മലയാള ശാകുന്തളം
ശതാബ്ദിപ്പതിപ്പ്
(കാവ്യനാടകം)
ഏ ആര് രാജരാജ വര്‍മ്മ
ഏ.ആര്. രാജരാജവര്‍മ്മ സ്മാരകം മാവേലിക്കര 2013
മലയാളത്തെ സ്നേഹിച്ച്, പൂജിച്ച് ജീവിതം അനശ്വരമാക്കിയ ഏ.ആര്. രാജരാജവര്‍മ്മയുടെ ജ്ഞാനതപസ്യയില്നിന്നും കാളിദാസശാകുന്തളം തെങ്ങിളം നീരുപോലുള്ള മലയാളത്തില്‍ പകര്‍ന്നുനല്‍കിയ ശാകുന്തളത്തിന്റെ ശതാബ്ദിപ്പതിപ്പ്.
മണ്ണില്‍ ചവുട്ടിനില്ക്കെത്തന്നെ മനസ്സ് അത്യുന്നതങ്ങളിലേക്ക് തേരോടിച്ചുപോകുന്ന അത്യപൂര്‍വമായൊരു സുഖമാണ് ശാകുന്തളം നാടകം പ്രദാനം ചെയ്യുന്നതെന്ന് അവതാരികയില്‍ ഒ.എന്‍.വി കുറുപ്പ് എഴുതുന്നു. കേസരി ബാലകൃഷ്ണപിള്ളയുടെ കാളിദാസപഠനവും ജോര്‍ജ് തഴക്കര എഴുതിയ ഏ.ആര്. രാജരാജവര്‍മ്മയുടെ ജീവചരിത്രസംഗ്രഹവും അനുബന്ധമായി നല്കിയിരിക്കുന്നു.
…….
കാളിദാസ ഹൃദയത്തിന്റെ കാന്തി
കെ.സി.ജോസഫ്
(സാംസ്ക്കാരിക വകുപ്പ് മന്ത്രി)
കാളിദാസപ്രതിഭയുടെ കരുത്തും സൗന്ദര്യവും വ്യക്തമാകുന്നത് അഭിജ്ഞാനശാകുന്തളം നാടകത്തിലാണ്. വിശ്വോത്തരമായ ഈ കൃതി ആദ്യമായി മലയാളത്തിലേക്കു പകര്‍ന്നുതന്നത് സാഹിത്യസമ്രാട്ടായിരുന്ന കേരളവര്‍മ്മ വലിയകോയിത്തമ്പുരാനായിരുന്നു- 1882ല്‍, ‘മണിപ്രവാള ശാകുന്തളം’ എന്ന പേരില്‍. പിന്നീട് ഒട്ടേറെ വിവര്‍ത്തനങ്ങള്‍ ശാകുന്തളത്തിന് നമ്മുടെ ഭാഷയില്‍ ഉണ്ടായിട്ടുണ്ട്.
സാഹിത്യത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ വിലപ്പെട്ട സംഭാവന നല്കിയ ഏ.ആര്.രാജരാജവര്‍മ്മയുടെ വിവര്‍ത്തനമായ ‘മലയാള ശാകുന്തളം’ എന്ന കൃതിയാണ് സാഹിത്യമേന്മയുടെ കാര്യത്തില്‍ മികച്ചുനില്ക്കുന്നത്. പേരുപോലെതന്നെ അന്വര്‍ത്ഥമാണ് ഏ.ആര്.രാജരാജവര്‍മ്മയുടെ വിവര്‍ത്തനവും. അക്ഷരാര്‍ത്ഥത്തില്‍ മലയാള ശാകുന്തളംതന്നെ.
പ്രപഞ്ചത്തിന്റെ ഒരു അംശംതന്നെയാണ് ശാകുന്തളത്തില്‍ പ്രതിബിംബിക്കുന്നത്. ഉദാത്തമായ ഈ നാടകത്തില്‍ പ്രകൃതി അതിന്റെ ധര്‍മ്മം യാതൊരു ബാഹ്യപ്രേരണയും കൂടാതെ നിര്‍വഹിക്കുന്നു. പ്രകൃതി മുഴുവന്‍ മനുഷ്യരോട് സഹോദരത്വേന വര്‍ത്തിക്കുന്ന അതിമനോഹരമായ ദൃശ്യങ്ങളാല്‍ സമ്പന്നമാണ് കാളിദാസദര്ശനം. മനുഷ്യനും പ്രകൃതിയും അവയുടെ സൂക്ഷ്മതയിലും സമഗ്രതയിലും പകര്‍ന്നാടുന്ന പ്രപഞ്ചലീലയാണ് ശാകുന്തളത്തിന്റെ സൗന്ദര്യത്തിന് അടിസ്ഥാനം. മനുഷ്യകഥാപാത്രങ്ങള്ക്കുള്ളത്ര പ്രാധാന്യം പക്ഷിമ്യഗാദികള്ക്കും വൃക്ഷലതാദികള്‍ക്കും ഈ നാടകത്തിലുണ്ട്. മനുഷ്യനും പ്രകൃതിയും ഒന്നാകുന്ന വലിയ സന്ദേശമാണ് അതു നല്‍കുന്നത്. അതുകൊണ്ട് ഈ നാടകം കാലാതിവര്‍ത്തിയായി നിലനില്ക്കുന്നു. മനുഷ്യഭാവനയ്ക്ക് അതീതമായ വിശ്വപ്രേമത്തിന്റെ ചിത്രീകരണം
ശാകുന്തളത്തെ വിശ്വസാഹിത്യത്തില്‍ ഏറ്റവും ഉന്നതമായ ഒരു നിലയില്‍ എത്തിക്കുന്നു. വിശ്വപ്രേമത്തിന്റെ വിശാല വീക്ഷണഗതി ഭാരതത്തില്‍ മാത്രമേ വിളയുകയുള്ളു. കാരണം ഗീത ഉപദേശിച്ച ശ്രീകൃഷ്ണഭഗവാനും സകലചരാചരങ്ങളെയും സ്നേഹിക്കാന്‍ പഠിപ്പിച്ച ബുദ്ധദേവനും ഉപനിഷത്തുക്കളുടെ ദ്രഷ്ടാക്കളായ പരശ്ശതം മഹര്‍ഷിമാരും ജീവിച്ചത് ഭാരതത്തിലാണ്. അപ്പോള്‍ ഈ മണ്ണില്‍ മാത്രമേ വിശ്വപ്രേമം പാടാന്‍ ഒരു കാളിദാസമഹാകവിയുണ്ടാവൂ. കാളി ദാസഹൃദയത്തിന്റെ കാന്തി കാലാതിവര്‍ത്തിയായി നിലകൊള്ളുംവിധത്തില് നമ്മുടെ മാതൃഭാഷയിലേക്കു പകര്ന്നുതരാന് കഴിഞ്ഞ ഏ.ആര്.രാജരാജവര്‍മ്മയും വിശ്വപ്രേമത്തിന്റെ വക്താവായി നിലകൊള്ളുന്നു.
മലയാളശാകുന്തളത്തിന്റെ ശതാബ്ദിപ്പതിപ്പ് സാംസ്കാരികവകുപ്പിന്റെ കീഴിലുള്ള ഏ.ആര്.രാജരാജവര്‍മ്മ സ്മാരകം പ്രസിദ്ധീകരിക്കുന്നതില്‍ വകുപ്പ് മന്ത്രി എന്ന നിലയില്‍ ഏറെ സന്തോഷം നല്കുന്നു. ഏ.ആര്.രാജരാജവര്‍മ്മയുടെ എല്ലാ കൃതികളും പ്രസിദ്ധീകരിക്കുന്നതിന് സമിതി തീരുമാനിച്ചിട്ടുണ്ട്. അതിനു തുടക്കം കുറിച്ചുകൊണ്ടാണ് മലയാള ശാകുന്തളം ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നത്. സുഗതകുമാരി പ്രസിഡന്റായും അനി വര്‍ഗ്ഗീസ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചുവരുന്ന സമിതി കേരളത്തിലെ മികച്ച സാംസ്കാരിക സ്ഥാപനങ്ങളിലൊന്നായി മാറിയിരിക്കുന്നു. പ്രസിദ്ധീകരണങ്ങളുടെ ചുമതല വഹിക്കുന്നത് ജോര്‍ജ് തഴക്കരയാണ്. സമയബന്ധിതമായി ഏറ്റെടുത്ത ചുമതല ഭംഗിയായി നിര്‍വഹിക്കുവാന്‍ സമിതിക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
സെക്രട്ടറിയേറ്റ് തിരുവനന്തപുരം
01-01-2013
…………………..
പ്രണാമം
സുഗതകുമാരി
(ഏ.ആര്.രാജരാജവര്‍മ്മ സ്മാരകം പ്രസിഡന്റ്)
മലയാളത്തെ സ്നേഹിച്ച്, പൂജിച്ച് ജീവിതം അനശ്വരമാക്കിയ മഹാപുരുഷനായ ഏ.ആര്.തിരുമേനിയുടെ ജ്ഞാനതപസ്യയ്ക്കു മുന്നില്‍ ഈ നൂറ്റിയമ്പതാം ജന്മദിനാഘോഷവേളയില് ഞങ്ങള്‍ പ്രണാമം അര്‍പ്പിക്കുന്നു.
ദേവഭാഷയുടെ കല്പമധു ഞങ്ങള്‍ക്കായി തെങ്ങിളം നീരുപോലുള്ള മലയാളത്തില്‍ പകര്‍ന്നുതന്നതിന്, വിശ്വസാഹിത്യത്തിലെ നിത്യലാവണ്യമായ ശകുന്തളയെ ഞങ്ങളുടെ പ്രിയതോഴിയാക്കി കൈപിടിച്ചേല്പ്പിച്ചതിന്, ഭാഷയ്ക്ക് ചിട്ടയും ചട്ടവും പഠിപ്പിച്ചുതന്നതിന് ഞങ്ങള്‍ അവിടുത്തോടെ ശിരസ്സു നമിച്ചു നന്ദി പറയുന്നു.
മലയാളത്തെ സ്നേഹിക്കുന്ന, മലയാളത്തിന്റെ മക്കളെന്നതില് അഭിമാനിക്കുന്ന ഒരു പുതിയ തലമുറയെ വാര്‍ത്തെടുക്കുവാന്‍ ഞങ്ങള്‍ അനവരതം ശ്രമിക്കുന്നതാണെന്ന് ഈ മംഗളവേളയില്‍ പ്രതിജ്ഞ ചെയ്യുന്നു. ഏ.ആര്.തിരുമേനിയുടെ അനുഗ്രഹം എന്നും ഈ സദ്സംരംഭത്തിനു ശക്തിപകരുമാറാകട്ടെ.
വരദ, തിരുവനന്തപുരം
02-02-2013
…………
ശതാബ്ദിപ്പതിപ്പിന് ഒരു ആമുഖം
ഒ.എന്‍.വി.
വിശ്വസാഹിത്യത്തിലെ വിലപ്പെട്ട പല കൃതികള്‍ക്കും പത്തൊമ്പതാം നൂറ്റാണ്ടില്‍ത്തന്നെ മലയാളത്തില്‍ വിവര്‍ത്തനങ്ങളുണ്ടായി. ഇതിഹാസകര്ത്താക്കളായ വാല്മീകിയും വ്യാസനും കഴിഞ്ഞാല്‍ കവികുല ഗുരുവെന്ന നിലയ്ക്ക് ആദരാര്ഹനായ കാളിദാസന്റെ ‘അഭിജ്ഞാനശാകുന്തള’ത്തിനുണ്ടായ ആദ്യപരിഭാഷ കേരളവര്‍മ്മ വലിയകോയി ത്തമ്പുരാന്റേതാണ്. 1882ലാണത് പുറത്തുവന്നത്. അതിനുമുമ്പ് ‘വിദ്യാവിലാസിനി’ മാസികയുടെ പതിന്നാല് ലക്കങ്ങളില്‍ അത് ഖണ്ഡശഃ പ്രസിദ്ധപ്പെടുത്തിയിരുന്നു. രസകരമായ ഒരു വസ്തുത, അതച്ചടിച്ചു വന്നകാലത്ത് കേരളവര്‍മ്മ ആ മാസികയിലൂടെ നടത്തിയൊരഭ്യര്ത്ഥനയാണ്; ‘വായനക്കാര്‍ ഇതിനെക്കുറിച്ചുള്ള അഭിപ്രായത്തെ പത്രമുഖേന പ്രകാശിപ്പിക്കുമാറാകണം.’
വിജ്ഞന്മാരഭിനന്ദിച്ചേ
വിജ്ഞാനം സാധുവായ് വരൂ.
നല്ലശിക്ഷ കഴിച്ചോര്‍ക്കു-
മില്ലവിശ്വാസമാത്മനി.
എന്ന് കാളിദാസന് സൂത്രധാരനിലൂടെ നടത്തുന്ന ആ പ്രസിദ്ധമായ പ്രസ്താവനയോര്ത്തുകൊണ്ടാവാം കേരളവര്‍മ്മ വായനക്കാരോട് ആവിധം അഭ്യര്‍ത്ഥിച്ചത്. തന്റെ ‘മണിപ്രവാളശാകുന്തള’ത്തിന് പൂര്‍ണരൂപം നല്‍കുംമുമ്പ് വിവര്‍ത്തകന്റെ മനസ്സില്‍ സന്ദേഹങ്ങളും സന്ദേഹനിവൃത്തിക്കുള്ള ഒട്ടേറെ വിചിന്തനങ്ങളും ഉണ്ടായിരുന്നിരിക്കണം. എന്തായാലും, സംസ്കൃതബഹുലമായ ഭാഷയിലുള്ള ആ വിവര്‍ത്തനത്തിന് ‘മണിപ്രവാളശാകുന്തളം’ എന്നു പേരിട്ടത് ഉചിതമായി. ”നമ്മുടെ സാഹിത്യകാരന്മാര്ക്ക് നാടകനിര്മ്മാണത്തില് എന്തെന്നില്ലാത്ത ഒരു അഭിനിവേശം ഉണ്ടാക്കാന്‍ കേരളവര്‍മ്മയുടെ പരിശ്രമം കാരണമായി’ എന്ന് നാടകകൃത്തുകൂടിയായ പ്രൊഫ.എന്‍.കൃഷ്ണപിള്ള തന്റെ ‘കൈരളിയുടെ കഥ’യില്‍ ചൂണ്ടിക്കാട്ടുന്നു. കേരളവര്‍മ്മയുടെ പരിഭാഷ, നിലവറയില്‍ നിക്ഷേപിച്ച ആദ്യത്തെ നിധിപോലെയായി. കേരളവര്‍മ്മയുടെ ‘ശിഷ്യനും, ഭാഗിനേയനും, വിധേയനുമായ ഏ.ആര്. രാജരാജവര്‍മ്മ കാളിദാസന്റെ മാളവികാഗ്നിമിത്രവും അഭിജ്ഞാനശാകുന്തളവും മേഘദൂതും പരിഭാഷപ്പെടുത്തുകയുണ്ടായി.
”സഹസ്രരശ്മി ഉദിച്ചുനില്ക്കുന്ന പ്രഭാതത്തില്‍ വിളക്കുകൊളുത്തിവയ്ക്കുക എന്ന സാഹസത്തിനാണ് താന്‍ മുതിരുന്നതെ’ന്നര്‍ത്ഥം വരുന്ന ഒരു ശ്ലോകം കൊണ്ടാണ് ഏ.ആര്, മാതുലനുള്ള തന്റെ സമര്‍പ്പണം ആരംഭിക്കുന്നത്. കേരളവര്മ്മയാകട്ടെ, അതിന് ‘ഉത്തര’മായി ഭാഗിനേയനെ അനുഗ്രഹിച്ചിട്ടുമുണ്ട്. എങ്കിലും, വിവര്ത്തനരീതിയിലും ഭാഷാശൈലിയിലും അവര്‍ തീര്‍ത്തും വ്യത്യസ്തതയാണ് പുലര്‍ത്തുന്നത്. കേരളവര്‍മ്മയ്ക്ക് സംസ്കൃതവിഭക്ത്യന്തങ്ങളായ പദങ്ങള്‍പോലും പ്രയോഗിക്കാന്‍ മടിയില്ലാത്ത, നിയന്ത്രണമേതുമില്ലാതെ സംസ്കൃതമലയാളങ്ങളെ സംയോജിപ്പിക്കുന്ന കാവ്യഭാഷയോടായിരുന്നു പത്ഥ്യം. അത്യാവശ്യം വേണ്ടിടത്തുമാത്രം സംസ്കൃതം പ്രയോഗിക്കുകയും, സുഗമമായ അര്ത്ഥാവബോധത്തിന് ഉതകുന്ന മലയാളശൈലിക്ക് മുന്‍ഗണന നല്‍കുകയും ചെയ്യുന്ന രീതിയാണ് ഏ.ആര്. അനുവര്‍ത്തിച്ചിരുന്നത്. അങ്ങനെ നോക്കുമ്പോള്‍ ‘മലയാളശാകുന്തളം’ എന്ന പേര്, ഏ.ആറിന്റെ വിവര്‍ത്തനത്തിന് എത്രയും അന്വര്‍ത്ഥമെന്ന് പറയാം. അത്, ഒരര്‍ത്ഥത്തില്‍ മലയാളകാവ്യശൈലിയിലേക്കുള്ള ഒരു നീണ്ട കാല്‍വയ്പ് തന്നെയായിരുന്നു. ഇവരിരുവരുടേയും പരിഭാഷകളില്നിന്ന് താരതമ്യാത്മകമായി എത്രയെങ്കിലും ഉദാഹരണങ്ങള്‍ ഉദ്ധരിച്ച് ഈ വസ്തുത സമര്‍ത്ഥിക്കാന്‍ കഴിയും; അതിന് മുതിരുന്നില്ല. എന്നാല്‍ ഒന്ന് ചൂണ്ടിക്കാണിക്കാതെ വയ്യ; ഏ.ആറിന്റെ വിവര്‍ത്തനത്തിലെ പല ശ്ലോകങ്ങളും സ്വതന്ത്രമലയാളകൃതികളിലേതെന്ന പോലെ പ്രസിദ്ധിയാര്‍ജ്ജിച്ചിട്ടുണ്ട്. നാലാമങ്കത്തിലെ ‘യാസ്യത്യദ്യ ശകുന്തളേതിഹൃദയം….’ എന്നാരംഭിക്കുന്ന ശ്ലോകത്തിന് ഇരുവരുടെയും വിവര്ത്തനമൊന്ന് പരിശോധിക്കാം:
പോകുന്നുണ്ടിതുനാള് ശകുന്തള പിരി-
ഞ്ഞെന്നോര്ത്തു ഹൃത്തുത്സുകം;
തൂകാഞ്ഞശുഗളോദരം കലുഷിതം;
ഭാവം ജഡം ചിന്തയാല്‍;
കാട്ടില്പ്പാര്ക്കുമെനിക്കുമിത്ര
കഠിനം സ്നേഹോദിതം കുണ്ഠിതം!
നാട്ടില്‍പ്പെട്ട ഗൃഹസ്ഥനെത്രയുളവാം
പുത്രീവിയോഗവ്യഥ!
മണിയും പ്രവാളവും പോലെ മലയാളസംസ്കൃതപദങ്ങള് ഇഴുകിച്ചേര്ന്നുവരികയും, അക്ലിഷ്ടമായി അര്ത്ഥപ്രതീതിയുളവാകുകയും ചെയ്യുന്ന, തട്ടും തടവുമില്ലാത്ത ഒഴുക്കനുഭവപ്പെടുന്ന ഈ ശ്ലോകത്തിന്റെ സ്ഥാനത്ത്, കേരളവര്‍മ്മയുടെ വിവര്ത്തനമിങ്ങനെ:
പോകുമെന്മകള് ശകുന്തളാദ്യപര-
മേവമുല്ക്കലികയാല് മന-
സ്സാകുലം, ഗളനിരുദ്ധബാഷ്പകലുഷം,
വിഷാദജഡമീക്ഷണം,
ശോകമീദൃശമരണ്യവാസിമുനി-
യാമെനിക്കുമഭിമാനജം ഹാ!
കഥം ഗൃഹികളാത്മജാവിരഹ-
പീഡയെപ്പരിഹസിച്ചിടും?
വ്യത്യാസം ചൊല്ലിക്കേട്ടനുഭവിച്ചറിയുകയേ വേണ്ടൂ. വിശേഷിച്ചും ഏ.ആറിന്റെ വിവര്ത്തനപദ്യത്തിന്റെ ഉത്തരാര്‍ദ്ധം സമകാലിക കാവ്യഭാഷ തന്നെയെന്നു പറയാം. പ്രസാദം, സമത, സുകുമാരത, അര്‍ത്ഥവ്യക്തി എന്നീ കാവ്യഗുണങ്ങള്‍ ഇതില്‍ മേളിച്ചിരിക്കുന്നു. ഏ.ആറിന്റെ ഒഴുക്കുള്ള ശൈലിക്കും, തദ്വിപരീതമായ കേരളവര്‍മ്മ ശൈലിക്കും ഒരുദാഹരണം കൂടി ഉദ്ധരിച്ചുകൊള്ളട്ടെ!
നാലാമങ്കത്തില്‍-
ഗന്തും ശകുന്തളയെയന്പൊടരണ്യവാസ-
ബന്ധുക്കളാം തരുകുലങ്ങളനുജ്ഞ ചെയ്തു.
ഹന്തേദൃശം കളമതാം കളകണ്ഠനാദം
സന്തുഷ്യ ചൊല്ലിയിവയുത്തരമായതിന്നാല്.
(കേരളവര്‍മ്മ)
അടവിയിലൊരുമിച്ചുവാണുസഖ്യം
തടവിന വൃക്ഷകുലം ശകുന്തളയ്ക്ക്
സ്ഫുടമനുമതി നല്കിടുന്നു പോകാന്‍
പടുതരകോകില കൂജിതങ്ങളാലേ!
(ഏ ആര്)
ഏ.ആറിന്റെ ശ്ലോകത്തിലെ സംസ്കൃതപദങ്ങള്‍ പ്രസിദ്ധാര്ത്ഥങ്ങളാണ്. നാലാംപാദത്തിലെ പദങ്ങളുടെ ചേരുവയിലുള്ള ലയവും, ഒഴുക്കും അനുഭവവേദ്യമാണ്. സംസ്കൃതത്തിലെ തുമുന്നന്തവും ല്യബന്തവുമൊക്കെ കേരളവര്‍മ്മയുടെ വിവര്‍ത്തനത്തില്‍ മലയാളത്തിന്റെ സഹജഭംഗി കെടുത്തുന്നു. മുതിര്‍ന്ന തലമുറയുടെ പ്രതീകവും മാതുലനും ഗുരുവുമൊക്കെയായ കേരളവര്മ്മയോട് ആദരവ് പ്രകടിപ്പിച്ചു കൊണ്ടുതന്നെ അനന്തരവനായ ഏ.ആര്. തന്റെ വിയോജനം വിളംബരം ചെയ്യുന്നത്, ‘ക്രിയാ കേവലം ഉത്തരം’ എന്ന നിലയ്ക്കാണ്.
ഉത്തമ മണിപ്രവാളത്തില്‍ മലയാളത്തിനാണ് പ്രാധാന്യമെന്നൊക്കെ തത്ത്വം പറഞ്ഞവരും സര്ഗ്ഗപഥത്തിലത് നിഷേധിക്കുകയായിരുന്നു. എന്നാല്‍, സംസ്കൃതത്തിലൊരു മഹാകാവ്യം രചിക്കാന്‍ പോന്ന പാണ്ഡിത്യമുണ്ടായിരുന്നിട്ടും, മലയാളത്തിന്റെ വ്യക്തിത്വത്തെ ആദരിക്കുന്ന കവിതാരീതിയാണ് അദ്ദേഹം തന്റെ വിവര്‍ത്തനങ്ങളിലും അനുവര്‍ത്തിച്ചത്. ശാകുന്തളം കൂടാതെ, മാളവികാഗ്നിമിത്രം, മേഘദൂതം എന്നീ കാളിദാസകൃതികളും അദ്ദേഹം പരിഭാഷപ്പെടുത്തിയിട്ടുണ്ട്. കേരളവര്‍മ്മയ്ക്ക് സംസ്കൃതത്തിന്റെ അതിപ്രസരത്തില്‍ നിന്ന് ഭാഷയെ മോചിപ്പിക്കണമെന്ന നിര്ബ്ബന്ധമൊന്നും ഉണ്ടായിരുന്നില്ല. ഗുരുവിനെ വന്ദിച്ചുകൊണ്ടുതന്നെ, ഗുരുവിന്റെ വഴി ശിഷ്യന് ഉപേക്ഷിക്കുകയും, സ്വന്തമായ വഴി വെട്ടിത്തെളിക്കുകയുമായിരുന്നു. ഇതിനെ, വേണമെങ്കില്‍ ‘സര്‍ഗ്ഗാത്മകമായ നിഷേധം’ എന്നു വിളിക്കാം.
രാജരാജവര്‍മ്മയുടെ ശാകുന്തളപദ്യങ്ങള് പലതും പില്ക്കാലത്ത് ‘കേളിപ്പെടാന്’ ഇടയാക്കിയതും, തെളിമയുള്ള മലയാളശൈലിയിലൂടെ അവയ്ക്ക് വായനക്കാരോട് സംവദിക്കാന്‍ കഴിഞ്ഞു എന്നതുകൊണ്ടു തന്നെയാണ്. ശാകുന്തളത്തിലെ പ്രസിദ്ധമായ ‘ശ്ലോകചതുഷ്ടയ’ ത്തിലൊന്നിന്റെ വിവര്‍ത്തനം മൂലത്തിലെ ധ്വനിവിശേഷങ്ങളൊന്നും ചോര്ന്നുപോവാതെയുള്ള ഭാഷാനുവാദത്തിന് മാതൃകയായിരിക്കുന്നു.
”സമ്പത്തായ് സംയമത്തെക്കരുതിമരുവുമീ
നമ്മെയും, തന്കുലത്തിന്
വമ്പും, ബന്ധുക്തികൂടാതിവള്നിജഹൃദയം
നിങ്കലര്‍പ്പിച്ചതും നീ
നന്നായോര്‍ത്തിട്ടു ദാരപ്പരിഷയിലിവളെ
കൂടിമാനിച്ചിടേണം,
പിന്നത്തെ യോഗമെല്ലാം വിധിവശ, മതിലീ
ജ്ഞാതികള്ക്കില്ല ചോദ്യം”
(അങ്കം:4 ശ്ലോകം: 17)
അതുപോലെ, അനുവാചകമനസ്സില്‍ ഒരു ചിത്രം വരയ്ക്കുന്ന ചാരുതയും ചാതുരിയും സാക്ഷാത്കരിക്കുന്ന, താഴെ ഉദ്ധരിക്കുന്ന പദ്യവും ലാളിത്യമാര്‍ന്ന വിവര്ത്തനകലയ്ക്ക് ഉദാഹരണമാണ്:
പണ്ടുനീണ്ടകുശസൂചികൊണ്ടൊരു മൃഗം
മുഖത്തില്‍ മുറിവേറ്റതായ്-
ക്കണ്ടു നീ വ്രണവിരോപണത്തിനുട-
നോടലെണ്ണ തടവിലയോ?
ചേര്ത്തുമുഷ്ടിയിലെടുത്ത ചാമയരി
നല്കിയമ്പൊടു വളര്‍ത്തൊരാ
ദത്തുപുത്രനിവനാണെടോ വഴി
വിടാതെകണ്ടു തുടരുന്നത്.
(അങ്കം: 4 ശ്ലോകം: 14)
ചുരുക്കത്തില്‍, മലയാളകവിതയിലെ രാജരാജവര്‍മ്മ പ്രസ്ഥാനത്തിന്റെ ശൈലീപരമായ സവിശേഷതകള്‍ക്കും നല്ലൊരുദാഹരണമാണ് മലയാളശാകുന്തള’ത്തിലെ പദ്യഭാഗങ്ങള്‍.
‘ശാകുന്തള’ത്തിന് പുതിയ വീക്ഷണത്തിലുള്ള പഠനങ്ങളും വ്യാഖ്യാനങ്ങളും ഇന്ത്യന്‍ നവോത്ഥാനത്തോടനുബന്ധിച്ചുണ്ടായി. പുരുഷകാമനയ്ക്ക് അടിമപ്പെട്ടുപോകുന്ന കന്യകയായ ശകുന്തളയില്നിന്ന്, ദുഃഖ ദുരിതങ്ങളിലൂടെ പക്വമതിയായിത്തീര്‍ന്ന അമ്മയായ ശകുന്തളയിലേക്കുള്ള പരിണാമത്തെപ്പറ്റി ഒരു പ്രബന്ധം രചിച്ച ബങ്കിംചന്ദ്ര ചാറ്റര്‍ജിയാണ് ഇക്കാര്യത്തില്‍ പ്രാതഃസ്മരണീയന്‍. എന്നാല്‍ ചാറ്റര്‍ജിയുടെ വ്യാഖ്യാനത്താല്‍ പ്രചോദിതനായി രബീന്ദ്രനാഥ് ടാഗോര്‍ 1920-ല്‍ ‘Sakuntala- Its Inner Meaning’ എന്ന പേരില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം കൂടുതല്‍ ശ്രദ്ധേയമായി. ശാകുന്തളം വായിച്ചിട്ട് ഗൊയ്ഥേ എഴുതിയ പ്രസിദ്ധമായ ‘ചതുഷ്പദി'(Quartet)യെ അനുസ്മരിപ്പിച്ചുകൊണ്ടാണ് ടാഗോര്‍ പഠനമാരംഭിക്കുന്നത്. ‘ഒരു മെഴുകുതിരിയുടെ നാളംപോലെ ചെറുതെങ്കിലും, ഗോയ്ഥേയുടെ ആ പദ്യം ഒറ്റമാത്ര കൊണ്ടെല്ലാം പ്രകാശിപ്പിക്കുന്നു’ എന്നു ടാഗോര്‍ അഭിപ്രായപ്പെടുന്നു. അത്, ഒരു കവിയുടെ സൃഷ്ടി മറ്റൊരു കവിയിലുണര്ത്തിയ ആസ്വാദന നിര്‍വൃതിയുടെ ആന്തോളനമല്ലാ, മറിച്ച് ഒരു യഥാര്ത്ഥനിരൂപകന്റെ വിവേകപൂര്‍വമായ വിധിനിര്ണയമാണെന്നാണ് ടാഗോറിന്റെ പക്ഷം. യൗവ്വനത്തിന്റെ നിയന്ത്രണാതീതമായ വികാരോദ്ഗമത്തിന് വിധേയമാകുന്ന കന്യാചിത്തവും, ഭ്രമരസമാനമായ ചാപല്യത്തോടു കൂടിയ പുരുഷകാമനയും തമ്മിലുള്ള ആ മേളനത്തില്‍ നിന്നാണ് കഥാരംഭം. ഒരു കാനനപുഷ്പത്തിന് അതിന്റെ ദലങ്ങളില്‍ പുരളുന്ന പൊടി തുടച്ചുകളയാനാരുമില്ല. സഹജമായ വിശുദ്ധി ആത്മാവില്‍ നിലനില്ക്കുകതന്നെ ചെയ്യുന്നു. ഒരു കാട്ടുമാന്പേടയെപ്പോലെ, ഒരു പര്വതനീരുറവു പോലെയാണവള്‍. സഹനവും സംയമനവും കൊണ്ട് ദുഃഖത്തെ അതിജീവിച്ച് അവള് സ്ത്രീത്വത്തിന്റെ സാഫല്യമായ മാത്യത്വത്തിലേക്കും, വീണ്ടും അഭിമാനിയായ പത്നി എന്ന ശ്രേഷ്ഠപദത്തിലേക്കും പ്രവേശിക്കുന്നു. നാടകത്തിന്റെ ഓരോ രംഗത്തിലൂടെയും കടന്നുചെന്ന്, ശകുന്തളാവൃത്താന്തം എങ്ങനെ കാളിദാസന് പരിണാ മ രമണീയമാക്കിയിരിക്കുന്നു എന്ന് ടാഗോര്‍ വിശകലനം ചെയ്യുന്നു. ശാകുന്തളത്തിലും ഷേക്സ്പിയറുടെ ‘ടെംപസ്റ്റി’ലും, മനുഷ്യനും പ്രക്യതിയും തമ്മിലുള്ള ബന്ധം ചിത്രീകരിച്ചിട്ടുള്ളത് താരതമ്യപ്പെടുത്തിക്കൊണ്ടും ടാഗോര്‍ നിരീക്ഷിക്കുന്നു; ടെമ്പസ്റ്റിലെ ഏകാന്തമായ ദ്വീപ പ്രകൃതി ശത്രുതാഭാവം പേറുന്നു; കണ്വാശ്രമത്തിലാവട്ടെ പ്രകൃതിക്ക് സൗഹൃദസ്വഭാവവും. ശാകുന്തളത്തിന്റെ സമഗ്രതയില്‍നിന്ന് ടാഗോര്‍ ഭാരതത്തിന്റെ ആരണ്യസന്ദേശം വായിച്ചെടുക്കുന്നു. പന്തത്തില്നിന്ന് തിരികളെന്നപോലെ, ശാകുന്തളം ഇന്ത്യന്‍ ഭാഷകളില്‍ പുതിയ കൃതികളുടെ ഉദയത്തിനും കാരണമായി. മലയാളത്തില്‍ പെട്ടെന്നെനിക്ക് തോന്നുന്നത്, വള്ളത്തോളിന്റെ ‘അച്ഛനും മകളും’ ആണ്.
കാളിദാസശാകുന്തളം ഭാരതീയ ഭാഷകളിലെല്ലാം തത്സമമായും തത്ഭവമായും പുനര്‍ജ്ജനിച്ചു എന്നത് സ്വാഭാവികം മാത്രം. എന്നാല്‍, വിശ്വസാഹിത്യത്തിലേക്കു കടന്നുചെന്ന ആദ്യത്തെ ഇന്ത്യന്‍ നാടകം അഭിജ്ഞാനശാകുന്തളമാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം; ഈസ്റ്റിന്ത്യാക്കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്ന സര് വില്യം ജോണ്‍സ് ആണ് ശാകുന്തളം ആദ്യം ലത്തീന്‍ ഭാഷയിലേക്കും, തുടര്‍ന്ന് 1789ല്‍ ‘SACONTALA OR THE FATAL RING’ എന്ന പേരില്‍ ഇംഗ്ലീഷിലേക്കും പരിഭാഷപ്പെടുത്തി യൂറോപ്യന്‍ വായനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഒരു കൊടുങ്കാറ്റിന്റെ വേഗതയോടെ അത് ഫ്രഞ്ച്-ഇറ്റാലിയന്‍-ജര്‍മ്മന്‍ ഭാഷകളിലേക്കും കടന്നുചെന്നു. 1791-ല്‍ ജോര്‍ജ്ജ് ഫോര്‍സ്റ്റര്‍ തന്റെ ജര്മ്മന്പരിഭാഷ ഗോയ്ഥേയ്ക്ക് അയച്ചുകൊടുത്തു. അത് വായിച്ചിട്ടാണ് ഗോയ് ഥേ പ്രസിദ്ധമായ ആ പദ്യം (quartet) രചിച്ചത്.
Would’st thou the young years blossoms
and the fruits of its decline,
And all by which the soul is charmed,
enraptured, feasted, fed,
Would’st thou The Earth and Heaven
itself in sole name combine?
I name thee, O, Shankuntala! and
all at once is said!
(സാരം: വത്സരാരംഭത്തിലെ പൂക്കളും, വത്സരാന്ത്യത്തിലെ കനികളും, ആത്മാവിനെ മോഹിപ്പിക്കുകയും നിര്വൃതിക്കൊള്ളിക്കുകയും, വിരുന്നൂട്ടുകയും ചെയ്യുന്ന സകലവും, എന്നുവേണ്ട സ്വര്‍ഗ്ഗവും ഭൂമിയുമെല്ലാം ഒന്നിച്ചൊരിടത്തു സംഗമിച്ചാല്‍, അതിന് ഞാന്‍ ശാകുന്തളമെന്ന് പേരിടും. അതിലെല്ലാമടങ്ങിയിരിക്കുന്നു)
മൂലകൃതിയുടെ സൗന്ദര്യമാസ്വദിക്കാന്‍ ഗോയ്ഥേ സംസ്കൃതഭാഷ പഠിക്കുകയും ചെയ്തു.
ഗോയ്ഥേയുടെ വാക്കുകളെപ്പറ്റി ടാഗോര്‍ പറഞ്ഞത് നേരത്തേ പരാമര്ശിച്ചിട്ടുണ്ടല്ലോ. അപക്വവും മാംസനിബദ്ധവുമായ അനുരാഗം ഭൗമസാനുക്കളില് നിന്ന് ശാശ്വതാനന്ദനിര്ഭരമായ സ്വര്ഗ്ഗീയാശ്രമത്തിലേക്ക് ഉയരുന്നത് ഒരര്‍ത്ഥത്തില്‍ ഒരു പരിണാമമാണ്- അങ്ങനെ കാളിദാസശാകുന്തളം ഒരു പരിണാമഗാഥയാണ്. പാശ്ചാത്യനാടകദര്ശനമാണ് നാടകത്തെ വിലയിരുത്താനുള്ള ഏകമാനമദണ്ഡമെന്ന് വിശ്വസിക്കുന്നവര്‍ക്ക് ശാകുന്തളത്തിന്റെ സവിശേഷത മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കിലത്ഭുതമില്ല. ‘ലോകനാടക’ത്തെപ്പറ്റി പുസ്തകമെഴുതിയ അല്ലാര്‍ഡിസ് നിക്കോള്‍ എന്ന പണ്ഡിതന് കാളിദാസന് പാശ്ചാത്യ നാടകകൃത്തുക്കളോളം വരില്ലെന്നു തോന്നിയത് ഒരുദാഹരണം. എന്നാല്‍, ഗോയ്ഥേയുടെ പ്രതികരണം വെറുമൊരു പദ്യഖണ്ഡത്തിലൊതുങ്ങുന്നില്ല-അദ്ദേഹത്തിന്റെ FAUST എന്ന നാടകത്തിന്റെ ഒന്നാം ഭാഗത്തിലെ ഉദ്യാനരംഗവും, ശാകുന്തളത്തിലെ മൂന്നാം രംഗവും ഒരു ഞെട്ടില്‍ വിടര്‍ന്ന രണ്ടു പൂക്കള്പോലെയുണ്ട്. ശകുന്തള താമരയില യില്‍ നഖമുനകൊണ്ട് പ്രേമലേഖനമെഴുതുന്നു. ഗൊയ്ഥേയുടെ നായിക, മാര്‍ഗറീത്ത, ഒരു ഡെയ്സി പുഷ്പത്തിന്റെ ഇതളുകളൊന്നൊന്നായിറുത്ത് ‘അവനെന്നെ സ്നേഹിക്കുന്നു – സ്നേഹിക്കുന്നില്ല-സ്നേഹിക്കുന്നു’ എന്ന് ഒന്നിടവിട്ട് മന്ത്രിക്കുകയും അവസാനത്തെ ഇതളെത്തുമ്പോള് ‘സ്നേഹിക്കുന്നു’ എന്നായപ്പോള്‍ അവള് സന്തോഷം കൊണ്ട് മതിമറന്നു നില്‍ക്കുകയും ചെയ്യുന്നു. തുടര്‍ന്ന് മുന്നിലേക്ക് നീങ്ങിനിന്ന് ഫൗസ്റ്റ് (ശാകുന്തളത്തില്‍ ദുഷ്യന്തന് ചെയ്ത തുപോലെ!) പറയുന്നതിങ്ങനെ: ‘ആ പൂവ് പറഞ്ഞത്, നിന്നോടുള്ള ദൈവനിമന്ത്രണമായി കരുതുക! അതേ, അവന് നിന്നെ സ്നേഹിക്കുന്നു! ഫ്രാങ്ക്ഫര്‍ട്ടിലെ ഗൊയ്ഥേ ഭവനത്തിലെ ഗ്രന്ഥശേഖരത്തില്‍ കാളിദാസശാകുന്തളത്തിന്റെ സംസ്കൃതമൂലവും, ജര്‍മ്മന്‍ പരിഭാഷയും, ഭദ്രമായി സൂക്ഷിച്ചിരിക്കുന്നത് കാണാന്‍ അവസരമുണ്ടായിട്ടുണ്ട്-അങ്ങിങ്ങ് പല ഭാഗത്തും കവി ചാര്‍ത്തിയ ചില അടിവരകളും കുറിപ്പുകളും ആശ്ചര്യചിഹ്നങ്ങളും അദ്ദേഹമതെത്ര ശ്രദ്ധാപൂര്‍വം വായി ച്ചിരുന്നു എന്നതിന്റെ സാക്ഷ്യങ്ങളാണ്.
യൂറോപ്യന്‍ കാല്പനിക പ്രസ്ഥാനത്തെ ഒരു കാന്തികശക്തിയാലെന്നവണ്ണം ആകര്‍ഷിക്കാന്‍ ശാകുന്തളത്തിനു കഴിഞ്ഞു. 1794-ല്‍ ചാള്‍സ് വില്‍കിന്‍സ് ഇംഗ്ലീഷിലും, ഫ്രെഡറിക് ഷ്ലെഗല്‍ ജര്‍മ്മനിലും മഹാഭാരതത്തിലെ ‘ശകുന്തളോപാഖ്യാന’ത്തിന്റെ പരിഭാഷകള്‍ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. പടിഞ്ഞാറന്‍ കവികള്‍ ശകുന്തളയെ ‘പ്രകൃതിയുടെ പൈതല്‍’ (Child of nature) ആയിക്കണ്ടു. യവനദുരന്തനാടകങ്ങളെ, വിശേഷിച്ച് ‘ആന്റിഗണി’യെ വളരെയേറെ ഇഷ്ടപ്പെട്ടിരുന്ന ഗോയ്ഥേ, എങ്ങനെ തീര്‍ത്തും വ്യത്യസ്തമായ ദര്‍ശനത്തിലധിഷ്ഠിതമായ ശാകുന്തളം നാടകത്തെ അത്രയേറെ ഇഷ്ടപ്പെട്ടു എന്നൊരു സന്ദേഹം ചിലരിലെങ്കിലും ഉണ്ടാകാവുന്നതാണ്. ജീവിതത്തെ ആവിഷ്കരിക്കുന്നതിലും, വ്യാഖ്യാനിക്കുന്നതിലും, വ്യത്യസ്ത ദര്ശനങ്ങളിലധിഷ്ഠിതമായ മാര്‍ഗങ്ങളും സമീപനങ്ങളുമുണ്ടെന്ന വസ്തുതയോടും പൊരുത്തപ്പെടാതെ സാധ്യമല്ല. നാടകം പ്രദാനം ചെയ്യുന്നത് കേവലമായ ലൗകികസുഖമല്ല, മണ്ണില്‍ ചവുട്ടിനില്ക്കെത്തന്നെ മനസ്സ് അത്യുന്നതങ്ങളിലേക്ക് തേരോടിച്ചുപോകുന്ന അത്യ പൂര്‍വമായൊരു സുഖമാണത്. ശാകുന്തളം നല്‍കുന്നത് അതാണ്. ഈ വിശിഷ്ടകൃതിക്ക് ഇരുപത്തിയാറിലേറെ പരിഭാഷകള്‍ മലയാളത്തിലുണ്ട്. (ഇനിയുമുണ്ടായേക്കാം) അക്കൂട്ടത്തില്‍ ആദ്യകാലത്തുണ്ടായതും ഏറെ ശോഭയുള്ളതുമായ ‘മലയാളശാകുന്തളം’ പ്രസിദ്ധപ്പെടുത്തിയിട്ട് നൂറുവര്‍ഷം തികയുമ്പോള്‍, ഒരു പുതിയ പതിപ്പ് പ്രസിദ്ധീകരിച്ച് അതാ ഘോഷിക്കാന്‍ തീരുമാനിച്ച കേരളസര്‍ക്കാര്‍ സാംസ്ക്കാരിക വകുപ്പ് ഏ.ആര്.രാജരാജവര്‍മ്മ സ്മാരക ഭരണസമിതിയെ അഭിനന്ദിക്കാതെ വയ്യ! ഇങ്ങനെയൊരു ആമുഖത്തിലൂടെ അതുമായി ബന്ധപ്പെടാന്‍ എനിക്കവസരം തന്നവര്‍ക്ക് എന്റെ വിനീതമായ നന്ദി!
തിരുവനന്തപുരം
12-12-2012
…………………………………….
മലയാള ശാകുന്തളം
പ്രൊഫ: ഏ.ആര്. രാജരാജവര്‍മ്മ കോയിത്തമ്പുരാന്‍
(ക) സ്ഥലകാലങ്ങള്‍
ഒന്നാമതായി ശകുന്തള രംഗത്തില്‍ പ്രവേശിപ്പിക്കുന്നതു കണ്വാശ്രമത്തില്‍ തപോവനവൃക്ഷങ്ങളെ നനയ്ക്കുന്ന ഒരു കന്യകയായിട്ടാകുന്നു. ഒടുവില്‍ അവള് യൗവരാജ്യാഭിഷേകത്തിന് പ്രായമായ തന്റെ പുത്രനോടൊരുമിച്ചു നിഷ്ക്രമിക്കയും ചെയ്യുന്നു. അതിനാല്‍ കഥ നടന്ന കാലം ഉദ്ദേശം പതിനാറു സംവത്സരത്തോളം ഇരിക്കണമെന്നു തീര്‍ച്ച തന്നെ. എന്നാല്‍ രംഗത്തില്‍ പ്രയോഗിക്കുന്ന കാലം വളരെ സ്വല്പമേയുള്ളൂ.
പ്രഥമാങ്കത്തില്‍ രാജാവു മൃഗത്തെ ഓടിച്ചുകൊണ്ടു പ്രവേശിക്കുന്നതു മദ്ധ്യാഹ്നത്തിനു വളരെ മുമ്പായിരിക്കണം; ആശ്രമത്തില്‍ എത്തിയ സമയം മുനികന്യകമാര്‍ ചെടികള്‍ നനച്ചു കഴിഞ്ഞിട്ടില്ല. അവരുമായി നേരം പോയതറിയാതെ സംസാരിച്ചു കൊണ്ടിരുന്ന് ഒടുവില്‍ കാട്ടാനയുടെ വര്‍ത്തമാനം കേട്ട് പിരിയുമ്പോള്‍ പകല്‍ കുറെ ശേഷിച്ചിരുന്നിരുപ്പാന് പ്രയാസമാണ്.
പിറ്റേദിവസം രാവിലെയാണ് മാഢവ്യന്‍ മൗഢവ്യന് പ്രവേശിച്ച്, ”ഇന്നലെ ഒപ്പം എത്താന്‍ കഴിയാതെ ഞാന്‍ പിന്നിലായപ്പോള്‍’ എന്നു രാജാവിന്റെ വേട്ടബ്ഭ്രാന്തിനെ ദുഷിക്കുന്നത്. ഈച്ചകളെ ഒക്കെയും ആട്ടി ഓടിച്ചിട്ടു തോഴരും രാജാവും കൂടി കല്ത്തറയില് മരത്തിന്റെ തണ ലില്‍ ഇരുന്നു സ്വകാര്യം പറയുമ്പോഴേക്ക് ഏകദേശം വെയില് നന്നായി മൂത്തിരിക്കുന്നു. പിന്നീട്, ഗുരുപ്രേരിതകൃത്യയുഗ്മത്തെ അന്യോന്യം അവിരോധന നിവര്‍ത്തിപ്പാനുള്ള ആലോചനകളും കഴിഞ്ഞ് മൗഢവ്യനെ നഗരത്തിലേക്കു ജാടകേറ്റി പുറപ്പെടുവിക്കുന്നതോടുകൂടി ആ പകലും അവസാനിക്കുന്നു.
മൂന്നാമങ്കത്തില്‍ രാജാവു ആശ്രമത്തിലെത്തി രണ്ടുനാലു ദിവസം കൊണ്ടു മഹര്‍ഷിമാരുടെ കര്‍മ്മങ്ങള്‍ ഏതാനും നിര്‍വിഘ്നമായി നടത്തി അവരുടെ അനുവാദപ്രകാരം ഉച്ചസമയം കുറച്ചൊന്നു വിശ്രമിക്കാനായിട്ടാണു പ്രവേശിക്കുന്നത്. ”മാലിനിയിലേച്ചെറുശീകരവും സരോജസൗരഭവും ചൊരിയുന്ന തെന്നലിനെ പുണര്ന്നുംകൊണ്ട് നേരെ പ്രിയാവാസമായ വള്ളിക്കെട്ടില്ച്ചെന്നു ദിനശേഷം അവിടെ സരസമായി നയിക്കുന്നു. പ്രാര്ത്ഥിതാര്ത്ഥങ്ങളുടെ സിദ്ധിക്കുണ്ടാകുന്ന പ്രതിബന്ധങ്ങളും ആലോചിച്ചു ശൂന്യമെങ്കിലും ലതാമണ്ഡപത്തില്‍ ഏറെനേരം അമാന്തിച്ചതിനാല് ”സൈ്വരം സന്ധ്യയ്ക്കു വേണ്ടുന്നൊരു’ എന്ന് മഹര്‍ഷിമാര്‍ ബദ്ധപ്പെട്ടു രാജാവിനെ അന്വേഷിക്കേണ്ടിവന്നു.
അനന്തരം യാഗകര്‍മ്മങ്ങള്‍ മുഴുവനായതിനാല്‍ മഹര്‍ഷിമാരുടെ
അനുമതിയോടുകൂടി രാജാവു നഗരത്തിലേക്കു പോയി കഴിഞ്ഞതിന്റെ ശേഷം ഗാന്ധര്‍വ്വമായ വിവാഹവിധിപ്രകാരം കല്യാണം കഴിഞ്ഞ ശകുന്തളയുടെ സൗഭാഗ്യദേവതാര്ച്ചനത്തിനു പൂപറിക്കാനായിട്ടു സഖിമാര്‍ പ്രവേശിക്കുന്നു. ഇതിനാല്‍ മൂന്നും നാലും അങ്കങ്ങളുടെ മദ്ധ്യേയുള്ള കാലം ഉദ്ദേശം ഒരു മാസത്തോളമെന്ന് ഊഹിക്കാം. സഖിമാരുടെ അസന്നിധാനത്തില്‍ ശകുന്തള ചിത്രത്തിലെഴുതപ്പെട്ടവളെന്നപോലെ തന്നെയുംകൂടി മറന്നു ഭര്‍ത്താവിനെ വിചാരിച്ചുംകൊണ്ടിരുന്നപ്പോഴാണു ദുര്‍വാസാവിന്റെ ശാപം. ഈ സംഗതി നടന്നതു രാജാവ് പുറപ്പെട്ടു രണ്ടുനാലുദിവസം കഴിയുന്നതിനുമുമ്പായിരിക്കണം. അല്ലെങ്കില്‍ ശകുന്തള തന്നെയും മറന്ന് അത്ര ഔത്സുക്യത്തോടുകൂടി ഇരിക്കയി ല്ലായിരുന്നു. സൗഭാഗ്യദേവതാര്ച്ചനത്തിനു പൂപറിക്കുക സഖിമാര്‍ക്ക് ഒരു പതിവായിത്തീരുകയും സ്വല്പംകൂടി പരിചയമാവുകയും ചെയ്യുമായിരുന്നു. അങ്ങനെ ഓര്‍മ്മവരാന്‍ മാത്രം കാലമായിട്ടില്ലാഞ്ഞതിനാലല്ലേ പ്രിയംവദ ആ സംഗതി (സൗഭാഗ്യദേവതാര്ച്ചനം) വിട്ടു പോയതും അനസൂയ ഓര്‍മ്മിപ്പിക്കുന്നതും? ”എന്‍ നാമമുദ്ര ഇതിലെണ്ണുക’ എന്നു രാജാവ് ഉടമ്പടിചെയ്തിരുന്ന അവധിക്കകമാണ് ഈ ശാപമെന്നു തീര്‍ച്ച തന്നെ. വിഷ്കംഭം കഴിഞ്ഞ് അങ്കാരംഭത്തില്‍ പ്രവേ ശിക്കുന്ന അനസൂയ, താതകണ്വന് വന്ന ദിവസം രാവിലെ ഉണര്‍ന്നെ ഴുന്നേല്ക്കുമ്പോള് ഉണ്ടായ ദീര്‍ഘമായ സൈ്വരവിചാരമനോരാജ്യത്തിലെ സംഗതികള്‍ ഇതിലേക്കു ലക്ഷ്യങ്ങളുമുണ്ട്. അന്നുച്ചയ്ക്കുതന്നെ മഹര്‍ഷികളെ നഗരത്തിലേക്കയക്കുകയും ചെയ്യുന്നു.
അഞ്ചാമങ്കം ആരംഭിക്കുന്നത് ഹിമവത് പൃഷ്ഠത്തിലിരുന്നിരുന്ന കണ്വാശ്രമത്തില്‍ നിന്നും കാല്നടയില് ഹസ്തിനപുരത്തു ചെന്നു ചേരുവാന്‍ ആവശ്യപ്പെട്ട ദിവസങ്ങള്‍ കഴിഞ്ഞതിന്റെ ശേഷമാകുന്നു.
ദുഷ്ഷന്ത മഹാരാജാവ് ശകുന്തളയുടെ കഥയേ മറന്നു പോയി. ഹംസപദികയും വസുമതീദേവിയുമാണ് അപ്പോഴത്തെ വല്ലഭമാര്‍. വീണവായനയും പാട്ടും കൂത്തും മേളംതന്നെ. എങ്കിലും ശകുന്തള അവിടെ എത്തിയ നാള് അവളെ നേരെ കാണും മുമ്പുതന്നെ ”മുജ്ജന്മങ്ങളിലുള്ള വേഴ്ചവെളിവായുള്ബോധമില്ലാതെതാനിജ്ജീവന്നിജവാസനാബലവശാല് ഓര്മ്മിക്കയാലാവണം” എന്നു തോന്നുമാറകണം” എന്നു തോന്നുമാറു രാജാവിന് ഒരു മൗനവും മുഷിച്ചിലുമായിരുന്നു. അങ്ങനെ പര്യാകുലനായി സ്ഥിതി ചെയ്യുമ്പോഴാണ് വൃദ്ധ കഞ്ചുകി ചെന്നു മഹര്‍ഷിമാരുടെ ആഗമനം അറിയിക്കുന്നത്. ശാപശക്തികൊണ്ടും ധര്മാസക്തികൊണ്ടും പരവശനായിട്ട് ”ഹിമഭരിതമുഷസ്സില്‍ കുന്ദമാര്ന്നോരുവണ്ടിന് സമത യോടവശന് ഞാന്‍ തള്ളുവാന്‍ കൊള്ളുവാനും’ എന്നു ശകുന്തളയെ സൂക്ഷിച്ചുനോക്കി രാജാവു വിചാരിക്കുന്നു. നിരാകൃതയായ ശകുന്ത ളയെ അപ്സരസ്സുകള്‍ എടുത്തുകൊണ്ട് അന്തര്‍ദ്ധാനം ചെയ്തതിന്റെ ശേഷം ശയ്യാഗൃഹത്തില്ച്ചെന്നു വിശ്രമിക്കുമ്പോഴും രാജാവിന് ”എങ്കിലുമുള്ളുചുടുമ്പോള് ശങ്ക മറിച്ചും ജനിപ്പതുണ്ടല്പം’ എന്നുതന്നെ തോന്നിക്കൊണ്ടിരുന്നു.
എങ്കിലും കാശ്യപ പ്രജാപതിയുടെ ആശ്രമത്തില്‍ച്ചെന്നു താമസിച്ച് ശകുന്തള പ്രസവിച്ച പുത്രനു സിംഹക്കുട്ടിയെ പിടിച്ചു കളിക്കാന്‍ മാത്രം പ്രായം വന്നതിന്റെ ശേഷമേ മുക്കുവന്റെ കൈവശം ചെന്നുചേര്‍ന്ന മുദ്രമോതിരം കാണ്മാനും രാജാവിന് ഓര്‍മ്മവരാനും സംഗതിയായുള്ളു. അതിനാല്‍, പഞ്ചമഷ്ഠാങ്കങ്ങള് തമ്മില്‍ മഹത്തായ ഒരു കാലകൃതവ്യവധാനമുണ്ട്. സ്മൃതി ഉദിച്ച ഉടന്‍ പശ്ചാത്താപം അസഹ്യമാ യിത്തീര്‍ന്നു. രാജ്യമൊട്ടുക്കു നാട്ടുവാലായ്മ അനുഷ്ഠിക്കുന്നതിന് ചട്ടം കെട്ടി. ശകുന്തളയെ ചിത്രത്തിലെഴുതിവച്ചു നോക്കി നേരം കഴിച്ചുകൂട്ടി, ചിത്രത്തിലും അവളെ ഒരു വണ്ടു പോലും ഉപദ്രവിക്കുന്നതു കണ്ടാല്‍ സഹിക്കാന്‍ പാടില്ല. രാജ്യകാര്യം അമാത്യപിശുനനെ ഏല്പിച്ചു. അന്യംനില്പു കേസ്സുകളില്‍ ദാക്ഷിണ്യം വളരെ അധികമായി. എന്നു വേണ്ട, ഇന്ദ്രപ്രേഷിതനായ മാതലിക്കു യുദ്ധപ്രസംഗം വന്നു പറയുന്നതിനു മടി തോന്നത്തക്കവണ്ണം മഹത്തായ ഒരു വൈക്ലബ്യം വന്നുകൂടി. തത്ക്ഷണം തന്നെ വിധം പകര്‍ന്ന് ഇന്ദ്രാജ്ഞയെ നടത്താന്‍ പ്രസ്ഥാനം ചെയ്കയും ചെയ്തു.
ഇന്ദ്രലോകത്തു ചെന്നു യുദ്ധത്തില്‍ സഹായിച്ചു തിരിച്ചുവരുന്നതിനുള്ള ഇട അത്ര ദീര്ഘമായിരുന്നിരിക്കയില്ല. സ്വന്തം രാജ്യത്തു ചെന്നുചേരുന്നതിനു മുമ്പുതന്നെ യദ്യച്ഛയാ സപുത്രിയായ ശകുന്തളയെ ലഭിപ്പാനും സംഗതിയായി.
ഇനി നാടകീയ സ്ഥലത്തെപ്പറ്റി വിചാരിക്കാം. ഒന്നുമുതല്‍ നാലുവ രെയുള്ള അങ്കങ്ങളിലെ അരങ്ങുകള്‍ തപോവനത്തിന്റെ ഓരോരോ ഭാഗമാകുന്നു. അഞ്ചിലേയും ആറിലേയും സംഗതികള്‍ ഹസ്തിനപു രത്തില്‍ നടന്നു. ഒടുവിലത്തെ അരങ്ങു കാശ്യപാശ്രമത്തില്‍ ബന്ധി ക്കപ്പെട്ടിരിക്കുന്നു.
ആദിയിലേയും ഒടുവിലേയും അങ്കങ്ങളില്‍ രാജാവ് സാറട്ടില്‍ സവാരി ചെയ്തുകൊണ്ടു പ്രവേശിക്കുന്നു. ഇതു രംഗത്തില്‍ പ്രയോഗിക്കുന്നതു സ്വല്പം പ്രയാസമായിരിക്കും. ഒരു കണ്ണുകൊണ്ട് ‘കൃഷ്ണ സാരത്തേ’യും മറ്റേക്കണ്ണുകൊണ്ട് ‘കുലച്ച ചാപം കൈക്കൊണ്ടി’രുന്ന രാജാവിനേയും ഒന്നിച്ചു നോക്കീട്ട് ഒരു നടന് കുരുടനായി പോയതില്‍പ്പിന്നെ ചാക്യാന്മാര് ഈ നാടകം അഭിനയിക്കാറില്ലെന്നൊരു പ്രസിദ്ധിയുണ്ട്. പ്രവേശിച്ചിരിക്കുന്ന പാത്രങ്ങള്‍ക്ക് അങ്കമദ്ധ്യത്തില്ത്തന്നെ ദേശംപകരേണ്ട ആവശ്യങ്ങള്‍ നേരിടുന്ന സ്ഥലങ്ങളില്‍ കവികള്‍ ”പരി ക്രാമതി ചുറ്റിനടക്കുന്നു’ എന്നൊരു നടോപദേശം എഴുതുക പതിവുണ്ട്. എന്നാല്‍, ഇത് അധികം ഉപയോഗിക്കുന്നത് ഭംഗിയല്ല. ദൂരദേശഗമനം അങ്കമദ്ധ്യത്തില് നിബന്ധിച്ചുകൂടാ. അതിനാല്‍ നമ്മുടെ മഹാകവി അതിനവസരം അപൂര്‍വമായിട്ടേ ചെയ്തിട്ടുള്ളു.
നാലാമങ്കത്തില്‍ അനസൂയയുടെ കിടക്കമുറിയില് പ്രവേശിച്ച് അവളും പ്രിയംവദയും ”സഖീ, വരൂ, പോകാം’ എന്നു പറഞ്ഞു, ശകുന്തള കുളിച്ചുകേറിനില്ക്കുന്ന സ്ഥലത്തേക്കു ചുറ്റിനടന്നു പോകുന്നു. കണ്വനും സ്നാനാദികര്‍മ്മങ്ങള്‍ കഴിച്ചു ചുറ്റിനടന്ന് അവിടെത്തന്നെ വന്നു ചേരുന്നു. അവര്‍ രംഗത്തില്വച്ചുതന്നെ ഹോമപ്പുരയ്ക്കകത്തു കയറിയിറങ്ങുകയും സരസ്സിന്റെ തീരം വരെ യാത്രയായി പോവുകയും ചെയ്യുന്നുണ്ട്. വിമാനത്തില്‍ വരുന്ന സാനുമതി താഴെ ഇറങ്ങി തിരസ്കരണികൊണ്ടു മറഞ്ഞുനിന്നു രംഗത്തിലെ നടപടി രഹസ്യമായി കേള്‍ക്കുന്നതു കുശലന്മാരായ നടന്മാര്ക്ക് നയിക്കാന്‍ ഏറെ കൃച്ഛ്റമല്ല. ഉദ്യാനത്തിലിരുന്ന രാജാവ് വിദൂഷകന്റെ വിളികേട്ടു മേഘമാളികപ്പുറത്തു കയറുന്നത് സാനുമതി നിഷ്ക്രമിച്ചതിന്റെ ശേഷമാകയാല്‍ അവള് ഇരുന്നിരുന്ന വിമാനത്തിന്റെ മേല്പുറം കൊണ്ടുതന്നെ നിര്‍വഹിക്കാം. എലക്ട്രിസിറ്റി, ആവി മുതലായ പ്രക്യ തിശക്തികള് സ്വാധീനപ്പെട്ടിട്ടുള്ള ഈ പരിഷ്കൃതകാലത്ത് ആകാശമാര്‍ഗ്ഗേണ മാതലി തേര് തെളിച്ചതിനെ അനുകരിക്കുന്നതും സുകരംതന്നെ.
(ഖ) പാത്രങ്ങള്‍
‘മാഢവ്യന്‍ ഒരു തീറ്റിപ്പണ്ടംതന്നെ എങ്കിലും ”പ്രയാസമില്ലാത്ത ഒരു കാര്യത്തില്‍ അങ്ങ് എനിക്കു സഹായിക്കണം’ എന്ന സ്വാമിയുടെ കല്പനയ്ക്ക് ”കോഴുക്കട്ട ഉടച്ചു മിഴുങ്ങുന്നതിലാണോ?’ എന്നു ഉത്തരം ചോദിക്കുന്നതു വാസ്തവത്തില്‍ മുള്ളു പറയുകയായിരിക്കണം.
രാജ്യകാര്യങ്ങളില്‍ അയാള്‍ക്കു പ്രവേശമേ ഇല്ല. അതുകൊണ്ടാണ് പറഞ്ഞൊത്തതിന്റെ ശേഷമെങ്കിലും സേനാപതി ധൈര്യമായിട്ട്, ”ഈ മൂര്‍ഖന്‍” എന്നും, ”വല്ലതും പുലമ്പുന്നു’ എന്നും മറ്റും മുഖത്തിനു നേരെ അധിക്ഷേപിക്കുന്നത്. (സേനാപതിയുടെ ഗൗരവത്തിന് ഈ തിരുമുമ്പില്സ്സേവ സംസാരിച്ചത് അത്ര ശരിയുമായില്ല). ഈ രസികന്‍ രാജാ വിന്റെ അന്തഃപുരമന്ത്രിയാണ്. ഈ വിടുവായനു നൈത്യാരമ്മയോട് എന്തും സാധാരണയായി പറഞ്ഞുകേള്‍പ്പിക്കാം. അമ്മത്തമ്പുരാന് ഈ വിദ്വാനെ പുത്രനോടു തുല്യം വാത്സല്യമുണ്ട്. എന്തിനു വളരെ പറയുന്നു? ഈ വിദ്വാന്റെ ഫലിതങ്ങള്‍ക്ക് രണ്ട് അരങ്ങുകളിലേ കവി ഇടംകൊടുത്തുള്ളുവല്ലോ എന്ന് സഭ്യന്മാര്ക്ക് ഉത്കണ്ഠയെ ഉളവാ ക്കുന്നുണ്ട്. ശകുന്തളയെ നിരാകരിക്കുന്ന അവസരത്തില്‍ ഹംസപദികാഗ്യഹത്തിലേക്ക് ഈ രസികനെ ശാസനയായി പറഞ്ഞയച്ചുകളഞ്ഞത് കുറേ കഠിനമായോ എന്ന് തോന്നിപ്പോകും. ഈയാള് ഇല്ലായിരുന്നെങ്കില്‍ രാജ്യകാര്യവൈയഗ്ര്യത്താല്‍ ഉളവാകുന്ന മുഷിച്ചില് തീര്‍ത്ത് ആത്മാവിനെ നവീകരിക്കുന്നതു ദുഷ്ഷന്തമഹാരാജാവിന് ഇത്രയും സുകരമാകയില്ലായിരുന്നു.
സഖിമാരുടെ നാമധേയം അവരവരുടെ സ്വഭാവത്തിന് സൂചകമാണ്. വൃക്ഷസേചനത്തിന്റെ കണക്കുപറഞ്ഞ് രാജാവിനെ കൊണ്ടു മോതിരം കൊടുപ്പിക്കുന്നതും, സ്വാമിനിയെ വനജ്യോത്സനയോട് ഉപമിക്കുന്നതും, രാജാവിനോട് ആപത്തിനെ പ്രാപിച്ചിരിക്കുന്ന രാജ്യവാസി ജനത്തിന്റെ സങ്കടംതീര്പ്പാന് അപേക്ഷിക്കുന്നതും, അനസൂയയുടെ അപേക്ഷപ്രകാരംതന്നെ ദുര്വാസാവിനോടു നല്ല വാക്കുപറവാന് പോകുന്നതും മറ്റും പ്രിയംവദയാണ്. മറ്റവള്‍ക്ക് വാക് സാമര്‍ത്ഥ്യം ഇത്രയില്ല. എന്നാല്‍ കാര്യപരിജ്ഞാനം കൂടും. ശകുന്തളയുടെ ഉത്പത്തിയും മറ്റും ഇവളേ ധരിച്ചിട്ടുള്ളൂ. ഇഷ്ടതോഴിയെ ബന്ധുജനങ്ങള്‍ക്കു ശോചനീയമായി ഭവിക്കാത്ത വിധത്തില്‍ രാജാവ് നോക്കിക്കൊള്ളണമെന്നേ അവള്‍ക്ക് പ്രാര്ഥനയുള്ളൂ. എങ്കിലും മാന്‍കുട്ടിയെ തള്ളയുടെ അടുക്കല്‍ കൊണ്ടുവിടുന്നതിന് അവള്‍ക്കും ഉത്സാഹക്കുറവുണ്ടായില്ല. അണിയറയില്‍ നിന്നും ചക്രവാകിക്ക് ഹിതോപദേശം ചെയ്യുന്നതും അതി സാല് ഇവള് തന്നെയായിരിക്കണം. ശകുന്തളയ്ക്കും നഗരയാത്രാവ സരത്തില് തോഴിമാര് രണ്ടുപേരും ഒരുമിച്ച് തന്നെ ആലിംഗനം ചെയ്യണമെന്നാണ് പ്രേമചാപല്യം.
ശാര്ങ്ഗരവനാണ് ശിഷ്യന്മാരില് പ്രധാനി. ശാരദ്വതന്‍ രാജഭോഗങ്ങള്‍ അനുഭവിക്കുന്ന മഹാഭാഗന്മാരെ, സ്നാതന്‍ അഭ്യക്തനെ എന്നപോലെ ഗണിച്ചുകളയുന്നു. രാജാവുമായി വാക്കുതര്‍ക്കം ചെയ്തുകൊണ്ടു തന്റെ കൂട്ടുകാരന് കോലാഹലം ചെയ്യുന്നതൊന്നും ആ പരമസാത്വികനു രസിക്കുന്നില്ല. തങ്ങള്‍ ചെയ്യേണ്ടതു ചെയ്തു; ഭര്‍ത്താവു ഭാര്യയെ സ്വീകരിക്കുവാന്‍ ഭാവമില്ലെങ്കില്‍ പിടിച്ചുകെട്ടി തലയില്‍ വെച്ചേച്ചു കടന്നുകളയാമെന്നും മറ്റും അയാള്‍ക്കു ഉത്സാഹമില്ല; ഇവരുടെ ഈ സ്വഭാവഭേദം ഗുരുവിനും അറിവുണ്ട്. അതിനാല്‍ സന്ദേശം പറഞ്ഞയക്കുന്നത് ആ വാഗ്മി മുഖാന്തരമാണ്. മുക്കുവനും മുതല്പ്പേരും ഇന്നുള്ളവര്തന്നെ. അന്നും അമാത്യനുമായി നാം കണ്ടു സംസാരിക്കുന്നില്ലെങ്കിലും ആ ദിവാനെ രാജാവിന് വളരെ വിശ്വാസമുണ്ടെന്നും രാജ്യകാര്യങ്ങളില്‍, വിശിഷ്യ മുതലെടുപ്പു സങ്ഗതിയില് അയാള്‍ക്കു നല്ല ദൃഷ്ടിയുണ്ടെന്നും വെളിപ്പെടുന്നു. പിശുനന്‍ എന്നു പേരിട്ടതു മാത്രം എന്തോ? ഇന്ദ്രസാരഥിയായ മാതലി ദുഷ്ഷന്തനെ രാജാവിന് വളരെ വിശ്വാസമുണ്ടെന്നും വെളിപ്പെടുന്നു. പിശ പിശുനന്‍ എന്നു പേരിട്ടതു രഥിയായ മാതലി ദുഷ്ഷന്ത ഷന്തനെ ”മഹാരാജാവേ’ എന്നേ സംബോധന ചെയ്യുന്നുള്ളു. തത്കാലം സൂതനെങ്കിലും ഒരു സമന്റെ നിലയിലാണ് സംസാരം. ഔചിത്യം നോക്കി രാജഗൃഹത്തില്‍ എന്ത് സ്വാതന്ത്ര്യവും പ്രവര്‍ത്തിപ്പാന്‍ മാത്രം അന്തസ്സുള്ളവനുമാണ്.
(ഗ) രസവിചാരം
ഇവിടെ അംഗിയായ രസം ശൃംഗാരം; ഭയാനകാദികള് അംഗങ്ങള്‍. അതില്‍ ‘രാജന്യന്നര്ഹയിവള് നിശ്ചയം’ എന്ന ഘട്ടത്തില്‍ അങ്കുരി തമായ രതി എന്ന ഭാവം, ശകുന്തള ‘മനസ്സേ ബദ്ധപ്പെടേണ്ട, നീ ആലോ ചിക്കുന്നതുതന്നെ’ എന്നു തുടങ്ങി ”എന്നാഭിമുഖ്യമതൊഴിക്കിലു മെന്തുഹാനി? പിന്നെങ്ങുമല്ലധ ല്ലധികനേരമിവള്ക്കു നോട്ടം” ഇത്യന്തമുള്ള സന്ദര്‍ഭത്താല്‍ ഉദ്ബുദ്ധമായിട്ട് സ്ഥായീവ്യപദേശത്തിനു പാത്രമായി ത്തീര്‍ന്നതിന്റെ ശേഷം ‘അറിവേന്‍ തപഃ പ്രഭാവം’ എന്നു മുതല്‍ കാമലേഖനം എഴുതുന്നതുവരെയുള്ള പൂര്വ്വാനുരാഗവിപ്രലംഭത്താല് രൂഢമൂലമായി.
1. ‘ഒട്ടീ ഹന്ത! കവിള്‍ത്തടം’ എന്നു ശങ്കുമാനത
2. ‘അറിവേന്‍ തപഃപ്രഭാവം’ എന്നു ശങ്കമാനത.
3. ‘സ്മര, കുസുമശരന്‍ നീ’ എന്നു രാജകര്ത്തൃകമായ അസൂയ,
4. ‘അല്ലാത്തപക്ഷം താമസിയാതെ നിങ്ങള്‍ക്ക് എന്റെ ഉദകക്രിയ ചെയ്യേണ്ടിവരും’ എന്നു നായികാഗതമായ നിര്‍വ്വേദം.
5. ‘പ്രിയയെച്ചെന്നു കാണുകയല്ലാതെ വേറൊരു ഗതിയും കാണുന്നില്ല” എന്നു നായകന്റെ ഔത്സുക്യം- ഇത്യാദി വ്യഭിചാരിഭാവങ്ങളാല് അവിടവിടെ പരിപോഷിതമായി.
രാജാവ്: ”ഝടിതി അടുത്ത് ചെന്ന്’ എന്നു ആരംഭിച്ചു ‘ശകുന്തള മുഖം തിരിച്ചുകളയുന്നു’ എന്ന് അവസാനിക്കുന്ന ഗ്രന്ഥത്താല്‍ പ്രതിപാദിതമായ സംക്ഷിപ്തസംഭോഗശൃംഗാരദശയേയും, ‘മനസ്സേ ആഗ്രഹം സാധിക്കുന്നതിന്’ ഇത്യാദി ശകുന്തളയുടെ ആത്മഗതം മുതല്‍ ”നോക്കുമ്പോള്‍ ഞാനശക്തന്‍ വിടുവതിനിടം ശൂന്യമെന്നാലുമിപ്പോള്‍’ എന്നു രാജാവിന്റെ പരിദേവിതം വരെ ഉള്ള സന്ദര്‍ഭപ്രകാരം കാര്യപ്രവാസവിപ്രലംഭാവസ്ഥയേയും ഒടുവില്‍ ദുര്വാസശ്ശാപാവസരത്തില് ശാപവിപ്രലംഭകക്ഷ്യയേയും പ്രാപിച്ചു മദ്ധ്യേ കുറഞ്ഞൊരു കാലം നിശ്ശേഷം സമ്മീലിതമായെങ്കിലും ‘ഈ പാട്ടു കേട്ടിട്ടു എന്താണ് എനിക്ക് ഇഷ്ടജനവിരഹം ഇല്ലെങ്കിലും മനസ്സിനു ബലമായ വല്ലായ്മ തോന്നുന്നതു” എന്നും,
”എങ്കിലുമുള്ളു ചുടുമ്പോള്‍
ശങ്ക മറിച്ചും ജനിപ്പതുണ്ടല്പം’
എന്നും മറ്റുമുള്ള അവസരങ്ങളില്‍ പൂര്ണ്ണഗ്രഹണകാലത്തു രാഹു വദനോദരത്തില് മങ്ങിക്കാണുന്ന പനിമതിബിംബംപോലെ യഥാക ഥഞ്ചില് അനുസന്ധേയമായിത്തന്നെ ഇരുന്നുംകൊണ്ട്, പിന്നീടു മുദ്രാദര്ശ ശനത്തില് പെട്ടെന്ന് സംഭ്രമപ്രവാസമെന്നു വ്യപദേശ്യമായ വിപ്രലംഭമായിട്ട് സംപൂര്ണ്ണദശയില് ആവിര്‍ഭവിച്ച് അവസാനത്തില്‍ സപുത്രിയായ ശകുന്തളയുടെ സംഗമത്തില്‍ വീണ്ടും സംഭോഗാത്മനാ പരിണമിച്ചു ചകചകായമാനമായിരിക്കുന്ന ഒരു അപൂര്വചര്വണസരണിയില് അവതരിപ്പൂതം ചെയ്യുന്നു.

Leave a Reply