അടൂര്‍ ഗോപാലകൃഷ്ണന്‍
(മലയാള സിനിമയെ ലോകചലച്ചിത്ര ഭൂപടത്തില്‍ അടയാളപ്പെടുത്തിയ വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ‘ജീവിതനാടകം- അരുണാഭം ഒരു നാടകകാലം’ എന്ന ബൈജു ചന്ദ്രന്റെ പുസ്തകത്തെ സഹൃദയലോകത്തിന് മുമ്പാകെ അവതരിപ്പിച്ചുകൊണ്ട് കുറിച്ച വാക്കുകള്‍)
     നാടകത്തെ അറിഞ്ഞുതുടങ്ങുന്ന കാലമാണ് എനിക്ക് അമ്പതുകള്‍. ഒരുതരത്തില്‍ മലയാള നാടകവേദിയുടെ വസന്തകാലം. തമിഴ് കമ്പനി നാടകങ്ങള്‍ മലയാളിയുടെ നാടകതൃഷ്ണയെ ഉണര്‍ത്തി ഊട്ടിയിരുന്ന ഒരു ഘട്ടം ഏതാണ്ട് അവസാനിക്കുന്നത് നാടന്‍ സംഗീതനാടക സംഘങ്ങള്‍ കേരളത്തില്‍ മുളച്ചു പടരുവാന്‍ തുടങ്ങിയതോടെയാണ്. സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍, അക്ബര്‍ ശങ്കരപ്പിള്ള, ഓച്ചിറ വേലുക്കുട്ടി (സ്ത്രീവേഷം), അഗസ്റ്റിന്‍ ജോസഫ് തുടങ്ങിയ പേരുകള്‍ ഗൃഹസദസ്സുകളില്‍ ചര്‍ച്ചാവിഷയമാവുന്ന കാലമാണ് തുടര്‍ന്നുവന്നത്. അന്ന് ഇന്ത്യയില്‍ എവിടെയുമെന്നതുപോലെ ഇവിടെയും നാടകത്തിലോ സിനിമയിലോ അഭിനയിക്കുവാന്‍ സ്ത്രീകള്‍ മുന്നോട്ടുവന്നിരുന്നില്ല. നാടകാഭിനയം അവര്‍ക്ക് സമൂഹത്തില്‍ പതിതത്വം കല്പിച്ചുപോന്നിരുന്നുവെന്നതുതന്നെ കാരണം. ഇക്കാര്യത്തില്‍ അഭ്യസ്തവിദ്യരെന്നോ അനഭ്യസ്തരെന്നോ വേര്‍തിരിവ് ഉണ്ടായിരുന്നില്ല.
ഉത്പതിഷ്ണുക്കളായ ഏതാനും ചെറുപ്പക്കാര്‍- അവര്‍ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പിന്തുടരുന്നവരായിരുന്നു- ഒത്തുകൂടി, പുതിയൊരു നാടകസംരംഭത്തിനും സമിതിക്കും തുടക്കമിടുമ്പോള്‍ നായികാവേഷത്തിന് അനുയോജ്യയായ ഒരു നടിയെത്തേടിയുള്ള അന്വേഷണമായി. അവള്‍ വെറുമൊരു നടിയായാല്‍ പോരാ. ഗായിക കൂടി ആയിരിക്കണം. അഭിനയസിദ്ധിയും സംഗീതാഭിരുചിയും ആകാരഭംഗിയും ഒത്തുചേര്‍ന്ന ഒരു പെണ്‍കുട്ടിയെ കണ്ടെടുക്കുക ഏതാണ്ട് അസാധ്യം തന്നെയായിരുന്നു.
പരിക്ഷീണരായ അവര്‍ അവസാനം യാദൃച്ഛികമായി ചെന്നെത്തിയത് പാവപ്പെട്ട ഒരു കുടുംബത്തിലെ സംഗീതവാസനയും ഒപ്പം ചുണയും പ്രസരിപ്പുമുള്ള പതിനേഴുകാരിയായ സുലോചനയെന്ന പെണ്‍കുട്ടിയിലായിരുന്നു.
മകളെ നാടകത്തിനയക്കുന്നതില്‍ യാഥാസ്ഥിതികനായ അച്ഛന് വൈമനസ്യമുണ്ടായിരുന്നുവെങ്കിലും കുറെ കൂടിയാലോചനകള്‍ക്കും സമ്മര്‍ദങ്ങള്‍ക്കുംശേഷം സമ്മതം നല്‍കുകയായിരുന്നു.
അങ്ങനെ രാജഗോപാലന്‍ നായരും ജനാര്‍ദനക്കുറുപ്പും ചേര്‍ന്നെഴുതിയ ‘എന്റെ മകനാണ് ശരി’ എന്ന സംഗീതനാടകം പുതുതായി രൂപീകരിച്ച കേരളാ പീപ്പിള്‍സ് ആര്‍ട്സ് ക്ലബ് (കെപിഎസി) അരങ്ങേറാനുള്ള ഒരുക്കങ്ങളായി. റിഹേഴ്സലുകളിലൂടെ സുലോചനയുടെ സ്വത:സിദ്ധമായ അഭിനയചാതുരി തേച്ചുമിനുക്കപ്പെട്ടു, ഗായികയായും നടിയായും സുലോചന തിറമ നേടിക്കൊണ്ടിരുന്നു. ആത്മാര്‍ത്ഥതയും സ്ഥിരോത്സാഹവും ഈ പുതുമുഖനടിയുടെ ഉന്നമനത്തിന് ചെറുതായൊന്നുമല്ല വഴിയൊരുക്കിയത്.
ശൂരനാട് സംഭവത്തോടെ ഒളിവിലായിരുന്ന തോപ്പില്‍ ഭാസി സോമനെന്ന കള്ളപ്പേരില്‍ എഴുതിയ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്ക’ി അരങ്ങ് കൈയടക്കിയതോടെ കെപിഎസിയും സുലോചനയും കെ.എസ്. ജോര്‍ജുമെല്ലാം നാട്ടുകാരുടെ ആരാധനാപാത്രങ്ങളായി. നാടകവും ഗാനമേളയുമായി കെപിഎസിയുടെ ജൈത്രയാത്ര ആരംഭിക്കുകയായിരുന്നു. സര്‍വേക്കല്ല്, മുടിയനായ പുത്രന്‍, മൂലധനം, പുതിയ ആകാശം പുതിയ ഭൂമി, അശ്വമേധം, ശരശയ്യ- എല്ലാം എണ്ണംപറഞ്ഞ നാടകങ്ങള്‍. എല്ലാറ്റിലും അവര്‍ നായികനടി. നൂറുകണക്കിന് വേദികള്‍, ആയിരക്കണക്കിന് ആസ്വാദകര്‍. രാജ്യത്ത് മലയാളിയുള്ള മണ്ണിലെല്ലാം കെപിഎസി എത്തി.
സുലോചന ആസ്വാദക ലക്ഷങ്ങളുടെ ആരാധനാപാത്രമായത് വേഗത്തിലായിരുന്നു. താരശോഭയാര്‍ജിച്ച സുലോചനയില്ലാതെ പകരക്കാരെ ചേര്‍ത്ത് നാടകം നടത്തുക അസാധ്യം തന്നെയായി. കാഴ്ചക്കാരെത്തിയിരുന്നത് സുലോചനയെ കാണാനും കേള്‍ക്കാനും മാത്രമോ എന്നുപോലും സംശയിക്കേണ്ട അവസ്ഥയാണ് തുടര്‍ന്നുണ്ടായത്. ഒന്ന്രണ്ട് ഇടങ്ങളിലെങ്കിലും അവധിയിലായിരുന്ന സുലോചന തിരിച്ചെത്തി വേഷമിടുന്നതുവരെ കാഴ്ചക്കാര്‍ ദിവസങ്ങള്‍തന്നെ കാത്തിരുന്നു.
   ക്രമേണ, സ്വാഭാവികമായിത്തന്നെ, ഇടതുരാഷ്ട്രീയ പിന്തുണയും പ്രാതിനിധ്യവുമുള്ള കെപിഎസിയുടെ ഭരണസമിതിയിലും അവര്‍ അംഗമായി, പ്രത്യേകിച്ച് ഏതെങ്കിലും തത്വസംഹിതയുടെ പ്രയോക്താവോ അനുയായിയോ അല്ലായിരുന്ന സുലോചന കെപിഎസിയുടെ ഭാഗധേയം നിര്‍ണയിക്കുന്ന ഉന്നതസ്ഥാനങ്ങളില്‍ അവരോധിക്കപ്പെട്ടത് അവരില്‍ തെളിഞ്ഞുകണ്ടിരുന്ന നേതൃപാടവവും അര്‍പ്പണബുദ്ധിയും കണക്കിലെടുത്തായിരുന്നു. പ്രത്യയശാസ്ത്ര പ്രതിബദ്ധത കാലക്രമത്തില്‍ ഉരുത്തിരിഞ്ഞതത്രെ. സമരമുഖങ്ങളില്‍ അവര്‍ പ്രകടിപ്പിച്ച ഉശിരും വീറും മറ്റുള്ളവര്‍ക്ക് പ്രചോദനമായി. പുതിയ അഭിനേത്രികള്‍ എത്തുമ്പോള്‍ അവരെ പരിശീലിപ്പിക്കുന്നതിനും അവര്‍ക്ക് സാഹോദര്യവും ആത്മവിശ്വാസവും പകരുന്നതിനും ചേച്ചിയായി സുലോചന സ്വയം മുന്നോട്ടുവന്നിരുന്നു.
സുലോചനയെന്ന അസാമാന്യ കലാപ്രതിഭയെ നടുതിരിയായി നിര്‍ത്തി, കെപിഎസിയുടെ വിപ്ലവകരമായ ദിഗ്വിജയം ആലേഖനം ചെയ്യുന്ന ഈ കൃതിയുടെ ഒട്ടനേകം ഉപാഖ്യാനങ്ങളുടെ ഇഴകള്‍ വിദഗ്ധമായി പിരിച്ചുചേര്‍ത്ത് ഉല്പന്നമാക്കിയ രചനാസൂത്രം മൗലികതയുടെ ശോഭയാര്‍ജിച്ചിരിക്കുന്നു. രണ്ടാം ഇഴ തോപ്പില്‍ ഭാസിയെന്ന പ്രതിഭാധനനായ നാടകകൃത്തിനെ ചുറ്റിയായത് സ്വാഭാവികം. ജനപക്ഷം ചേര്‍ന്ന്ുനിന്ന് അവരുടെ വേദനകളും ഇല്ലായ്മകളും കഷ്ടങ്ങളും പരാജയങ്ങളും പ്രതീക്ഷകളും നൈരാശ്യങ്ങളും എന്നുവേണ്ട, ജീവിതത്തുടിപ്പുകളാകെയും കണ്ടുംകൊണ്ടും പരിണതപ്രജ്ഞനായ ഒരെഴുത്തുകാരന്റെ റോളില്‍ അലിവോടെ അറിവോടെ വര്‍ത്തിക്കുന്ന തോപ്പില്‍ ഭാസിയെന്ന അതുല്യ കലാകാരന്‍ കെപിഎസിയുടെ പ്രാണനായിരുന്നു.
കാമ്പിശ്ശേരി, കെ.എസ്. ജോര്‍ജ്, ഒ. മാധവന്‍, തോപ്പില്‍ കൃഷ്ണപിള്ള, പി.ജെ. ആന്റണി, ശ്രീനാരായണപിള്ള, ഗോവിന്ദന്‍കുട്ടി, കെ.പി. ഉമ്മര്‍, സാംബശിവന്‍, സുധര്‍മ്മ, വിജയകുമാരി, ബിയാട്രിസ്, ലളിത, അടൂര്‍ ഭവാനി, ലീല തുടങ്ങിയ പ്രതിഭാധനരായ നടീനടന്മാരുടെ അരങ്ങിലെയും അണിയറയിലെയും ജീവിതചിത്രങ്ങള്‍ കോറിയും, ഒ.എന്‍. വി-ദേവരാജന്‍ കൂട്ടുകെട്ടില്‍ പിറന്ന ഗാനങ്ങളുടെ മാധുരി നുണപ്പിച്ചും, വൈക്കം ചന്ദ്രശേഖരന്‍ നായര്‍, പി.ജെ. ആന്റണി തുടങ്ങിയവരുടെ പ്രതിഭ പ്രഖ്യാപിച്ചും, കുടുംബനാടക സംഘത്തിന്റെ കാരണവരായ എന്‍.എന്‍.പിള്ള (ക്രോസ്ബെല്‍റ്റ്) കെ.ടി. മുഹമ്മദ് (കറവറ്റ പശു, ഇത് ഭൂമിയാണ്), ഏരൂര്‍ വാസുദേവ് (ജിവിതം അവസാനിക്കുന്നില്ല), മുഹമ്മദ് മാനി (ജ്ജ് നല്ലൊരു മനിസനാവാന്‍ നോക്ക്) എന്നിവരെപ്പറ്റി സാകൂതം എടുത്തുപറഞ്ഞും പോകുന്ന ഇഴ മറ്റൊന്ന്. അനല്പമായ പ്രാധാന്യത്തോടെ രേഖപ്പെടുത്തിപ്പോവുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്നേറ്റവും നേട്ടങ്ങളും ഇനിയൊരിഴ. കൂടാതെയുമുണ്ട് പൊടിയിഴകള്‍ വേറെയും. അതിലെ തിളക്കുമുള്ള ഒന്ന് നൂറനാട് ലെപ്രസി ഹോസ്പിറ്റലിലെ മനുഷ്യസ്നേഹിയായ സൂപ്രണ്ട് ഡോക്ടര്‍ ഉണ്ണിത്താനെപ്പറ്റിയുള്ളതാണ്. അദ്ദേഹം തോപ്പില്‍ ഭാസിയോട് വികാരതീവ്രതയോടെ ചോദിച്ച ‘രോഗം ഒരു കുറ്റമാണോ’ എന്ന ചോദ്യം അശ്വമേധം പോലെയുള്ള ഒരൊന്നാന്തരം നാടകകൃതിക്ക് ആധാരമായ കഥ ഹൃദയസ്പൃക്കായി വിവരിക്കുന്നുണ്ടിവിടെ.
തിരുവനന്തപുരത്ത് അരങ്ങേറിയ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ കണ്ടിട്ട് അണിയറയിലെത്തി അഭിനന്ദനമറിയിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഗാന്ധിയനുമായ കെ.ആര്‍. ഇലങ്കത്തിനെപ്പറ്റിയുള്ള പരാമര്‍ശം വേറൊരു വെളിച്ചമാണ് തെളിക്കുന്നത്. ഒരു കലാസൃഷ്ടിയെ അതിന്റെ സ്വത്വത്തില്‍ കണ്ടാസ്വാദിക്കുന്നതിന് പ്രത്യയശാസ്ത്ര വേര്‍തിരിവുകള്‍ തടസ്സമല്ലെന്നുള്ള തിരിച്ചറിവാണത്. അകാലത്തില്‍ അന്തരിച്ചുപോയ നാടകാചാര്യനും ഉത്പതിഷ്ണുവുമായ പി.കെ. വിക്രമന്‍ നായരെ തികഞ്ഞ മതിപ്പോടെ, നന്ദിയോടെ തന്നെ അനുസ്മരിച്ചിരിക്കുന്നു.
1950 മുതല്‍ അറുപതുകളുടെ മധ്യംവരെ കേരളത്തില്‍ അങ്ങോളമിങ്ങോളം ഉടലെടുത്ത എണ്ണപ്പെട്ട മറ്റ് സമകാലിക നാടകസംരംഭങ്ങളിലേക്കുമെല്ലാം ആഖ്യാനം അറിഞ്ഞെത്തുന്നുണ്ട്. മുന്‍പെങ്ങും ഉണ്ടായിട്ടില്ലാത്തവിധം സൂക്ഷ്മവും വിശദവുമായ അന്വേഷണപഠനങ്ങളുടെ പിന്‍ബലത്തോടെ രേഖപ്പെടുത്തിയിട്ടുള്ള ഈ ചരിത്രാഖ്യാനം തല്‍പ്പരരായവര്‍ക്ക് ഒരു നോവല്‍ പോലെ വായിച്ചുപോകാം. സാംസ്‌ക്കാരിക ചരിത്രകഥനം എങ്ങനെ അനുവാചകശ്രദ്ധ പൂര്‍ണമായും ആവാഹിച്ച്, ആവേഗപരതയോടെ അവതരിപ്പിക്കാമെന്ന് ഗ്രന്ഥകാരനായ ശ്രീ. ബൈജു നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. ആവേശവും ആശങ്കയും ക്ഷോഭവും ഉത്ക്കണ്ഠയും പ്രതീക്ഷയും നിരാശതയും സന്തോഷവും സന്താപവും പതനങ്ങളും ഉയിര്‍ത്തെഴുന്നേല്‍പ്പുകളും നിറഞ്ഞ നാടകീയമുഹൂര്‍ത്തങ്ങള്‍ അസാധാരണമായ കൃതഹസ്തതയോടെയാണ് ഇവിടെ വരച്ചിട്ടിരിക്കുന്നത്. അനുവാചകനെ ആഴത്തില്‍ സ്പര്‍ശിക്കുന്ന സംഭവപരിണാമങ്ങളുടെ കുത്തൊഴുക്കില്‍ സ്വാഭാവികമായും നമ്മളും പെട്ടുപോകും. എതിര്‍പ്പുകളും തടസ്സങ്ങളും മറികടന്ന് കെ.പി.എ.സിയെന്ന ആദര്‍ശാവിഷ്ട കലാസംഘം ആസ്വാദക ലക്ഷങ്ങളെ അമ്പേ കയ്യടക്കിയ കഥയാണ് ഈ താളുകളില്‍ അനാവൃതമാവുന്നത്.
  ശ്രീ. ബൈജു ചന്ദ്രന്റെ ബൃഹത്തായ ഈ കൃതി, രണ്ടുഭാഗങ്ങളുള്ള മലയാളനാടകചരിത്രത്തിന്റെ ഒന്നാം ഭാഗമാണ്. മലയാളത്തിലെ ആധുനികനാടക പ്രസ്ഥാനത്തിന്റെ ജനനവും വളര്‍ച്ചയുംകൂടി കണ്ട കാലമാണ് അമ്പതുകള്‍. ഈ ഒന്നാം ഭാഗം നേടിക്കഴിഞ്ഞിട്ടുള്ള ഔന്നത്യവും ആധികാരികതയും എഴുതാന്‍ തുടങ്ങുന്ന രണ്ടാം ഭാഗത്തിനും സ്വന്തമാവുമെന്നുള്ളതില്‍ വായനക്കാരനായ എനിക്ക് സന്ദേഹം ഏതുമില്ല. ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു.