‘യുദ്ധവും സമാധാനവും’ എന്ന കൃതി എഴുതി 30 വര്‍ഷത്തിനുശേഷമാണ് ‘എന്താണ് കല, എന്ന നിരൂപണഗ്രന്ഥം ടോള്‍സ്റ്റോയി പ്രസിദ്ധീകരിച്ചത്. അന്നുവരെ നിലനിന്ന കലാസങ്കല്പം ടോള്‍സ്റ്റോയിയെ തൃപ്തിപ്പെടുത്തിയില്ല. അതുകൊണ്ട് കലാചിന്തയുടെ മണ്ഡലത്തില്‍ ഒരു ബോധനവീകരണം ആവശ്യമാണെന്ന് ടോള്‍സ്റ്റോയിക്ക് തോന്നി. ഈ ചിന്തയില്‍നിന്നാണ് ‘എന്താണ് കല’ എന്ന ഗ്രന്ഥം പിറവിയെടുക്കുന്നത്.
ടോള്‍സ്റ്റോയിയുടെ വീക്ഷണത്തില്‍ കല ദാര്‍ശനികന്‍ പറയുമ്പോലെ ദിവ്യരഹസ്യാത്മകമായ ആശയങ്ങളുടെ ആവിഷ്‌കരണമല്ല. റസ്‌കിന്‍ അഭിപ്രായപ്പെട്ടതുപോലെ സൗന്ദര്യത്തിന്റെയും ദൈവിക ചൈതന്യത്തിന്റെയും പ്രകാശനമല്ല. മറ്റുചിലര്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ, മിച്ചംവന്ന ചൈതന്യത്തെ തുറന്നുവിടുന്ന വിനോദവുമല്ല. ബാഹ്യമായ പ്രതികരണങ്ങളുടെ വികാരാവിഷ്‌കരണം നടത്തുന്നതല്ല കല; ആനന്ദം ജനിപ്പിക്കുന്ന വസ്തുക്കളെ സൃഷ്ടിക്കുന്ന വിദ്യയുമല്ലത്. ആനന്ദം ജനിപ്പിക്കുകയുമല്ല കലയുടെ ലക്ഷ്യം. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ഐക്യത്തിന്റെ ഉപാധിയാണ് കല എന്ന് ടോള്‍സ്റ്റോയി നിര്‍വചിക്കുന്നു. വ്യക്തിയുടെയും മനുഷ്യരാശിയുടെയും ക്ഷേമത്തിലേയ്ക്കുള്ള ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കല. മനുഷ്യരുടെ പുരോഗതിക്കും ക്ഷേമത്തിനുംവേണ്ടി അവരെ വികാരംകൊണ്ട് ബന്ധിപ്പിക്കാനുള്ള ഒരു ഉപാധിയാണ് കല എന്നതുകൊണ്ട് അതിനെ സാമൂഹ്യവും സദാചാരപരവുമായ മാനദണ്ഡങ്ങള്‍ കൊണ്ട് അളക്കാനാണ് ടോള്‍സ്റ്റോയി ശ്രമിക്കുന്നത് എന്നു കാണാം. ഇത് റസ്‌കിന്റെ കലാസിദ്ധാന്തത്തെ ഓര്‍മിപ്പിക്കുന്നു.
ഒരു കലാസൃഷ്ടി ആസ്വദിക്കുന്നവന്‍ സ്രഷ്ടാവിന്റെ മാനസികാവസ്ഥയുമായി ആത്മബന്ധം പുലര്‍ത്തണം. അങ്ങനെ വരുമ്പോള്‍ എല്ലാവര്‍ക്കും സമാനമായ മാനസികാനുഭവം ഉണ്ടാകുന്നു. ഇപ്രകാരം എല്ലാവരെയും കല മാനസികമായി ബന്ധിപ്പിക്കുന്നു. ഇപ്രകാരം കലയെക്കുറിച്ചുള്ള തന്റെ വീക്ഷണം അവതരിപ്പിച്ചതിനുശേഷം ‘എന്താണ് കല’ എന്ന ഗ്രന്ഥത്തിന്റെ അഞ്ചാം അധ്യായത്തില്‍, ലോക വിമര്‍ശനത്തില്‍ ഏറ്റവും കൂടുതല്‍ ആക്രമണത്തിന് വിധേയമായ അഭിസംക്രമണ സിദ്ധാന്തം ടോള്‍സ്റ്റോയി അവതരിപ്പിക്കുന്നു.
കലാകാരന്‍ അയാള്‍ ഒരിക്കല്‍ അനുഭവിച്ച വികാരം തന്നില്‍ത്തന്നെ ഉണര്‍ത്തിയശേഷം രേഖകള്‍, വര്‍ണങ്ങള്‍, ശബ്ദങ്ങള്‍, പദങ്ങള്‍ എന്നിവയിലൂടെ ആ വികാരങ്ങളെ മറ്റുള്ളവരിലേക്ക് അഭിസംക്രമണം ചെയ്ത് അവരെക്കൂടി അതില്‍ പങ്കുകൊള്ളിക്കുന്നു. ഇതാണ് ടോള്‍സ്റ്റോയിയുടെ വീക്ഷണത്തില്‍ കലാവ്യാപാരം. വികാരങ്ങളെ വെറുതെ പ്രദര്‍ശിപ്പിക്കുകയല്ല, ആസ്വാദകരില്‍ അതേ വികാരം ജനിപ്പിക്കുകകൂടി ചെയ്യുമ്പോള്‍ മാത്രമേ കലാവ്യാപാരം നടക്കുന്നുള്ളൂ എന്നാണ് ടോള്‍സ്റ്റോയിയുടെ വാദം. കല ഒരേ വികാരത്തില്‍ത്തന്നെ പങ്കെടുപ്പിച്ചുകൊണ്ട് മനുഷ്യര്‍ക്കിടയില്‍ ഐക്യബോധം ഉണ്ടാക്കുന്നു. വ്യക്തിയുടെയും സമൂഹത്തിന്റെയും പുരോഗതിക്ക് കല അനുപേക്ഷണീയമാണ്. അജ്ഞാതമായ ഏതോ ചില നിയമങ്ങളാല്‍ കലാകാരന്റെ മനസ്സില്‍ അങ്കുരിക്കുന്ന ഒരു നൂതന ജീവിത സങ്കല്‍പത്തെക്കുറിച്ചുള്ള അവബോധത്തിന്റെ പ്രകാശനമാണ് യഥാര്‍ഥ കലാസൃഷ്ടി. അത് മനുഷ്യവര്‍ഗത്തിന്റെ പുരോഗതിക്കുള്ള മാര്‍ഗത്തെ പ്രകാശനമാക്കുന്നു. അഭിസംക്രമണത്തിന്റെ വിജയത്തിന് വികാരങ്ങള്‍ക്ക് വ്യക്തിത്വം സ്പഷ്ടത ആത്മാര്‍ത്ഥത എന്നിവ ആവശ്യമാണ്. ഇവയുടെ ഏറ്റക്കുറച്ചില്‍ അഭിസംക്രമണത്തിന്റെ വിജയത്തെ നിശ്ചയിക്കുന്നു. ഉത്തമകലയില്‍ ഇതു മൂന്നും തികഞ്ഞിരിക്കണമെന്നാണ് ടോള്‍സ്റ്റോയിയുടെ അഭിപ്രായം.

ടോള്‍സ്റ്റോയിയുടെ കലാചിന്ത ക്രൈസ്തവദര്‍ശനത്തില്‍ അധിഷ്ഠിതമാണ്. എന്താണ് കല എന്ന ഗ്രന്ഥത്തിന്റെ അഞ്ചാം അധ്യായത്തില്‍ മതാത്മക വികാരത്തെക്കുറിച്ച് ടോള്‍സ്റ്റോയി ചിന്തിക്കുന്നു. കല അഭിസംക്രമിപ്പിക്കുന്ന വികാരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് മതബോധത്തില്‍നിന്നു ജനിക്കുന്ന വികാരങ്ങളാണ്. മനുഷ്യനും ലോകവും തമ്മിലുള്ള നൂതനബോധത്തെയാണ് മതബോധം എന്ന് ടോള്‍സ്റ്റോയി ഉദ്ദേശിക്കുന്നത്. അതു മനുഷ്യരാശിയുടെ ഐക്യത്തില്‍ അധിഷ്ഠിതമാണ്. ക്രിസ്തുമതത്തിന്റെ ആരംഭത്തില്‍ ഇങ്ങനെ വിശാലമായ വീക്ഷണം ഉണ്ടായിരുന്നു. പിന്നീട് അത് അപചയത്തിലേക്കു വഴുതിവീണു. അതുകൊണ്ടാണ് മാധ്യകാലങ്ങളില്‍ കല പ്രത്യേകവര്‍ഗത്തിന്റെ താത്പര്യങ്ങളുടെ വാഹനമായിത്തീര്‍ന്നത്. അക്രൈസ്തവമായ യവനകലാസൃഷ്ടികളിലും സാര്‍വത്രികമായ മാനവ വൈകല്യത്തെക്കുറിച്ചുള്ള ബോധം അടങ്ങിയിട്ടില്ല. യഥാര്‍ഥമായ ക്രിസ്തുമതത്തിന്റെ ജീവിതസമീക്ഷയെക്കുറിക്കുന്ന സെന്റ് ജോണിന്റെ വാക്യം ടോള്‍സ്റ്റോയി ഉദ്ധരിക്കുന്നു: ‘അവരെല്ലാം ഒന്നായിരിക്കട്ടെ; പിതാവേ, അങ്ങ് എന്നിലും ഞാന്‍ അങ്ങയിലുമുണ്ട്. ഇതുപോലെ അവരെല്ലാം നമ്മിലും ഉണ്ടായിരിക്കട്ടെ’. ഈയൊരു വീക്ഷണത്തിന്റെ സാന്നിധ്യം വിശ്വസാഹോദര്യം പ്രകടിപ്പിക്കുന്നവയെ ക്രൈസ്തവകല എന്ന് ടോള്‍സ്റ്റോയി വിശേഷിപ്പിക്കുന്നു. മനുഷ്യര്‍ക്കിടയില്‍ സാഹോദര്യവും ഐക്യവും സ്ഥാപിക്കുകയാണ് ക്രൈസ്തവകലയുടെ ചുമതല. ഇങ്ങനെയുള്ള ഉത്തമകലയില്‍ രണ്ടുതരം വികാരങ്ങളാണ് ഉണ്ടായിരിക്കുക. ഒന്നാമത്തേത,് മനുഷ്യരെല്ലാം ദൈവ സന്തതികളാണെന്നും അവര്‍ സഹോദരരാണെന്നു മുള്ള ബോധത്തില്‍നിന്ന് ഉറവയെടുക്കുന്ന വികാരം. രണ്ടാമത്തേത്, സാധാരണങ്ങളും മൗലികങ്ങളുമായ സരളവികാരങ്ങളാണ്. ഇതില്‍ ആദ്യത്തേതാണ് ഉത്തമമായ കലയുടെ ഉറവിടം എന്നു വിശേഷിപ്പിച്ചുകൊണ്ട്, ഈ വികാരത്തില്‍നിന്നും ജനിച്ച കലാസൃഷ്ടികളാണ് ഹ്യൂഗോവിന്റെ ‘പാവങ്ങള്‍'[ ചാള്‍,് ഡിക്കന്‍സിന്റെ ‘രണ്ടുനഗരങ്ങളുടെ കല’, ദസ്തയേവ്‌സ്‌ക്കിയുടെ ‘മരിച്ച വീട്’, ജോര്‍ജ്ജ് എലിയറ്റിന്റെ ‘ആദം ബീദ’് എന്നിവയെന്ന് ടോള്‍സ്റ്റോയി ചൂണ്ടിക്കാണിക്കുന്നു. ക്രൈസ്തവകല സംക്രമിപ്പിക്കുന്ന വികാരം സാര്‍വജനീനമായിരിക്കു. അത് ഏതെങ്കിലുമൊരു ജനവിഭാഗത്തിന്റെയോ ഒരു വര്‍ഗത്തിന്റെയോ ഒരു ദേശത്തിന്റെയോ ഒരു മതത്തിന്റെയോ കല ആയിരിക്കുകയില്ല. ഒരു വിശേഷരീതിയില്‍ പഠിപ്പിച്ചു പഠിച്ചുവളര്‍ന്ന ഒരാള്‍ക്കുമാത്രമായി സംവരണം ചെയ്യപ്പെട്ടതല്ല അത്. കച്ചവടക്കാരനോ റോമന്‍ കത്തോലിക്കാനോ ബുദ്ധമതക്കാരനോ എന്നു വ്യത്യാസമില്ലാതെ, ഏവര്‍ക്കും അഭിഗമ്യമായ അനുഭൂതികളാണ് അവര്‍ ആവിഷ്‌കരിക്കുന്നത്. ഇത്തരം കലകളെ മാത്രമേ നമ്മുടെ കാലത്ത് നല്ല കലയായി പരിഗണിക്കാന്‍ പറ്റൂ. അതിനാല്‍ ഇതരകലകളില്‍നിന്നും അവയെ തിരഞ്ഞെടുത്ത് പ്രോത്സാഹിപ്പിക്കാന്‍ ടോള്‍സ്റ്റോയി ആവശ്യപ്പെടുന്നു.

കല എല്ലാവര്‍ക്കും ഗ്രഹിക്കാന്‍ കഴിയുന്നതായിരിക്കണമെന്ന് ടോള്‍സേ്റ്റായി പറയുന്നു. ഒരു കലാസൃഷ്ടി നല്ലതാണ്, എന്നാല്‍ അതു ഭൂരിപക്ഷംപേര്‍ക്കും മനസ്സിലാകുന്നില്ല എന്നു പറയുന്നത് ഏതെങ്കിലും ഒരു ഭക്ഷണസാധനം വളരെ നല്ലതാണ്, എന്നാല്‍ എല്ലാവര്‍ക്കും തിന്നാല്‍ സാധിക്കുകയില്ല എന്നു പറയുംപോലെ അര്‍ഥശൂന്യമാണെന്ന് ടോള്‍സ്റ്റോയി ആക്ഷേപിക്കുന്നു. കല എല്ലാവര്‍ക്കും ഗ്രഹിക്കത്തക്കതായിരിക്കണമെന്ന ഈ വാദം വേഡ്‌സ്‌വര്‍ത്തിന്റെ സിദ്ധാന്തത്തെ അനുസ്മരിപ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് ‘മീനിങ് ഓഫ് ആര്‍ട്ട്’ എന്ന ഗ്രന്ഥത്തില്‍, മനുഷ്യന്‍ ‘മനുഷ്യനോട്’, ‘മനുഷ്യരുടെ സാധാരണ ഭാഷ’ എന്നീ വേര്‍ഡ്‌സ്‌വര്‍ത്തിന്റെ ശൈലികള്‍ ടോള്‍സ്റ്റോയിയുടെ സിദ്ധാന്തത്തില്‍ മറ്റൊലി ക്കൊള്ളുന്നു എന്ന് ഹെര്‍ബര്‍ട്ട് റീഡ് പ്രസ്താവിച്ചത്.
‘എന്താണ് കല’ എന്ന ഗ്രന്ഥത്തിന്റെ 11,12 അധ്യായങ്ങളില്‍ സാഹിത്യത്തിന്റെ അപചയത്തെക്കുറിച്ചാണ് ടോള്‍സ്റ്റോയി ചിന്തിക്കുന്നത്. നവോത്ഥാനത്തിന്റെ കല അപചയത്തിന്റെ കലയാണെന്ന് ടോള്‍സ്റ്റോയി അഭിപ്രായപ്പെടുന്നു. കല ഉപരിവര്‍ഗത്തിന്റേതായി മാറിയത് നവോത്ഥാന കാലഘട്ടത്തിലാണ്. സമ്പന്നവര്‍ഗത്തിന്റെ ആനന്ദം അങ്ങനെ കലയുടെ ലക്ഷ്യമായിത്തീര്‍ന്നു. അഹങ്കാരവും ലൈംഗികാസക്തിയും മുഷിപ്പും കലയില്‍ സ്വാധീനം ചെലുത്താന്‍ തുടങ്ങി. ഇത് ബൈറന്റെ കവിതകളിലും ‘നഷ്ടപ്പെട്ട കാര്യങ്ങളെക്കുറിച്ചുള്ള അനുസ്മരണകള്‍’ എഴുതിയ മാര്‍സല്‍ പ്രൂസ്റ്റിലും വരെ കാണാന്‍ കഴിയുമെന്നാണ് ടോള്‍സ്റ്റോയിയുടെ വാദം. ആധുനികഘട്ടത്തില്‍ വരുമ്പോള്‍ യഥാര്‍ഥകലയല്ല വ്യാജകലയാണ് നാം കാണുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിയലിസത്തെ ടോള്‍സ്റ്റോയി അംഗീകരിക്കുന്നില്ല. അതിനെ പ്രാദേശികവാദം എന്നു വിശേഷിപ്പിച്ചുകൊണ്ട് സകലതും അതേപടി പകര്‍ത്തിവയ്ക്കുന്ന ഈ പ്രസ്ഥാനം യഥാര്‍ഥ വികാരത്തിന്റെ അഭിസംക്രമണത്തെ അസാധ്യമാക്കിത്തീര്‍ക്കുന്നു എന്ന് ടോള്‍സ്റ്റോയി പ്രസ്താവിക്കുന്നു.
കലാചിന്തയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെട്ട സിദ്ധാന്തമാണ് ടോള്‍സ്റ്റോയിയുടേത്. റെനെ വെല്ലക്ക് എന്ന ഗ്രന്ഥത്തില്‍ ‘ഒരു മഹാനായ വൃദ്ധന്റെ ചിത്തഭ്രമം’ എന്ന നിലയിലാണ് ‘എന്താണ് കല ‘ എന്ന ചെറിയ പുസ്തകത്തെ വിമര്‍ശിക്കുന്നത്. പ്രസിദ്ധ കലാ വിമര്‍ശകനായ ഹെര്‍ബര്‍ട്ട് റീഡ് അഭിസംക്രമണ വാദത്തോട് പൂര്‍ണമായ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ടോള്‍സ്റ്റോയിയുടെ നിലപാട് വച്ചുനോക്കുമ്പോള്‍ മഹത്തായ കല എല്ലാവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ സാധ്യമല്ലാത്തതുകൊണ്ട് ദാന്തെ, ഷേക്‌സ്പിയര്‍, മില്‍ട്ടന്‍, ബിഥോവന്‍, ഇബ്‌സന്‍, ഗോയ്‌ഥേ എന്നിവരോട് വിടപറയേണ്ടി വരുമെന്നും, അവസാനം ശേഷിക്കുന്നത് നാടോടി ഗാനങ്ങളും ഐതിഹ്യങ്ങളും അങ്കിള്‍ ടോംസ് കാബിന്‍ തുടങ്ങിയ ചില നാടന്‍കഥകളും ക്രിസ്തുമസ് കരോളും മാത്രമായിരിക്കുമെന്നും ഹെര്‍ബര്‍ട്ട് റീഡ് പരിഹാസത്തോട ചൂണ്ടിക്കാട്ടുന്നു. ഈ വിമര്‍ശനങ്ങള്‍ നിലനില്‍ക്കേത്തന്നെ ടോള്‍സ്റ്റോയിയുടെ വിമര്‍ശനഗ്രന്ഥം ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും ആകര്‍ഷിക്കുകയാണ്.