ജനനം: 19871 ഫെബ്രുവരി 21
മരണം: 1949 എപ്രില്‍ 10
സ്ഥലം: കൊല്ലം ജില്ലയിലെ മയ്യനാട്
മയ്യനാട് എല്‍.എം.എസ് സ്‌കൂള്‍, കൊല്ലം ഗവ.ഇംഗ്ലീഷ് സ്‌കൂള്‍ എന്നിവിടങ്ങില്‍ വിദ്യാഭ്യാസത്തിനുശേഷം എട്ടാംക്ലാസില്‍ പഠിത്തം നിലച്ചു. പിന്നീട് സ്വപ്രയത്‌നം കൊണ്ട് രാമായണവും മഹാഭാരതവും മറ്റ് സംസ്‌കൃതകൃതികളും മനസ്സിരുത്തി പഠിച്ചു. പരവൂര്‍ കേശവനാശാന്റെ സുജനാനന്ദിനി മാസികയിലാണ് സി.വിയുടെ കവിതകളും ലേഖനങ്ങളും ആദ്യം പ്രസിദ്ധീകരിച്ചത്. ലേഖനങ്ങള്‍ അധികവും കാലികമായ രാഷ്ട്രീയ സാമുദായിക വിഷയങ്ങളിലായിരുന്നു. സുജനാനന്ദിനിയില്‍ കുറെക്കാലം സബ് എഡിറ്ററായി പ്രവര്‍ത്തിച്ചു.
ഡോ.പല്പുവിന്റെയും മറ്റും പ്രക്ഷോഭണ ഫലമായി അവര്‍ണ ഹിന്ദുക്കള്‍ക്ക് പ്രത്യേകം സ്‌കൂളുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ മയ്യനാട്ട് വെള്ളമണല്‍ സ്‌കൂള്‍ സ്ഥാപിക്കാന്‍ സി.വി മുന്‍കൈയെടുത്തു. പിന്നീട് അധ്യാപകനായും സ്‌കൂളിന്റെ ഹെഡ്മാസ്റ്ററായും പ്രവര്‍ത്തിച്ചു. ഒപ്പം മുഖ്യപരീക്ഷക്ക് ചേര്‍ന്ന് ജയിച്ചു. ക്രിമിനല്‍ ടെസ്റ്റും പാസായി.
എസ്.എന്‍.ഡി.പി യോഗകാര്യങ്ങളില്‍ സി.വി തല്പരനായിരുന്നു. കൊല്ലവര്‍ഷം 1080ല്‍ നടന്ന എസ്.എന്‍.ഡി.പി യോഗം വാര്‍ഷിക സമ്മേളനത്തിന്റെ പ്രധാന കാര്‍മികന്‍ സി.വിയായിരുന്നു.1103ല്‍ യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയായി. സാമുദായിക പരിഷ്‌കരണത്തിനുവേണ്ടി പ്രവര്‍ത്തിച്ച സി.വി സ്വന്തമായി ഒരു പത്രം തുടങ്ങാ ന്‍ തീരുമാനിച്ചു. അങ്ങനെയാണ് 1911ല്‍ കേരളകൗമുദി തുടങ്ങുന്നത്.
സര്‍ക്കാരുദ്യോഗസ്ഥനായിരുന്നതുകൊണ്ട് തുടക്കത്തില്‍ പിന്നണിയില്‍ നിന്നാണ് സി.വി പ്രവര്‍ത്തിച്ചത്. ആദ്യം എഡിറ്ററായി പേരുവച്ചിരുന്നത് മൂലൂര്‍ എസ്.പത്മനാഭപ്പണിക്കരുടേതായിരുന്നു. തുടര്‍ന്ന് ഉദ്യോഗം രാജിവച്ച് പത്രാധിപ ജോലിയേറ്റെടുത്തു.
മലയാളരാജ്യം, നവജീവന്‍, നവശക്തി, കഥാമാലിക, വിവേകോദയം, യുക്തിവാദി എന്നീ പ്രസിദ്ധീകരണങ്ങളിലും സി.വി പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാള മനോരമ, വിദ്യാവിനോദിനി, മിതവാദി, ദേശാഭിമാനി എന്നിവയില്‍ പതിവായി ലേഖനങ്ങളും എഴുതിയിരുന്നു. മലയാളരാജ്യം പത്രാധിപരായിരുന്ന കാലത്ത് ശ്രീമൂലം പ്രജാസഭാ അംഗവുമായിരുന്നു. 1936ല്‍ ചിത്തിര തിരുനാള്‍ മഹാരാജാവ് ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യ സൂത്രധാരന്മാരിലൊരാള്‍ സി.വിയായിരുന്നു.
ഭാര്യ: കൊച്ചിക്ക, മക്കള്‍: സി.കേശവന്റെ ഭാര്യ വാസന്തി, കെ. ദാമോദരന്‍, പത്രാധിപര്‍ കെ.സുകുമാരന്‍.

കൃതികള്‍

കാര്‍ത്തികോദയം
ശ്രീപത്മനാഭ സന്നിധിയില്‍ ഈഴവനിവേദനം
നരലോകം
ഒരു സന്ദേശം
സ്വാമിചൈതന്യം
സ്വാഗതഗാനം (കവിതകള്‍)

മാലതീകേശവം (നാടകം)

ഒരുനൂറുകഥകള്‍
അറബിക്കഥകള്‍
ഷേക്‌സ്പിയര്‍ കഥകള്‍
രാമദേവനും ജാനകിയും (പരിഭാഷ)
വെനീസിലെ വ്യാപാരി (പരിഭാഷ)
വരലീല (പരിഭാഷ)
ഹേമലീല (പരിഭാഷ)
കൊടുങ്കാറ്റ് (പരിഭാഷ)
വാല്മീകി രാമായണം ഗദ്യം
സോമനാഥന്‍ (ചരിത്രനോവല്‍)
വ്യാസഭാരതം
രാധാറാണി
കാന്തിമതി
പഞ്ചവടി
എന്റെ ശ്രീകോവില്‍
ഉണ്ണിയാര്‍ച്ച
തുമ്പോലാര്‍ച്ച
മാലുത്തണ്ടാന്‍
കെ.സി.കേശവപിള്ളയുടെ ജീവചരിത്രം
ഇന്ത്യാചരിത്ര സംഗ്രഹം
ഞാന്‍ (ആത്മകഥ)