യാമിനി നായര്‍

നീ വരുന്നോ?
മുഷിപ്പിക്കുന്ന ഈ ചുവരുകൾക്കിടയിൽ നിന്ന്
ഒരു സ്വർഗ്ഗീയ സന്ധ്യയിലേക്ക്,
അവിടെ നിന്നും
നക്ഷത്ര രാവിന്റെ ശോഭയിലേക്ക്‌

വേനൽ വെയിൽ വറ്റിവരണ്ട
സായാഹ്നത്തിലൂടെ
നമുക്ക് കൈകോർത്ത് നടക്കാം

തടാകക്കരയിൽ പുൽത്തലപ്പുകൾ
വകഞ്ഞു മാറ്റി
നമുക്ക് ഇരിപ്പിടം ഉണ്ടാക്കാം

അവിടെ, സ്വർണ്ണ വെയിലിൽ
കുളിച്ചു നിൽക്കുന്ന
മരത്തലപ്പുകളുടെ ഉച്ഛ്വാസം
നമുക്കും പങ്കുവയ്‌ക്കാം

വിടരാൻ വെമ്പി നിൽക്കുന്ന
സന്ധ്യാപുഷ്പങ്ങളെ തലോടി,
അതിന്റെ നറുമണം നുകരാം

ചേക്കേറാൻ പോകുന്ന പക്ഷികൾ
കൊത്തിയെടുക്കുന്ന
അവസാന മീനിന്റെ പിടച്ചിലിന്റെ
ജല തരംഗത്തിൽ അസ്തമയ സൂര്യൻ
ചിന്നിച്ചിതറുന്നത് കണ്ടിട്ട്
നമുക്ക് കൂടണയാം

പിന്നെ കൊക്കുരുമ്മി ഇണചേർന്ന്
നീലരാവിനെ ഉദ്ദീപിപ്പിച്ച്
പുലരും വരെ പ്രണയിക്കാം
പിന്നെ തളർന്നു മയങ്ങി നെഞ്ചോട് ചേരാം