ഈയാണ്ടത്തെ മധ്യവേനല്‍ ഒഴിവിനു ചരിത്രസംബന്ധമായ ചില ആഖ്യായികകള്‍ ഞാന്‍ വായിച്ചുകൊണ്ടിരുന്നു. അവയില്‍ ചിലത് മലയാളത്തിലേക്ക് സംക്രമിപ്പിച്ചാല്‍ ഇംഗ്ലീഷ് പരിചയമില്ലാത്ത മലയാള വായനക്കാര്‍ക്ക് നിര്‍ദോഷമായ വിനോദത്തിനു ഹേതുവായിത്തീരുമെന്ന് എനിക്കുതോന്നി. ഈ വിചാരം എനിക്കുണ്ടായപ്പോഴേക്ക് ഒഴിവുദിവസങ്ങള്‍ എകദേശം അവസാനിക്കാറായി. അതുകൊണ്ട് ഈ ഒഴിവിനു തീര്‍ക്കാമെന്ന് എനിക്കുതോന്നിയ ഈ ചെറിയ ആഖ്യായിക ഞാന്‍ തര്‍ജമ ചെയ്യാനാരംഭിച്ചു. ഈ മാതിരി ചെറിയ ആഖ്യായികകള്‍തന്നെ ഇന്ത്യാചരിത്രത്തെ സംബന്ധിച്ചു വേറെയും പലതുണ്ടെങ്കിലും ഇതിനെക്കുറിച്ച് എനിക്ക് പക്ഷപാതം തോന്നാന്‍ വിശേഷവിധി ഒരു കാരണം കൂടിയുണ്ട്.
ഹിന്ദുക്കള്‍ തങ്ങളുടെ മതത്തെക്കാള്‍ ആചാരങ്ങളെ അധിക പ്രതിപത്തിയോടുകൂടി ആദരിച്ചുവരുന്നവരാണ്. ഓരോ കാലത്ത് ഓരോ കാരണവശാല്‍ ഉണ്ടായിത്തീര്‍ന്നിട്ടുള്ള അനര്‍ഥകരങ്ങളായ അനേകം ദുരാചാരങ്ങളെ അവയുടെ അനിഷ്ടഫലങ്ങളെക്കുറിച്ച് വേണ്ടുംവണ്ണം അറിവുണ്ടായതിന്റെ ശേഷവും പൂര്‍വാചാരം എന്നുള്ള ഒരു ഒറ്റ വിശേഷം മാത്രംകൊണ്ട് പരിത്യജിക്കുന്നതില്‍ പര്യാകുലന്മാരായിത്തീരുന്ന ആളുകള്‍ നമ്മുടെയിടയില്‍ അനവധിയുണ്ടല്ലോ. ഐഹികവാസത്തിനുശേഷം ആനന്ദകരമായ ഒരു അനന്തരജീവിതം ഉണ്ടെന്നാ അതിഭയങ്കരമായ മരണസമയത്ത് മനുഷ്യാത്മാവിന് ആശ്വാസത്തെ കൊടുക്കുന്ന മതം, അതിന്റെ വികൃതമായ രൂപത്തില്‍ എത്ര ആത്മാക്കളുടെ കഷ്ടതരമായ നാശത്തിനു കാരണമായിത്തീര്‍ന്നിട്ടുണ്ടെന്നുള്ളതില്‍ കണക്കില്ല. മതത്തിനും ആചാരങ്ങള്‍ക്കും തമ്മിലുള്ള സംബന്ധത്തെ അവധാരണം ചെയ്യുന്നതിനു കഴിയാഞ്ഞിട്ടോ, അയഥാര്‍ഥ ബോധം കൊണ്ടോ, മതമെന്ന് പരിഭ്രമിച്ച്, മതകര്‍ത്താക്കന്മാര്‍ സ്മരിക്ക പോലും ചെയ്തിട്ടില്ലാത്ത എത്രയോ ദുരാചാരങ്ങളെ മതത്താല്‍ വിധിക്കപ്പെട്ടിട്ടുള്ള വിശുദ്ധ കര്‍മങ്ങളെക്കാള്‍ ഭക്തിപൂര്‍വം മനുഷ്യര്‍ കൊണ്ടാടിവരുന്നുണ്ട്. ഭാഗ്യവശഅല്‍ ആചാരപരിഷ്‌കരണത്തില്‍ ഈയിടെ ഹിന്ദുക്കള്‍ അധികമായ താല്പര്യം പ്രദര്‍ശിപ്പിച്ചുവരുന്നുണ്ട്. ഹിന്ദുക്കളുടെ പരിഷ്‌കാരം അധോഗതിയെ പ്രാപിച്ച കാലത്ത് അവരുടെയിടയില്‍ കടന്നുകൂടിയ അനേകം ദുരാചാരങ്ങളില്‍ ‘സതികളുടെ അനുമരണം’ എത്രയും ക്രൂരവും ഭയങ്കരവും ആയ ഒരാചാരമായിരുന്നുവെന്ന് നമുക്കൊക്കെ ഇപ്പോള്‍ തോന്നുന്നുണ്ട്. എന്നാല്‍, പൂര്‍വാചാരങ്ങളില്‍ നമുക്കുള്ള ഭക്തിയുടെ നിസ്സീമതയെക്കുറിച്ചാലോചിക്കുമ്പോള്‍ ഗുണകരമായ ബ്രിട്ടീഷ് ഭരണം ഇന്ത്യയില്‍ പ്രതിഷ്ഠാപിതമായില്ലെങ്കില്‍ അതിഗര്‍ഹിതമായ ഈ ദുരാചാരം ഇപ്പോഴും നമ്മുടെയിടയില്‍ നടന്നുകൊണ്ടിരിക്കുകയില്ലയോ എന്നു ഭയപ്പെടേണ്ടിയിരിക്കുന്നു. മഹാനായ അക്ബര്‍ ചക്രവര്‍ത്തി ഈ ദുരാചാരത്തെ നിറുത്തല്‍ ചെയ്‌വാന്‍ നിഷ്ഫലമായി പ്രയത്‌നിച്ചു. 1829ല്‍ ഗുണവാനായ ലോര്‍ഡ് വില്യം ബെന്റിക് എന്ന ഗവര്‍ണര്‍ ജനറല്‍ എര്‍പ്പെടുത്തിയ ഒരു ചട്ടംകൊണ്ടാണ് ഈ ദുരാചാരം നിശ്ശേഷം നിറുത്തല്‍ ചെയ്യപ്പെട്ടത്. ഇത്ര മഹാ ഭയങ്കരമായ ഒരു ദുരാചാരം തന്നെയും നിറുത്തലായിട്ടു ഒരു പുരുഷായുസ്സിന്റെ മുക്കാല്‍ ഭാഗമേ കഴിഞ്ഞിട്ടുള്ളൂ എന്നോര്‍ക്കുമ്പോള്‍ അത്രതന്നെ ഭയങ്കരങ്ങളല്ലാത്ത ഓരോ ദുരാചാരങ്ങള്‍ നമ്മുടെയിടയില്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നതിനെക്കുറിച്ച് അത്ഭുതപ്പെടാനുമില്ല.
മനുഷ്യന്റെ മതഭ്രാന്ത് ഇതേവരെ കണ്ടുപിടിച്ചിട്ടുള്ള അന്ധവിശ്വാസങ്ങളില്‍വച്ച് അതിക്രൂരവും അത്യന്തഗര്‍ഹിതവും മഹാഭയങ്കരവുമായ ‘സതികളുടെ അനുമരണ’ ത്തെ ഈ ആഖ്യായികയില്‍ അതിഭംഗിയായി വര്‍ണിച്ചിട്ടുണ്ട്. ഇതിനെ വായിച്ചുനോക്കുന്ന നമ്മുടെ പൂര്‍വാചാരതല്പരന്മാര്‍ക്ക് തങ്ങള്‍ വലിയ കാര്യമായി അനുഷ്ഠിച്ചുവരുന്ന ആചാരങ്ങളുടെ ഗുണദോഷങ്ങളെക്കുറിച്ചു പര്യാലോചന ചെയ്യേണ്ടതാണെന്ന ഒരു ബുദ്ധിയെ ജനിപ്പിക്കുമെങ്കില്‍ അതില്‍പ്പരമായ ഒരു പ്രതിഫലം ഈ പ്രയത്‌നത്തിന് ഞാന്‍ മോഹിക്കുന്നില്ല.

മയ്യനാട്
1080 (1905) ഇടവം 18