മലയാളത്തിലെ ഗാഥാപ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്നു ചെറുശേരി നമ്പൂതിരി. ഉത്തരകേരളത്തിലെ വടകരയില്‍ ചെറുശേരി എന്നുപേരായ ഇല്ലത്തെ നമ്പൂതിരിയാണ് കണ്ടെടുക്കപ്പെട്ട കൃഷ്ണ ഗാഥ രചിച്ചതെന്നല്ലാതെ, പേരിനെ സംബന്ധിച്ച് ഗവേഷകന്മാര്‍ തീര്‍പ്പുകല്പിച്ചിട്ടില്ല. എന്നാല്‍, കൃഷ്ണഗാഥ രചിച്ചത് പുനം നമ്പൂതിരിയാണെന്ന മറ്റൊരു വാദവുമുണ്ട്. കടത്തനാട്ട് ഉദയവര്‍മരാജായും മറ്റുമാണ് ആ വാദക്കാര്‍. എന്നാല്‍, സാഹിത്യപഞ്ചാനനന്‍ പി.കെ. നാരായണപിള്ള ചെറുശ്ശേരി എന്ന വാദം അരക്കിട്ടുറപ്പിച്ചു.
ചെറുശേരി എന്ന വാക്കിനെ സംബന്ധിച്ച് മറ്റൊരു വാദം ഇതാണ്: മലയാള പദ്യങ്ങളില്‍ ഈരടികള്‍ക്ക് ‘ശീല്’ എന്നു പേര്‍ പറഞ്ഞുവരുന്നുണ്ടെന്നും, ഈ ശീലാണ് ‘ശേരി’ ആയതെന്നും, ഒരു ശീല് ചെറുതായതുകൊണ്ട് ഗ്രന്ഥനാമം ചെറുശേരി ആയെന്നും. സി.ഐ രാമന്‍ നായരാണ് ഈ വാദം ഉയര്‍ത്തിയത്. അദ്ദേഹം പറഞ്ഞത് പൂന്താനം നമ്പൂതിരിയാണ് കൃഷ്ണഗാഥ രചിച്ചതെന്നാണ്.
ചിറയ്ക്കല്‍ ടി. ബാലകൃഷ്ണന്‍ നായരാണ് ചെറുശേരി നമ്പൂതിരിയെപ്പറ്റി കൃത്യമായ നിഗമനങ്ങളിലെത്തിയത്. കൊല്ലവര്‍ഷം 621 മുതല്‍ 650 വരെ കോലത്തിരി നാടുവാണിരുന്ന ഉദയവര്‍മന്റെ സദസ്യനായിരുന്നു ചെറുശേരി നമ്പൂതിരി എന്നാണ് അദ്ദേഹം കണ്ടെത്തിയത്. ചെറുശേരി എന്നത് ഇല്ലപ്പേരാണ്. അവിടെ ജനിച്ച ഒരു നമ്പൂതിരി കവിയായിരുന്നു എന്നും ഉദയവര്‍മയുടെ ആജ്ഞാനുസരണമാണ് കാവ്യം രചിച്ചതെന്നും കാവ്യാരംഭത്തില്‍ നിന്ന് മനസ്സിലാക്കാം. ‘ആജ്ഞയാ കോലഭൂപസ്യ’ എന്ന് കാവ്യാരംഭത്തില്‍ കാണാം.
കണ്ണൂരാണ് ചെറുശേരിയുടെ സ്വദേശം എന്നും കോലത്തുനാട്ടിലെ കാന്തല്ലൂര്‍ ആണ് ജന്മദേശം എന്നും വാദമുണ്ട്.
കൃഷ്ണഗാഥ മലയാളത്തിലെ ആദ്യത്തെ മഹാകാവ്യം എന്നാണ് കണക്കാക്കുന്നത്.

കൃതികള്‍

കൃഷ്ണഗാഥ,
ചെറുശേരി ഭാരതം