ക്ഷേത്രകലാരൂപമായ തുള്ളലിന്റെ ഒരു രൂപമാണ് ശീതങ്കന്‍ തുള്ളല്‍. തുള്ളല്‍കഥകളുടെ രചനയ്ക്ക് ഉപയോഗിച്ചിട്ടുള്ള വൃത്തങ്ങളെയും നടന്റെ വേഷവിധാനത്തെയും ആസ്പദമാക്കി തരംതിരിച്ചിട്ടുള്ള മൂന്ന് വിധം തുള്ളലുകളില്‍ ഒന്നാണിത്. വേഗത്തില്‍ പാടേണ്ടത് ഓട്ടന്‍ തുള്ളലിനാനെങ്കില്‍, ശീതങ്കന്‍ തുള്ളലിന് വേഗത കുറച്ച് വേണം പാടാന്‍. പതിഞ്ഞരീതിയില്‍ പാടേണ്ടതാണ് പറയന്‍ തുള്ളല്‍. ലാസ്യാംശത്തിനു പ്രാധാന്യമുള്ള തുള്ളലാണ്‍ ശീതങ്കന്‍. പൊതുവേ പാതിരായ്ക്കാണ് ശീതങ്കന്‍ തുള്ളല്‍ അവതരിപ്പിക്കാറ്. തുള്ളല്‍ അവതരിപ്പിക്കുന്നതിന് മൂന്നു പേര്‍ ആവശ്യമാണ്. വേഷം കെട്ടുന്ന നടനാണ് ഒരാള്‍. അദ്ദേഹമാണ് തുള്ളല്‍ക്കഥ പാടി അഭിനയിച്ച് കാണിക്കുന്നത്. മറ്റൊരാള്‍ തൊപ്പി മദ്ദളക്കാരന്‍. ഇനിയുമൊരാള്‍ താളക്കാരന്‍ അഥവാ കൈമണിക്കാരന്‍. 
തുള്ളല്‍ക്കാരന്‍ മുഖത്ത് മഞ്ഞ നിറത്തിലുള്ള പൊടി തേച്ച് മിനുക്കി തലയില്‍ കറുത്ത തുണി കൊണ്ട്‌കെട്ടി കണ്ണും പുരികവും എഴുതി പൊട്ടുതൊട്ട് കുരുത്തോല കൊണ്ടുണ്ടാക്കിയ മെയ്യാഭരണങ്ങളും ധരിച്ചാല്‍ ശീതങ്കന്‍ തുള്ളലിന്റെ വേഷമായി. ശീതങ്കന്‍ തുള്ളലില്‍ കൂടുതലായി ഉപയോഗിച്ച് വരുന്ന വൃത്തമാണ് കാകളി. നമ്പ്യാര്‍ ആദ്യം അവതരിപ്പിച്ചത് ശീതങ്കന്‍ തുള്ളല്‍ ആയിരുന്നു. അദ്ദേഹം ചിട്ടപ്പെടുത്തിയ ആദ്യത്തെ കഥ കല്യാണസൗഗന്ധികമാണ്.