(കഥകള്‍)
എസ്.വി.വേണുഗോപന്‍ നായര്‍
മാളുബന്‍ പബ്ലിക്കേഷന്‍സ് 2018

അരനൂറ്റാണ്ടുകാലത്തെ കഥാസാഗരം എന്നു വിശേഷിപ്പിക്കാവുന്ന ഒരു സമാഹാരമാണ് എസ്.വി.വേണുഗോപന്‍ നായരുടെ ഈ കൃതി. വൈവിധ്യമാര്‍ന്ന കഥാഖ്യാനങ്ങളുടെ വിസ്മയലോകമാണ് എസ്.വി ദൃശ്യമാക്കുന്നത്. പ്രകടനാത്മകതയുടെ അസ്വാരസ്യം ഒട്ടുമില്ലാത്ത കഥകള്‍. പ്രൊഫ.എം.തോമസ് മാത്യു അവതാരികയില്‍ ഇങ്ങനെ പറയുന്നു: ”സ്വാഭാവികമായി വിരിഞ്ഞുവരുന്ന ആഖ്യാനസങ്കേതത്തില്‍, മനുഷ്യജീവിതം എന്ന ക്ഷണികവാഴ്‌വിന്റെ, ഒടുങ്ങാത്ത വൈവിധ്യങ്ങള്‍ നാട്യങ്ങളില്ലാതെ അനാവൃതമാക്കുകയും, കാഴ്ചക്കാരന്റെ നിസ്സംഗതയും ഒപ്പം ഹൃദയാലുവിന്റെ സഹഭാവവും, എതോ അനുപാതത്തില്‍ കൂടിച്ചേരുന്ന മനോഭാവത്തോടെ അനുഭവിക്കാന്‍ ക്ഷണിക്കുകയും ചെയ്യുന്നതാണ് കഥകള്‍. അവ നമ്മെ വികാരവിക്ഷോഭത്തിലേക്കു നയിക്കുന്നില്ല. ഈ ലോകത്തെ മാറ്റിപ്പണിയാന്‍ ആവേശത്തോടെ ഇറങ്ങിത്തിരിക്കാന്‍ നിര്‍ബന്ധിക്കുന്നുമില്ല. എന്നാല്‍ മാറിമറിയുന്ന മനുഷ്യലോകത്തെ നിങ്ങള്‍ കാണുന്നില്ലേ, അതില്‍ നുരകുത്തി ഒഴുകുന്ന പ്രവണതകള്‍ നിങ്ങള്‍ അറിയുന്നില്ലേ എന്നു സൗമ്യമായി ചോദിക്കുന്നത് ആ കഥകള്‍ വായിക്കുമ്പോള്‍ കേള്‍ക്കാം.”