(വ്യാകരണം, ഭാഷാശാസ്ത്രം)
തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല
എഡിറ്റർമാർ
പ്രൊഫ. എം. ശ്രീനാഥൻ
ഡോ.സെയ്‌തലവി
കേരളപാണിനീയ വിജ്ഞാനം
അവതാരിക
ഡോ. ടി. ബി. വേണുഗോപാലപ്പണിക്കർ
യുവാവായ ഏ.ആര്‍ രാജരാജവര്‍മ്മ മുപ്പത്തിരണ്ടാം വയസ്സില്‍ ‘കേരളപാണിനീയം’ എന്ന പേരില്‍ ഒരു വ്യാകരണകൃതി എഴുതിത്തീര്‍ത്ത് അടുത്തവര്‍ഷം അച്ചടിച്ചു പ്രസിദ്ധം ചെയ്തപ്പോള്‍ തന്റെ കൗമാരകാലത്തെ ഒരു ആഗ്രഹം നിറവേറ്റുകയായിരുന്നു. പഠിക്കുന്ന കാലത്തുതന്നെ അന്നുവരെയുള്ള മലയാള വ്യാകരണ കൃതികളൊന്നും അദ്ദേഹത്തെ തൃപ്തിപ്പെടുത്തിയിരുന്നില്ല. മലയാളഭാഷയുടെ വ്യാകരണപരമായ പരാമര്‍ശങ്ങള്‍ ആദ്യമായി വന്ന കൃതിയായ ‘ലീലാതിലകം’ പുറത്തുവന്നത് കേരളപാണിനീയത്തിന്റെ ആദ്യാവതാരം കഴിഞ്ഞ് ഒന്നരപ്പതിറ്റാണ്ടിനുശേഷമാണ്. നേരത്തേ കിട്ടിയിരുന്നെങ്കില്‍ത്തന്നെ ഏ.ആറിനെ ആ കൃതി മലയാളവ്യാകരണമെന്ന നിലയില്‍ തൃപ്തിപ്പെടുത്തുമായിരുന്നില്ല. ഗുണ്ടര്‍ട്ടിന്റെ മലയാളഭാഷാവ്യാകരണം തനിക്കു വളരെ പ്രയോജനപ്പെട്ടെന്നും, ആ കൃതി ഇംഗ്ലീഷിലായിരുന്നുവെങ്കില്‍ ഇരട്ടി ഉപയോഗപ്പെടുമായിരുന്നുവെന്നും ഏ.ആര്‍. സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ദത്തസംഭരണത്തിന്റെ വൈപുല്യ-സൂക്ഷ്മതകളാകണം ഏ.ആറിന്റെ മതിപ്പുനേടിയത്. തദ്ദേശീയാവബോധത്തിന്റെ അഭാവവും വൈദേശീയമായ അപഗ്ര ഥനപ്രകാരവുമാകാം പോരായ്മയായി അനുഭവപ്പെട്ടത്.
ഏറെ മതിപ്പ് അര്‍ഹിക്കുന്നതാണ് ജോര്‍ജ് മാത്തന്റെ ചെറിയ വ്യാകരണ പുസ്തകം- മലയാഴ്മയുടെ വ്യാകരണം. എന്തുകൊണ്ടോ ഏ.ആറിന്റെ ശ്രദ്ധ ഇതില്‍ പതിയുന്നില്ല. കേരളപണിനീയ നവീകരണത്തിനുശേഷം ഈ കൃതി ഗ്രന്ഥസൂചിയില്‍ നിന്നുതന്നെ വിട്ടും കളയുന്നു.
കേരളപാണിനീയ നവീകരണ സന്ദര്‍ഭത്തില്‍ ലീലാതിലകത്തെയും ഉണ്ണുനീലിസന്ദേശം തൊട്ടു ചില മണിപ്രവാള കൃതികളെയും നമ്പ്യാര്‍ തമിഴ്കൃതികളെയും ഗ്രന്ഥകാരന്‍ പ്രയോജനപ്പെടുത്തുന്നു. ഇവ ഗുണ്ടര്‍ട്ടിനു കിട്ടിയിട്ടില്ലാത്തവയാണ്. ഇങ്ങനെയാണെങ്കിലും ഗുണ്ടര്‍ട്ടിന് കാണാനും ഉപയോഗിക്കാനും കഴിഞ്ഞിട്ടുള്ളത്ര മലയാളകൃതികള്‍ കേരള പാണിനീയകാരന്നു കാണാനും ഉപയോഗിക്കാനും കഴിഞ്ഞിട്ടില്ല. അതുകൊണ്ട് പല ഉദ്ധരണങ്ങളുടെ കാര്യത്തിലും ഗുണ്ടര്‍ട്ടിനെ ആശ്രയിക്കുന്നു.
ആദ്യത്തെ കേരളപാണിനീയവും പരിഷ്‌കരിച്ച കേരളപാണിനീയത്തെപ്പോലെ ആഗമം അഥവാ ഭാഷാചരിത്രദൃഷ്ടി ഉള്ള കൃതിയായിരുന്നുവെന്ന് രണ്ടാമത്തേതിന്റെ മുഖവുരയില്‍ പ്രസ്താവിക്കുന്നു. കാള്‍ഡ്വെല്ലിന്റെ താരതമ്യവ്യാകരണവും അക്കാലത്തെ ചരിത്രാത്മക ഭാഷാശാസ്ത്രത്തിന്റെ ചില പാഠപുസ്തകങ്ങളും ആദ്യത്തെ ആവിര്‍ഭാവസമയത്തുതന്നെ താന്‍ ഉപയോഗിച്ചതായി അതിന്റെ മുഖവുരയില്‍ നിന്നറിയാം. നവീകരണത്തിന് തുണയായി പുതുതായി വെളിപ്പെട്ട ചില രേഖകളും കൃതികളും ഏറ്റവും പ്രധാനമായി ലീലാതിലകവും ഉണ്ടായിരുന്നു. അങ്ങനെയാണ് പരപ്പാര്‍ന്ന ആ പീഠിക വാര്‍ന്നുവീണത്.
കൊളോണിയല്‍ ആധുനികതയിലേക്ക് സഹര്‍ഷം എത്തിച്ചേരാന്‍ ആയുന്ന അന്നത്തെ അഭ്യസ്തവിദ്യനായ യുവ ഭാഷാപണ്ഡിതനില്‍ പ്രതീക്ഷിക്കാവുന്ന ഒന്നാണ് പരിണാമ വിവരണത്തിനേ ശാസ്ത്രീയതയുള്ളൂ എന്ന അന്നത്തെ പുതിയ വീക്ഷണം. എല്ലാം കഴിഞ്ഞാല്‍ കേരളപാണിനീയത്തില്‍ എത്രയ്ക്കുണ്ട് പാണിനീയത്വം? പേര്‍ മാത്രമേ ശേഷിക്കുന്നുള്ളൂ എന്നും, പേരിന്നുള്ള ബന്ധവും മാറ്റിക്കളഞ്ഞാലോ എന്ന് താന്‍ ആലോചിക്കായ്കയില്ല എന്നും ഗ്രന്ഥ കര്‍ത്താവ് പറയുന്നു. എന്നാല്‍, വസ്തുത അതല്ല. അറിഞ്ഞും അറിയാതെയും പാണിനീയ പാരമ്പര്യം തുടരുന്നുണ്ട്. സാങ്കേതികപദങ്ങള്‍ പലതും തുടരുന്നു. സവര്‍ണം, കാരകം തുടങ്ങിയ ആശയങ്ങള്‍ അനുവര്‍ത്തിക്കുന്നു. ചിലേടത്തെങ്കിലും പ്രക്രിയ ക്രമാനുസാരിയായ നിയമക്രമീകരണം (Ordering) തന്നെയും കാണാം. കാലരൂപസൃഷ്ടിയുടെ കാര്യം തന്നെ ഇതിന്നുദാഹരണം.
മലയാളവ്യാകരണ പാരമ്പര്യത്തെ പാണിനീയ പാരമ്പര്യത്തില്‍നിന്ന് വിടുതല്‍ചെയ്യാന്‍ കിണയുന്ന ഇതേകാലത്ത് പാശ്ചാത്യലോകത്ത് ചില അട്ടിമറികള്‍ നടന്നു. അതാണ് സസൂറിയന്‍ വിപ്ലവം. സസൂറിന്റെ Cours de Linguistic Generale ഏ.ആര്‍. ഏതു പാരമ്പര്യത്തെ ആഭ്യൂഹിക പദ്ധതി എന്ന് അപലപിച്ചുവോ ആ ഏകകാലിക ഭാഷാപഗ്രഥനത്തെത്തന്നെ ശാസ്ത്രീയതയുടെ പരമകാഷ്ഠയില്‍ പ്രതിഷ്ഠിച്ചു. ഇതുതന്നെയാണ് ആഗമിക ചിന്തയുടെയും അടിപ്പടവെന്നും സമര്‍ത്ഥിച്ചു. സസൂറിന്റെ കൃതി അദ്ദേഹത്തിന്റെ മരണത്തിനുശേഷം 1916-ല്‍ പുറത്തുവന്നു. ഫ്രഞ്ചില്‍ രചിച്ച ഇത് ഇംഗ്ലീഷ് മാത്രം അഭിഗമ്യമായിരുന്നുവരുടെ കൈയില്‍ എത്താന്‍ പിന്നെയും നാലു പതിറ്റാണ്ടുകഴിഞ്ഞു.
സസൂറിന്റെ ചിന്താവിപ്ലവം സംഭവിക്കുന്ന അക്കാലത്തുതന്നെ അമേരിക്കയിലും മാറ്റങ്ങളുടെ പ്രവാഹം തന്നെയുണ്ടായി. ബ്ലൂംഫീല്‍ഡ് 1914-ല്‍ രചിച്ച Introduction to the Study of Language എന്ന കൃതിയിലും ആഭ്യൂഹിക പദ്ധതിയുടെ അടിപ്പടവായ പ്രധാന്യം ഊന്നിപ്പറഞ്ഞു. ചരിത്രവീക്ഷണമേ ശാസ്ത്രീയമാകൂ എന്ന നിലപാട് തിരസ്‌കരിച്ചു.
ബ്ലൂംഫീല്‍ഡിന്റെ പ്രസിദ്ധ കൃതിയായ Language (1933) പാണിനിയുടെ അഷ്ടാധ്യായിയെ ”മനുഷ്യബുദ്ധിയുടെ മഹത്തമമായ സ്മാരകങ്ങളില്‍ ഒന്ന്’ എന്ന് സ്തുതിച്ചു. സസൂറിന്റെയും ബ്ലൂംഫീല്‍ഡിന്റെയും ഉപദര്‍ശനങ്ങള്‍ ഇന്ത്യയിലെ പണ്ഡിതന്മാര്‍ക്ക് അറിവിന്റെ ഭാഗമായിത്തീരാന്‍ പിന്നെയും പതിറ്റാണ്ടുകള്‍ വേണ്ടിവന്നു.
പദങ്ങളുടെ രൂപസിദ്ധിക്കായി സ്വഭാഷക്കാര്‍ക്ക് വ്യാകരണകൃതികളെ ആശ്രയിക്കേണ്ടതില്ലെന്നും അതുകൊണ്ട് വ്യാകരണകൃതികളുടെ പ്രയോജനം മറ്റുചിലതാണെന്നും മുഖവുരയില്‍ അഭിപ്രായപ്പെടുന്നു. ശരി -തെറ്റുകള്‍ വിധിക്കുക, പുതിയ ആശയങ്ങള്‍ ആവിഷ്‌ക്കരിക്കാന്‍ തുണനില്‍ക്കുക. തറവാട്ടുമുതലുകള്‍ കെടുതല്‍വരാതെ കാക്കുക, ദുസ്സ്വാതന്ത്ര്യത്താലുണ്ടാകുന്ന നിയമലംഘനം നിമിത്തം വ്യാകുലിഭാവം വരാതെ കാക്കുക… ഇവയാണത്രേ വ്യാകരണകൃതിയുടെ പ്രവൃത്തി. ചുരുക്കത്തില്‍, വ്യാകരണം ഭാഷാസൂത്രണ സാഹ്യമാണ് എന്നുവരുന്നു. ഇന്ന്, ഇപ്പോള്‍, ഗദ്യഭാഷയുടെ, അതല്ലെങ്കില്‍ മറ്റൊരു രീതിയുടെ, പരിമിതമായ വ്യാകരണം എന്ന ലക്ഷ്യമല്ല ഉള്ളതെന്നതിനാലാണ്, സര്‍വംകഷ വ്യാകരണം (Over all Grammar) എന്ന ലക്ഷ്യമുള്ളതിനാലാണ്, പദ്യത്തില്‍നിന്നും പഴയ പ്രഭവങ്ങളില്‍നിന്നും ഒക്കെ ഉദ്ധരിക്കാന്‍ ശ്രദ്ധിക്കുന്നത്. പഴയ ആ കൃതികളില്‍ നിന്നുദ്ധരിക്കുന്നത് പരിണാമം കാണിക്കാന്‍ വേണ്ടി മാത്രമല്ല, സ്ഥിതി കാണിക്കാന്‍ കൂടിയാണ്.
വ്യാകരണകൃതിയെ ഭാഷാസൂത്രണ സാഹ്യമായി പരിഗണിച്ചാല്‍ത്തന്നെ രൂപസിദ്ധി നിയമങ്ങള്‍ ആവശ്യമില്ലെന്നു വരുന്നില്ല. സ്വഭാഷാ ഭാഷകരുടെ അവബോധത്തിന്റെ സ്വഭാവ വിവരണമാണത്. ഭാഷയുടെ സ്വലക്ഷണത്തിന്റെ ഭാഗവുമാണ്. അതുകൊണ്ടുതന്നെ കേരളപാണിനീയവും ഈ പ്രവൃത്തിയില്‍ വ്യാപരിക്കുന്നുണ്ട്. എന്നുമാത്രമല്ല, എത്രയും കുറവേ ഉള്ളൂ ഭാഷാസൂത്രണശ്രമങ്ങള്‍. ‘പുസ്തകത്തെ രചിക്ക’, ‘പത്തു തേങ്ങകള്‍’, ‘മനോഹരയായ മാല’, ‘രാക്ഷസരാജാവായ രാവണസോദരി’ തുടങ്ങിയവയാണ് തിരുത്തലുകളില്‍ ചിലത്. അവയാകട്ടെ അചേതനങ്ങളില്‍ പ്രതിഗ്രാഹികാ പ്രത്യയം ചേര്‍ക്കേണ്ടതില്ല, സംഖ്യാവിശേഷണം ചേര്‍ന്നാല്‍ ക്ലീബത്തിനു ബഹുക്കുറിവേണ്ട, ലിംഗഭേദം അര്‍ഥാ ശ്രിതമാണ്, സമസ്തപദത്തിലെ അംഗസ്ഥാനത്തുള്ള പദത്തിന് ബാഹ്യവിശേഷണം ചേരില്ല എന്നിങ്ങനെയുള്ള വ്യാകരണകാര്യങ്ങളുമായി നേരിട്ടുബന്ധപ്പെട്ടവയുമാണ്. ഇതേപോലെതന്നെ രായസം എഴുത്തിലെ അനുചിതസമുച്ചയം ചൂണ്ടിക്കാട്ടുന്നത് സജാതീയമേ സമുച്ചയിക്കാവൂ എന്ന നിയമം കാണിക്കാനാണ്.
വ്യാകരണത്തിന്റെ മുഖ്യപ്രവൃത്തി ഭാഷാസൂത്രണമാണെന്നു വന്നാല്‍ത്തന്നെ അതിന്ന് ആഗമികവീക്ഷണവുമായി നേരിട്ടു ബന്ധമില്ല എന്നും ഓര്‍ക്കേണ്ടതാണ്. ഭാഷാ നഷ്ടമോ ഭാഷാ വൈകല്യമോ ചികത്സിക്കാന്‍ ഭാഷാ ഘടനയെപ്പറ്റി ധാരണ അത്യാവശ്യമാണ്. ഇവിടെയൊന്നും ആഗമികവ്യാകരണം തുണയാവുകയുമില്ല.
കമ്പ്യൂട്ടര്‍ ഭാഷാശാസ്ത്രത്തിന്റെ ആവശ്യത്തിനു വേണ്ടിയുള്ള ഭാഷാവിവരണവും ആഗമികമായിരിക്കരുത്. അതതുകാലത്തെ സ്ഥിതിയാണ് അവിടെ വിവരിക്കേണ്ടത്. ഭാഷ പുതുതായി പഠിച്ചെടുക്കേണ്ട ആള്‍ക്ക് ഭാഷാവ്യാകരണത്തെപ്പറ്റി ധാരണ വേണം. അവിടെയും ആഗമികവ്യാകരണമല്ല പ്രയോജനം ചെയ്യുക. പുതിയ ആശയങ്ങളെ ആവിഷ്‌കരിക്കാന്‍ മാര്‍ഗമുണ്ടാക്കുന്നതിനും വ്യാകരണപരിജ്ഞാനം വേണ്ടതുതന്നെ. ആ വ്യാകരണവും ആഗമിക മായിരിക്കേണ്ടതില്ല. ഭാഷാചരിത്രജ്ഞാനം ചിലതരം ഭാഷാവസ്തുത കളെ വിവരിക്കാന്‍ സഹായിച്ചേക്കാമെന്നുമാത്രം.
  ചുരുക്കത്തില്‍, കേരളപാണിനീയത്തിന് ഇന്നുള്ള പ്രയോജനത്തില്‍ ഏറിയ പങ്കും കേവലം ആഗ മിക വിവരണത്തിനപ്പുറം ചിലതൊക്കെ അതിലുണ്ട് എന്നതുകൊണ്ട് ഉണ്ടാകുന്നതാണ്. മലയാള ഭാഷാചരിത്ര നിര്‍മ്മിതിയില്‍ കേരളപാണിനീയത്തിനുള്ള സ്ഥാനം കുറച്ചുകാണാനോ ഭാഷാചരിത്രജ്ഞാനം അത്യാവശ്യമല്ലാത്ത ഒരു അറിവാണ് എന്നു വാദിക്കാനോ അല്ല ഇത്രയും വിവരിച്ചത്. എന്നുമാത്രമല്ല, കാള്‍ഡ്വെല്ലിന്റെ താരതമ്യവ്യാകരണം പ്രയോജനപ്പെടുത്തിയ ആദ്യത്തെ ദ്രാവിഡ വ്യാകരണമാണ് ഏ.ആര്‍. രചിച്ചത്. അതില്‍ നല്‍കിയിരിക്കുന്ന ദ്രാവിഡഭാഷകളുടെ വൃക്ഷചിത്രം 1906-ല്‍ പ്രസിദ്ധം ചെയ്ത ലിംഗ്വിസ്റ്റിക് സര്‍വേ ഓഫ് ഇന്ത്യയുടെ ചിത്രത്തെ അല്പം പരിഷ്‌കരിച്ചതുമാണ്. ഇന്നത്തെ താരതമ്യംചിത്രം ഇതില്‍നിന്നു വളരെ മുന്നേറിയതാണെങ്കിലും 1917-ലെ സ്ഥിതിക്ക് ഈ ചിത്രത്തിന്റെ മേന്മ മറന്നുകൂടാ.
മലയാളഭാഷയില്‍ ചരിത്രഗതിയില്‍ വന്ന മാറ്റങ്ങളും നിലനില്‍ക്കുന്ന പഴമകളും ഏതൊക്കെ എന്നു ക്രോഡീകരിക്കുന്നതാണ് പീഠികയിലെ പ്രസിദ്ധമായ ആറുനയങ്ങള്‍. കേരളഭാഷ, ചോഴഭാഷയില്‍ നിന്ന് എവ്വിധം ഭിന്നമാണെന്നു കാണിക്കാന്‍ ലീലാതിലകം ഒന്നാം സൂത്രവൃത്തിയില്‍ ഉദ്ധരിക്കുന്ന ഉദാഹരണ ജോഡികളില്‍നിന്നാണ് പുരുഷഭേദ നിരാസമൊഴിച്ചുള്ള അഞ്ചുനയങ്ങളും ക്രോഡീകരിച്ചത്. ഉദാഹരണങ്ങളില്‍നിന്ന് സാമാന്യനയങ്ങള്‍ ക്രോഡീകരിച്ചതും എല്ലിസും, കാള്‍ഡ്വെല്ലും ചൂണ്ടിക്കാട്ടിയ പുരുഷഭേദ നിരാസവും ചേര്‍ത്തു പുഷ്ടിപ്പെടുത്തിയതുമാണ് കേരളപാണിനീയം വരുത്തിയ പുരോഗതി. നിരീക്ഷിത വസ്തുക്കളില്‍ നിന്ന് സാമാന്യനയം ക്രോഡീകരിക്കയാണ് ശാസ്ത്രവികാസത്തിന്റെ മാര്‍ഗമെന്ന് ഓര്‍ക്കുമ്പോഴാണ് കേരളപാണിനീയത്തിന്റെ മേന്മ വെളിവാകുന്നത്.
കാലത്തെ അതിവര്‍ത്തിച്ചു നില്‍ക്കുന്ന ഓരോ കൃതിയും ഓരോ കാലഘട്ടത്തിന്റെയും മുഖ്യപരിഗണനകളും ജ്ഞാനപരിപ്രേക്ഷ്യങ്ങളും മുന്‍നിറുത്തി വിശദീകരിക്കാനും ശ്രമിക്കേണ്ടതുണ്ട്. അതിന്റെ പശ്ചാത്തലമായി പല കാലങ്ങളിലായി ജിജ്ഞാസുക്കളായ പഠിതാക്കള്‍ എങ്ങനെ കേരളപാണിനീയത്തെ നോക്കിക്കണ്ടു എന്നതിന്റെ രേഖ വേ ണ്ടതുണ്ട്. അവയില്‍ ചിലതൊക്കെ ഒട്ടൊക്കെ കാലഹരണപ്പെടാം, ചിലതു പുനര്‍ജനിക്കാം.
പുതിയകാലത്തെ നോട്ടം ഇവിടെനിന്നു തുടങ്ങണം. മലയാളത്തിലെ അംഗീകൃത വ്യാകരണകൃതി ഭാഷാശാസ്ത്ര സി ദ്ധാന്തത്തിന് എന്തു സംഭാവനയാണ് നല്‍കിയത്, ഭാഷയുടെ സ്വലക്ഷണം എത്രത്തോളമാണ് അനാവരണം ചെയ്തത് എന്നൊക്കെ അറിയുന്നത് പുതിയ മുന്നേറ്റങ്ങള്‍ക്ക് പ്രോത്സാഹകമാണ്.