ഡോ. സുനിൽ പൊയ്‌ക

 

 

മൂടിയ മുഖവുമായ് എങ്ങും മുഖങ്ങള്
മൂടാത്ത മുഖങ്ങളോ കാണാനും വിരളമായ്
എന്തിനീ മുഖംമൂടി ജീവിത യാത്രയിൽ
മുഖംമൂടി ഇല്ലാത്ത മുഖമല്ലേ ഉത്തമം

മാരിയിൻപിടിതന്റെ രക്ഷക്കോ മുഖംമൂടി
അണിയുന്നു എത്രയോ മുഖംമൂടി നാമെന്നും
ജീവിത യാത്രാതൻ അരങ്ങിൽ മുഖംമൂടി
അണിയാത്തവരായി എണ്ണം പരിമിതം

സ്നേഹം നടിപ്പതിനായൊരു മുഖംമൂടി
കടമ നിറവേറ്റാനായിട്ടു മറ്റൊന്നും
ലക്ഷ്യത്തിലെത്തിടാൻ ഏതു മുഖാമുടീം
ഇട്ടു അരങ്ങത്തു വാഴുന്നോർ മാനുജൻ

നന്മതൻ മുഖങ്ങളെ തിരസ്കരിച്ചിടുന്നു
തിന്മതൻ മുഖംമൂടി സ്വീകരിച്ചീടുന്നു
പക്ഷെ നമുക്കെല്ലാം അനിവാര്യം
നന്മതൻ മുഖങ്ങളല്ലോ എന്ന് തിരിച്ചറിവുണ്ടേലും

അറിവല്ലോ ജീവിതം സത്യമേ ജീവനും
ഉള്ളിന്റെ ഉള്ളിൽ നിറയേണ്ട സ്നേഹവും
എന്നിട്ടും എന്തിനീ മിഥ്യതൻ മുഖംമൂടി
അണിയുവാനായിട്ട് വെമ്പൽ കൊള്ളുന്നു നാം

പൊട്ടിച്ചെറിഞ്ഞീടം വിദ്വേഷ മുഖംമൂടി
ഊരിയെറിഞ്ഞീടാം മായതൻ മുഖംമൂടി
തുന്നിയെടുത്തിടാം സ്നേഹത്തിൻ ഇഴകളാൽ
സർവ്വസാഹോദര്യത്തിന്റെ മുഖങ്ങൾനാം

അമ്മതൻ കുഞ്ഞിനായ് നൽകുന്ന സ്നേഹമേ
ഉർവ്വിയിൽ ലഭ്യമാം നിർമ്മല സത്യമെ
നിന്നെ നിലനിർത്താൻ കീറിയെറിഞ്ഞീടാം
കള്ളത്തരത്തിൻ മുഖംമൂടി എന്നേക്കും