രാമകഥപ്പാട്ട്(കാവ്യം)

അയ്യിപ്പിള്ള ആശാന്‍

പാട്ടുപ്രസ്ഥാനത്തിലുണ്ടായ ജനകീയ കാവ്യമാണ് രാമകഥപ്പാട്ട്. ഇരവിക്കുട്ടിപ്പിള്ളപ്പോര്, ഉലകുടപെരുമാള്‍ തുടങ്ങിയ പാട്ടുകളെപ്പോലെ തെക്കന്‍ നാടന്‍ പാട്ടുകളില്‍ ഒന്നു മാത്രമായാണ് സാഹിത്യചരിത്രകാരന്മാര്‍ രാമകഥപ്പാട്ടിനെയും കരുതിയിരുന്നത്. എന്നാല്‍ ഇതിന് മഹത്തരമായ ഒരു സ്ഥാനം നല്‍കിയത് പി.കെ. നാരായണപിള്ളയാണ്. 4 മുതല്‍ 17 വരെ ശതകങ്ങള്‍ക്കിടെയാണ് കാലം കല്പിക്കുന്നത്. കണ്ണശ്ശനു പിന്നീടാണ് അയ്യപ്പിള്ള ആശാന്റെ കാലം. കോവളത്തിനടുത്തുള്ള ആവാടുതുറയിലെ അയ്യിപ്പിള്ള ആശാനാണ് രാമകഥപ്പാട്ടിന്റെ കര്‍ത്താവ്. അദ്ദേഹം അക്ഷരജ്ഞാനമില്ലാത്ത ഒരു കൃഷിക്കാരനായിരുന്നു എന്നും ഒരു ദിവസം മാടം കാക്കാന്‍ അനുജനെ നിയോഗിച്ചിട്ട് പത്മനാഭസ്വാമിക്ഷേത്രത്തില്‍ ശീവേലി തൊഴാന്‍ പോയെന്നും ദീപാരാധന കഴിഞ്ഞ് വെളിയിലിറങ്ങിയപ്പോള്‍ ഒരു വൃദ്ധനെക്കണ്ട് അദ്ദേഹത്തോട് തനിക്ക് വല്ലതും വേണമെന്ന് അപേക്ഷിച്ചു എന്നും അപ്പോള്‍ അദ്ദേഹം ഒരു വാഴപ്പഴം കൊടുത്തത് ഭക്ഷിച്ചു എന്നും മാടത്തിലേക്കുള്ള യാത്ര പാട്ടു പാടിക്കൊണ്ടായിരുന്നു എന്നുമാണ് ഐതിഹ്യം. രാമായണകഥയാണ് രാമകഥപ്പാട്ടിന്റെ ഉള്ളടക്കം. വാല്മീകിരാമായണത്തെയാണ് ഈ കൃതി മാതൃകയാക്കുന്നത്. എങ്കിലും കഥയില്‍ വ്യതിയാനം വരുത്തുകയും ചില നൂതനാംശങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നു. കമ്പരാമായണത്തില്‍നിന്ന് സ്വീകരിച്ചിരിക്കുന്ന പാതാളരാവണകഥ ഉദാഹരണം. യുദ്ധകാണ്ഡത്തിന് രാമചരിതകാരനെപ്പോലെ അയ്യിപ്പിള്ള ആശാനും പ്രാധാന്യം കല്പിക്കുന്നു. രാവണവധത്തോടെയാണ് കൃതി അവസാനിക്കുന്നത്.വിരുത്തവും പാട്ടുമായുമാണ് കൃതി സംവിധാനം ചെയ്തിരിക്കുന്നത്.