മറവി
ഗീത മുന്നൂര്‍ക്കോട്
എന്ന്, എവിടെയാണ്
ഞാൻ ജീവിതം
മറന്നുവച്ചത്…?
കാറ്റെടുത്തിരിക്കുമെന്ന്
വട്ടുകളിക്കുന്ന കുട്ടൻ.
കാക്ക കൊത്തീംകൊണ്ടുപോയല്ലോന്ന്
മുത്തശ്ശിത്തൊണ്ണ് ചിരിക്കുന്നു
പരുന്ത്
റാഞ്ചിയെന്ന്
ഇക്കിളിക്കൂട്ടുന്നു
കൂട്ടുകാർ
–
ങ! നന്നായിപ്പോയി –
പാടുപെട്ടു കൊമ്പുപിടിച്ച്
മെരുക്കിയെടുത്ത്
മൂലയ്ക്കൊരു കുറ്റിയ്ക്കുതളച്ചെന്ന്
ഒരുപാട്
സാക്ഷ്യങ്ങൾ
എനിയ്ക്കിനിയും
ഓർക്കാനാകുന്നില്ലല്ലോ
മറുവശം നീണ്ടുപോകുന്ന
മൂക്കുകയറിനറ്റത്താണോ, എന്തോ!
അല്ലായിരിക്കും
കാലത്തിലേയ്ക്ക്
അപ്രത്യക്ഷനായ
കപ്പിത്താനെ കാണാഞ്ഞ്
മത്സ്യകന്യകയ്ക്ക്
സ്വയമെറിഞ്ഞുകൊടുത്തതാകാം
ഏതോ ആഴങ്ങളിൽ
ആരും കാണത്തിടത്ത്
കിടന്നുതിളങ്ങട്ടെ
ഞാൻ മറന്നിട്ട ജീവിതം.