കൂത്ത്, കൂടിയാട്ടം, കഥകളി തുടങ്ങിയ കേരളീയ ദൃശ്യകലാരൂപങ്ങള്‍ രംഗത്ത് അവതരിപ്പിക്കുമ്പോള്‍ ഓരോ കഥാപാത്രവും കാണിക്കേണ്ട ആംഗ്യമുദ്രാഭിനയരീതികളെ വിവരിക്കുന്ന കൃതിയാണ് ആട്ടപ്രകാരം. അഭിനയത്തില്‍ ഉപയോഗിച്ചുവരുന്ന നാട്യപ്രബന്ധങ്ങളിലെ കഥാപാത്രങ്ങളെ എങ്ങനെയാണ് അവതരിപ്പിക്കേണ്ടതെന്ന നിര്‍ദ്ദേശങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. നാട്യപ്രബന്ധാദികളിലെ പാഠങ്ങളെയും, അവയെവിട്ട് നടന്‍ അഥവാ നടി പ്രദര്‍ശിപ്പിക്കേണ്ട മനോധര്‍മങ്ങളെയും ആട്ടപ്രകാരഗ്രന്ഥങ്ങള്‍ സന്ദര്‍ഭാനുസരണം വിവരിക്കുന്നു.
മലയാളസാഹിത്യത്തില്‍ ആദ്യമായുണ്ടായ ഗദ്യകൃതികള്‍ ആട്ടപ്രകാരങ്ങള്‍ ആണെന്നു കരുതപ്പെടുന്നു. ആദ്യകാലത്തെ ആട്ടപ്രകാരങ്ങള്‍ മിക്കതും (മന്ത്രാങ്കം, മത്തവിലാസം, ശൂര്‍പ്പണഖാങ്കം, അശോകവനികാങ്കം തുടങ്ങിയവ) എ.ഡി. 10-ാം ശതകത്തിനടുത്ത് ജീവിച്ചിരുന്നു എന്ന് കണക്കാക്കുന്ന തോലകവി രചിച്ചതാണെന്ന് സാഹിത്യചരിത്രകാരന്‍മാര്‍ കരുതുന്നു. അക്കാലത്തെ മറ്റു മലയാളസാഹിത്യസൃഷ്ടികളില്‍, ചെന്തമിഴിന്റെയോ സംസ്‌കൃതത്തിന്റെയോ രണ്ടിന്റെയും കൂടിയോ അതിപ്രസരം പൊതുവേ ദൃശ്യമാണ്. സ്വതന്ത്രമായ ഒരു വ്യവഹാരഭാഷ സൃഷ്ടിക്കാനുള്ള യത്‌നം ഈ ആട്ടപ്രകാരങ്ങളില്‍ കാണുന്നു.
പഴയകാലം മുതല്‍ പ്രചാരത്തിലിരുന്നതും പുതിയതായി ഉണ്ടായിക്കൊണ്ടിരിക്കുന്നവയുമായ പല ആട്ടക്കഥകള്‍ക്കും പുതിയ ആട്ടപ്രകാരങ്ങള്‍ എഴുതിച്ചേര്‍ത്ത് പ്രസിദ്ധീകരിക്കാന്‍ കേരളകലാമണ്ഡലംപോലെയുള്ള സാംസ്‌കാരിക സ്ഥാപനങ്ങള്‍ തുടക്കം കുറിച്ചിട്ടുണ്ട്.
‘കൗടലീയ’ത്തിന്റെ കാലത്തും ഒരു പക്ഷെ അതിനു മുന്‍പും പിന്‍പും കേരള ഭാഷയിലുണ്ടായ മിക്ക ഗദ്യ കൃതികളും ഈയിനത്തില്‍പ്പെട്ടവയാണ്. കൂടിയാട്ടം എന്ന പേരില്‍ കേരളത്തില്‍ അഭിനയിച്ചിരുന്ന സംസ്‌കൃത നാടകങ്ങളില്‍ ഓരോ ഭാഗവും അഭിനയിക്കുന്നതെങ്ങനെയാണെന്ന് വിശദവും സൂക്ഷ്മവുമായ നിര്‍ദ്ദേശങ്ങള്‍ നടീ നടന്മാര്‍ക്ക് നല്‍കുന്നതിനാണ് ആട്ടപ്രകാരങ്ങള്‍ രചിച്ചിരുന്നത്.