പ്രമുഖ സമുദായോദ്ധാരകനും മിതവാദി പത്രത്തിന്റെ സാരഥിയുമായിരുന്നു മിതവാദി കൃഷ്ണന് എന്ന സി. കൃഷ്ണന്. ജനനം 1867 ജൂണ്‍ 11, മരണം: 1938 നവംബര്‍ 29.
തൃശൂര്‍ മുല്ലശ്ശേരി ചങ്ങരംകുമരത്തു പാറന്റെ മകനാണ്. മദിരാശിയില്‍ ബി.എ, ബി.എല്‍ പഠിച്ചു. സമുദായോദ്ധാരണ ലക്ഷ്യവുമായി മിതവാദി പത്രത്തിന്റെ സാരഥ്യം ഏറ്റെടുത്തു. 1917 ല്‍ സാമൂതിരി രാജാവിന്റെ മാനേജരായിരുന്ന സായ്പിന്റെ നിര്‍ദ്ദേശാനുസരണം തളിക്ഷേത്ര പരിസരത്തുള്ള റോഡിലൂടെ അവര്‍ണര്‍ സഞ്ചരിക്കുന്നതു വിലക്കിക്കൊണ്ട് വൈക്കത്തേതു പോലെ ഒരു ബോര്‍ഡ് സ്ഥാപിച്ചിരുന്നു. അന്നു തന്നെ കൃഷ്ണന് വക്കീല്‍ മഞ്ചേരി രാമയ്യരോടൊപ്പം ആ വഴി നടന്ന് വിലക്ക് ലംഘിച്ചു. വൈക്കം സത്യഗ്രഹത്തിനും ഏഴുവര്‍ഷം മുമ്പായിരുന്നു ഇത്. ജാതിപ്പിശാചിനെ തോല്പ്പിക്കാനായി കൃഷ്ണന് ഹിന്ദു മതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ചു. ഇക്കാര്യം എസ്.എന്‍.ഡി.പി യുടെ വാര്‍ഷിക യോഗത്തില്‍ പ്രഖ്യാപിക്കുകയും ചെയ്തു. യുക്തിവാദി മാസികയുടെ പത്രാധിപസമിതി അംഗമായും പ്രവര്‍ത്തിച്ചു. കാലിക്കറ്റ് ബാങ്ക് എന്ന പേരില്‍ കോഴിക്കോട് ഒരു ബാങ്കും നടത്തി. അധസ്ഥിതരുടെ ബൈബിള്‍ എന്നാണ് മിതവാദി പത്രം അറിയപ്പെട്ടത്.
ഒന്നാം ലോകമഹായുദ്ധകാലത്ത് പ്രതിവാര പത്രമായിരുന്ന മിതവാദി, യുദ്ധകാലത്ത് യുദ്ധവാര്‍ത്തകള്‍ കൊണ്ടുനിറച്ച് എല്ലാ ദിവസവും പ്രത്യേക യുദ്ധപ്പതിപ്പ് പുറത്തിറക്കി. രണ്ടുപേജുള്ള പത്രത്തിന് കാലണയായിരുന്നു വില. കേരളത്തിലെ യുക്തിവാദികളുടെ ആദ്യസമ്മേളനം സി. കൃഷ്ണന്റെ വീട്ടിലാണ് നടന്നത്. യുക്തിവാദ സംബന്ധമായ ലേഖനങ്ങള്‍ മിതവാദിയിലും സഹോദരനിലും പ്രസിദ്ധപ്പെടുത്തി. രാമവര്‍മ്മ തമ്പാന്, സി.വി. കുഞ്ഞുരാമന്, സഹോദരന് അയ്യപ്പന്, എം.സി. ജോസഫ്, സി. കൃഷ്ണന് എന്നീ അഞ്ചു പേരായിരുന്നു യുക്തിവാദി മാസികയുടെ പത്രാധിപ സമിതി അംഗങ്ങള്‍.
ഉപരിപഠനാര്‍ഥം ജര്‍മനിയിലേക്ക് പോയ കൃഷ്ണന്റെ മകന് ജര്‍മന്‍കാരിയെ വധുവാക്കി. കേരളത്തില്‍ രേഖപ്പെടുത്തിയ ആദ്യത്തെ മിശ്രവിവാഹമായിരുന്നു ഇത്. മകന് പത്രത്തിന്റെയും ബാങ്കിന്റെയും ചുമതലയേറ്റെടുത്തെങ്കിലും കാലാന്തരത്തില്‍ രണ്ടും തകരുകയാണുണ്ടായത്.
Leave a Reply