(നോവല്‍)
അഡ്വ.എ.നസീറ
പ്രണയവിശുദ്ധിയുടെ പരിമളം പരത്തുന്നതെങ്കിലും ജ്വലിക്കുന്ന തീനാളത്തിന്റെ നൃത്തച്ചുവടുകളോടെ പ്രകാശം പരത്തുന്ന ഒരു ജീവിതത്തെ ആത്മാവിലേറ്റുവാങ്ങുന്ന നോവലാണ് എ.നസീറയുടെ ഉച്ചാടനം. സര്‍ഗദീപ്തമായ സ്വാതന്ത്ര്യകലാപം ജീവിതത്തില്‍നിന്ന് മുളപൊട്ടിയ ജീവനുള്ള ഭാഷയിലൂടെ മുനകൂര്‍ത്ത ലാവണ്യമാകുന്നു. ആര്‍ജവം മൂലം ഓളങ്ങള്‍ താളമിടുന്ന നദിയൊഴുക്കായി ഭാഷ മാറുന്നു. സമുദായത്തിന്റെ ഇരുണ്ട കോട്ടയില്‍ പുരുഷാധികാരത്തിന്റെ ചവിട്ടടിയില്‍ ചതഞ്ഞമരുന്നതാണ് സ്വാതന്ത്ര്യവും സുഖവുമെന്നുറച്ചതിനാല്‍ ഏറ്റവുമധികം അടിമവത്കരിക്കപ്പെട്ടിരിക്കുന്ന മുസ്ലിം സ്ത്രീകളുടെ ദീര്‍ഘനിശ്വാസങ്ങള്‍ ഇതില്‍ കേള്‍ക്കാം. വിശ്വാസത്തിനെതിരായ വിദൂരചിന്തകളെപ്പോലും ഭ്രാന്തെന്ന് വിധിച്ച് ബാധയൊഴിപ്പിക്കുന്ന പൗരോഹിത്യസുഖഭോഗങ്ങളുടെ ഇരകളാണവര്‍. പെണ്‍മനസ്സിലെ പീഡനത്തിനെതിരായ പൊട്ടിത്തെറികളെ ഭ്രാന്തെന്ന് വിധിച്ച് ഇരുട്ടറയില്‍ തള്ളി, കുന്തിരിക്കവും സാമ്പ്രാണിപ്പുകയും മന്ത്രോച്ചാരണങ്ങളും കൊണ്ട് ഒഴിപ്പിക്കാമെന്ന വ്യാമോഹമാണ് പ്രശ്‌നം.