(ഓര്‍മ്മകള്‍)
ഒരുകൂട്ടം എഴുത്തുകാര്‍
സ്വിറ്റ്‌സര്‍ലാന്‍ഡിലെ ഒരുകൂട്ടം എഴുത്തുകാരുടെ ഓര്‍മ്മകളുടെ പുസ്തകമാണിത്. സുനില്‍ പി ഇളയിടത്തിന്റെ അവതാരിക. കാലത്തിന്റേയും ജീവിതത്തിന്റേയും ഒരറ്റത്ത് നിലയുറപ്പിച്ചുകൊണ്ട് മറ്റൊരറ്റത്തിലേക്കുള്ള കാലത്തിലേക്കുള്ള നോട്ടങ്ങള്‍ എത്തിക്കുന്നതാണ് കൃതി. സുനില്‍ അവതാരികയില്‍ ഇങ്ങനെ എഴുതുന്നു: വ്യക്തിജീവിതവും വികാരാനുഭൂതികളും ചരിത്രവും എല്ലാം അതില്‍ കൂടിക്കലര്‍ന്നിട്ടുണ്ട്. പൊയ്പ്പോയ കാലത്തെ തേടിയുള്ള സഞ്ചാരങ്ങളാണവ. ഓര്‍മ്മകള്‍ കൊണ്ട് അതിനെ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍. ഓര്‍മ്മയായിത്തെളിയുന്ന ചരിത്രം. ഈ ഓര്‍മ്മകള്‍ എല്ലാം ചേര്‍ത്തുവയ്ക്കുന്ന ഒരു പുസ്തകം എന്താണ് നമ്മോടു പറയുന്നത്? ഇതിലെ ഓരോ രചനയും പലപല അനുപാതത്തില്‍ അവയുടെ രചയിതാക്കളുടെ വ്യക്തിഗതമായ അനുഭവങ്ങളുടെ ആവിഷ്‌ക്കാരങ്ങളാണ്. അതിനപ്പുറം അവയ്ക്കെന്തെങ്കിലും മൂല്യമുണ്ടോ? ഉണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ഈ കുറിപ്പിന്റെ തുടക്കത്തില്‍ പറഞ്ഞതുപോലെ അവയെല്ലാം അതിജീവനത്തിന്റെ വഴികള്‍ കൂടിയാണ്. ആഹ്ലാദവും വിഷാദവും യാതനയും കണ്ണുനീരും കലര്‍ന്ന ആ വാക്കുകള്‍ക്കിടയില്‍ മനുഷ്യവംശം അതിജീവിക്കുന്നതിന്റെ പാഠങ്ങള്‍ ഒളിഞ്ഞുകിടക്കുന്നുണ്ട്. ജീവിതയാത്രകളുടെ ഒരു സിംഫണി. അവയിലൂടെ കടന്നുപോകൂ; ജീവിതത്തെ അതിന്റെ ഭിന്നരൂപങ്ങളില്‍ നമുക്ക് കാണാനാകും. അന്തിമമായി ഒരു പുസ്തകത്തിന്റെയും സാഫല്യം ഇതിനപ്പുറമല്ലല്ലോ –