(ഓര്‍മ്മകള്‍)
രഘുനന്ദനന്‍ കെ.
ഒലിവ് ബുക്‌സ് കോഴിക്കോട്‌
പ്രവാസജീവിതത്തിലെ ഓര്‍മകളെയും വായനയുടെയും എഴുത്തിന്റെയും ലോകത്ത് എന്നെ സ്പര്‍ശിച്ച പ്രിയപ്പെട്ടവരെയും കുറിച്ചുള്ള കുറിപ്പുകള്‍ ആണ് ഈ പുസ്തകം. മുഖവുരയല്ല… എന്ന പേരില്‍ രഘുനന്ദനന്‍ എഴുതിയ മുഖവുര ചുവടെ:
പെയ്തുതീരാത്ത ജീവിതത്തിലെ ചില ഓര്‍മകളെ ചിതറിത്തെറിച്ചു പോയേക്കാവുന്ന ചിലതിനെ, അക്ഷരങ്ങളിലൂടെ അടുക്കിപ്പെറുക്കി വയ്ക്കുക എന്നതു മാത്രമാണ് ഈ ചെറുപുസ്തകം. ഒരാളുടെ ഓര്‍മകള്‍ എങ്ങനെയാണ് ഒരു ജനസാമാന്യത്തിന് വായനാനുഭവമായി മാറുക എന്നത് കൗതുകം കലര്‍ന്ന കാര്യമാണ്. എന്നാല്‍, ജീവിതത്തിന്റെ നിരന്തരമായ സാധനയിലൂടെ ഓരോരുത്തരും നേടുന്നതും പങ്കിടുന്നതും ഓര്‍മകളുടെയും അനുഭവങ്ങളുടെയും ചിതല്‍പുറ്റുകള്‍ തന്നെയാണ്. തികച്ചും വ്യക്തിപരമെന്ന് തോന്നുമെങ്കിലും അപരന്റേതു കൂടിയാവാന്‍, സമാനതകള്‍ ഏറെ ഉണ്ടാവാന്‍ സാധ്യതകള്‍ ഉള്ള ഓര്‍മകളെയാണ് ഞാന്‍ അടുക്കിവയ്ക്കാന്‍ ശ്രമിക്കുന്നത്.
നാളിതുവരെയുള്ള പ്രവാസജീവിതത്തിലെ ഓര്‍മകളെയും വായനയുടെയും എഴുത്തിന്റെയും ലോകത്ത് എന്നെ സ്പര്‍ശിച്ച പ്രിയപ്പെട്ടവരെയും കുറിച്ചുള്ള കുറിപ്പുകള്‍ ആണ് ഈ പുസ്തകം. കാല്‍നൂറ്റാണ്ട് പിന്നിട്ട എഴുത്തുജീവിതത്തില്‍ പൂര്‍ണമായും ഒരു പുസ്തകം എന്ന രീതിയില്‍ എന്റേതായി ‘മലര്‍ന്നു പറക്കുന്ന പട്ടം’ എന്ന കവിതാസമാഹാരം മാത്രമാണ് വായനക്കാര്‍ക്ക് മുന്നില്‍ എത്തിയിട്ടുള്ളത്. പ്രഥമ പുസ്തകത്തിന് വായനയുടെ സ്‌നേഹമസൃണമായ സ്വീകാര്യതയാണ് പ്രിയപ്പെട്ടവരില്‍ നിന്നുണ്ടായത്. അതുകൊണ്ടുതന്നെയാവണം രണ്ടാമതൊരു പുസ്തകം എന്ന സാഹസത്തിന് ഞാന്‍ മുതിരുന്നത്..
ഭൂതകാലത്തിന്റെ നേരെഴുത്തെന്നോ, തുറന്നുപറച്ചില്‍ എന്നോ? കാണാവുന്നത്. പക്ഷേ ഈ പുസ്തകത്തില്‍ കുളിര്‍മഴ ഉണ്ടാവില്ല. കാറ്റും കോളും നിറഞ്ഞ ജീവിത നൈരന്തര്യങ്ങളുടെ അഴലാഴങ്ങളിലേക്ക് കൂടിയുള്ള യാത്രയാണല്ലോ ഓരോ ജീവിതവും. സന്തോഷത്തിന്റെയും മതിമറന്ന ആഹ്ലാദനിമിഷങ്ങളുടെയും പൊടിപ്പുകള്‍ ഇല്ലെന്നല്ല; എപ്പോഴും പിന്തുടരുന്ന ഏകാന്തമായ ഒരു യാത്രയുടെ തുടര്‍ച്ചയില്‍ തന്നെയാണ് ഞാന്‍. ഈ പുസ്തകത്തിലെ ഓരോ വരിയും എഴുതുമ്പോള്‍ ഭാഷയുടെ ആലങ്കാരികഭാരം ഇല്ലാതിരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്, കാരണം, എനിക്കു പറയാനുള്ളത് നിങ്ങള്‍ക്കും തൊട്ടടുത്തു നിന്നു കാണാനുള്ളത് തന്നെയാണ്.
എന്റെ പുസ്തകം ഉണ്ടാവണമെന്നു ആത്മാര്‍ഥമായി ആഗ്രഹിക്കുകയും പറയുകയും ചെയ്ത പ്രിയപ്പെട്ടവര്‍ ഏറെയാണ്. ഇതുവരെ എന്നെ ചേര്‍ത്തുനിര്‍ത്തിയ എല്ലാ പ്രിയപ്പെട്ടവര്‍ക്കും സ്‌നേഹം. എന്റെ വാക്കുകള്‍ക്കു വരകള്‍ കൊണ്ടു സ്പര്‍ശം നല്‍കിയ കൂട്ടുകാരന്‍ ജയശങ്കറിനും, ഈ പുസ്തകത്തിന് ഉയിര്‍കൊടുക്കുന്ന ഒലീവിനും, സ്‌നേഹിതന്‍ സന്ദീപിനും സ്‌നേഹാലിംഗനം! ഈ ഓര്‍മപുസ്തകം നിങ്ങളെ ഏല്‍പ്പിക്കുന്നു.
സപ്രിയം കെ രഘുനന്ദനന്‍