്ടാകും. കിലുക്കാം പെട്ടി വന്നു പോകുന്നത് വരെ വായടയ്ക്കാറില്ലല്ലോ .
ലൈനിങ്ങിനുള്ള തുണി അവൾ അരികത്തായി എടുത്തു വെച്ചിട്ടുണ്ട്. ആരെയും, പ്രത്യേകിച്ച് കുഞ്ഞുങ്ങളെ തൊടാൻ സമ്മതിക്കാതെ സൂക്ഷിച്ചു വെച്ചിരുന്ന

സാറ്റിൻ ബെഡ്‌ഷീറ്റ്. കുഞ്ഞുങ്ങൾ തൊട്ടു അഴുക്കാക്കും എന്ന് ഭയന്ന് ഒളിച്ചു വെച്ചിരുന്ന ശുഭ്ര വർണ്ണം നാളെ എന്തായിത്തീരുമെന്നു ഓർത്തു അയാൾക്ക്

നിരാശ തോന്നി . തല ശക്തമായി കുടഞ്ഞുകൊണ്ടു അയാൾ പണി പുനരാരംഭിച്ചു. അളവുകൾ എല്ലാം കൃത്യമായിരിക്കണം, അയാൾ സ്വയം മന്ത്രിച്ചു.

“പപ്പാ ബോബ്, നിങ്ങൾ ഈ പണി എവിടെ നിന്ന് പഠിച്ചു? യേശു അപ്പച്ച ൻറെ അപ്പൻ ആശാരി ആയിരുന്നു എന്ന് മമ്മി പറഞ്ഞിട്ടുണ്ട്. പപ്പാ

ബോബിൻറെയും അപ്പൻ ആശാരി ആയിരുന്നോ? മമ്മി പറഞ്ഞു നിങ്ങൾ ഒന്നും ഒരു പണിയും ചെയ്യാത്ത ആൾക്കാരാണെന്ന്‌. ചുമ്മാ കുടിച്ചും ഗിറ്റാർ

വായിച്ചും സമയം കളയുന്നവരാണെന്നു . പക്ഷെ യേശു അപ്പച്ച ൻറെ ജോലി ചെയ്യുന്ന നിങ്ങളെ എനിക്ക് വലിയ ഇഷ്ടമാ. മമ്മി കാണാതെ ഞാൻ പമ്മി പമ്മി

ഇനിയും ഇവിടെ വരും.” റോബെർട്ടിൻറെ കണ്ണുകൾ വരാന്തയിൽ ചാരി വെച്ചിരുന്ന ഗിറ്റാറിലേക്കു നീണ്ടു. ഉളി താഴെയിട്ടു അയാൾ വേഗം പോയി അതെടുത്തു

അതിൻറെ തന്ത്രികളെ തലോടി . വീണ്ടും വല്ലാത്തൊരു ഭയം. അയാൾ ഒഴിവാക്കാൻ ശ്രമിക്കുന്ന ഈണം അയാളുടെ വിരലുകളെ കടന്നു പിടിച്ചാൽ…?
“ആംഗ്ലോ ഇന്ത്യൻസ് എന്ന വർഗ്ഗമേ വെറും ഉഴപ്പന്മാരും മദ്യപാനികളുമാണ്. പോരാത്തതിന് കത്തോലിക്കരും. എൻറെ കുഞ്ഞു അവിടെ പോയി തല തിരിഞ്ഞു

പോകാൻ ഞാൻ സമ്മതിക്കില്ല. ബിംബാരാധനക്കാരുടെ അടുത്ത് കുഞ്ഞിനെ വിട്ടു എന്ന് നമ്മുടെ പാസ്റ്റർ അറിഞ്ഞാൽ വല്ലാത്ത നാണക്കേടാകും. ഗിറ്റാറിൽ

അയാൾ എന്തൊക്കെ അനാവശ്യ പാട്ടുകളായിരിക്കും പാടുക! പിന്നെ ആ നശിച്ച പാട്ടുപെട്ടിയിൽ നിന്നും എപ്പോഴും ജാനിസ് ജോപ്ലിൻറെ പാട്ടുകൾ ആണ്

കേൾക്കുന്നത്. ആൾക്കാരെ വഴി തെറ്റിക്കാൻ അത് മതി. ഒരു പള്ളിപ്പാട്ട് ഇന്ന് വരെ ആ വീട്ടിൽ നിന്നും കേട്ടിട്ടുണ്ടോ ?.” ജാനിസ് ജോപ്ലിൻറെ പാട്ടുകൾ

റോബെർട്ടിന് എന്നും പ്രിയപ്പെട്ടതായിരുന്നു. അയാൾ അറിയാതെ അയാളുടെ വിരലുകൾ ഉതിർത്തു കൊണ്ടിരുന്ന മനോഹര ഈണത്തിനും ആൻസിയുടെ

ശകാരവർഷത്തെ നേർപ്പിക്കാൻ കഴിഞ്ഞില്ല. ഗിറ്റാർ പെട്ടെന്ന് താഴെ വെച്ചതും അയല്പക്കത്തെ അടഞ്ഞു കിടക്കുന്ന ജനാലയിലേക്കു അയാളുടെ നോട്ടം തെറ്റി

വീണു . രാവിലെ വന്ന ഫോൺകോളിൻറെ ഒച്ച ആ ജനാലയ്ക്കുള്ളിൽ നിന്നും വരുന്നതായി അയാൾക്ക് തോന്നി.
” അങ്കിൾ ബോബ്,” ഒരു തേങ്ങലായി വന്ന വിളി. “അവനെ, ഗബ്രിയേലിനെ നിങ്ങൾ ദയവായി കൊണ്ട് പോകുമോ ? അവൻ ഒറ്റയ്ക്കാ. ഞങ്ങൾക്കും ഇനി

അധികമില്ല. അവകാശികളില്ലാത്തവരെ പോലെ അവരവനെ … അങ്കിൾ ബോബ്, ദയവായി നിങ്ങളുടെ കുടുംബ കല്ലറയിൽ അവനെ… ഞങ്ങൾ മരിക്കുന്നതു

വരെ അവൻ ആ മോർച്ചറിയിൽ ഒറ്റയ്ക്ക്..” പിന്നെ ഒന്നും ഏങ്ങലടിക്കിടയിൽ കേട്ടില്ല. ആൻസിയുടെ ഏങ്ങലടി തൻറെ നെഞ്ചിൽ നിന്നും ആണ് തുളച്ചു

പൊങ്ങുന്നത് എന്ന് തോന്നി.

പെട്ടെന്ന് അയാളോർത്തു, അച്ചനെ വിളിച്ചു ഒന്ന് കൂടെ പള്ളിയിലെ കാര്യങ്ങൾ ഒക്കെ മുറയ്ക്ക് നടക്കുന്നു എന്ന് ഉറപ്പു വരുത്തണം. തൻറെ കുടുംബം

പതിറ്റാണ്ടുകളായി സ്വന്തം എന്ന് പേര് എഴുതി വെച്ച അവകാശം. ഒരു കഷ്ണം കൽപ്പലകയും ആറടി മണ്ണും. ആഴം കൂടുതൽ വേണം. ബ്ലീച്ചിങ് പൌഡർ 5

കിലോ തികച്ചും ഉണ്ടാകുമോ എന്ന് ശ്രദ്ധിക്കണം. മറ്റു കാര്യങ്ങൾ എല്ലാം നാളെ…
പലക മുറിക്കുന്നതിൻറെയും ആണി അടിക്കുന്നതിൻറെയും കഠിനാധ്വാനത്തിൽ അയാൾ കണ്ണീരിനെ വിയർപ്പിൽ കലർത്തി ഇല്ലാതാക്കാൻ ശ്രമിച്ചു. എഴുപത്തി

അഞ്ചു വയസ്സായ കൈകളിലെ ഞരമ്പുകൾ ഉയർന്നു പൊങ്ങി. അതിലും ഒരുപാട് പ്രായം ചെന്ന കണ്ണുകൾ നേരം ഇരുട്ടുന്നതു അറിഞ്ഞു.

ഇല്ല, അവൻ ഒറ്റയ്ക്കാവില്ല. ഇന്ന് രാത്രി മാത്രം. അതിനു ശേഷം അവൻ എൻറെ ജോയലിന്റെ കൂടെ … നാല്പതു വര്ഷം മുൻപ് കാൽക്കീഴിൽ അമർന്ന

മണ്ണിൻറെ ചൂടുള്ള നനവ് അയാളുടെ കാലുകളെ അപ്പോൾ പൊള്ളിച്ചു. ഇൻ ലവിങ് മെമ്മറി ഓഫ് ജോയൽ, ബിലവെഡ് സൺ ആൻഡ്… കല്ലിൽ കൊത്തിയ

വാക്കുകൾ അയാളെ ചുറ്റിവരിഞ്ഞു. അതിനു താഴെയായി… ഇൻ ലവിങ് മെമ്മറി ഓഫ് ഗബ്രിയേൽ… അച്ചനോട് അത് പറഞ്ഞിരുന്നോ എന്ന് അയാൾ

ഓർത്തെടുക്കാൻ ശ്രമിച്ചു.
വീട്ടിനുള്ളിൽ നിന്നും യൗളീൻറെ വിരൽ തുമ്പുകൾ പിയാനോയിൽ നിന്നും വളരെ ശോകമൂകമായ ഗാനം ഉതിർക്കുന്നതും കേട്ട് അയാൾ ആ ഷെഡിൻറെ

കോണിൽ ഇരുന്നു. നാട് മുഴുവൻ മഹാമാരിയിൽ പെട്ട് മരണപ്പെടുമ്പോൾ ജീവിച്ചിരിക്കുന്നതിൽ അയാൾക്ക് കുറ്റബോധം തോന്നി. കൂടണയുന്ന പ്രാവുകളെ

നോക്കി ഇരിക്കവേ തനിക്കും കൂടണയാൻ സമയമായി എന്ന് അയാൾക്ക് തോന്നി. ഒരു വസന്ത കാലത്തിൽ, ചെറു കാറ്റ് വീശുന്ന സമയത്തു, പുതുപൂക്കളുടെ

സുഗന്ധവും പക്ഷികളുടെ സന്തോഷാരവവും ഉള്ള ഒരു പ്രഭാത സമയത്തു അന്ത്യ യാത്ര ചെയ്യുന്നതായി അയാൾ എപ്പോഴും വിഭാവനം ചെയ്യുമായിരുന്നു.

എന്നാൽ ഇരുളുന്ന ആകാശത്തു പക്ഷികളുടെ നിഴൽ മങ്ങി വരുന്ന നേരത്തു അയാൾക്ക് എന്തെന്നില്ലാത്ത ഒരു ഏകാന്തത അനുഭവപ്പെട്ടു.
പല പതിറ്റാണ്ടുകൾക്ക് മുൻപ് തൻറെ പപ്പാ ഗോവയിൽ നിന്നും മുംബൈ യിലേക്ക് ചേക്കേറിയ കഥകൾ തന്നെ മടിയിലിരുത്തി പറഞ്ഞു കേൾപ്പിച്ചിരുന്നത്

അയാൾ ഓർത്തു. ഈ മരോൾ ഗാവും അതിൽ നില കൊള്ളുന്ന സെൻറ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയും അയാളുടെ സ്വന്തം എന്ന് ഇത് വരെ

വിശ്വസിച്ചിരുന്നു. എന്നാൽ പൂർവികരോടൊത്തു അടക്കം ചെയ്യപ്പെട്ടിരുന്നെങ്കിലും ആ പള്ളി കല്ലറയിൽ തൻറെ മകൻ തികച്ചും ഏകനാണെന്നു അയാൾക്ക്

തോന്നി. പെട്ടെന്ന് തൻറെ പപ്പയെയും മമ്മയെയും വല്ലാതെ അയാൾക്ക് മിസ് ചെയ്തു. എല്ലാവരും ജനനത്തോടെ ഒരു കുടുംബത്തിൻറെ ഭാഗമാകുമ്പോൾ

ഇവിടെ ഈ കുഞ്ഞു മരണത്തിലൂടെ തൻറെ കുടുംബത്തിൻറെ ഭാഗമാകുന്ന വിരോധാഭാസം ഓർത്തു അയാൾ നെടുവീർപ്പിട്ടു .ഈ രാത്രി ഒറ്റയ്ക്ക് അന്ത്യ

വിശ്രമം കൊള്ളുന്ന കുഞ്ഞിനെ ഓർക്കാതിരിക്കാൻ അനന്തമായ ഉറക്കത്തിലേക്കു വീഴാൻ അയാൾ വല്ലാതെ ആഗ്രഹിച്ചു.
യൗളീൻ ഷെഡിൻറെ ലൈറ്റ് തെളിയിക്കാൻ വന്നപ്പോൾ എന്തൊക്കെയോ സംസാരിച്ചു . “ബോബീ, നാളെ രാവിലെ …” എന്നാൽ വാക്കുകൾ

അയാളിലേക്കെത്താതെ പാറി പറന്നു പോകുന്നത് അയാൾ അറിഞ്ഞു. ചിന്തകളിൽ നിന്ന് താൽക്കാലിക മോചനം നേടി പുറത്തു വന്നപ്പോൾ സമയം നന്നേ

വൈകിയിരുന്നു എന്ന് അയാൾ തിരിച്ചറിഞ്ഞു. അളവുകൾ എല്ലാം വളരെ കൃത്യമായിരുന്നു എന്ന് അയാൾ സംതൃപ്തിയോടെ തൻറെ സൃഷ്ടിയെ നോക്കി

കണ്ടു. പിയാനോയുടെ ശബ്ദം നിലച്ചിരിക്കുന്നു. പകരം ആയുസ്സു തീരാറായ റെക്കോർഡ് പ്ലെയറിൽ നിന്നും ജാനിസ് ജോപ്ലിൻറെ ഗാനങ്ങൾ ഒഴുകി വരുന്നു.

നേരം വെളുക്കാൻ ഇനി അധികം സമയം ഇല്ല എന്ന് ഓർത്തു കൊണ്ട് അയാൾ പെട്ടിയുടെ പുറത്തു മിനുക്കു പണികൾ ചെയ്യാൻ ആരംഭിച്ചു. കുഷനിങ്

ചെയ്യണം, ലൈനിങ് വിരിക്കണം, അങ്ങനെ പലതും… പിന്നെ, പൂക്കളുടെ കൊത്തുപണി… തിരക്കിട്ടു കാര്യങ്ങൾ തീർപ്പു വരുത്തുന്നതിനിടയിൽ ജാനിസ് ജോപ്ലിൻ

തൻറെ അവസാനത്തെ പാട്ടു പാടി തീർക്കുകയായിരുന്നു. ഇനി ഒരിക്കലും ജാനിസ് ജോപ്ലിൻ അയാൾക്ക് വേണ്ടി പാടില്ല എന്ന് അയാൾ വ്യസനത്തോടെ

തിരിച്ചറിഞ്ഞു..