(ജീവചരിത്രം)
ഡോ.വിധു നാരായണന്‍
കേരള മീഡിയ അക്കാദമി 2019

നമ്മുടെ പത്രപ്രവര്‍ത്തന ചരിത്രത്തിലെ ധീരമായൊരു അധ്യായമാണ് കേസരി ബാലകൃഷ്ണപിള്ള. നിഷ്പക്ഷവും നിര്‍ഭയവുമായ മാധ്യമപ്രവര്‍ത്തനശൈലിയിലൂടെ അധികാരത്തിന്റെയും ഭരണകൂടത്തിന്റെയും അനീതിക്കെതിരെ നിരന്തരം കലഹിച്ചുകൊണ്ടിരുന്ന കേസരി ആധുനികതയുടെ ഭാഗമായ നിരവധി ജ്ഞാനസ്രോതസ്സുകളെ സാക്ഷാത്കരിച്ച അതുല്യ പ്രതിഭ കൂടിയായിരുന്നു. ചരിത്രകാരന്‍, സാഹിത്യനിരൂപകന്‍, സാംസ്‌കാരിക വിമര്‍ശകന്‍ എന്നിങ്ങനെ ബഹുമുഖ മാനങ്ങളുള്ള കേസരി ബാലകൃഷ്ണപിള്ളയുടെ ജീവിതവും കൃതികളും ഈ പുസ്തകത്തില്‍ ഹ്രസ്വവും സമഗ്രവുമായി അടയാളപ്പെടുത്തിയിരിക്കുന്നു.
ആമുഖത്തില്‍ ഡോ.പി.കെ.രാജശേഖരന്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: ” പത്രപ്രവര്‍ത്തനത്തിലും മലയാള സാഹിത്യത്തിലും ആധുനികതയുടെ അഗ്രദൂതനായിരുന്നു കേസരി എ ബാലകൃഷ്ണപിള്ള. താന്‍ ജീവിച്ച കാലത്തിന്റെ അഭിലാഷങ്ങളും ആശയങ്ങളും പുത്തന്‍ സങ്കല്പങ്ങളും വായിച്ചറിഞ്ഞ്, തികഞ്ഞ പരിഷ്‌കരണേച്ഛേയാടെയും ആധുനികത്വ ബോധത്തോടെയും അവ കേരളത്തിനു പകര്‍ന്നുകൊടുത്ത പത്രാധിപരും സാഹിത്യനിരൂപകനും ചരിത്രാന്വേഷകനും സര്‍വോപരി പുതിയ തലമുറയുടെ വഴികാട്ടിയുമായിരുന്ന കേസരി മലയാള സാഹിത്യത്തിന്റെ ചരിത്രത്തില്‍ ഇന്നും അദ്ഭുതാദരങ്ങള്‍ സൃഷ്ടിക്കുന്ന ക്രാന്തദര്‍ശിയായി നില്‍ക്കുന്നു.