(നോവല്‍)
വൈക്കം മുഹമ്മദ് ബഷീര്‍
ആദ്യപ്രസിദ്ധീകരണം 1943

വൈക്കം മുഹമ്മദ് ബഷീറിന്റെ വിശ്രുത നോവലുകളിലൊന്നാണ് പ്രേമലേഖനം. കേശവന്‍ നായര്‍, സാറാമ്മ എന്നീ രണ്ടു കഥാപാത്രങ്ങളാണ് ഇതിലുള്ളത്. പ്രേമലേഖനത്തിന്റെ പശ്ചാത്തലത്തെപ്പറ്റി നോവലിസ്റ്റ് ആമുഖത്തില്‍ ഇങ്ങനെ എഴുതുന്നു: ” 1942ല്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ വച്ച് എഴുതി, ജയില്‍പ്പുള്ളികള്‍ക്ക് കഥകള്‍ വായിക്കാന്‍ ആഗ്രഹമുണ്ടെന്ന് അപേക്ഷിച്ചപ്പോള്‍. രാജദ്രോഹക്കുറ്റത്തിന് രണ്ടരക്കൊല്ലം കഠിനശിക്ഷ അനുഭവിക്കുന്ന കാലം”;
1942ല്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ വച്ചെഴുതി.1943ല്‍ പ്രസിദ്ധപ്പെടുത്തി.1944ല്‍ തിരുവിതാംകൂര്‍ രാജ്യത്ത് നിരോധിക്കുകയും കണ്ടുകെട്ടുകയും ചെയ്തു.
ബഷീര്‍ സാഹിത്യത്തെപ്പറ്റി എം.ടി.വാസുദേവന്‍ നായര്‍ പറഞ്ഞതിങ്ങനെ: ” ബഷീര്‍ ഉപയോഗപ്പെടുത്തിയ ജീവിത സന്ധികള്‍ അതിസാധാരണമാണ്. അതിലോലവും സാധാരണവുമായ ജീവിതസന്ധികളില്‍നിന്ന് മനുഷ്യന്റെ അഗാധ സങ്കീര്‍ണതകളെ, ഒന്നുമറിയാത്ത നിഷ്‌കളങ്ക ഭാവത്തില്‍, അനാവരണം ചെയ്യുന്നു. കഥ പറയാനറിയുന്ന ഈ കാഥികന്‍, ഞങ്ങളില്‍ പലരും കഥ ‘എഴുതാന്‍’ പാടുപെടുമ്പോള്‍ ബഷീര്‍ അനായാസമായി കഥ ‘പറയുന്നു’. പ്രാചീനകാലത്തെ അറേബ്യന്‍ ലോകങ്ങളിലെ നഗരങ്ങളില്‍, ചന്തകളില്‍, കൂടാരങ്ങള്‍ കെട്ടി കഥ പറഞ്ഞിരുന്നവരെപ്പറ്റി പുസ്തകങ്ങളില്‍ നാം വായിച്ചിട്ടുണ്ട്.
ആ കാഥികന്മാരുടെ പാരമ്പര്യത്തിന്റെ ചൈതന്യധാര ബഷീര്‍ എന്ന കാഥികനിലുണ്ട്. ബഷീര്‍ മുകില ചക്രവര്‍ത്തിമാരില്‍ തന്റെ കഷണ്ടിക്ക് ഗ്ലാമറുണ്ടാക്കാന്‍ പാരമ്പര്യം തേടിയത് വെറും നേരമ്പോക്കുമാത്രം. അതിനുമപ്പുറം, ബാഗ്ദാദിലെയും ബസ്രായിലെയും കൈറോവിലെയും വഴിവക്കിലെ അലങ്കരിച്ച കൂടാരങ്ങളില്‍ സുഗന്ധം പുരണ്ട അര്‍ധവെളിച്ചത്തില്‍ കഥ പറഞ്ഞിരുന്ന അജ്ഞാതരായ പ്രതിഭാശാലികളിലാണ് ബഷീറിന്റെ കലയുടെ അടിവേരുകള്‍ അന്വേഷിച്ചാല്‍ നാമെത്തുന്നത്.”
സീതാരാമന്‍ (പി.ശ്രീധരന്‍ പിള്ള) പണ്ട് മാതൃഭൂമിയില്‍ എഴുതിയ പുസ്തകാഭിപ്രായത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: ” കേശവന്‍ നായരെന്ന ഒരു യുവാവ് സാറാമ്മ എന്ന യുവതിയില്‍ അനുരക്തനാവുന്നതാണ് പ്രേമലേഖനത്തിലെ ഇതിവൃത്തം. പെറ്റമ്മയില്ലാത്ത സാറാമ്മയ്ക്ക് ചിറ്റമ്മയാല്‍ ഭരിക്കപ്പെടുന്ന പിതാവുമൊന്നിച്ചുള്ള താമസം വേനലില്‍ അണിഞ്ഞ രോമകഞ്ചുകം പോലെ അനുഭവപ്പെടുന്ന കാലമാണ്. അവള്‍ക്കു സ്ത്രീധനമില്ല, മറ്റു ബന്ധുക്കളാരുമില്ല. പക്ഷേ, അവള്‍ക്ക് വിവേചനശക്തിയും വകതിരിവുമുണ്ട്. ഇന്റര്‍മീഡിയറ്റുകാരിയായ അവള്‍ ഒരു പണി തിരക്കുന്ന അവസരത്തില്‍ത്തന്നെ സ്‌നേഹിക്കുക എന്ന പണി കേശവന്‍ നായര്‍ അവള്‍ക്കു കൊടുപ്പാന്‍ ഒരുക്കമുണ്ട്. അയാളില്‍ അനുരക്തയെങ്കിലും അവള്‍ നന്നായി ആലോചിച്ചശേഷം മാസം ഇരുപതുരൂപ ശമ്പളത്തില്‍ ആ പണി സ്വീകരിക്കുന്നു. എന്നാല്‍, നായര്‍ ഒരു ചുംബനം ആവശ്യപ്പെടുമ്പോള്‍ ‘അതു കരാറിലില്ലല്ലോ’ എന്നു പറഞ്ഞൊഴിവാനുള്ള തന്റേടമവള്‍ക്കുണ്ട്. അഞ്ചുമാസക്കാലം അവള്‍ കേശവന്‍ നായരുടെ വേതനം പറ്റിക്കൊണ്ടും പ്രതിഫലമായി അയാളെ സ്‌നേഹിക്കുക മാത്രം ചെയ്തും കഴിച്ചുകൂട്ടുന്നു. അതിനുശേഷം നായര്‍ക്ക് മറുനാട്ടില്‍ ഒരു നല്ല ജോലി കിട്ടുകയും അവിടേക്കു യാത്രയാവുമ്പോള്‍ അവള്‍ പൂര്‍ണമനസ്സാലെ അയാളെ അനുഗമിക്കുകയും ചെയ്യുന്നു. ട്രെയിനില്‍ വച്ച് അവള്‍ അതുവരെ അയാളില്‍നിന്നു പറ്റിയ തുകയും അതില്‍നിന്ന് ഒരു രൂപ മുടക്കി നേടിയ സമ്മാനത്തിന്റെ മുഴുവന്‍ സംഖ്യയും കൂടി കേശവന്‍ നായരെ എല്‍പ്പിക്കുന്നു”.