ലോക കമ്യൂണിസ്റ്റ് പത്രങ്ങൾ
(ചരിത്രം)
ഡോ. ചന്തവിള മുരളി
കേരള മീഡിയ അക്കാദമി 2025
ലോക കമ്യൂണിസ്റ്റ് പത്രങ്ങളുടെയും മാസികകളുടെയും ആഗോളചരിത്രം സമഗ്രമായി പരിശോധിക്കുന്ന ഗ്രന്ഥം. തൊഴിലാളികളെയും പൊതുജനങ്ങളെയും രാഷ്ട്രീയമായി സജ്ജരാക്കി അധികാരഘടനകളെ പൊളിച്ചുപണിയുന്നതിലും, പുരോഗമനോന്മുഖമായ സാമൂഹ്യ വീക്ഷണങ്ങള്‍ വളര്‍ത്തുന്നതിലും ഇടതുപക്ഷപ്രസിദ്ധീകരണങ്ങള് നല്കിയ സംഭാവന ഗ്രന്ഥകാരന് വിശദമായി അവലോകനം ചെയ്യുന്നു. ഇന്ത്യയിലും കേരളത്തിലും സാമൂഹികപരിവര്‍ത്തനത്തിന്റെയും സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെയും ഫ്യൂഡലിസത്തിനും മുതലാളിത്തത്തിനുമെതിരായ പോരാട്ടങ്ങളുടെയും നിര്‍ണായക പ്രേരകശക്തിയായി മാറിയ പത്രമാധ്യമങ്ങളെക്കുറിച്ചു വിശദീകരിക്കുന്ന ഈ പുസ്തകം രാഷ്ട്രീയചരിത്രത്തിലെ അതിനിര് ണായകമായ അധ്യായത്തെക്കുറിച്ചുള്ള ആഴമേറിയ പഠനമാണ്.
പ്രസാധകക്കുറിപ്പ്
മാധ്യമപരിണാമത്തെയും ലോകത്തെമ്പാടുമുള്ള സമൂഹങ്ങളെ രൂപപ്പെടുത്തുന്നതില്‍ അവ വഹിച്ച വൈവിധ്യമാര്‍ന്ന പങ്കിനെയും കുറിച്ച് ആഴത്തിലുള്ള ധാരണ വളര്‍ത്താന്‍ കേരള മീഡിയ അക്കാദമി എപ്പോഴും പരിശ്രമിച്ചിട്ടുണ്ട്. ഈ ദിശയിലേക്കുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായി, ലോകത്തിലെ കമ്യൂണിസ്റ്റ് പത്രങ്ങളെക്കുറിച്ച് സമഗ്രമായ ഒരു ആമുഖ മായി ഡോ. ചന്തവിള മുരളിയുടെ ഉള്‍ക്കാഴ്ചയുള്ള കൃതി അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ അഭിമാനമുണ്ട്.
മുഖ്യാധാരാ ആഖ്യാനങ്ങള്‍ മിക്കപ്പോഴും ആധിപത്യം പുലര്‍ത്തുന്നതാണ് ഈ കാലം. അതിനാല്‍ ബദല്‍ ശബ്ദങ്ങള്‍ വാഗ്ദാനം ചെയ്യുന്ന കാഴ്ചപ്പാടുകള്‍ മനസ്സിലാക്കേണ്ടത് നിര്‍ണായകമാണ്. വേറിട്ട പ്രത്യയശാസ്ത്രവും ചരിത്രസന്ദര്ഭങ്ങളുമുള്ള കമ്യൂണിസ്റ്റ് പത്രങ്ങള്‍ ആഗോള പത്രപ്രവര്‍ത്തനത്തിന്റെ ഒരു പ്രധാന ധാരയെ പ്രതിനിധീകരിക്കുന്നു. വ്യത്യസ്ത രാജ്യങ്ങളിലും കാലഘട്ടങ്ങളിലും ഇവയുടെ പ്രസിദ്ധീകരണ ചരിത്രവും ലക്ഷ്യവും സ്വാധീനവും അറിയുന്നതിന് ഈ കൃതി ഒരു ജാലകമാണ്. ജനപക്ഷരാഷ്ട്രീയത്തെയും രാഷ്ട്രീയപ്രക്രിയയെയും ഇന്ത്യയുടെ സാമൂഹ്യമണ്ഡലത്തില്‍ നിന്നും മാറ്റിനിര്‍ത്താന്‍ ഉത്സാഹിക്കുന്ന കാലമാണിത്. മാധ്യമ ലോകത്തെ ഏകധ്രുവത്തിലാക്കാനും നോക്കുന്നു. ഈ ഘട്ടത്തില്‍ ലോകത്തെ മാറ്റിമറിക്കാന്‍ സംഭാവന
ചെയ്ത കമ്യൂണിസ്റ്റ്/ഇടതുപക്ഷ പത്രങ്ങളെയും മാധ്യമങ്ങളെയും പരിചയപ്പെടുക എന്നത് മാനവചരിത്രത്തെ കാത്തുസൂക്ഷിക്കുവാനുള്ള യജ്ഞമാണ്. അതാണ് ഇന്നലത്തെയും ഇന്നത്തെയും കമ്യൂണിസ്റ്റ് പത്രങ്ങളിലൂടെ സിംഹാവവലോകനം നടത്തുന്ന ‘ലോക കമ്മ്യൂണിസ്റ്റ് പത്രങ്ങള്‍ എന്ന ചന്തവിള മുരളിയുടെ ഈ ബൃഹത് കൃതി.
മാര്‍ക്സിസം കാലഹരണപ്പെട്ടു അല്ലെങ്കില്‍ തിരസ്കരിക്കപ്പെട്ടു എന്ന പ്രചാരണമുണ്ട്. എന്നാല്‍ ഇന്ന് ലോകവ്യാപകമായി മറ്റൊരു ചിത്രം തെളിഞ്ഞിട്ടുണ്ട്. മാര്‍ക്സ്സ് ആണ് ശരി എന്ന മുദ്രാവാക്യം അമേരിക്കന്‍ സര്‍വകലാശാല ക്യാമ്പസുകളിലടക്കം ഉയരുന്നു. അതായത് മാര്‍ക്സിനും മാര്‍ക്സിസത്തിനും മുമ്പില്ലാത്ത താല്പര്യം ലഭിക്കുന്നു എന്നു സാരം. എങ്കിലും ഇന്ത്യയില്‍ വലതുപക്ഷ രാഷ്ട്രീയത്തിന്റെയും വര്‍ഗീയ രാഷ്ട്രീയത്തിന്റെയും മേധാവിത്വത്തില്‍ മാര്‍ക്സിസത്തെ തീരെ അവഗണിക്കുക അല്ലെങ്കില്‍ പഴഞ്ചന്‍ എന്ന് മുദ്രകുത്തി മാറ്റിനിര്‍ത്തുക എന്നത് വ്യാപകമായി കാണുന്നുണ്ട്. എന്നാല്‍, ആഗോളീകരണ സാമ്പത്തിക നയത്തിന്റെയും തീവ്രവര്‍ഗീയതയുടെയും ഈ കാലത്ത് മാര്‍ക്സും മാര്‍ക്സിസവും ഇന്ത്യയിലും വ്യാപകമായി വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നുണ്ട്. അതായത് സോവിയറ്റ് യൂണിയനിലും ഇതര കിഴക്കന്‍ യൂറോപ്യന്‍ സോഷ്യലിസ്റ്റ് രാജ്യങ്ങളിലും സോഷ്യലിസം തകരുകയും മുതലാളിത്തം പുനഃസ്ഥാപിക്കുകയും ചെയ്തെങ്കിലും ലോക ജനസംഖ്യയുടെ അഞ്ചിലൊന്ന് ഇപ്പോഴും സോഷ്യലിസ്റ്റ് കൊടിക്കൂറയുടെ തണലിലാണ്. ”മറ്റേതൊരാളുടെയും മുമ്പില്‍ കുമ്പിടുന്നതിലധികം കാല്‍മുട്ടുകള്‍ മാര്‍ക്സിന്റെ നാമത്തിനുമുമ്പില്‍ പ്രണമിക്കുന്നു’ എന്ന് ഒരു വിശ്വപ്രസിദ്ധ പണ്ഡിതന് പറഞ്ഞതില്‍ കാമ്പുണ്ട്. ഈ പശ്ചാത്തലത്തില്‍ കമ്യൂണിസ്റ്റ്/ഇടതുപക്ഷ പത്രങ്ങളെ പരിചയപ്പെടുക എന്നത് വര്‍ത്തമാനകാലത്തെ ശരിയായി വീക്ഷിക്കാന്‍ ഉപകരിക്കുന്നതാണ്.
ആദ്യത്തെ കമ്യൂണിസ്റ്റ് പത്രം മാര്‍ക്സിന്റെ നേതൃത്വത്തില്‍ പുറത്തു വന്ന ‘റൈനീഷ് സൈത്തൂങ്ങ്’ ആണ്. 1841-ലാണ് മാര്ക്സിന് ഡോക്ടറേറ്റ് കിട്ടിയത്. അതിനുശേഷമാണ് ‘റൈനീഷ് സൈത്തൂങ്ങ്’ എന്ന ആനുകാലികത്തില്‍ കാമ്പുള്ള ലേഖനങ്ങള്‍ മാര്‍ക്സ് എഴുതിയത്. 1872 ഒക്ടോബറില്‍ അതിന്റെ പത്രാധിപരുമായി. പത്രസ്വാതന്ത്ര്യത്തെപ്പറ്റിയുള്ള രാഷ്ട്രീയ ലേഖനമായിരുന്നു ആ പത്രാധിപരുടെ ആദ്യത്തെ ലേഖനം. എല്ലാ തരത്തിലുമുള്ള അനീതികള്‍ക്കും മനുഷ്യവിദ്വേഷങ്ങള്ക്കും എതിരായി തന്റെ തൂലികയെ വിശ്രമമില്ലാതെ ചലിപ്പിച്ചു. ജന്മിമാരുടെ ചൂഷണത്തിനെതിരെ തിരിഞ്ഞു. കര്‍ഷകരുടെ പക്ഷം ചേര്‍ന്നു. ഭരണാധികാരികള്‍ കൊണ്ടുവന്ന സെന്‍സര്‍ഷിപ്പിനെ എതിര്‍ത്തു. ചില എഴുത്തു കാരുടെ അടിമത്ത മനസ്സിനെ തുറന്നുകാട്ടി. ‘ജീവിക്കാനും എഴുതാനും വേണ്ടി ഒരു എഴുത്തുകാരന് തീര്‍ച്ചയായും പണം സമ്പാദിക്കണം. എന്നാല്‍, പണം സമ്പാദിക്കാന്‍ വേണ്ടി അയാള്‍ ജീവിക്കുകയും എഴുതുകയും ചെയ്യരുത്’ എന്ന് മാര്‍ക്സ് വ്യക്തമാക്കി…..
….സമൂഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കുന്ന ആശയങ്ങള്‍ ജനങ്ങളിലെത്തിക്കുന്നവയാണ് കമ്യൂണിസ്റ്റ് പത്രങ്ങള്‍. ഇതിലൂടെ സമൂഹത്തിനകത്ത് പുതിയ ഒന്നിന്റെ ബീജങ്ങള്‍ സൃഷ്ടിക്കുന്നു. ഇത് പഴയ ജീവിതസാഹചര്യങ്ങളെ കുടഞ്ഞെറിയാന്‍ ജനങ്ങളെ പ്രാപ്തരാക്കുന്നു. മാനവികത, മതനിരപേക്ഷത, സാഹോദര്യം, സ്ത്രീ-പുരുഷ സമത്വം, സമത്വാധിഷ്ഠിത സമൂഹം, പരിസ്ഥിതിസംരക്ഷണം എന്നിവക്കെല്ലാം വേണ്ടിയാണ് കമ്യൂണിസ്റ്റ് പത്രങ്ങള്‍ നിലകൊള്ളേണ്ടത്. ഇപ്രകാരം ആശയപരമായ പത്രപ്രവര്‍ത്തനത്തിലൂടെ സാമൂഹ്യ വികസനവും സാമൂഹ്യമാറ്റവും സൃഷ്ടിച്ചതാണ് കമ്യൂണിസ്റ്റ് പത്രപ്രവര്‍ത്തന ചരിത്രം. ഇന്ത്യയുടെ വടക്ക് നേപ്പാളിലും തെക്ക് ശ്രീലങ്കയിലും കമ്യൂണിസ്റ്റ് നേതാക്കന്മാരാണ് ഇന്നത്തെ ഭരണാധികാരികള്‍. ഇവരുടെ അധികാരവഴിയെ സുഗമമാക്കാന്‍ കമ്യൂണിസ്റ്റ് പത്രങ്ങള്‍ പങ്കുവഹിച്ചിട്ടുണ്ട്.
ലോകത്തെ വര്‍ത്തമാനകാല കമ്യൂണിസ്റ്റ് മാധ്യമങ്ങളെ മനസ്സിലാക്കാനും ഈ പുസ്തകം സഹായകരമാകും. വിവിധ രാജ്യങ്ങളിലായി നൂറിലധികം കമ്യൂണിസ്റ്റ് പത്രങ്ങള്‍ ഇന്നുണ്ട്. അമേരിക്കന്‍ ആധിപത്യത്തിനും അധിനിവേശത്തിനും മാധ്യമങ്ങളെ ഉപയോഗിച്ച് നേടുന്ന സമ്മതിയുടെ നിര്‍മ്മിതി പ്രധാനമാണ്. ഇക്കാര്യം ചിന്തകനായ നോം ചോംസ്കി ചൂണ്ടി ക്കാട്ടിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ലാറ്റിന്‍ അമേരിക്കയിലെ ഇടതുമുന്നേറ്റത്തെ ശക്തിപ്പെടുത്താന്‍ ടെലിസൂര്‍ എന്ന മാധ്യമം രണ്ട് പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്നുണ്ട്. വെനസ്വേല, ക്യൂബ, നിക്കാരാഗ്വേ എന്നീ രാജ്യങ്ങളുടെ സര്‍ക്കാരാണ് ഇതിനെ പിന്തുണയ്ക്കുന്നത്. 2005ല്‍ വെനസ്വേലയുടെ പ്രസിഡന്റായിരുന്ന ഹ്യൂഗോ ഷാവേസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ് ഇത് സ്ഥാപിതമായത്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കൊള്ളരുതായ്മകള്‍ തുറന്നുകാട്ടി സോഷ്യലിസത്തിന് പിന്തുണ ആര്‍ജിക്കാനാണ് ഈ മാധ്യമംകൊണ്ട് വിഭാവനം ചെയ്തത്. ടെലിസൂര്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളെപ്പറ്റിയും ഈ പുസ്തകം പരാമര്‍ശിക്കുന്നു. കമ്യൂണിസ്റ്റ് മാധ്യമങ്ങളുടെ ചരിത്രം പുതുതലമുറയെ പരിചയപ്പെടുത്തുന്നതിലൂടെ അക്കാദമിക ചര്‍ച്ചകള്‍ക്ക് പുതുമാനം നല്കാന് സഹായിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.
പ്രതിബദ്ധതാപൂര്‍ണമായ അന്വേഷണവും വസ്തുതകളെ തേടിപ്പിടിക്കാനുള്ള അവിശ്രമമായ ജാഗ്രതയും ചന്തവിള മുരളിയുടെ ചരിത്രരചനയെ വേറിട്ടതാക്കുന്നു. അദ്ദേഹത്തിന്റെ തന്നെ നിരവധി കൃതികള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. കമ്യൂണിസ്റ്റ് പക്ഷത്തുള്ളവര്‍ക്ക് മാത്രമല്ല, എതിര്‍പക്ഷത്തുള്ളവര്‍ക്കും പക്ഷമില്ലാത്തവര്ക്കും ചരിത്രാന്വേഷികള്‍ക്കും ഒരു പോലെ ഉപകാരപ്പെടുന്നതാണ് ‘ലോക കമ്മ്യൂണിസ്റ്റ് പത്രങ്ങള്‍’ എന്ന ഈ ബൃഹത്തായ കൃതി. ലോകത്തെമ്പാടും ജനാധിപത്യത്തിന്റെയും സമത്വത്തിന്റെയും ശബ്ദമായി അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടി പോരാടുന്നതാണ് കമ്യൂണിസ്റ്റ് പത്രങ്ങള്‍.
അതുകൊണ്ടുതന്നെ ഈ പത്രങ്ങള്‍ വാര്‍ത്താമാധ്യമങ്ങള്‍ മാത്രമല്ല മറിച്ച്, സാമൂഹിക പരിവര്‍ത്തനത്തിന്റെ ചാലകശക്തികളുമാണ്. മാധ്യമരംഗത്തെ ഗവേഷണത്തിനും അറിവിന്റെ വ്യാപനത്തിനും ഈ കൃതി പ്രചോദനം നല്‍കും. മാധ്യമവിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും ചരിത്ര -രാഷ്ട്രീയ താല്പര്യമുള്ളവര്ക്കും ഒരുപോലെ വിലപ്പെട്ടതാണ് ഇത്. വായനക്കാര്‍ക്ക് പുതിയ ഉള്‍ക്കാഴ്ച നല്‍കുന്നതും മാധ്യമചരിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് പ്രചോദനമേകുന്നതുമായ ഈ കൃതി വായനാ സമൂഹത്തിന് മുന്നില്‍ സാഭിമാനം സമര്‍പ്പിക്കുന്നു.
ആര്.എസ്. ബാബു
ചെയര്മാന്
കേരള മീഡിയ അക്കാദമി
………………………
ആമുഖം
പത്രവായന മലയാളിയുടെ മാറാത്ത ശീലങ്ങളിലൊന്നാണ്. ഇലക്ട്രോണിക് മാധ്യമങ്ങളുടെയും സാമൂഹ്യമാധ്യമങ്ങളുടേയും കടന്നുവരവോടെ പത്രങ്ങളുടെ പ്രസക്തി ഇല്ലാതാകുമെന്ന് കരുതിയവര്‍ക്ക് തെറ്റുപറ്റി. പത്രവരിക്കാരുടെ എണ്ണവും (Circulation) വായനക്കാരുടെ എണ്ണവും (Readership) ദിവസേന വര്‍ധിക്കുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്. അച്ചടിമാധ്യമങ്ങളുടെ പ്രഭ കെടുത്തുന്നതിനു പകരം അതിന്റെ മികവ് വര്‍ധിപ്പിക്കുകയാണ് ആധുനിക ശാസ്ത്രസാങ്കേതികവിദ്യ ചെയ്തത്. റേഡിയോ, ടെലിവിഷന്‍, ടെലിഫോണ്‍, ഇന്റര്‍നെറ്റ്, ഇ-മെയില്‍, വാട്ട്സ് ആപ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ ഇലക്ട്രോണിക്-സാമൂഹ്യമാധ്യമങ്ങള്‍ പ്രചാരത്തിലുണ്ടെങ്കിലും പത്രത്തിന്റെ സ്വാധീനം കുറഞ്ഞിട്ടില്ല. വായനയുടെ ശൈലിയിലും ശീലത്തിലും മാറ്റം വന്നിരിക്കാം. എങ്കിലും പത്രം നമുക്ക് ഒഴിവാക്കാനാകില്ല. അച്ചടിമാധ്യമങ്ങളുടെ ഈ സ്വീകാര്യതയ്ക്ക് കാരണം പലതാണ്. ചരിത്രരചനയ്ക്ക് സഹായകമായ ഏറ്റവും പ്രധാന രേഖയാണ് പത്രങ്ങള്‍ എന്നതാകാം ഒരു കാരണം. നമ്മുടെ സമൂഹം വളര്‍ന്നു വലുതാകുന്നതിന്റെ ചരിത്രരേഖയാണ് പത്രങ്ങള്‍. നാടിന്റെ ചരിത്രം പഴയ പത്രത്താളുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരിക്കലും മായ്ച്ചുകളയാനാവാത്ത തെളിവുകളാണ് ഓരോ പത്രവും. വിവരങ്ങളുടെ ആധികാരികത, വിശ്വസനീയത, സ്ഥിരത എന്നിവ മറ്റു മാധ്യമങ്ങളെ അപേക്ഷിച്ച് വര്‍ത്തമാനപത്രങ്ങളില്‍ വളരെ കൂടുതലാണ്.
ദിവസവും നാം കാണുകയും വായിക്കുകയും ചെയ്യുന്ന വാര്‍ത്തകളിലും പരസ്യങ്ങളിലും ഭാവിയില്‍ നമുക്ക് ഉപയോഗപ്പെടുന്ന ധാരാളം കാര്യങ്ങള്‍ കാണാം. വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഭവങ്ങള്‍ മുതലായവയെക്കുറിച്ചുള്ള കുറിപ്പുകളും ലേഖനങ്ങളും ഗ്രന്ഥങ്ങളും തയ്യാറാക്കാന്‍ സഹായിക്കുന്ന സാമഗ്രികളുടെ ഉറവിടമാണ് പത്രങ്ങള്‍. ഗവേഷകര്‍ക്കാവശ്യമായ ദ്വിതീയവിവരങ്ങള്‍ (Secondary Sources) ശേഖരിക്കാനുള്ള ഏറ്റവും നല്ല ഉറവിടങ്ങളും പത്രങ്ങള്‍തന്നെ. ‘ഒരു ദിവസത്തെ ലോക ചരിത്രമാണ് പത്രം’ എന്ന് മഹാത്മജി പറഞ്ഞത് ഇതുകൊണ്ടാകാം.
മറ്റൊരു കാരണം, സൂക്ഷിച്ചുവയ്ക്കാനും പിന്നെയും പിന്നെയും എടുത്തുപയോഗിക്കാനും എളുപ്പവും ചെലവുകുറഞ്ഞതുമായ മാധ്യമം പത്രങ്ങളാണ് എന്നതാണ്. പൊതുവിജ്ഞാനം വര്‍ധിപ്പിക്കാന്‍ പത്രങ്ങള്‍ സഹായകമാണ് എന്നതാണ് മറ്റൊന്ന്.
മാധ്യമങ്ങള്‍ ബഹുജനങ്ങളുടെ നാവാണ്. അതുകൊണ്ടാണ് ലെജിസ്ലേച്ചര്‍, എക്സിക്യൂട്ടീവ്, ജുഡിഷ്യറി എന്നീ മൂന്നു തൂണുകള്‍ കഴിഞ്ഞാല്‍ ജനാധിപത്യത്തിന്റെ നാലാം തൂണ് (Fourth Estate) എന്ന് പത്രത്തെ വിശേഷിപ്പിക്കുന്നത്. ‘പത്രം പ്രചാരകനും പ്രക്ഷോഭകനും സംഘാടകനുമാണ്’ എന്ന് മഹാനായ ലെനിന് അഭിപ്രായപ്പെട്ടത് പത്രങ്ങളുടെ ഈ പ്രസക്തി കണ്ടിട്ടാകണം.
ലോകത്തിലേയും ഇന്ത്യയിലേയും കേരളത്തിലേയും കമ്യൂണിസ്റ്റ് പത്രങ്ങളുടെ ചരിത്രമാണ് ഈ പുസ്തകം. എന്നാല്‍, കമ്യൂണിസ്റ്റല്ലാത്ത പത്രങ്ങളുടെ ചരിത്രവും ചുരുക്കി പ്രതിപാദിച്ചിട്ടുണ്ട്. ഇന്ത്യയിലെ പത്രങ്ങളുടെ മേല്‍ ബ്രിട്ടീഷ് ഗവണ്മെന്റ് കൈകൊണ്ട അടിച്ചമര്‍ത്തല്‍ നയങ്ങളെക്കുറിച്ചും ഒരധ്യായമുണ്ട്. കേരളത്തിലെ ഇടതുപക്ഷ കമ്യൂണിസ്റ്റു കാരുടെയും കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകാരുടേയും രഹസ്യകമ്യൂണിസ്റ്റുകാരുടേയും മുഖപത്രമായിരുന്ന പ്രഭാതത്തിന്റെ ചരിത്രം വിശദമായിത്തന്നെ പ്രതിപാദിച്ചിരിക്കുന്നു. അതുപോലെതന്നെ കേരളത്തിലെ കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ട്ടിയുടെ രാഷ്ട്രീയ-സൈദ്ധാന്തിക (താത്വിക) വാരികയായ ചിന്ത വാരികയുടെയും സാംസ്കാരികവാരികയായ ദേശാഭിമാനി വാരികയുടെയും ചരിത്രങ്ങളും. 80 വര്‍ഷം പിന്നിട്ട സി.പി.ഐ.(എം) മുഖപത്രമായ ദേശാഭിമാനിയുടെ ചരിത്രം സാമാന്യം ദീര്‍ഘമായിത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
1942-ല്‍ ദേശാഭിമാനിപത്രം ആരംഭിക്കുന്നതിനു മുമ്പും, 1948 ല്‍ ദേശാഭിമാനി നിരോധിച്ചപ്പോഴും, 1960കളിലും, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും മറ്റും ആഭിമുഖ്യത്തില്‍ ആരംഭിച്ച നിരവധി രഹസ്യവും പരസ്യവുമായ പത്രങ്ങളുടേയും വാരികകളുടേയും-ജനയുഗം, നവയുഗം, നവലോകം, നവജീവന്‍, കമ്യൂണിസ്റ്റ്, മാര്‍ക്സിസ്റ്റ് മുതലായ-ചരിത്രവും വായനക്കാരില്‍ പലര്‍ക്കും പുതിയ അറിവാകും എന്ന് കരുതുന്നു.
വര്‍ഗ-ബഹുജന സംഘടനകളുടെ പ്രസിദ്ധീകരണങ്ങളെക്കുറിച്ചും ഇതില്‍ പരാമര്‍ശിക്കുന്നു.
ലോകത്തിലേയും ഇന്ത്യയിലേയും കേരളത്തിലേയും സകല പത്രങ്ങളേയുംകുറിച്ച് ഇതില്‍ പ്രതിപാദിച്ചിട്ടില്ല. അതിന് കഴിയുകയുമില്ല. അക്കാര്യങ്ങള്‍ വിശദീകരിക്കണമെങ്കില്‍ ഡസന്‍കണക്കിന് വോള്യങ്ങള്തന്നെ എഴുതേണ്ടിവരും. പത്രങ്ങളുടെ ചരിത്രത്തെക്കുറിച്ച്, പ്രത്യേകിച്ച് കമ്യൂണിസ്റ്റ് പത്രങ്ങളുടെ ചരിത്രത്തെക്കുറിച്ച് ഒരു സാമാന്യജ്ഞാനം നല് കുക മാത്രമാണ് ഈ പുസ്തകത്തിന്റെ ലക്ഷ്യം. അതിന് കഴിഞ്ഞോ എന്ന് തീരുമാനിക്കേണ്ടത് മാന്യവായനക്കാരായതിനാല് അത് അവര്‍ക്ക് വിട്ടുകൊടുക്കുന്നു.
ദേശാഭിമാനി നിരോധിച്ച കാലത്തും 1960 കളിലുമൊക്കെ കേരളത്തിലെ പല ജില്ലകളില്‍നിന്നും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേരിട്ടും അല്ലാതെയുമുള്ള നിയന്ത്രണത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന ഇനിയും ചില പത്രങ്ങളും വാരികകളുമൊക്കെ കണ്ടേക്കാം. അവയെക്കുറിച്ച് നേരിട്ട് അറിവുള്ളവരും വിവരങ്ങള്‍ കിട്ടുന്നവരും അതേക്കുറിച്ച് ദയവായി അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഈ പുസ്തകത്തിന്റെ വരുംപതിപ്പുകളില്‍ അവകൂടി ഉള്‍പ്പെടുത്തി പുസ്തകം വിപുലമാക്കാന്‍ അത് സഹായിക്കും.
ഈ കൃതിയുടെ പോരായ്മകളും തെറ്റുകളും ചൂണ്ടിക്കാണിക്കാന്‍ ബഹുമാന്യ വായനക്കാരോട് അഭ്യര്‍ത്ഥിക്കുന്നു.
ഡോ. ചന്തവിള മുരളി
ജൂലായ് 15, 2025

Leave a Reply