ഒരു പക്ഷേ, ഇതിനകം ശ്രീമാൻ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കവിതയെക്കുറിച്ച് എനിക്കുള്ള മതിപ്പിനെപ്പറ്റി സാഹിത്യാഭിമാനികളായ പലരും അറിഞ്ഞിരിക്കാം. അതുകൊണ്ട് ഈ മുഖവുരയിൽ ഇതിനകത്തടങ്ങിയിരിക്കുന്ന കാവ്യഖണ്ഡങ്ങളുടെ മാഹാത്മ്യത്തെപ്പറ്റി യാതൊന്നും പറയേണ്ടതായ ആവശ്യമില്ലല്ലോ. മലയാളത്തിലെ പല ഉത്കൃഷ്ടപത്രഗ്രന്ഥങ്ങളിലും നിരന്തരമായി കാണപ്പെട്ടു വന്ന ഇദ്ദേഹത്തിന്റെ കവിതകൾ, കുറേ കഴിഞ്ഞപ്പോൾ, പല സാഹിത്യഭക്തന്മാരും എന്നപോലെ ഞാനും കൂടുതൽ ശ്രദ്ധയോടെ വായിച്ചുതുടങ്ങി. അതിന്റെ ഫലമായി മലയാളസാഹിത്യത്തിന് ഒരു മഹാസമ്പൽക്കാരകൻ ആകുവാൻ പോകുന്നതോ, ആയിത്തീർന്നിരിക്കുന്നതോ ആയ ആളാണ് ഈ പുതിയ പേരുകാരൻ എന്നുള്ള ബോധം പലർക്കും എന്നപോലെ എനിക്കും ഉണ്ടായി. ആൾ ആരെന്നും സ്ഥിതികൾ എന്തെന്നു അറിയാനുള്ള ഉത്ക്കണ്ഠയും വർദ്ധിച്ചു. ഇപ്രകാരം ഒരു ജിജ്ഞാസ ഉദിക്കുന്നതിന് വിശേഷിച്ചൊരു കാരണവുമുണ്ടായിരുന്നു. അർഹിക്കാത്ത നിരാശയിലും ജീവിതക്ലേശങ്ങളിലും അമർന്ന് അതിദയനീയമായി വിലപിക്കുന്ന ഒരു പരമാർത്ഥഹൃദയത്തിന്റെ നിഷ്കളങ്കധ്വനികളാണ് ഈ കവിതകളിൽ മുഴങ്ങുന്നതെന്ന് ആർക്കും കാണാവുന്നതാണ്.
കപടതകൾ നിറഞ്ഞ ലോകം, ദുഷ്ടന്മാരെ വിട്ടുമാറാത്ത ജീവിതവിജയം, സമസൃഷ്ടികളുടെ ദാരുണവ്യവസ്ഥയിൽ ഒരുതുള്ളി കണ്ണുനീർ പൊഴിക്കാത്ത മനുഷ്യസമുദായം, സാധുക്കളുടെ ജീവരക്തം പാനംചെയ്തു സംപുഷ്ടമാകുന്ന ധനപ്രമത്തത, പ്രതികൂലശക്തികളുടെ ഉഗ്രതാണ്ഡവം കണ്ട് ചകിതയായി നില്ക്കുന്ന നീതി എന്നിങ്ങനെയുള്ള വൈഷമ്യങ്ങളെപ്പറ്റി മാത്രമായിരുന്നു ഈ കവി എഴുതിയിരുന്നതെങ്കിൽ, നിസർഗ്ഗസുന്ദരങ്ങളായ ബാഹ്യരൂപങ്ങൾ കൊണ്ട് ഈമാതിരി ആശയങ്ങൾക്കു പരമാകർഷകത്വം നല്കുന്ന അദ്ദേഹത്തിന്റെ കവിതകൾ ഇന്നത്തെ കേളീയകാവ്യകാരന്മാരുടെ പംക്തിയിൽ അദ്ദേഹത്തെ അദ്വിതീയമായ ഒരു സ്ഥാനത്തു പ്രവേശിപ്പിച്ചിരിക്കുന്നു എന്നു കണ്ട്, പല ജോലിക്കാരനായ ഞാൻ മൗനം ഭജിക്കുമായിരുന്നു. എന്നാൽ ശ്രീമാൻ ചങ്ങമ്പുഴയുടെ കവിതകളിൽ ഇത്രമാത്രമല്ല കാണുവാനുള്ളത്. നാം എല്ലാവരും ഏറ്റവും കൂടുതലായി പേടിക്കുകയും വെറുക്കുകയും ചെയ്യുന്ന മരണത്തെ അദ്ദേഹം അതികോമളനായി, ആർദ്രമനസ്കനായി പ്രത്യക്ഷപ്പെടുത്തുന്നു. കവിയുടെ ഭാവനയെ ഇപ്രകാരം ഇതിലടങ്ങിയിരിക്കുന്ന കവിതകളിൽ നിന്നു നമുക്കു വ്യാഖ്യാനിക്കാം: മനുഷ്യന്റെ ജീവിതചൈതന്യം ലോലഹൃദയനായ ഒരു ബാലികയാണ്. അവൾ പ്രായപൂർത്തിയുടെ പ്രാരംഭത്തിൽ പ്രണയശീതളമായ ഒരാലംബകേന്ദ്രം തേടുന്നു. അന്തസ്സാരവിഹീനനും സുഖലോലുപനുമായ ജീവിതം അവളുടെ ഹൃദയം അപഹരിക്കുന്നു. അവളിൽ നിസ്തുലാനുരാഗം വർഷിച്ച് അവളുടെ ശാശ്വതവിശ്രമത്തിനായി അങ്കതലം ഒരുക്കി അവളെത്തന്നെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന മരണം എന്ന മഹാനുഭാവനെപ്പറ്റി ഒരുനിമിഷനേരം ശ്രദ്ധിക്കുവാൻപോലും ഈ ചപലകാമുകൻ അനുവദിക്കുന്നില്ല. ദിനാന്തത്തിന്റെ പ്രശാന്തതയിൽ ചിലപ്പോൾ വിജനതയിലുള്ള ധ്യാനത്തിൽ ഇവൾ യഥാർത്ഥകാമുകന്റെ സുകുമാരരൂപം നേരിയ മേഘങ്ങളോടിടു ചേർന്ന് അവ്യക്തമായി അതിദൂരത്തിൽ കണ്ടെന്നുവരാം. അവളുടെ ഹൃദയം പെട്ടെന്നു വികസിച്ചു മുന്നോട്ടാഞ്ഞെന്നുവരാം. പക്ഷേ, വിഹാരപടുവായ സഹചാരി അവളുടെ മുഖം പിടിച്ചു തിരിച്ചിട്ട്, ‘അങ്ങോട്ടു നോക്കരുത്; അവൻ ഭയങ്കരനാണ്; അതിക്രൂരനാണ്; അത്യന്തം വിലക്ഷണനുമാണ്. വരൂ; എഴുന്നേല്ക്കൂ; നമുക്കു കൂടുതൽ സുഖാനുഭവങ്ങളിലേക്കിറങ്ങാം’ എന്നു പറയുന്നു. അവിവേകിയായ പെൺകട്ടി അതനുസരിക്കുന്നു. പക്ഷേ, ഇവന്റെ വലയിൽ ഇവൾ ദീർഘകാലം ബദ്ധയാകുന്നില്ല, അഥവാ അവൻ ഈ വേഴ്ച്ച അനേകകാലം തുടരണമെന്നു മോഹിക്കുന്നില്ല. അവളുടെ ആകാരചേതോഹാരിത നശിച്ച് അവൾ നിസ്തേജയാകുമ്പോൾ അവൻ ദൂരെ വെടിഞ്ഞിട്ട് കടന്നുകളയുന്നു. നിരാലംബയായ വനിത നിരാശാഭാരത്തോടെ അന്തർന്നേത്രങ്ങൾ തുറന്നു നോക്കുമ്പോൾ കാണുന്നത്, നമ്മുടെ കവിയുടെ ഭാഷയിൽ,
‘….. മദിരോത്സവം നിനക്കോമലേ,
മതിയായോ? മതിയെങ്കിലൊന്നു തല ചായ്ക്കണ്ടേ-
പനീർ- മലർ ചിന്നിയൊരെന്റെ മാർത്തടം പോരേ?-
പോരൂ; അവശേ, നീയിന്നെന്തിനിത്രമേൽ പരുങ്ങുന്ന-
തവിടെക്കിടന്നോട്ടെ, ശൂന്യമത്തങ്കക്കിണ്ണം.
മേദുരാമോദം നിന്നെ, നിശബ്ദമോരോ പാട്ടു
സാദരം പാടിപ്പാടിയുമ്മ വെച്ചുറക്കാം,
ഞാൻ പരിചോടെന്നും നിനക്കത്യനർഘമാമോരോ
പരമാനന്ദസ്വപ്നം കണ്ടുകണ്ടുറങ്ങിടാം.
കാലത്തിൻ ചിറകടിയൊച്ച കേട്ടുണരാതെ
ലോല നീയെന്മാറത്തു പൂവുപോൽ കിടക്കുമ്പോൾ
പുളകോദ്ഗമകാരിയായ നിന്നംഗസ്പർശം
മിളിതോത്സവം ഞാനുമാസ്വദിച്ചാനന്ദിക്കാം.
അങ്ങനെയന്യോന്യസംസിക്തമാമനുരാഗ-
മംഗളമലർവല്ലി പുഷ്പിച്ചു ലസിക്കട്ടെ. …
പോരികെൻ മാറത്തേ,യ്ക്കെന്നോമനയല്ലേ?
ബാഷ്പ- ധാര ഞാൻ തുടച്ചോളാം, നാണമെന്തയ്യോ! പോരൂ!’

എന്നുള്ള നിരർഗ്ഘപ്രണയസല്ലാപഗീതങ്ങളോടെ മുൻപിൽ നിൽക്കുന്ന അതികമനീയമായാംഗനായ മരണത്തെയാണ്. ഈ വ്യാഖ്യാനത്തിനു നിദാനമായി ഈ ഗ്രന്ഥത്തിൽ കാണുന്ന കവിതകളാണ് ശ്രീമാൻ ചങ്ങമ്പുഴ കൃഷ്ണപിള്ളയെപ്പറ്റി കൂലങ്കഷമായി അന്വേഷിക്കുന്നതിന് എന്നെ പ്രേരിപ്പിച്ചത്. നേരിട്ടുള്ള കത്തിടപാടുകൾ മാർഗ്ഗമായും, മറ്റു പരിചയക്കാർ മുഖാന്തിരവും കവിയെക്കുറിച്ച് എനിക്കു പല കാര്യങ്ങളും അറിയുവാനിടയായി. അനാഗതശ്മശ്രുവായ ഈ യുവാവ് മാതൃഭാഷാഭിമാനികളോ സമസൃഷ്ടിസ്നേഹികളോ ആയ ആരുടേയും വാത്സല്യപൂർവ്വമായ പരിചരണത്തേ അർഹിച്ചും ആശിച്ചും ജീവിതവൈഷമ്യങ്ങളിൽ വലയുന്ന ഒരാളാണെന്നു ഞാൻ അറിഞ്ഞു. മലയാളസാഹിത്യത്തിന്റെ അഭിനവപരിവർത്തനത്തെക്കുറിച്ച് എനിക്കുള്ള സുദൃഢാഭിപ്രായങ്ങൾ പുരസ്കരിച്ച് ഉണ്ടാക്കിയിട്ടുള്ള സാഹചര്യങ്ങൾ നിമിത്തം മിക്കപ്പോഴും നടക്കുന്ന സുഹൃൽസംഭാഷണങ്ങളിലെല്ലാം ശ്രീമാൻ കൃഷ്ണപിള്ളയുടെ അനന്യസാധാരണമായ കാവ്യരചനാസൗകുമാര്യത്തെപ്പറ്റി പലരിൽ നിന്നും നിക്ഷ്പക്ഷങ്ങളായ അഭിപ്രായങ്ങൾ കേട്ടുതുടങ്ങി.
വിലക്ഷണങ്ങളായ ശാരീരികബന്ധങ്ങളിലേക്കു ഒരിക്കലും താഴാതെ പ്രൗഢമധുരമായി നില്ക്കുന്ന പ്രണയപ്രതിപാദനങ്ങൾ, യാതൊരു ഹൃദയത്തിനും നോവുതട്ടാതെ ആരെയും ആകർഷിക്കുമാറുള്ള ലോകചര്യനിരൂപണങ്ങൾ, പതിതമെങ്കിലും നൈസ്സർഗ്ഗികബന്ധംകൊണ്ടും ദൈവികത്വത്തോടു സംഘടിതമായ മനുഷ്യത്വത്തിന്റെ അന്തർല്ലീനമാഹാത്മ്യത്തെക്കുറിച്ചുള്ള പരിദേവനങ്ങൾ, സകല കഷ്ടതകൾക്കും പരമപരിഹാരം നല്കുന്ന സാക്ഷാൽ കാവ്യസ്വരൂപിണിയോടുള്ള ദയനീയാർത്ഥനകൾ, അപ്രമേയവും എന്നാൽ അതിമോഹനവും ആയ ചിൽപ്രകാശത്തിന്റെ പരിപൂർണ്ണാനുഗ്രഹത്തിനു വേണ്ടിയുള്ള ആക്രന്ദനങ്ങൾ ഇവയെല്ലാം രമണീയതരമാക്കുന്ന കോമളപദാവലികൾ- ഇതാണ് ഇതുവരെ വെളിയിൽ വന്നിട്ടുള്ള ചങ്ങമ്പുഴക്കൃതികളുടെ പ്രധാനസ്വഭാവങ്ങളെന്നു കാവ്യനിർമ്മാണത്തിൽ എന്നെപ്പോലെ വിദൂരരല്ലാത്ത പല സാഹിത്യപ്രണയികളും നിരന്തരം പറഞ്ഞുവന്നു.
ഈ കാവ്യഖണ്ഡങ്ങൾ അങ്ങിങ്ങായിച്ചിതറി, കാലാന്തരത്തിൽ നഷ്ടപ്പെട്ടുപോകാതെ, ഗ്രന്ഥരൂപത്തിൽ പരിരക്ഷിക്കേണ്ടത്, ഭാഷാസാഹിത്യത്തോടു തെല്ലെങ്കിലും ഭക്തിയുള്ള ആരുടേയും കടമയാണെന്നും അപ്രകാരം ചെയ്യുന്നതിനു നിവൃത്തിയില്ലാത്ത കവിക്ക് ഈ പ്രസിദ്ധീകരണത്തിൽ നിന്നും ഉണ്ടാകുന്ന സകല ആദായങ്ങളും നല്കേണ്ടതാണെന്നും ആയിരുന്നു പ്രസ്തുത മിത്രങ്ങളുടെ നിർദ്ദേശം. വിവരം ഞാൻ കവിയെ അറിയിക്കുകയും അദ്ദേഹം ചാരിതാർത്ഥ്യവായ്പയോടും ആശാപ്രകർഷത്തോടുംകൂടി ഈ അഭിപ്രായം ആദരിക്കുകയുംചെയ്തു. ഇതിന്റെ ഫലമാണ് ‘ബാഷ്പാഞ്ജലി’ എന്ന ഈ പ്രസിദ്ധീകരണം.

‘ഞെരിയുമൊരാത്മാവിൽ ദീനനാദം
സുരപഥത്തോളം ചെന്നെത്തിയാലും
ബധിരമീ ലോകം…’ എന്നു വിലപിച്ച്,

‘വിജയലക്ഷ്മി വന്നെന്നെത്തലോടുവാൻ
ഭജനലോലനായെത്രനാൾ കാത്തു ഞാൻ
അവളനുകൂലയല്ലെനി,ക്കാകയാ-
ലവനതാനസ്യമായ് പിന്മടങ്ങട്ടെ, ഞാൻ’

‘ഒരു മരതകപ്പച്ചിലക്കാട്ടിലെൻ-
മരണശയ്യ വിരിക്കൂ സഖാക്കളേ!
വസുധയോടൊരുവാക്കു ചൊന്നി,
ട്ടിതാ വരികയായി ഞാൻ!-
അല്പം ക്ഷമിക്കണേ!…’ എന്നു തന്റെ സന്തപ്തജീവിതം അവസാനിപ്പിക്കുവാൻ മുതിർന്ന്

‘ഓമനേ, മടിക്കേണ്ട പോരികെന്നെന്നെ
സ്വയം പ്രേമസല്ലാപത്തിനായ്
ക്ഷണിക്കും മരണത്തെ, ഞാനനാദരിച്ചാലോ?-
പാടില്ല, വേഗം ചെന്നെൻ പാനഭോജനം
കൈയിൽ കൊടുപ്പതത്രേ കാമ്യം!’ എന്നു തീർച്ച ചെയ്തിരിക്കുന്ന ഈ യുവാവിനോടു നമുക്കുള്ള കടമയെ അനുസ്മരിപ്പിച്ചുകൊണ്ട്,

തിരുവനന്തപുരം, 18-10-1934 ഈ.വി. കൃഷ്ണപിള്ള ബി.എ.ബി.എൽ