പ്രമുഖ സാഹിത്യ സാംസ്‌കാരികസംഘടനയാണ് സമസ്ത കേരള സാഹിത്യപരിഷത്ത്.  സാഹിത്യസമാജം എന്ന പേരില്‍ 1926 നവംബര്‍ 14നാണ് തുടങ്ങിയത്. ആറുമാസം കഴിഞ്ഞ് പ്രമുഖരായ സാഹിത്യകാരന്മാരെ പങ്കെടുപ്പിച്ചു സമ്മേളനം നടത്തുകയും സമസ്ത കേരള സാഹിത്യപരിഷത്ത് എന്ന് പേരുമാറ്റുകയും ചെയ്തു.
മലയാളഭാഷയ്ക്കും സാഹിത്യത്തിനും പരിഷ്‌കാരവും പോഷണവും വരുത്തുന്നതാണ് സംഘടനയുടെ ലക്ഷ്യം. ഗവേഷണം, കേവലഭാഷാചരിത്രം, നിഘണ്ടു, വ്യാകരണം, ദേശചരിത്രം മുതലായ വിഷയങ്ങളില്‍ ഗവേഷണം നടത്തുകയാണ് മറ്റൊരു ലക്ഷ്യം. പ്രചരണം  ഗ്രന്ഥശാല, കലാശാല, പാഠശാല, പ്രസംഗം, പ്രദര്‍ശനം, ലഘുപത്രിക, മാസിക തുടങ്ങിയവ ആരംഭിച്ചു.

1108 ചിങ്ങത്തില്‍ പരിഷത്ത് ത്രൈമാസികം ഒന്നാം ലക്കം പുറത്തുവന്നു. അപ്പന്‍ തമ്പുരാന്‍ (അദ്ധ്യക്ഷന്‍), പി.എസ്. അനന്തനാരായണ ശാസ്ത്രി (പണ്ഡിതന്‍), എ.ഡി. ഹരിശര്‍മ്മ (വിദ്വാന്‍), അമ്പാടി കാര്‍ത്ത്യായനി അമ്മ, പി.കെ. കൃഷ്ണമേനോന്‍ ബി.എ. (ഖജാന്‍ജി; കാര്യദര്‍ശി എഡിറ്റര്‍), പ്രൊഫ. പി.കെ. ശങ്കരന്‍ നമ്പ്യാര്‍ (കാര്യദര്‍ശി) എന്നിവരായിരുന്നു ചുമതലക്കാര്‍. പെരുമാനൂര്‍ സനാതനധര്‍മ്മം അച്ചുകൂടത്തിലാണ് ആദ്യം പ്രസിദ്ധീകരണം അച്ചടിച്ചിരുന്നത്. പിന്നീട് എറണാകുളം വിശ്വനാഥ പ്രസ്സിലേയ്ക്ക് മാറ്റി.
കൊല്ലവര്‍ഷം 1122 മേടം മുതല്‍ ത്രൈമാസികത്തിനുപകരം ദ്വൈമാസികം പുറത്തിറങ്ങി.
സമസ്ത കേരള സാഹിത്യ പരിഷത്തിനു മുന്നോടിയായി ഭാഷാപോഷിണിസഭ (കണ്ടത്തില്‍ വര്‍ഗ്ഗീസ് മാപ്പിള 1892ല്‍ ആരംഭിച്ചത്), ഭാരതവിലാസം (മാളിയമ്മാവു മാത്തു ലോന 1905ല്‍ ആരംഭിച്ചത്), കൊച്ചി സാഹിത്യ സമാജം (അപ്പന്‍ തമ്പുരാന്‍ നേതൃത്വം കൊടുത്ത് 1913ല്‍ ആരംഭിച്ചത്), സമസ്തകേരള സാഹിത്യ സമാജം (വൈക്കം സന്മാര്‍ഗ്ഗപോഷിണി സഭയുടെ നേതൃത്വത്തില്‍ 1922ല്‍ ആരംഭിച്ചത്) എന്നിങ്ങനെ പല സമാജങ്ങളും കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും ഇവയൊക്കെ അല്‍പ്പായുസ്സുകളായിരുന്നു.
1926 നവംബര്‍ 14ന് ഇടപ്പള്ളിയില്‍ ആര്‍. കുഞ്ഞന്‍തമ്പുരാന്‍ എന്ന വ്യക്തിയുടെ അദ്ധ്യക്ഷതയിലാണ് സാഹിത്യസമാജം രൂപം കൊണ്ടത്. ഇടപ്പള്ളി കൃഷ്ണരാജയായിരുന്നു രക്ഷാധികാരി. എല്ലാ മാസവും ഒന്നും മൂന്നും ഞായറാഴ്ചകളില്‍ യോഗം ചേരണമെന്നും സാഹിത്യവിഷയങ്ങളെ ആധാരമാക്കി ഗദ്യപദ്യ പ്രബന്ധങ്ങള്‍ അവതരിപ്പിക്കണം എന്നുമായിരുന്നു തീരുമാനം. വിദ്യാര്‍ത്ഥികള്‍ക്ക് അക്ഷരശ്ലോകമത്സരം, സമസ്യാപൂരണങ്ങള്‍, ഉപന്യാസരചന, സംസ്‌കൃതശ്ലോകങ്ങളുടെ ഭാഷാന്തരീകരണം എന്നിവയ്‌ക്കൊക്കെ മത്സരങ്ങളുണ്ടായിരുന്നു. ഇടപ്പള്ളി രാഘവന്‍പിള്ള, ചങ്ങമ്പുഴ കൃഷ്ണപിള്ള, സി.ആര്‍. കേരളവര്‍മ്മ എന്നിവര്‍ ഈ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.
ആര്‍. കുഞ്ഞന്‍ തമ്പാന്‍, തട്ടായത്തു പരമേശ്വരപ്പണിക്കര്‍, കെ. മാധവന്‍, ഇ.കെ. രാമവര്‍മ്മ, നാകപ്പടി കൃഷ്ണപിള്ള, താനത്തു കൃഷ്ണപിള്ള, എം.എസ്. കൃഷ്ണന്‍ ഇളയത്, ഇടപ്പള്ളി കരുണാകരമേനോന്‍, മേലങ്ങത്ത് അച്യുതമേനോന്‍ എന്നിവര്‍ സാഹിത്യസമാജത്തിന്റെ ആദ്യ പ്രവര്‍ത്തകസമിതിയിലെ അംഗങ്ങളായിരുന്നു.
സമസ്തകേരള സാഹിത്യപരിഷത്തിന്റെ ആദ്യ സമ്മേളനത്തില്‍ സാഹിത്യപഞ്ചാനനന്‍, ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍, വള്ളത്തോള്‍ നാരായണമേനോന്‍, പുത്തേഴത്ത് രാമമേനോന്‍, അമ്പാടി കാര്‍ത്യായനി അമ്മ, അപ്പന്‍ തമ്പുരാന്‍ തുടങ്ങി കേരളത്തിലെ പ്രമുഖ സാഹിത്യകാരന്മാര്‍ പങ്കെടുത്തു. ഇതിലെ പ്രസംഗങ്ങള്‍ സാഹിത്യപ്രഭവം എന്ന പേരില്‍ പുസ്തമായി.
സാഹിത്യപരിഷത്തിന്റെ രണ്ടാം സമ്മേളനം 1927 ഡിസംബര്‍ 30,31 തീയതികളില്‍ തൃശ്ശിവപേരൂരില്‍ വച്ചാണ് നടത്തിയത്. കൊച്ചി ഭാഷാപരിഷ്‌കരണ കമ്മിറ്റി ഇതുമായി സഹകരിച്ചിരുന്നു. തൃശൂര്‍ വിവേകോദയം സ്‌കൂള്‍ പരിസരത്തായിരുന്നു സമ്മേളനം. ഇതോടൊപ്പം 9 ചെപ്പേടുകളും 24 ശിലാരേഖകളും 53 താളിയോലകളും 15 സ്ഥാന തീട്ടൂരങ്ങളും ഒരു പട്ടോലകരണവും ഒരു ഓലച്ചുരുണയും 7 കൈയെഴുത്തുപുസ്തകങ്ങളും 15 കൈയെഴുത്തുകടലാസുകളും ഉള്‍പ്പെടെയുള്ള പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. അന്തരിച്ച 36 സാഹിത്യകാരന്മാരുടെ ചിത്രങ്ങളും അച്ചടിച്ച 15 പഴയ പുസ്തകങ്ങളും 114 പുതിയ പ്രസിദ്ധീകരണങ്ങളും 117 മാസികകളും ഉള്‍പ്പെട്ടിരുന്നു ആ പ്രദര്‍ശനത്തില്‍. പുള്ളുവന്‍പാട്ട്, പാണര്‍പാട്ട്, മ്ലാവേലി (ഡാവേലി) വായന, മണ്ണാന്‍പാട്ട്, ഐവര്‍കളി, പുലയര്‍കളി, ഭാഷാകഥാകാലക്ഷേപം, പദ്യനാടകം, സംഗീതനാടകം, ഗദ്യനാടകം, പ്രഹസനം, പ്രഹസനപ്രമേയം എന്നിങ്ങനെ പല പരിപാടികളും അവതരിപ്പിക്കപ്പെട്ടു.
ഒന്നാം സമ്മേളനത്തില്‍ ഭക്ഷണം വിളമ്പിയതില്‍ വേര്‍തിരിവുണ്ടായിരുന്നില്ലെങ്കില്‍, രണ്ടാം സമ്മേളനത്തില്‍ ജാതി അടിസ്ഥാനത്തിലാണ് ഭക്ഷണം വിളമ്പിയത്.
പരിഷത്തിന്റെ മൂന്നാം സമ്മേളനം 1928 ഡിസംബര്‍ 29, 30 തീയതികളില്‍ കോട്ടയ്ക്കല്‍ വച്ചാണ് നടന്നത്. സമ്മേളനവിവരങ്ങള്‍ പി.വി. കൃഷ്ണവാര്യര്‍ 411 താളുകളുള്ള ഗ്രന്ഥമായി പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ജി. ശങ്കരക്കുറുപ്പ് ഈ സമ്മേളനത്തില്‍ കവിത വായിച്ചിരുന്നു. ജി. ശങ്കരന്‍ എന്നായിരുന്നു കവിയുടെ പേര് അച്ചടിച്ചിരുന്നത്. വനിതകള്‍ മാത്രം പങ്കെടുത്ത സമ്മേളനവും ഉണ്ടായിരുന്നു. സാഹിത്യപരിഷത്ത് സംഘടിപ്പിച്ച ആദ്യ വനിതാസമ്മേളനം. മൂന്നാം സമ്മേളനത്തിലാണ് ദൂഷിതവലയം എന്ന അര്‍ത്ഥത്തില്‍ ‘ഉരുണ്ടകുഴപ്പം’ എന്ന പ്രയോഗം സുബ്രഹ്മണ്യന്‍ പോറ്റി മുന്നോട്ടുവച്ചത്.
1929 ഡിസംബര്‍ 28,29,30 തീയതികളിലാണ് സമസ്തകേരള സാഹിത്യപരിഷത്തിന്റെ നാലാം സമ്മേളനം തിരുവനന്തപുരത്തു നടന്നത്. ഉള്ളൂര്‍ എസ്. പരമേശ്വരയ്യരായിരുന്നു സമ്മേളനം തിരുവനന്തപുരത്തു നടത്താനായി ക്ഷണം മുന്നോട്ടുവച്ചത്. വഞ്ചിയൂര്‍ ഇംഗ്ലീഷ് ഹൈസ്‌കൂളിനു പടിഞ്ഞാറുവശത്തുള്ള മൈതാനത്താണ് സമ്മേളനം നടന്നത്. നാഗസ്വരം, കതിനവെടി എന്നിവയോടെയാണ് സമ്മേളനമാരംഭിച്ചത്. പ്രദര്‍ശനത്തില്‍ ദണ്ഡിയുടെ അവന്തിസുന്ദരി, മങ്ഖൂകന്റെ സാഹിത്യമീമാംസ, ബുദ്ധമതഗ്രന്ഥമായ ആര്യശ്രീമൂലകല്‍പ്പം എന്നിവയുണ്ടായിരുന്നു. സ്വാതിതിരുന്നാള്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ ദൂതവാക്യം ആട്ടക്കഥ പ്രദര്‍ശനത്തിനുണ്ടായിരുന്നു.
നാലാം സമ്മേളനത്തില്‍ ലിപി പരിഷ്‌കരണത്തെപ്പറ്റി ചര്‍ച്ചയുണ്ടായി. മലയാളത്തിലെ 500 ലിപികള്‍ 40 ആക്കിക്കുറയ്ക്കാം എന്ന് ഫാദര്‍ ഡിസില്‍വ പറഞ്ഞത് ഉദ്ധരിച്ചുകൊണ്ട് 56 എങ്കിലും ആക്കിക്കുറയ്ക്കാം എന്ന് എന്‍.കെ. കൃഷ്ണപിള്ള പ്രസ്താവിച്ചു. ഒരു സാങ്കേതികശബ്ദ നിഘണ്ടു ഉണ്ടാക്കാന്‍ ശ്രമമുണ്ടായിരുന്നതായി സൂചനകളുണ്ട്. വിദ്യാഭ്യാസം മലയാളത്തിലാക്കുന്നതിന് തുടക്കം എന്ന നിലയില്‍ ഹൈസ്‌കൂളുകളില്‍ ഇന്ത്യാചരിത്രം, പ്രകൃതിപാഠം, ഭൂമിശാസ്ത്രം, അങ്കഗണിതം എന്നിവ പഠിപ്പിക്കുന്നത് മലയാളത്തിലാക്കണം എന്ന് കെ.ഇ. ജോബ് ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
അഞ്ചാംസമ്മേളനം കൊല്ലത്തുവച്ചാണ് നടന്നത്. ഇതിനായി കൃഷ്ണക്കുറുപ്പാണ് (ഒ.എന്‍.വി. കുറുപ്പിന്റെ അച്ഛന്‍) ക്ഷണം മുന്നോട്ടുവച്ചത്. കൊല്ലം ഇംഗ്ലീഷ് ഹൈസ്‌കൂളിന് കിഴക്കുള്ള മലയാളിസഭാ മന്ദിരത്തിന് മുന്നിലുള്ള പന്തലിലായിരുന്നു 1930 ഡിസംബര്‍ 29, 30, 31, 1931 ജനുവരി 1 എന്നീ തിയതികളിലായി സമ്മേളനം. സംഘാടകര്‍ക്കിടയിലെ അഭിപ്രായവ്യത്യാസം നടത്തിപ്പിനെ ബാധിച്ചിരുന്നു. ആയിരം പേര്‍ക്കിരിക്കാവുന്ന പന്തലില്‍ ആദ്യ യോഗത്തില്‍ കൂടിയത് 500 പേരായിരുന്നു. വള്ളത്തോളാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.
ഇത്രയും സമ്മേളനം കഴിഞ്ഞപ്പോള്‍ കേസരിയില്‍ എ.ബാലകൃഷ്ണപിള്ള എഴുതിയ മുഖപ്രസംഗത്തില്‍, അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് പരിഷത്തിന് ഒന്നും നേടാനായിട്ടില്ല എന്ന് ആരോപിക്കുകയുണ്ടായി. ജാതിമത വ്യത്യാസം കൂടാതെ ഏകജനത എന്ന ബോദ്ധ്യം വളര്‍ത്താന്‍ പരിഷത്തിന് കഴിഞ്ഞിട്ടില്ല എന്നും, ഭരണഭാഷ മലയാളമാക്കുക, നിഘണ്ടു നിര്‍മ്മിക്കുക, സര്‍വ്വകലാശാല സ്ഥാപിക്കുക എന്നീ കാര്യങ്ങളില്‍ നടപടികളെടുപ്പിക്കാന്‍ പരിഷത്തിന് സാധിച്ചിട്ടില്ല എന്നും കേസരി കുറ്റപ്പെടുത്തി. അപ്പന്‍ തമ്പുരാന്റെ സ്വേച്ഛാധിപത്യം പരിഷത്തിനെയും വള്ളത്തോളിന്റെ സ്വേച്ഛാധിപത്യം കലാമണ്ഡലത്തിനെയും തകര്‍ക്കുന്നു എന്നും മുഖപ്രസംഗത്തില്‍ ആരോപിച്ചിരുന്നു.
1931 ഡിസംബര്‍ 28,29,30 തീയതികളില്‍ എറണാകുളത്തുവച്ചാണ് പരിഷത്തിന്റെ ആറാം സമ്മേളനം നടന്നത്. പാഠകം, കഥകളി, തിരുവാതിരകളി, ഓട്ടന്‍തുള്ളല്‍, കോലടി, അമ്മാനമാട്ടം, പുലത്തുടി, ചവിട്ടുനാടകം, വീണക്കച്ചേരി തുടങ്ങി ധാരാളം കലാപരിപാടികള്‍ നടന്നു. അടുത്ത പരിഷത്തിന് രണ്ടുമാസം മുന്‍പുവരെ പ്രസിദ്ധപ്പെടുത്തുന്ന ഗ്രന്ഥങ്ങളില്‍ നിന്ന് ശ്രേഷ്ഠമായവ തിരഞ്ഞെടുത്ത് പുരസ്‌കാരം നല്‍കണം എന്ന് തീരുമാനിക്കപ്പെട്ടു. നിഘണ്ടു നിര്‍മ്മാണത്തിന് ഒരു കമ്മിറ്റി രൂപീകരിച്ചു. പത്രപ്രവര്‍ത്തനത്തെപ്പറ്റി ഒരു പാഠപുസ്തകം തയ്യാറാക്കാന്‍ നിര്‍ദ്ദേശമുണ്ടായി.
കോഴിക്കോടാണ് ഏഴാം സമ്മേളനം നടന്നത്. 1933 ഏപ്രില്‍ 22,23,24 തീയതികളില്‍. മാര്‍ത്താണ്ഡവര്‍മ്മ നാടകം, പൂരക്കളി, കോല്‍ക്കളി, കൃഷ്ണനാട്ടം, കളരിപ്പയറ്റ് എന്നിവ സമ്മേളനത്തോടനുബന്ധിച്ച് നടന്നു. നിര്‍വ്വാഹകസമിതി ഉള്ളൂരിനോട് ഭാഷാചരിത്രം രചിക്കാനും കെ.പി.കറുപ്പനോട് പഴയപാട്ടുകള്‍ ശേഖരിച്ച് പ്രസിദ്ധപ്പെടുത്തുവാനും, ഉചിത ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുവാന്‍ മനോരമ കമ്പനിയോടും ആവശ്യപ്പെട്ടു.
നിലമ്പൂരാണ് എട്ടാം സമ്മേളനം നടന്നത്. തലശ്ശേരിയില്‍ വച്ചാണ് ഒമ്പതാം സാഹിത്യോത്സവം നടന്നത്. തലശ്ശേരി സമ്മേളന ദിവസങ്ങളില്‍ പരിഷത്തിനെ എതിര്‍ക്കുന്ന ചിലര്‍ ഒരു സമാന്തര സമ്മേളനം നടത്തുകയുണ്ടായി. മൂര്‍ക്കോത്ത് കുമാരനായിരുന്നു തലശ്ശേരി സമ്മേളനസംഘാടകരില്‍ പ്രമുഖന്‍. അദ്ദേഹത്തിന്റെ എതിരാളിയായിരുന്ന കെ.ടി. ചന്തു നമ്പ്യാര്‍ സമാന്തരമായി യുവജന സാഹിത്യ പരിഷത്ത് ബാസല്‍ മിഷനില്‍ വച്ച് നടത്തി. യോഗത്തില്‍ പങ്കെടുത്ത കേശവദേവ് രാമായണം കത്തിക്കണം എന്ന് പ്രസംഗിച്ചു. വള്ളത്തോള്‍, കുട്ടമത്ത് എന്നിവര്‍ രണ്ടുസമ്മേളനങ്ങളിലും പങ്കെടുത്തു. ഏഴ് ആനകള്‍ സമാന്തരസമ്മേളനത്തില്‍ അണിനിരന്നിരുന്നു.
തൃശൂരാണ് പത്താം സമ്മേളനം നടന്നത്. സെന്റ് തോമസ് കോളേജ് പരിസരത്തുവച്ച് 1936 ഏപ്രില്‍ 30, മേയ് 1 എന്നീ തീയതികളിലായിരുന്നു. കേരളത്തില്‍ ഒരു സര്‍വകലാശാല വേണമോ, ഇന്ത്യയില്‍ ഒരു പൊതു ലിപി വേണമോ (വേണമെങ്കില്‍ അത് ദേവനാഗരിയാകണോ അതോ റോമന്‍ ലിപിയാകണോ) എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടന്നു. മദിരാശി സര്‍വകലാശാലയിലുള്ള 49 കോളേജുകളില്‍ 16 എണ്ണം കേരളത്തിലാണെന്നും അതിനാല്‍ കേരളത്തിന് ഒരു സര്‍വകലാശാല വേണമെന്നും അതിന്റെ ആസ്ഥാനം മദ്ധ്യകേരളത്തിലാകണമെന്നും ആവശ്യമുയര്‍ന്നു.
തിരുവനന്തപുരത്ത് വഞ്ചിയൂര്‍ ശ്രീമൂലവിലാസം മൈതാനിയില്‍ 1936 ഡിസംബര്‍ 28,29,30 തീയതികളിലാണ് പരിഷത്തിന്റെ പതിനൊന്നാം സമ്മേളനം നടന്നത്. സി.പി. രാമസ്വാമി അയ്യരാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. അമ്പലപ്പുഴയില്‍ കുഞ്ചന്‍ നമ്പ്യാരുടെ ഗൃഹം സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് സംസ്‌കൃതദ്രാവിഡ കൃതികളും ഗ്രന്ഥങ്ങളും ശേഖരിച്ചുവച്ച് ഗവേഷണവും ഗ്രന്ഥപാരായണവും നടത്താനുള്ള സൗകര്യം ഏര്‍പ്പാടുചെയ്യണമെന്ന പ്രമേയം സമ്മേളനത്തില്‍ പാസാക്കി.നിഘണ്ടു ഉണ്ടാക്കിയതിന് ശ്രീകണ്‌ഠേശ്വരം പദ്മനാഭപിള്ളയ്ക്ക് സ്വര്‍ണ്ണ മെഡല്‍ നല്‍കി.
കോട്ടയത്താണ് പന്ത്രണ്ടാം സമ്മേളനം നടന്നത്. 1938 ഏപ്രില്‍ 27,28,29 തീയതികളില്‍ കോട്ടയം സി.എം.എസ്. കോളേജിലായിരുന്നു സമ്മേളനം. കെ.സി. മാത്യു ആയിരുന്നു സ്വാഗതാദ്ധ്യക്ഷന്‍. പരിഷത്തിന്റെ പതിമൂന്നാം സമ്മേളനം വീണ്ടും ഇടപ്പള്ളിയില്‍ നടന്നു. ചങ്ങമ്പുഴ കൃഷ്ണപിള്ളയായിരുന്നു സമ്മേളനത്തെ ഇടപ്പള്ളിയിലേയ്ക്ക് ക്ഷണിച്ചത്. 1939 ഓഗസ്റ്റ് 16, 17, 18 എന്നീ തീയതികളിലായിരുന്നു.
പതിനാലാം വാര്‍ഷിക പൊതുയോഗം വൈക്കത്തുവച്ചാണ് നടന്നത്. 1938 ജൂലൈ 24, 25, 26 തീയതികളില്‍. പതിനഞ്ചാം സമ്മേളനം പറവൂരാണ് (1943 മേയ് 4,5) നടന്നത്. വള്ളത്തോളായിരുന്നു പൊതു അദ്ധ്യക്ഷന്‍. തകഴി ശിവശങ്കരപ്പിള്ള, ഉള്ളൂര്‍, ലളിതാംബിക അന്തര്‍ജനം എന്നിവര്‍ പങ്കെടുത്തിരുന്നു.
പതിനാറാം സമ്മേളനം 1944 മേയ് 13,14,15 തീയതികളില്‍ എറണാകുളത്തുവച്ച് പരിഷത്തിന്റെ സ്വന്തം ഉത്തരവാദിത്വത്തിലാണ് നടന്നത്. വള്ളത്തോളായിരുന്നു പൊതു അദ്ധ്യക്ഷന്‍. ഋഗ്വേദം എന്തുകൊണ്ട് മലയാളത്തിലാക്കിക്കൂടാ എന്ന് വള്ളത്തോള്‍ ആരായുകയുണ്ടായി. മലബാറില്‍ ഒരു കേരള ഗ്രന്ഥശാലാസംഘം രജിസ്റ്റര്‍ ചെയ്തതായി അറിഞ്ഞപ്പോള്‍ മലയാളികള്‍ ഉള്ള സ്ഥലങ്ങളില്‍ എല്ലാം ഇത്തരം സംരംഭങ്ങള്‍ വേണം എന്ന് സാഹിത്യപരിഷത്ത് അഭിപ്രായപ്പെട്ടു.
പരിഷത്ത് അധ്യക്ഷന്റെ സ്ഥാനത്ത് 12 വര്‍ഷം തുടര്‍ന്നുവരുകയായിരുന്ന ഉള്ളൂര്‍ അയച്ച രാജിക്കത്ത് 1945 നവംബര്‍ 21ന് പരിഷത്തിന്റെ പന്ത്രണ്ടാം വാര്‍ഷികത്തില്‍ പരിഗണിച്ചു. രാജി സ്വീകരിക്കപ്പെട്ടു. പുതിയ നിര്‍വ്വാഹകസമിതിയുടെ അദ്ധ്യക്ഷനായി വള്ളത്തോളിനെ തിരഞ്ഞെടുത്തു. ചെറുകഥ, നാടകം, ഉപന്യാസം, പരിഭാഷ എന്നിവയില്‍ ഓരോന്നിലും ഓരോ വര്‍ഷവും ഉണ്ടാകുന്ന നല്ല ഗ്രന്ഥത്തിന് നൂറു രുപവീതം സമ്മാനമായി നല്‍കണമെന്ന് തീരുമാനിച്ചു. ഇതില്‍ നൂറുരുപ ദേശാഭിമാനി ഫണ്ടില്‍ നിന്ന് നല്‍കാമെന്നും ബാക്കി തുക ജനങ്ങളില്‍ നിന്ന് പിരിച്ചെടുക്കാമെന്നും തീരുമാനിക്കപ്പെട്ടു. സാഹിത്യപരിഷത്തിന്റെ അവാര്‍ഡ് എന്ന ആശയം ഇങ്ങനെയാണ് രൂപപ്പെട്ടത്.
1946 മേയ് മാസത്തില്‍ 16,17 തീയതികളില്‍ ചങ്ങനാശ്ശേരിയില്‍ വച്ചാണ് പരിഷത്തിന്റെ പതിനേഴാം വാര്‍ഷികാഘോഷം നടന്നത്. ഇതിന്റെ ആസൂത്രണം മോശമായിരുന്നു. പതിനെട്ടാം സാഹിത്യോത്സവം 1947 മേയ് 17,18 തീയതികളില്‍ കോഴിക്കോട്ടുവച്ചാണ് നടന്നത്. എസ്.കെ. പൊറ്റെക്കാട്ടായിരുന്നു പ്രധാന ആസൂത്രകന്‍. പ്രത്യയശാസ്ത്രങ്ങള്‍ എഴുത്തുകാരെ അടിമകളാക്കുന്നതിനെക്കുറിച്ച് ജി. ശങ്കരക്കുറുപ്പ് സംസാരിച്ചു. ജോസഫ് മുണ്ടശ്ശേരിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവസാന യോഗത്തില്‍ പുരോഗമനസാഹിത്യത്തെക്കുറിച്ച് ചര്‍ച്ച നടന്നു. പത്തൊന്‍പതാം സാഹിത്യോത്സവം 1948 ഏപ്രില്‍ 23,24,25 തീയതികളില്‍ കണ്ണൂര്‍ വച്ചാണ് നടന്നത്. പടന്നപ്പാലത്തിനു സമീപമായിരുന്നു സമ്മേളനപ്പന്തല്‍.