(പരിസ്ഥിതി വിജ്ഞാനം)
ഇന്ദുചൂഡന്‍ (കെ.കെ.നീലകണ്ഠന്‍)
കേരള സാഹിത്യ അക്കാദമി
ആദ്യപതിപ്പ് 1958

കേരള സാഹിത്യ അക്കാദമിയുടെ ഒന്നാമത്തെ പ്രസിദ്ധീകരണമാണ് കേരളത്തിലെ പക്ഷികള്‍. 1951 സെപ്തംബറില്‍ അന്നത്തെ പത്രാധിപരായിരുന്ന എന്‍.വി.കൃഷ്ണവാരിയരുടെ നിര്‍ബന്ധപ്രകാരം മാതൃഭൂമി വാരികയില്‍ എഴുതിയ നൂറോളം ലേഖനങ്ങള്‍ കൃഷ്ണവാരിയരുടെതന്നെ നിര്‍ദേശപ്രകാരം പുസ്തകമാക്കുകയായിരുന്നു. രാജ്യത്തെ പ്രമുഖ പക്ഷിശാസ്ത്രജ്ഞനായിരുന്ന സാലിം അലിയുടെ ‘ഓര്‍ണിത്തോളജി ഓഫ് ട്രാവന്‍കൂര്‍ ആന്റ് കൊച്ചിന്‍’, ‘ബേര്‍ഡ്‌സ് ഓഫ് ട്രാവന്‍കൂര്‍ ആന്റ് കൊച്ചിന്‍’ എന്നീ കൃതികളെയും ആശ്രയിച്ചാണ് ഇന്ദുചൂഡന്‍ രചന നടത്തിയിരിക്കുന്നതെന്ന് അദ്ദേഹംതന്നെ പറഞ്ഞിരിക്കുന്നു. ഈ പുസ്തകത്തിലെ ചിത്രങ്ങള്‍ മിക്കതും സാലിം അലിയുടെ ‘ബുക്ക് ഓഫ് ഇന്ത്യന്‍ ബേര്‍ഡ്‌സ്’ ന്റെ നാലാംപതിപ്പിലുള്ള വര്‍ണചിത്രങ്ങളെ ആശ്രയിച്ചുവരച്ചവയാണ്.
പക്ഷിനിരീക്ഷണത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് ഇന്ദുചൂഡന്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: ” എതിനെയും ഉപയോഗവാദത്തിന്റെ (യൂട്ടിലിറ്റേറിയന്‍ ഫിലോസഫി) കണ്ണടകളില്‍ക്കൂടി നോക്കിക്കാണുന്ന ആര്‍ക്കും പഠനത്തിനു പറ്റിയ വിഷയംതന്നെയാണ് പ്രകൃതി. സസ്യങ്ങള്‍, മൃഗങ്ങള്‍, പക്ഷികള്‍, ചെറുപ്രാണികള്‍ ഇവയില്‍നിന്നു ലബ്ധമാകുന്ന ഭൗതികങ്ങളായ നേട്ടങ്ങള്‍ നിര്‍ണയാതീതങ്ങളാണ്. പ്രായോഗിക പരിജ്ഞാനമുള്ള ഒരു സാമ്പത്തിക വിദഗ്ധനുപോലും ഒരു ലക്ഷം സംവത്സരക്കാലം ഗവേഷണം തുടരാന്‍ വേണ്ടുന്ന വക ഈ മണ്ഡലത്തില്‍ അന്തര്‍ഭവിച്ചിട്ടുണ്ട്.”
‘മുങ്ങാങ്കോഴിയും തുന്നാരനും വാനമ്പാടിയും മറ്റും’ എന്ന ലേഖനത്തില്‍ ഈ പുസ്തകത്തെപ്പറ്റി എഴുത്തുകാരനായ വി.ആര്‍.സുധീഷ് ഇപ്രകാരം എഴുതുന്നു: ” എതു നോവലിനെയാണ് ആത്മപുസ്തകമാക്കേണ്ടത്? എതു കാവ്യഗ്രന്ഥത്തില്‍നിന്നാണ് എറെ ജീവചൈതന്യം ചുരന്നുകിട്ടിയത്? എതു പഠനഗ്രന്ഥമാണ്, സമാഹാരമാണ്, തത്വചിന്താ പുസ്തകമാണ്, ജീവചരിത്രമാണ്, ആത്മകഥയാണ് ആഴത്തില്‍, വഴിവിളക്കുകള്‍പോലെ പ്രചോദനമായി നിന്നത്? നല്ല ഓര്‍മകളുടെ ഭൂതകാലവും കാഴ്ചയുടെ വര്‍ത്തമാന കാലവും നല്ല സ്വപ്‌നങ്ങളുടെ ഭാവികാലവും ഒരു പുസ്തകം നമുക്കു നല്‍കുമ്പോള്‍ അതുതന്നെയാണ് ആത്മപുസ്തകം”
സക്കറിയ ഇങ്ങനെ എഴുതി: ” മലയാളത്തിലെ എറ്റവും പ്രിയപ്പെട്ട അഞ്ചു പുസ്തകങ്ങള്‍ എടുത്താല്‍ അതിലൊന്ന് കെ.കെ.നീലകണ്ഠന്‍ എന്ന ഇന്ദുചൂഡന്റെ കേരളത്തിലെ പക്ഷികള്‍ ആയിരിക്കും…എന്നെസ്സംബന്ധിച്ചിടത്തോളമാവട്ടെ, എന്റെ മനസ്സിന്റെ അബോധതലങ്ങളില്‍ എഴുത്തിന്റെ അടിസ്ഥാനമിട്ടുതന്ന സ്വാധീനങ്ങളിലൊന്നാണ് കുട്ടിയായ ഞാന്‍ ഒന്നുമാലോചിക്കാതെ വായിച്ച ഇന്ദുചൂഡന്റെ നൃത്തംവയ്ക്കുന്ന മലയാളം… ലഘുവും ലളിതവും സൗമ്യവും പുഞ്ചിരി പുരണ്ടതുമായ വാക്കുകള്‍ മാത്രം പരത്താന്‍ കഴിയുന്ന ഒരു മാന്ത്രികവെളിച്ചം നിറഞ്ഞതായിരുന്നു ഇന്ദുചൂഡന്‍ തന്റെ പ്രിയപ്പെട്ട പക്ഷികള്‍ക്കുവേണ്ടി നിര്‍മിച്ച വാക്കുകള്‍കൊണ്ടുള്ള കൊട്ടാരം. പക്ഷികളെപ്പോലെ തന്നെ അദ്ദേഹത്തിന്റെ വാക്കുകള്‍ പറന്നു, തുള്ളിച്ചാടി, പാടി, നൃത്തം വച്ചു. പിടിതരാത്ത അനുഭൂതികള്‍ നിര്‍മിച്ച മലയാളഗദ്യസൗന്ദര്യത്തിന്റെ അത്യപൂര്‍വമായ നൃത്തശാലയാണ് ഇന്ദുചൂഡന്റെ കേരളത്തിലെ പക്ഷികള്‍.’
കേരളത്തിലെ പക്ഷികള്‍’ എന്ന കൃതിക്ക് സാഹിത്യ അക്കാദമി 1986ല്‍ രണ്ടാം പതിപ്പ് പുറത്തിറക്കി. ഉള്ളടക്കം വിപുലീകരിച്ചുകൊണ്ടായിരുന്നു അത്. പക്ഷികളുടെ വിവരണം 150-ല്‍നിന്ന് 260 ആയി. വര്‍ണചിത്രങ്ങള്‍ പത്തിന്റെ സ്ഥാനത്ത് 100 എണ്ണം കൊടുത്തു.
1996ല്‍ മൂന്നാം പതിപ്പ് പ്രസിദ്ധീകരിച്ചത് ഇന്ദുചൂഡന്റെ ശിഷ്യനായ സി.ശശികുമാറിന്റെ മുന്‍കൈയിലാണ്. 493 പക്ഷികളുടെ വര്‍ഗീകരണ പട്ടിക അതില്‍ ചേര്‍ത്തു. 2004ല്‍ നാലാം പതിപ്പ് പ്രസിദ്ധീകരിച്ചു. അഞ്ചാം പതിപ്പ് വൈശാഖന്‍ പ്രസിഡന്റായിരിക്കെയാണ് പ്രസിദ്ധീകരിച്ചത്. പക്ഷിനിരീക്ഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ സി.എ. അബ്ദുള്‍ ബഷീറിന്റെ സഹകരണത്തോടെ, ചെറിയ ചില കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയാണ് പുറത്തിറക്കിയത്. പി.കെ.ഉത്തമനും ജെ.പ്രവീണും ശശികുമാറിനെ സഹായിച്ചു. ആഗോളാടിസ്ഥാനത്തിലുള്ള ജനിതകപാഠങ്ങളുടെ അടിസ്ഥാനത്തില്‍ പക്ഷികളെ വര്‍ഗീകരിച്ചു. 516 ഇനങ്ങളുടെ പട്ടിക അനുബന്ധമായി ചേര്‍ത്തു. വന്യജീവി സംരക്ഷണനിയമത്തിലെ പ്രസക്തഭാഗങ്ങള്‍, വന്യമൃഗസങ്കേതങ്ങളുടെ ഡിജിറ്റല്‍ വിലാസങ്ങള്‍, നമ്പറുകള്‍ എന്നിവയും ഉള്‍പ്പെടുത്തി. എന്‍.വി.കൃഷ്ണവാരിയര്‍, കാരൂര്‍ നീലകണ്ഠപ്പിള്ള, സാലിം അലി എന്നിവര്‍ എഴുതിയ കത്തുകളും ഈ പതിപ്പില്‍ ചേര്‍ത്തിട്ടുണ്ട്.
1992 ജൂണ്‍ 14നാണ് ഇന്ദുചൂഡന്‍ അന്തരിച്ചത്. വേര്‍പാടിന്റെ 25-ാം വര്‍ഷത്തില്‍, 2017 ജൂണ്‍ 14ന് അദ്ദേഹത്തിന്റെ നാമത്തിലുള്ള ചൂലന്നൂര്‍ മയില്‍ സങ്കേതത്തില്‍വച്ചാണ് അഞ്ചാം പതിപ്പ് പ്രകാശിപ്പിച്ചത്.