നവീന പാശ്ചാത്യവിമര്‍ശനം ഇന്ന് മാറ്റത്തിന്റെ വേദിയാണ്. വായനക്കാരെ അമ്പരപ്പിക്കുംവിധം പുതിയ നിരൂപണ രീതികള്‍ ആവിര്‍ഭവിക്കുന്നു. ചില തത്വങ്ങള്‍ സാഹിത്യരംഗത്ത് ഏറെ ചലനങ്ങള്‍ സൃഷ്ടിക്കുന്നു. മറ്റു ചിലവ ചലനങ്ങ ളൊന്നുമില്ലാതെ വിസ്മൃതികളുടെ ശവക്കല്ലറകളില്‍ മറയുന്നു. കവിതയില്‍നിന്ന് കവിതയിലേക്ക് എന്ന ടി.എസ്.എലിയറ്റിന്റെ പ്രഖ്യാപനം നവീന പാശ്ചാത്യവിമര്‍ശനം ആദരവോടെയാണ് സ്വീകരിച്ചത്. ഈ വാക്കുകളില്‍ നവ വിമര്‍ശനത്തിന്റെ ആരംഭചലനങ്ങള്‍ ദര്‍ശിക്കുന്നവരുണ്ട്. സാഹിത്യകാരനെ തിരസ്‌കരിച്ചുകൊണ്ട് സാഹിത്യകൃതിയില്‍ നിന്ന് പുതിയ ദര്‍ശനങ്ങള്‍ രൂപപ്പെടുത്തിയെടുക്കാനാണ് പില്ക്കാല വിമര്‍ശകര്‍ ഏറെ ശ്രദ്ധിച്ചത്. സാഹിത്യകൃതികള്‍ക്ക് പ്രാധാന്യം നല്‍കുന്നവയാണ് നവവിമര്‍ശന സിദ്ധാന്തങ്ങളില്‍ പലതും.
റൊളാങ് ബാര്‍ത്ത് മുന്നോട്ടുവച്ച ‘ഗ്രന്ഥകാരന്റെ മരണം’ എന്ന സിദ്ധാന്തം പുതിയ വിമര്‍ശനത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. സാഹിത്യകൃതിയുടെ രചനയ്ക്കുശേഷം ഗ്രന്ഥകാരന്റെ പ്രാധാന്യം ഇല്ലാതാകുന്നു. ആസ്വാദകന്‍, കൃതി എന്നീ ഘടകങ്ങളിലാണ് പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍ നിലകൊള്ളുന്നത്. ഘടനാവാദത്തിന്റെ കാലമാകുമ്പോഴേക്കും പാഠത്തിന് ഏറെ പ്രാധാന്യം കൈവരുന്നു. സാഹിത്യകൃതി ഘടനകളാല്‍ നിര്‍മ്മിതമാണ് എന്ന തത്ത്വത്തിന്റെ പിന്‍ബലത്തിലാണ് ഘടനാവാദം നിലകൊള്ളുന്നത്. ഘടനയുടെ അപഗ്രഥനത്തിലൂടെ പാഠത്തിനുള്ളില്‍ മറഞ്ഞുകിടക്കുന്ന സാഹിത്യപരവും പ്രത്യയശാസ്ത്രപരവുമായ ചിന്താധാരകളെ പുറത്തെടുത്ത് കാണിക്കുകയാണ് ഘടനാവാദം ചെയ്യുന്നത്.
സാഹിത്യകൃതിയെ വായിക്കാനും അപഗ്രഥിക്കാനും ഉപയോഗിക്കുന്ന ഒരു ഘടനാവാദാനന്തര സംജ്ഞയാണ് അപനിര്‍മ്മാണം. ഫ്രഞ്ച് ദാര്‍ശനികനായ ജാക്വസ് ദരിദയുടെ സംരചനാ നിയമത്തില്‍ നിന്നും ഉത്ഭവിച്ച ഒരു സാഹിത്യ തത്വമാണിത്. എന്നാല്‍, ഇതിന്റെ ആദ്യാങ്കുരങ്ങള്‍ നാം കാണുന്നത് സൊസൂറിന്റെ ഭാഷാശാസ്ത്രത്തിലാണ്. ‘നിശ്ചിത വ്യവസ്ഥകളില്ലാത്ത വ്യത്യാസങ്ങളുടെ സമ്പ്രദായമാണ്’ എന്ന സൊസൂറിന്റെ അര്‍ത്ഥബന്ധത്തെ സംബന്ധിച്ച ഭാഷാ തത്വചിന്തയില്‍ അധിഷ്ഠിതമാണ് അപനിര്‍മ്മാണം. സൂചകങ്ങള്‍ പരസ്പരം വ്യത്യാസപ്പെടുത്തിയിരിക്കുന്നു. വിപരീതങ്ങളുടെ മാതൃക സ്വീകരിക്കുമ്പോള്‍ ഉണ്ടാകുന്ന വ്യത്യാസത്തിലൂടെയാണ് സൂചകങ്ങള്‍ അര്‍ത്ഥവത്താകുന്നത്. അങ്ങനെയാണ് ‘ചുവപ്പ് ‘ എന്ന ട്രാഫിക് അടയാളം’ നില്ക്കുക’ എന്നതിനെയും, ‘പച്ച’ പോവുക എന്നതിനെയും കുറിക്കുന്നതെന്ന് സൊസൂര്‍ ചൂണ്ടിക്കാണിക്കുന്നു. ചുവപ്പ് എന്ന സൂചകവും നില്ക്കുക എന്ന സൂചിതവും തമ്മിലുള്ള ബന്ധം മധ്യസ്ഥിതികവും സാമ്പ്രദായികവുമാണ്. അതിന്റെ ഒഴിവാക്കാനാവാത്ത സവിശേഷത മൂലമല്ല ഇപ്രകാരം ബന്ധം കല്പ്പിച്ചത്. മറിച്ച് ‘പച്ച’ അല്ലെങ്കില്‍ മറ്റു ചിഹ്നങ്ങള്‍ തമ്മിലുള്ള വ്യത്യാസമാണ് ചുവപ്പിനെ നില്ക്കുക എന്ന ബന്ധത്തില്‍ കൊണ്ടെത്തിക്കുന്നത്. അതുകൊണ്ടാണ് നിശ്ചിതവ്യവസ്ഥകളില്ലാത്ത വ്യത്യാസങ്ങളുടെ സമ്പ്രദായമാണ് ഭാഷയെന്ന് സൊസൂര്‍ നിര്‍വചിച്ചത്.

വിഭജനങ്ങളുടെ അല്ലെങ്കില്‍ വ്യത്യാസങ്ങളുടെ ഫലമാണ് പദങ്ങളുടെ അര്‍ത്ഥമെന്ന് സൊസൂര്‍ പറയുന്നു. ‘റേറ്റ് ‘ എന്ന പദം നമ്മില്‍ ജനിപ്പിക്കുന്ന ധാരാളം അര്‍ഥങ്ങള്‍ ‘ റേറ്റി’ന്റേതാണ്. കാരണം അത് ‘ കേറ്റില്‍ ‘നിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നു. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ റാറ്റ്, ക്യാറ്റ് എന്നീ സൂചകങ്ങള്‍ തമ്മിലുള്ള വ്യത്യാസത്തിന്റെ ഉല്‍പ്പന്നമാണ് ഈ ധാരണ. മാറ്റ്, ബാറ്റ് തുടങ്ങിയ സൂചകങ്ങളും റാറ്റില്‍നിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നത് ഇങ്ങനെയാണ്. സൂചകത്തിന്റെ അഥവാ വസ്തുവിന്റെ അര്‍ഥത്തെ സൂചിതം നമുക്ക് നേരിട്ടുതരുന്നില്ല. കൂടാതെ, സൂചകവും സൂചിതവും തമ്മില്‍ നിശ്ചിതമായ വ്യത്യാസമില്ല. അതുകൊണ്ട് സൂചകവും സൂചിതവും തമ്മിലുള്ള ബന്ധം മധ്യസ്ഥിതികമാണെന്ന് പറയാം. വ്യത്യാസങ്ങളുടെ നിര്‍മ്മിതിയാണ് ഭാഷയെന്നും സൊസൂര്‍ പറയുന്നു. സൊസൂറിന്റെ ഈ ഭാഷാദര്‍ശനത്തില്‍നിന്നും ദരിദ കുറെക്കൂടി മുന്നോട്ടുപോകുന്നു. ലാംഗ്വേജ് ഈസ് കോണ്‍സ്റ്റിറ്റിയൂട്ട് ബൈ ഡിഫറന്‍സ് എന്ന സൊസൂറിന്റെ ആശയത്തിലെ ഡിഫറന്‍സ് എന്ന പദത്തിന്റെ ഉച്ചാരണത്തില്‍നിന്ന് ഡിഫറന്‍സ് എന്ന പുതിയൊരു പദം ദരിദ രൂപപ്പെടുത്തുന്നു. പദങ്ങളുടെ അര്‍ത്ഥം മറ്റു കാലങ്ങളിലേക്ക് മാറ്റിവയ്ക്കപ്പെട്ടതാണ് എന്നാണ് ഇതുകൊണ്ട് ദരിദ അര്‍ത്ഥമാക്കിയത്.
മറ്റു കാലങ്ങളിലേക്ക് മാറ്റിവയ്ക്കപ്പെട്ട പദങ്ങളുടെ അര്‍ത്ഥം ഓരോ വായനയിലും പുനര്‍നിര്‍മ്മിതിയ്ക്ക് വിധേയമാകുന്നു. അങ്ങനെയാണ് ‘കാര്‍’ എന്ന പദത്തിന് കോപമുള്ള ‘നാല്‍ക്കാലി ജീവി’ എന്നും ‘പക്വതയുള്ള വ്യക്തി’ എന്നും ‘കുരുക്കുള്ള ചമ്മട്ടി’യെന്നും അര്‍ഥമാകുന്നതെന്ന് ടെറി ഈഗിള്‍ടണ്‍ പറയുന്നു. ഇങ്ങനെ ഭാഷ, സ്ഥിരമായ ഒരു വസ്തുവല്ലെന്നും വായനകളൊന്നും നമ്മെ അര്‍ഥത്തിലെത്താന്‍ സഹായിക്കുന്നില്ലെന്നും അര്‍ഥങ്ങളെല്ലാം കെട്ടുകഥകളാണെന്നും ദരിദ കൂട്ടിച്ചേര്‍ക്കുന്നു.
വളരെക്കാലമായി നമ്മുടെ വായനയെ നിയന്ത്രിച്ച പൊതുബോധത്തെയാണ് ദരിദ തന്റെ ചിന്തകളിലൂടെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. അതുകൊണ്ട് സാമ്പ്രദായികമായ വായനയില്‍നിന്ന് തികച്ചും വ്യത്യസ്തമായ ഒരു വായനയാണ് ദരിദയുടെ രചനകള്‍ ആവശ്യപ്പെടുന്നത്. ഓരോ കൃതിയും പഠിപ്പിക്കേണ്ട പാഠങ്ങളാണ്. എഴുത്ത് അധ്വാനമാണെന്നതുപോലെ വായനയും അധ്വാനമാണ്. വായനയിലൂടെ പാഠത്തില്‍നിന്നും പുതിയ അര്‍ഥതലങ്ങള്‍ ഉത്പാദിപ്പിക്കാമെന്ന് സമര്‍ഥിക്കാനാണ് ദരിദ ശ്രമിക്കുന്നത്. റൊളാങ് ബാര്‍ത്ത് ‘രചയിതാവിന്റെ മരണം’ എന്ന പ്രബന്ധത്തിലൂടെ മുന്നോട്ടുവയ്ക്കുന്ന വായനയുടെ വിപുലീകരണമാണ് മറ്റൊരുരീതിയില്‍ ദരിദ അപനിര്‍മ്മാണത്തിലൂടെ മുന്നോട്ടുവയ്ക്കുന്നത്. ഒരു രചന വായനക്കാരന് ലഭിക്കുന്ന ഒരു പാഠമായിത്തിരുമ്പോള്‍ എഴുത്തുകാരനെന്ന വ്യക്തി അപ്രസക്തമാവുന്നതായി ബാര്‍ത്ത് വ്യക്തമാക്കുന്നു. എഴുതപ്പെട്ട ഭാഷ സ്വതന്ത്രമായി നിലനില്‍ക്കുന്ന പാഠമായിത്തിരുകയും, വായനക്കാരന്‍ എഴുത്തുകാരനെപ്പോലെ മറ്റൊരു രചയിതാവായിത്തീരുകയും ചെയ്യുന്ന പ്രക്രിയയാണ് ബാര്‍ത്ത് ചിത്രീകരിക്കുന്നത്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, ഒരു രചനയെ പാഠമായി കാണുമ്പോള്‍ പുസ്തകം എന്ന അടഞ്ഞ സമീപനം ഉപേക്ഷിക്കേണ്ടിവരുന്നു. ദരിദ ഒരടികൂടി മുന്നോട്ടുപോവുകയും ഒരു പാഠം അതിന്റെ വിമര്‍ശനംകൂടി അതില്‍ത്തന്നെ ഉള്‍ക്കൊള്ളുകയും ചെയ്യുന്നതായി സമര്‍ഥിക്കുന്നു. ഒരു രചന നിയതമായ അര്‍ഥം വഹിക്കുന്നതായി വാദിക്കുന്ന സാമ്പ്രദായിക അര്‍ഥപരികല്പനയെയാണ് ദരിദ ചോദ്യംചെയ്യുന്നത്. ഓരോ പാഠവും സ്വയംതന്നെ അതിന്റെ നിയതമായ അര്‍ഥോത്പാദനമാണെന്ന അവകാശവാദത്തെ തകര്‍ക്കുകയും, വായനക്കാരന് അര്‍ഥോത്പാദനപരമായ സ്വതന്ത്രലീലയിലൂടെ നിരവധി പാഠങ്ങളുത്പാദിപ്പിക്കുവാനുള്ള അവസരം നല്‍കുകയും ചെയ്യുന്നതായി ദരിദ വ്യക്തമാക്കുന്നു.
അപനിര്‍മ്മാണം എന്ന പദനിഷ്പത്തി സ്വീകരിച്ചാല്‍ ഈ സoജ്ഞയുടെ അര്‍ഥം പെട്ടെന്ന് മനസ്സിലാകും. സാഹിത്യകാരന്‍ നിര്‍മിച്ചുവച്ചിരിക്കുന്ന ഒരു പാഠത്തെ ഒരു വായനക്കാരന്‍ അതിന്റെ ഘടകങ്ങള്‍ അഴിച്ച് പരസ്പരബന്ധം വേര്‍പെടുത്തി ആന്തരാര്‍ഥം കണ്ടെത്തി വീണ്ടും കൂട്ടിച്ചേര്‍ത്ത് പുതിയരീതിയില്‍ രൂപംനല്‍കി മറ്റു വായനക്കാര്‍ക്ക് നല്‍കുന്ന പ്രക്രിയയാണ് അപനിര്‍മ്മാണത്തില്‍ അടങ്ങിയിരിക്കുന്നത്. ചില സങ്കല്പങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പ്രക്രിയ നടക്കുന്നത്.

1. സാഹിത്യകാരന്‍ നിര്‍മ്മിച്ച പാഠത്തെ ആധാരമാക്കിയുള്ള പ്രവര്‍ത്തനമാണ് അപനിര്‍മ്മാണം.
2. പാഠം പല ഘടകങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന ഒരുഘടനയെ ആശ്രയിച്ചിരിക്കുന്നു.
3. ഈ ഘടകങ്ങള്‍ അഴിച്ചു വേര്‍പെടുത്താവുന്നവയാണ്.
4. അഴിച്ചെടുത്താല്‍ വീണ്ടും പുതിയരീതിയില്‍ കൂട്ടിച്ചേര്‍ത്ത് എടുക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഘടകങ്ങളുടെ ബന്ധം.
5. പാഠത്തെ പുതിയ രീതിയില്‍ ഘടിപ്പിക്കുമ്പോള്‍ മുന്‍പത്തേതില്‍നിന്നും വ്യത്യസ്തമായ അര്‍ഥതലങ്ങള്‍ അതിനു ലഭിക്കുന്നു.

ഘടകങ്ങള്‍ക്കിടയില്‍ത്തന്നെ ഘടനാസമ്പ്രദായം കൊണ്ട് മറഞ്ഞിരിക്കുന്ന അര്‍ഥതലങ്ങള്‍ പുതിയ ഘടനകൊണ്ട് പ്രത്യക്ഷമാകുന്ന പാഠത്തിന്റെ നിരൂപണമല്ല വായനക്കാരന്‍ നടത്തുന്നത് എന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു. പാഠത്തെ പുതിയതരത്തില്‍ രചിക്കുകയാണ് വായനയിലൂടെ നടക്കുന്നതെന്നു പറയാം. സൂചകങ്ങളുടെ മാറ്റിവയ്ക്കപ്പെട്ട അര്‍ഥമാണ് ഈ പുനര്‍നിര്‍മ്മാണത്തിന് വായനക്കാരനെ സഹായിക്കുന്നത്.
അപനിര്‍മ്മാണം ഒരു വിമര്‍ശനപദ്ധതിയാകുന്നത് അര്‍ഥത്തിന്റെ സന്ദിഗ്ധതകൊണ്ടാണ്. ഓരോ പദത്തിന്റെയും നിഘണ്ടുവിലെ അര്‍ഥംതന്നെ ഒറ്റവാക്കിലൊതുങ്ങുകയില്ല. മറ്റൊരുപദം പകരമാകാത്തതുകൊണ്ട് ഓരോ പദവും വ്യക്തിത്വം നിലനിര്‍ത്തുന്നു. പക്ഷേ, അതിന്റെ അര്‍ഥമേഖല നിമിഷംപ്രതി തേഞ്ഞുമാഞ്ഞുകൊണ്ടിരിക്കുന്നു. ഓരോ പുതിയ പദവും അതിന്റെ അര്‍ഥത്തിന് തേയ്മാനം വരുത്തുന്നു. സാഹിത്യകൃതിയുടെ മൊത്തത്തിലുള്ള അര്‍ഥസംവിധാനവും ഇങ്ങനെ മാറിക്കൊണ്ടിരിക്കുന്നു.
എഴുത്തുകാരന്റെ ആധിപത്യത്തെ പാടേ അവഗണിക്കുകയും പാഠത്തിന്റെ പ്രസക്തിയെ കുറച്ചുകാണുകയും ചെയ്തത് അപനിര്‍മ്മാണത്തിന്റെ പരിമിതിയായി കാണാം. ഓരോ വായനക്കാരനും സ്രഷ്ടാവാകുകയും, പാഠത്തിന്റെ നിഷേധത്തില്‍ എത്തിച്ചേരുകയും ചെയ്യുന്ന കാഴ്ചയാണ് നാം അപനിര്‍മ്മാണത്തില്‍ കാണുന്നത്. വിമര്‍ശകന്റെ പാരായണ സ്വാതന്ത്ര്യത്തിന്റെ പരിമിതികളെയും പരിധികളെയുംപറ്റി ചിന്തിക്കേണ്ട ഘട്ടം പലപ്പോഴും സംജാതമായി. കൃതിയെയും കര്‍ത്താവിനെയും വീണ്ടെടുക്കേണ്ട സമയം അടുത്തു കാട്ടിത്തരുന്നു. സാഹിത്യകൃതിയുടെ ദര്‍ശനം രൂപപ്പെടുന്നത് വായനക്കാരന്റെ കൂട്ടിച്ചേര്‍ക്കലില്‍നിന്നാണ്. അതിനുതന്നെ പല രൂപാന്തരങ്ങളുണ്ടെന്നും നിത്യപാരായണ വിധേയമാണ്
കലാസൃഷ്ടികളെന്നും ദരിദ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. വിമര്‍ശനം അവസാനവാക്കാണ് എന്ന സങ്കല്പത്തെ അപനിര്‍മ്മാണം നിരാകരിക്കുന്നു.