(കഥകള്‍)
പി.കെ.ശ്രീനിവാസന്‍
സൈന്‍ ബുക്‌സ് 2022

പി.കെ.ശ്രീനിവാസന്റെ തിരഞ്ഞെടുത്ത 30 കഥകളുടെ സമാഹാരം. പ്രമുഖ എഴുത്തുകാരന്‍ സക്കറിയ പുസ്തകത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു: ” നിഗൂഢങ്ങളും നിഷ്ഠുരങ്ങളുമായ ശക്തികള്‍ വിളയാടുന്ന ഒരു ലോകത്തിന്റെ കഥകളാണ് ഇവ. പൈശാചികങ്ങളായ വര്‍ഗീയകലാപങ്ങള്‍, പാര്‍ട്ടിയുടെ ഹൃദയശൂന്യതകള്‍, ഭരണകൂടങ്ങളുടെ ക്രൂരതകള്‍, വിപ്ലവകാരികളുടെ ദയനീയാന്ത്യങ്ങള്‍, ബന്ധുക്കളുടെ ചീഞ്ഞഴിയലുകള്‍, ആത്മഹത്യയുടെ ഘനീഭവിച്ച സ്വകാര്യ പ്രപഞ്ചങ്ങള്‍, നാരകീയ അതീന്ദ്രീയാനുഭവങ്ങള്‍, മതിഭ്രമങ്ങള്‍, അബോധാവസ്ഥകള്‍, എല്ലാറ്റിനും മീതേ അലസഗമനം നടത്തുന്ന മരണദേവത. മറ്റു വാക്കുകളില്‍, നമ്മുടെ കാലത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളിലൂടെയാണ് ഈ കഥകള്‍ നമ്മെ നയിക്കുന്നത്. നമ്മെ ഇന്ന് കൈയേറിക്കൊണ്ടിരിക്കുന്ന വിവിധ ഫാഷിസങ്ങളും സ്വേച്ഛാധിപത്യങ്ങളുമാണ് ശ്രീനിവാസന്റെ കഥാലോകത്തിന്റെ താക്കോല്‍. അടിയന്തരാവസ്ഥയും നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ദുരന്തവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജീര്‍ണതയും ഇന്ന് ഇന്ത്യക്കുനേരെ ഉയരുന്ന വര്‍ഗീയ സര്‍വാധിപത്യത്തിന്റെ കരാള ഹസ്തവുമെല്ലാം ആ ഭീകരലോകത്തിലെ സാന്നിധ്യങ്ങളാണ്. നമ്മുടെ ഇന്നത്തെ മനുഷ്യാവസ്ഥയുടെയും രാഷ്ട്രീയാവസ്ഥയുടെയും മലയാളകഥയില്‍ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത ഒരു പുതിിയ ചേരുവയാണ് ശ്രീനിവാസന്റെ കഥകള്‍ അവതരിപ്പിക്കുന്നത്. താഴ്ത്തപ്പെട്ടവന്റെയും കെട്ടപ്പെട്ടവന്റെയും വീണുകിടക്കുന്നവന്റെയും ഭാഗത്ത് അടിയുറച്ച, മനുഷ്യസ്വാതന്ത്ര്യങ്ങളുടെ മണ്ണില്‍ വേരുറച്ച, നേരിനും സ്‌നേഹത്തിനും വേണ്ടി കണ്ണീരൊഴുക്കുന്ന ഒരു മാനവികത അവയുടെ ഭ്രമാത്മക പ്രപഞ്ചത്തില്‍ നിറഞ്ഞുനില്‍ക്കുന്നു.”