(നോവല്‍)
പി.യു.അമീര്‍
പി.യു. അമീറിന്റെ പുതിയ നോവല്‍. ദുരൂഹതയുടെ വര്‍ണപടങ്ങള്‍ നിരനിരയായി കടന്നുവരുന്ന ‘പാതിരാപ്ലാവ്’ എന്ന നോവലില്‍ ആഖ്യാനവൈദഗ്ദ്ധ്യത്തോടെ സ്ഥലരാശിയില്‍ വ്യക്തമായി രേഖപ്പെടുത്താത്ത ഒരു ഗ്രാമത്തിലെ പരസ്പരം ബന്ധിപ്പിക്കാത്ത സംഭവങ്ങള്‍ ചിത്രീകരിക്കുന്നു.
ആമുഖം താഴെക്കൊടുക്കുന്നു:
ആഖ്യാനത്തിന്റെ 
ലാബറിന്തുകളിലൂടെ
വി.എം.വിനയകുമാര്‍
ചിരപ്രതിഷ്ഠ നേടിയ സ്രോതസ്സുകളുടെ പരുക്കന്‍ പ്രതലങ്ങളെ നിരപ്പാക്കുകയാണ് നോവല്‍ ചെയ്യുന്നതെന്ന് ഹാറുകി മുറാകാമി പറയുന്നുണ്ട്. സ്ത്രീകളും പുരുഷന്മാരും തമ്മിലു, തലമുറകള്‍ തമ്മിലുമുള്ള സംഘര്‍ഷങ്ങളെ നോവലിസ്റ്റ് മയപ്പെടുത്തി സാന്ത്വനത്തിലേക്ക് നയിക്കുകയാണ് ചെയ്യുന്നതെന്ന് മുറാകാമി പറയുന്നുണ്ട്. ദുരൂഹതയുടെ കാലിഡോസ്‌കോപിക് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ പി.യു.അമീര്‍ നമ്മെ വിസ്മയപ്പെരുമഴയില്‍ കുളിപ്പിക്കുന്നു. സര്‍ഗാത്മകതയെ കൈകാര്യംചെയ്യുന്നവര്‍ക്ക് പുതിയ ആഖ്യാനമേഖലകളിലേക്ക് തള്ളിക്കയറേണ്ടത് ക്രിയാപരമായ ഒരു ആവശ്യമാണ്. യുവ നോവലിസ്റ്റായ അമീറിന് ഇങ്ങനെയൊരു ശക്തമായ ത്വരയുള്ളത് അദ്ദേഹത്തിന്റെ സര്‍ഗാത്മകമായ ഒരു മികവായി നമുക്ക് കാണേണ്ടതുണ്ട്. ഒരേ സ്ഥലത്തുതന്നെ സ്ഥിരമായി നിലയുറപ്പിക്കുന്നതു, അതില്‍ സംതൃപ്തനായിരിക്കുന്നതും നമ്മുടെ സൃഷ്ടിപരമായ ത്വരയെ തളര്‍ത്തുന്നതിനും ഇല്ലാതാക്കുന്നതിനും മാത്രമേ സഹായിക്കൂ എന്ന് ‘തൊഴിലെന്ന നിലയില്‍ നോവലിസ്റ്റ്’ എന്ന കൃതിയില്‍ ഹാറുകി മുറാകാമി പറയുന്നുണ്ട്. എല്ലാ സര്‍ഗാത്മകവ്യാപാരങ്ങളും എഴുത്തുകാരന്റെ തകരാറുകള്‍ പരിഹരിക്കാനും സ്വത്വത്തെ ഉറപ്പിച്ചുനിറുത്താനുമാണെന്നു പറയാവുന്നതാണ്. ജീവിതത്തിലെ വൈരുധ്യങ്ങളെയും ഏങ്കോണിപ്പുകളെയും പരിഹരിക്കാനും ഉദാത്തവല്‍ക്കരിക്കാനുമാണ് സര്‍ഗാത്മകവ്യാപാരങ്ങള്‍ എന്ന് പറയാനാവും.
പാതിരാപ്ലാവില്‍ ക്രമബദ്ധമല്ലാത്ത രീതിയില്‍ ബഹുരൂപിയായ സംഭവങ്ങള്‍ ചിത്രീകരിക്കപ്പെടുന്നുണ്ട്. ഒരു അപസര്‍പ്പകനോവലിലെപ്പോലെ അയഞ്ഞ അറ്റങ്ങളെ ഇല്ലാതാക്കി അന്ത്യത്തില്‍ പരിണാമഗുപ്തിയില്ലാതാക്കുന്ന ഒരു ആഖ്യാനരീതിയല്ല അമീര്‍ അവലംബമാക്കുന്നത്. കമ്പോടുകമ്പ് സംഭവങ്ങള്‍ അണിയിച്ചൊരുക്കി നാടകീയത മുറ്റിയ കഥാസന്ദര്‍ഭങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ നോവലിസ്റ്റ് ശ്രദ്ധിക്കുന്നു. അസ്വാസ്ഥ്യത്തിന്റെ അലയൊലികള്‍ മുട്ടിനുമുട്ടായി സൃഷ്ടിച്ചുകൊണ്ട് ഭാവ സന്ദിഗ്ദ്ധതയുടെ കൂടുക്കുകള്‍ സൃഷ്ടിക്കാന്‍ നോവലിസ്റ്റ് ശ്രമിക്കുന്നു. ഭാഷയുടെ സ്നിഗ്ദ്ധമായ പ്രയോഗചാരുതകള്‍കൊണ്ട് വായനക്കാരെ കൈയിലെടുക്കാന്‍ നോവലിസ്റ്റിനു കഴിയുന്നു.
ഒരു നോവലിന് അയഞ്ഞതും ക്രമരഹിതവുമായ ഭാഗങ്ങള്‍ വേണമെന്നു പറയാറുണ്ട്. യുക്തിഭദ്രതയാര്‍ന്ന ആഖ്യാനമാകണം നോവലെന്ന് നമുക്ക് പറയുവാനാവില്ല. (‘മലയാള നോവലിലെ നാഴികക്കല്ലായ ‘ഖസാക്കിന്റെ ഇതിഹാസ’ത്തില്‍ അയഞ്ഞ ആഖ്യാനശകലങ്ങള്‍ നമുക്ക് കാണുവാനാകും. അതുകൊണ്ടുതന്നെയാണ് ആ നോവലിലെ ഇഴയടുപ്പമുള്ള അധ്യായങ്ങളുടെ ഭാവാര്‍ത്ഥതലങ്ങള്‍ തിളങ്ങിനില്‍ക്കുന്നതെന്ന് പറയുവാനാവും. യുക്തിഭദ്രതയും പാണ്ഡിത്യപ്രകടനവും നിറഞ്ഞ നോവലുകള്‍ക്ക് പ്രബന്ധങ്ങളോടാണ് സാദ്യശ്യമുള്ളത്. അമീറിന്റെ ഈ നോവലിന് യുക്തിഭദ്രതയെക്കാളേറെ ആഖ്യാനവൈചിത്ര്യത്തിന്റെ നിറനിലാവിലാണ് ഇരിപ്പിടം അനുവദിക്കപ്പെട്ടിരിക്കുന്നതെന്നത് ഒരു പ്രത്യേകതയാണ്.
അയത്‌നലളിതമായ ഒരു ആഖ്യാനരീതിയാണ് പി.യു.അമീറിന്റെ മുഖമുദ്രയായി തോന്നിയത്. മിതമായ വാക്കുകളുടെ വിന്യാസത്തിലൂടെ വിസ്തൃതമായ ഒരു അനുഭവലോകം മെനഞ്ഞെടുക്കാന്‍ നോവലിസ്റ്റിന് കഴിയുന്നുണ്ട്.
മുദ്രാവാക്യങ്ങളും സന്ദേശങ്ങളുംകൊണ്ട് വായനക്കാരുടെ ആത്മാവിനെ ഉണര്‍ത്താന്‍ അമീര്‍ ശ്രമിക്കുന്നില്ല. എന്നാല്‍, ഒരു അദ്യശ്യമായ ധാര്‍മ്മികതയുടെ സാന്നിധ്യം നോവലില്‍ അനുഭവിപ്പിക്കാന്‍ നോവലിസ്റ്റിന് കഴിയുന്നുണ്ട്. നിഷ്ഠുരമായി പ്രവര്‍ത്തിക്കുകയും മറ്റുള്ളവരെ പീഡിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് അതിനുള്ള ശിക്ഷ ലഭിക്കുന്നുണ്ട്. നിരര്‍ത്ഥകമായ വാക്കുകള്‍കൊണ്ട് നോവലിനെ നിറയ്ക്കാന്‍ അമീര്‍ ശ്രമിക്കുന്നില്ല. വാക്കുകള്‍ക്ക് ശക്തിയുണ്ടെന്നത് ശരിയാണ്. പക്ഷേ, ആ ശക്തിക്ക് സത്യത്തിലും നീതിയിലും അടിവേരുകള്‍ വേണമെന്ന് ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. മതവിശ്വാസിയായ അമീറിന് ഈയൊരു വിശ്വാസദാര്‍ഢ്യത്തില്‍ ഉറച്ചുനില്‍ക്കുവാന്‍ സാധിക്കുന്നുവെന്നത് വസ്തുതയാണ്. മുറാകാമി ചൂണ്ടിക്കാട്ടുന്നതുപോലെ, ഒരു നോവലിസ്റ്റ് ഒരു നോവല്‍ സൃഷ്ടിക്കുന്ന അവസരത്തില്‍ അയാള്‍ ഒപ്പം ആ നോവലാല്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും എന്നു പറയാവുന്നതാണ്. ഒരു സ്വയം ചികിത്സയുടെ അംശം നോവലിനുണ്ടെന്നു പറയാവുന്നതാണ്.
ആഖ്യാനത്തിന്റെ വിശദാംശങ്ങളിലേക്ക് അമീര്‍ ശ്രദ്ധാപൂര്‍വം കടന്നുകയറുന്നു. കാവ്യാത്മകതയുടെ തളിര്‍ലതാസ്പര്‍ശം നോവലിന്റെ ആഖ്യാനത്തില്‍ കാണാനില്ല എന്നു നമുക്ക് പറയാനാവും. വസ്തുനിഷ്ഠ യാഥാര്‍ഥ്യത്തിന്റെ അതിര്‍വരമ്പുകളില്‍ ഒതുങ്ങിനില്‍ക്കുന്ന ശൈലിയാണ് തനിക്ക് അനുയോജ്യമെന്ന് നോവലിസ്റ്റ് ബോധപൂര്‍വമായ ഒരു തിരഞ്ഞെടുപ്പ് നടത്തിയതുപോലെയുണ്ട്. വസ്തുനിഷ്ഠ യാഥാര്‍ഥ്യത്തിന്റെ എലുകകള്‍ക്കുള്ളില്‍ ഒതുങ്ങുമ്പോഴും ഭൗതികാതീതമായ ഒരു ഭാവലോകത്തെ വളര്‍ത്തിയെടുക്കാന്‍ അമീറിന് കഴിയുന്നുവെന്നത് അത്ഭുതകരമാണ്. റിയലിസ ത്തില്‍ കാലൂന്നിനിന്നുകൊണ്ട് ഒരു സര്‍റിയല്‍ തലത്തിലേക്ക് കൈയെത്തിപ്പിടിക്കാന്‍ നോവലിസ്റ്റ് നടത്തുന്ന ശ്രമം നോവലിന്റെ അനുഭവതലത്തെ ശ്രദ്ധേയമാക്കുന്നു.
ആധുനികനോവലില്‍ ആത്മാംശത്തിന്റെ തിരത്തള്ളല്‍ വധിച്ചുവരുന്ന ഒരു കാലഘട്ടത്തില്‍ സ്വത്വബോധത്തെ തീര്‍ത്തും ഒഴിച്ചുനിര്‍ത്തിക്കൊണ്ടുള്ള ഒരു ആഖ്യാനരീതിയാണ് അമീര്‍ പാതിരാപ്ലാവില്‍ സ്വീകരിച്ചിരിക്കുന്നത്. (ഇപ്പോഴത്തെ കാഴ്ചപ്പാടനുസരിച്ച് എല്ലാ നോവലുകളും നോവലിസ്റ്റിന്റെ പ്രച്ഛന്നമായ ആത്മകഥകളാണെന്ന് സല്‍മാന്‍ റുഷ്ദി പറഞ്ഞത് ഇവിടെ ഞാന്‍ ഓര്‍ത്തുപോകുന്നു. ദുരൂഹതയുടെ വന്യമായ ഒരു ആഘോഷമൊരുക്കിക്കൊണ്ടും കാര്യകാരണബന്ധങ്ങള്‍ മിക്കപ്പോഴും തകര്‍ത്തുകൊണ്ടും ഭാവസന്ദിഗ്ദ്ധതയുടെ വിവിധങ്ങളായ സംയോഗങ്ങളിലേക്ക് എത്തിച്ചുകൊണ്ടും നോവലിസ്റ്റ് തന്റെ ദൃശ്യപരതയെ അപ്രത്യക്ഷമാക്കുന്നു.
വിഭിന്നമായ ആഖ്യാനഖണ്ഡങ്ങളെ കോര്‍ത്തിണക്കുന്ന ഒരു ഫ്രേമിങ് ഡിവൈസ് അമീര്‍ ഉപയോഗിച്ചിരുന്നെങ്കില്‍ നോവലിന് കൂടുതല്‍ മികവ് കിട്ടുമായിരുന്നുവെന്ന് എനിക്ക് തോന്നുന്നു. നോവലിന്റെ ക്രാഫ്റ്റില്‍ കൂടുതല്‍ നോവലിസ്റ്റിനെ ഓര്‍മ്മിപ്പിക്കുകയെന്നതും നിരൂപകനെന്ന രീതിയില്‍ എന്റെ ധര്‍മ്മമാണെന്ന് ഞാന്‍ കരുതുന്നു. വസ്തുനിഷ്ഠ യാഥാര്‍ഥ്യത്തിന്റെ നിരനിരയായ പ്രവാഹം നമ്മെ നോവലില്‍ വിശ്രമിപ്പിക്കുന്നു. മാന്ത്രികമായ ഒരു ലോകത്ത് നിലകൊള്ളുന്ന പ്ലാവെന്ന നോവലിലെ സാന്നിധ്യം വായനക്കാരനെ വിറകൊള്ളിക്കുന്നു. അതോടുചേര്‍ന്ന് ഭ്രമകല്പനയുടെ ഊടും പാവും നെയ്‌തെടുക്കുന്ന നോവലിസ്റ്റിനെ നാം കാണുന്നു. പാരനോയിയയുടെ ഉയര്‍ന്ന തലങ്ങളിലേക്ക് ആഖ്യാനം വളരുമ്പോള്‍ വായനക്കാരന്‍ ആശയക്കുഴപ്പത്തിലാകുന്ന ഘട്ടങ്ങള്‍ വന്നെത്തുന്നു. ഓര്‍മ്മയുടെ ലാബറിന്തുകളിലേക്ക് നമ്മെ പിടിച്ചു നടത്തുമ്പോഴും കലയുടെ ചാരുതകള്‍ അമീറിന്റെ ആഖ്യാനലോകത്ത് നിറഞ്ഞുനില്‍ക്കുന്നു. കൂടുതല്‍ വിദഗ്ദ്ധമായ ആഖ്യായ വഴികളിലേക്ക് നോവലിസ്റ്റ് മുന്നേറുമെന്ന് പ്രതീക്ഷ തരുന്ന നോവലാണ് ‘പാതിരാപ്ലാവ്’.