(പൊട്ടന്‍ തെയ്യത്തിന്റെ കഥ)
സി.പ്രകാശ്
കറന്റ് ബുക്‌സ് തൃശൂര്‍ 2022

സി.പ്രകാശിന്റെ കൃതിയാണ് പൊട്ടന്‍ തമ്പാച്ചി. മനുഷ്യനെ ദൈവമാക്കുന്ന കലയാണ് തെയ്യം. ഉത്തരമലബാറിലെ അനുഷ്ഠാന കല. അതിനപ്പുറത്ത് അതൊരനുഭവമാകുന്നതക്ക എങ്ങനെയാണ്? അതു നിറവേറ്റുന്ന സാമൂഹിക ധര്‍മമെന്താണ്? ഈ ചോദ്യങ്ങള്‍ കുട്ടികളുടെ ഭാഷയില്‍ ചോദിക്കുകയും ഉത്തരം തേടുകയുമാണ് ഈ പുസ്തകത്തില്‍. പൊട്ടന്‍ തെയ്യത്തെക്കുറിച്ചു മാത്രമല്ല, തെയ്യക്കാവുകളെക്കുറിച്ചും അവിടെ നടക്കുന്ന കളിയാട്ടത്തിന്റെ ഒരുക്കങ്ങളെക്കുറിച്ചും ഉള്ള നല്ലൊരു ഡോക്യുമെന്റേഷന്‍ കൂടിയാണ് ഈ ചെറുപുസ്തകം. തെയ്യങ്ങളുടെ അത്ഭുത ലോകത്തേക്കും അനുഭൂതിയിലേക്കും കുട്ടികളെ മാത്രമല്ല, മുതിര്‍ന്നവരെയും നയിക്കുന്നു ഈ പുസ്തകം.
തമ്പാച്ചീ… ഉമ്പാക്കല്ലേ… എന്ന പേരില്‍ സി.പ്രകാശ് എഴുതിയ ആമുഖം ഇങ്ങനെയാണ്: ” കനല്‍ക്കൂമ്പാരത്തിലും ആളിപ്പടരുന്ന അഗ്നികുണ്ഠത്തിലും മലര്‍ന്നുകിടന്ന് പൊട്ടിച്ചിരിച്ചുകൊണ്ട്, തര്‍ക്കവും വേദാന്തവും ഫലിതവും കലര്‍ത്തി തനിക്കുചുറ്റും കുറിക്കുകൊള്ളുന്ന ചോദ്യങ്ങള്‍ തൊടുക്കുന്ന തെയ്യമാണ് പൊട്ടന്‍തെയ്യം.
കൊച്ചുകുട്ടികളുടെ പൊട്ടന്‍ തമ്പാച്ചി!
ഉത്തരമലബാറിന്റെ നാട്ടുഭാഷയില്‍ തമ്പാച്ചി എന്ന പദം ദൈവത്തെ കുറിക്കുന്നു. തെയ്യങ്ങള്‍ക്കുമുന്നില്‍ ഭക്തിനിര്‍ഭര ഹൃദയത്തോടെ നില്‍ക്കുന്ന അമ്മമാര്‍ ഒക്കത്തിരിക്കുന്ന കുഞ്ഞുങ്ങളോടു പറയുക പതിവുണ്ട്, ‘തൊവുത് പ്രാര്‍ത്ഥിച്ചോ, തമ്പാച്ചീ.. ഉമ്പാക്കല്ലേ’ എന്ന്. തൊഴുതു പ്രാര്‍ത്ഥിച്ചോളൂ, ദൈവേ.. രോഗം വരുത്തല്ലേ എന്നാണ് അതിന്റെ ശരിഭാഷ.
മനുഷ്യനെ ദൈവമാക്കുന്ന കലയത്രേ തെയ്യം. ഉത്തരമലബാറിന്റെ അനുഷ്ഠാന കല. അതിനപ്പുറത്ത് അതൊരനുഭവമാകുന്നത് എങ്ങനെയാണ്? അതു നിറവേറ്റുന്ന സാമൂഹിക ധര്‍മ്മമെന്താണ്? ഈ ചോദ്യങ്ങള്‍ കുട്ടികളുടെ ഭാഷയില്‍ ചോദിക്കുകയും കുട്ടികള്‍ക്കു മനസ്സിലാകുന്ന വിധത്തില്‍ ഉത്തരം തേടുകയുമാണ് ഈ പുസ്തകത്തില്‍. അതിനു മുഖ്യമായി അവലംബിക്കുന്നത് പൊട്ടന്‍ തെയ്യത്തിന്റെ കലയാണ്.
രചനയ്ക്കു സഹായകമാവുംവിധം ചില അറിവുകളും അനുഭവങ്ങളും പങ്കിടാന്‍ തയ്യാറായ തെയ്യം കലാകാരനായ സുഹൃത്ത് ശ്രീ. ചെറുതാഴം തുമ്പക്കോല്‍ ചന്തുപ്പണിക്കര്‍ക്കും ഈ ചെറുകൃതിയുടെ ഉള്ളുതൊട്ടറിഞ്ഞ് ഉചിതമായി ഒരു അവതാരിക എഴുതിത്തന്ന ഫോക്‌ലോര്‍ ഗവേഷകന്‍ ശ്രീ.ബാലകൃഷ്ണന്‍ കൊയ്യാലിനും നന്ദി. ഒപ്പം, ചിത്രങ്ങള്‍ വരച്ച അഥര്‍വ്, അദ്വൈത് എന്നീ കുട്ടികള്‍ക്കും.
ഒരു പൊട്ടന്‍കളിയാട്ടസ്ഥാനത്തെ കാഴ്ചകള്‍, അനുഭവങ്ങള്‍… ഒരു കുട്ടിയുടെ കണ്ണിലൂടെ അതെല്ലാം അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്. അതുവഴി തെയ്യങ്ങളുടെ അനുഭവലോകത്തിനു പുറത്തുള്ള കുട്ടികള്‍ക്ക് ആ ലോകത്തെ പരിചയപ്പെടുത്തുക. അതാണ് ഈ ലളിത രചനയുടെ ലക്ഷ്യം.”
ബാലകൃഷ്ണന്‍ കൊയ്യാലിന്റെ പൊള്ളുന്ന പൊട്ടന്‍ എന്ന അവതാരികയില്‍നിന്ന്:
” അമ്മോ… ഈ പൊട്ടനു പൊള്ളൂല്ലേ?”
തെയ്യക്കാവിന്റെ കിഴക്കുഭാഗത്തായി കൂട്ടിയ മേലേരിയെന്ന അഗ്നികുണ്ഠത്തില്‍ വീഴുകയും, ഇരുന്നു തിരിയുകയും, അതിനിടയില്‍ തമാശപറഞ്ഞു പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന പൊട്ടന്‍ തെയ്യത്തെ നോക്കി കുട്ടിക്കാലത്ത് ഞങ്ങളൊക്കെ വല്ലാതെ വേവലാതിപ്പെട്ടിരുന്നു. അതിശയപ്പെട്ടിരുന്നു, ഉള്ളില്‍ ലേശം ഭയപ്പാടും. തോറ്റംപാട്ടില്‍നിന്ന് മനസ്സിലാക്കിയ കാര്യങ്ങളും, മുതിര്‍ന്നവരുടെ വായില്‍നിന്ന് പലപ്പോഴായി വീണുകിട്ടുന്ന കഥാശകലങ്ങളുമൊക്കെ വച്ചുചേര്‍ത്ത് മനസ്സില്‍ ഒരു പൊട്ടന്‍തെയ്യം വരച്ചിടുകയും ചെയ്തിരുന്നു. തെയ്യക്കാലങ്ങളിലെ ഇടവേളകളില്‍, മുറ്റത്തെ തൈത്തെങ്ങില്‍നിന്ന് പറിച്ചെടുത്ത ഒാലക്കീറുകള്‍ എച്ചുകെട്ടി ആണ്‍കുട്ടികളും പെണ്‍കുട്ടികളും ചേര്‍ന്ന ഞങ്ങളുടെ സംഘങ്ങള്‍, മുതിര്‍ന്നവര്‍ കാണാത്ത പറമ്പിന്റെ മൂലയില്‍നിന്ന് തെയ്യംകെട്ടി കളിച്ചിരുന്നു. തോറ്റംപാട്ടും വായ്ത്താരിയില്‍ ചിലതുമൊക്കെ ഞങ്ങള്‍ക്കും അറിയാമായിരുന്നു. പഴയ ടിന്നു പാത്രങ്ങളായിരുന്നു ചെണ്ടയായി ഉപയോഗിച്ചിരുന്നത്. തോറ്റംപാടിയും ഉറഞ്ഞുതുള്ളിയും ഞങ്ങളന്ന് അവതരിപ്പിച്ച തെയ്യങ്ങള്‍ക്കു പിന്നില്‍ വലിയ അര്‍ത്ഥതലങ്ങളുണ്ടെന്നു മനസ്സിലാക്കാന്‍ കാലമേറെയെടുത്തു.
പിന്നീട്, ഫോക്‌ലോര്‍ എന്ന വിഷയം ഗൗരവമായി പഠിക്കുന്ന കാലത്താണ് പൊട്ടന്‍തെയ്യം വെറും പൊട്ടനല്ലെന്ന് മനസ്സിലായത്.
പൊട്ടന്‍ തെയ്യത്തിന്റേത് വളരെ സാമൂഹിക പ്രസക്തമായ കഥയാണെന്ന് ക്രമേണ തിരിച്ചറിഞ്ഞു. അതുപോലെ മറ്റു പല തെയ്യക്കഥകളും. അതില്‍ ചരിത്രമുണ്ട്. കീഴാള സമൂഹം ഒരുകാലത്ത് അനുഭവിച്ച നോവുകളുണ്ട്. ജാതിയുടെ പേരില്‍ അനുഭവിക്കേണ്ടിവന്ന തീവ്രയാതനകളുടെ വിവരണമുണ്ട്. ജാതിയെന്ന ദുരാചാരത്തെ പൊളിച്ചടുക്കുന്നുണ്ട്. ഗഹനമായ വിജ്ഞാനശകലങ്ങളുണ്ട്.
അതിലൊക്കെ ഉപരിയായി താഴ്ന്ന ജാതിക്കാരെന്നു പറഞ്ഞ് അകറ്റിനിര്‍ത്തിയിരുന്ന ജനവിഭാഗങ്ങള്‍ക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള ആവേശം നല്‍കുന്നുമുണ്ട്, ആ കഥകള്‍.
ആവേശകരമായ ആ പൊട്ടന്‍തെയ്യത്തിന്റെ കഥയാണ് കുട്ടികള്‍ക്കു മനസ്സിലാകുന്ന ഭാഷയില്‍ സി.പ്രകാശ് ഈ കൊച്ചുപുസ്തകത്തില്‍ മനോഹരമായി പറഞ്ഞുപോകുന്നത്. സാധാരണ തെയ്യക്കോലത്തില്‍നിന്ന് വളരെ വ്യത്യസ്തകളുണ്ട് പൊട്ടന്‍തെയ്യത്തിന്. ശങ്കാരചാര്യരും ചണ്ഡാലനും തമ്മിലുള്ള സംവാദം ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന പൊട്ടന്‍തെയ്യത്തിന്റെ തോറ്റംപാട്ട് ലോകത്തെ അതിശയിപ്പിക്കുന്ന സാമൂഹിക ദര്‍ശനങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. അവതരണത്തിലുമുണ്ട് പ്രത്യേകതകള്‍.
പുലമാരുതന്‍, പുലപ്പൊട്ടന്‍, പുലച്ചാമുണ്ഡി എന്നിങ്ങനെ സങ്കീര്‍ണമായ അവതരണ രീതിയാണ് പൊട്ടന്‍തെയ്യത്തിനുള്ളത്. ഇതൊക്കെ പുസ്തകത്തില്‍ നന്നായി വിവരിക്കുന്നുണ്ട്. അതോടൊപ്പം, തെയ്യത്തിന്റെ ഭാഗമായുള്ള നിരവധി അനുഷ്ഠാനങ്ങളെക്കുറിച്ചും ലളിതമായി വിശദീകരിക്കുന്നു.
പൊട്ടന്‍തെയ്യത്തെക്കുറിച്ചു മാത്രമല്ല, തെയ്യക്കാവുകളെക്കുറിച്ചും അവിടെ നടക്കുന്ന കളിയാട്ടത്തിന്റെ ഒരുക്കങ്ങളെക്കുറിച്ചും ഉള്ള നല്ലൊരു ഡോക്യുമെന്റേഷന്‍ കൂടിയാണ് ഈ ചെറുപുസ്തകം. കുട്ടികളുടെ കണ്ണില്‍ക്കൂടി കാണുകയും അവരുടെ മനസ്സിലൂടെ സഞ്ചരിക്കുകയും അവരുടെട ഭാഷയിലൂടെ പറയുകയും ചെയ്യുന്ന പുസ്തകം.
എടുത്തു പറയേണ്ട മറ്റൊരു കാര്യം, പുതിയ കാലത്തു ജീവിക്കുന്ന മുതിര്‍ന്നവരും കുട്ടികളുമായ കഥാപാത്രങ്ങളിലൂടെ പഴമയും പുതുമയും ഇഴചേര്‍ക്കാനുള്ള ഗ്രന്ഥകാരന്റെ ശ്രമമാണ്. പഴയകാലത്ത് രൂപംകൊണ്ട ഒരു അനുഷ്ഠാന കലാരൂപത്തെ അനാവരണം ചെയ്യാന്‍ ആ ചുറ്റുപാടുകളില്‍ നിന്ന് അകന്ന് ജീവിതം നയിക്കുന്ന കഥാപാത്രങ്ങളെക്കൂടി വളരെ സ്വാഭാവികതയോടെ കഥപറച്ചിലില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. തെയ്യം നിലനില്‍ക്കുന്ന സാംസ്‌കാരിക പരിസരത്തിനുപുറത്ത് ജീവിക്കുന്നവര്‍ക്കും ഉള്‍ക്കൊളളാന്‍ പാകത്തിലുള്ള ഒരു രചനാകൗശലം തന്നെയാണിത്. തെയ്യത്തെക്കുറിച്ചുള്ള സങ്കീര്‍ണമായ പല ചോദ്യങ്ങള്‍ ചോദിക്കാനും കുട്ടികള്‍ക്കു കൂടി മനസ്സിലാകുന്ന രീതിയില്‍ അവയ്ക്കുള്ള ഉത്തരങ്ങള്‍ കണ്ടെത്താനും ഗ്രന്ഥകാരന്‍ ശ്രമിച്ചിട്ടുണ്ട്. അത്തരം കാര്യങ്ങളുടെ ചര്‍ച്ചകളില്‍ വളരെ പ്രസക്തമായ ഒരു ദിശാബോധം പ്രകാശ് പുസ്തകത്തിലുടനീളം പുലര്‍ത്തുന്നു എന്നതും ശ്രദ്ധേയമാണ്. കുട്ടികളായ കലാകാരന്മാര്‍ വരച്ച ചിത്രങ്ങളാണ് ഇതിലെ മറ്റൊരു കൗതുകം.
പുസ്തകത്തിലെ പ്രധാന കഥാപാത്രമായ നന്ദുവിന്റെ ശൈലി കടമെടുക്കുകയാണ്: ”ഹായ് ഗയിസ്, ഇതാ പൊട്ടന്‍ തെയ്യത്തെക്കുറിച്ച് നമ്മള്‍ കുട്ടികള്‍ക്കായി ഒരു കിടിലന്‍ പുസ്തകം. തെയ്യത്തെക്കുറിച്ച് പൊതുവായും കുറെ കാര്യങ്ങളറിയാം. പഴയകാലത്തെ ജീവിതത്തെക്കുറിച്ച് നമ്മളെല്ലാം അറിഞ്ഞിരിക്കേണ്ട ഒത്തിരി കാര്യങ്ങള്‍. എല്ലാവരും വായിക്കണം. പറ്റിയാല്‍ പഴയ കോലത്തുനാട്ടിലെ കാവുകളില്‍ വന്ന് തെയ്യം കാണണം”.
കുട്ടികളുടെയും മുതിര്‍ന്നവരുടെയും വായനയ്ക്കായി ഈ പുസ്തകം സന്തോഷപൂര്‍വം അവതരിപ്പിക്കുന്നു.”
ഇതാണ് അവതാരിക.

ഈ പുസ്തകത്തില്‍ ചിത്രങ്ങള്‍ വരച്ചിരിക്കുന്നത് ഇരട്ട സഹോദരന്മാരായ അദ്വൈതും അഥര്‍വുമാണ്. കാസര്‍കോട് ചെറുവത്തൂര്‍ രാമഞ്ചിറ കക്കടത്ത് ഹൗസില്‍ വൈദ്യുതി വകുപ്പ് ജീവനക്കാരനായ കെ.കുമാരന്റെയും എം.പുഷ്പയുടെയും മക്കളാണ്. ചെറുവത്തൂര്‍ കുട്ടമത്ത് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളാണ്.