(പഴയ നിയമ ഗ്രന്ഥങ്ങള്‍)
യഹൂദ മതഗ്രന്ഥകാരന്മാര്‍

യഹൂദരുടെ ഒരു പുരാതന മതരചനയാണ് ജൂബിലികളുടെ പുസ്തകം. ‘ചെറിയ ഉല്പത്തി’ എന്നും ഇതിനു പേരുണ്ട്. എബ്രായഭാഷയിലുള്ള യഹൂദമതത്തിന്റെ കാനോനിക ബൈബിള്‍ സംഹിതയുടെ ഭാഗമല്ല ഈ രചന. പ്രൊട്ടസ്റ്റന്റുകളും, റോമന്‍ കത്തോലിക്കരും ഓര്‍ത്തഡോക്‌സ് സഭകളും ഇതിനെ ബൈബിളിലെ കാനോനിക ഖണ്ഡമായി അംഗീകരിക്കുന്നില്ല. എന്നാല്‍ എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് ക്രിസ്തീയസഭയും എത്യോപ്യന്‍ യഹൂദരും ഇതിനെ അവരുടെ ബൈബിള്‍ സംഹിതകളില്‍ ഉള്‍പ്പെടുത്തുന്നു. അവര്‍ക്കിടയില്‍ ഇതിന് ‘വിഭജനത്തിന്റെ ഗ്രന്ഥം’ എന്നാണു പേര്‍.
ആദിമക്രിസ്തീയ സഭകള്‍ക്ക് ഈ ഗ്രന്ഥം പരിചയമുണ്ടായിരുന്നുവെന്ന് സഭാപിതാക്കളായ എപ്പിഫാനൂസ്, രക്തസാക്ഷി ജസ്റ്റിന്‍, ഒരിജന്‍, തര്‍ശീശിലെ ഡിയോഡോറസ്, അലക്‌സാണ്ഡ്രിയയിലെ ഇസിദോര്‍, സെവിലിലെ ഇസിദോര്‍, അലക്‌സാണ്ഡ്രിയയിലെ യൂത്തീക്കിയസ് തുടങ്ങിയവരുടെ രചനകളില്‍ നിന്നു മനസ്സിലാക്കാം. എങ്കിലും നാലാം നൂറ്റാണ്ടില്‍ തീര്‍ത്തും നിരോധിക്കപ്പെട്ട ഈ ഗ്രന്ഥത്തിന്റെ സമ്പൂര്‍ണ്ണരൂപം, എബ്രായ, ഗ്രീക്ക്, ലത്തീന്‍ ഭാഷകളിലൊന്നും നിലനിന്നില്ല. എത്യോപ്യയിലെ പുരാതന ഗീയസ് ഭാഷയില്‍ മാത്രമാണ് അതു നിലനിന്നത്.
ചാവുകടല്‍ ചുരുളുകള്‍ കണ്ടെടുക്കപ്പെടുന്നതു വരെ, ജൂബിലികളുടെ പുസ്തകത്തിന്റേതായി ആകെ ലഭ്യമായിരുന്നത്, എത്യോപയിലെ ഗീയസ് ഭാഷയില്‍ 1516 നൂറ്റാണ്ടുകളില്‍ എഴുതപ്പെട്ട നാലു സമ്പൂര്‍ണ്ണപാഠങ്ങളും എപ്പിഫാനൂസ്, രക്തസാക്ഷി ജസ്റ്റിന്‍, ഒരിജന്‍ തുടങ്ങിയ ക്രിസ്തീയസഭാപിതാക്കന്മാരുടെ രചനകളിലെ നിരവധി ഉദ്ധരണികളും ആയിരുന്നു. കൃതിയുടെ ഏതാണ്ട് കാല്‍ ഭാഗത്തോളം ഒരു ലത്തീന്‍ പരിഭാഷയിലും നിലനിന്നു. ഇപ്പോള്‍ 26ഓളം വരുന്ന എത്യോപ്യന്‍ ഭാഷാപാഠങ്ങളെ ആശ്രയിച്ചുള്ളവയാണ് മിക്കവാറും ആധുനിക പരിഭാഷകള്‍. എബ്രായബൈബിളിലെ ഉല്‍പ്പത്തി, പുറപ്പാട് പുസ്തകങ്ങള്‍ക്കു സമാന്തരമായി ജൂബിലികളില്‍ കാണുന്ന ഭാഗങ്ങള്‍, അവയുടെ നിലവിലുള്ള മസോറട്ടിക്, സെപ്ത്വജിന്റ് പാഠ പാരമ്പര്യങ്ങളുമായി ഒത്തുപോകുന്നില്ല. അതിനാല്‍, ജൂബിലികളുടെ എബ്രായമൂലത്തിന്റെ സ്രഷ്ടാക്കള്‍, മറ്റൊരു പാഠപാരമ്പര്യത്തെയാണ് ആശ്രയിച്ചതെന്നു കരുതാം.
1947നും 1956നുമിടക്ക് ചാവുകടല്‍ തീരത്തെ കുമ്രാനിലെ അഞ്ചു ഗുഹകളില്‍ നിന്ന് ജൂബിലികളുടെ എബ്രായമൂലത്തിന്റെ 15ഓളം ചുരുളുകള്‍ കണ്ടുകിട്ടി. ബൈബിളിലെ സങ്കീര്‍ത്തനങ്ങള്‍, നിയമാവര്‍ത്തനം, ഏശയ്യാ, പുറപ്പാട്, ഉല്‍പ്പത്തി പുസ്തകങ്ങളുടേതൊഴിച്ചാല്‍ ഏറ്റവുമേറെ പ്രതികള്‍ കുമ്രാനില്‍ നിന്നു കിട്ടിയത് ജൂബിലികളുടേതാണ്. അതിനാല്‍, കുമ്രാന്‍ സമൂഹം ഈ കൃതി കാര്യമായി ഉപയോഗിച്ചിരുന്നുവെന്ന് കരുതാം. എങ്കിലും ഇത് കുമ്രാന്‍ സമൂഹത്തിനു വേണ്ടി എഴുതപ്പെട്ട വിഭാഗീയരചന അല്ല.
യഹൂദമതത്തിന്റെ നിയമദാതാവായി കരുതപ്പെടുന്ന മോശെക്ക്, സീനായ് മലമുകളില്‍, ഒരു മാലാഖ വഴി ലഭിച്ച വെളിപാടായാണ് ഈ കൃതി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ബൈബിളിലെ ഉല്‍പ്പത്തിപ്പുസ്തകത്തിന്റേയും പുറപ്പാടു പുസ്തകം ആദ്യഭാഗത്തിന്റേയും ഒരു പ്രത്യേക നിലയിലുള്ള വിപുലീകരണവും വ്യാഖ്യാനവുമാണ് ഈ രചന.ബൈബിളിലെ സംഭവങ്ങളുടെ ആഖ്യാനമെന്ന മട്ടിലാണ് അവതരണമെങ്കിലും ക്രിസ്തുവിനു മുന്‍പ് രണ്ടാം നൂറ്റാണ്ടിലെ മക്കബായകാലത്തെ സംഭവങ്ങള്‍ ഇതില്‍ പ്രതിഫലിക്കുന്നുണ്ട്. യഹൂദനിയമത്തിന്റേയും സാബത്തിന്റേയും ആചരണത്തില്‍ തീവ്രവ്യഗ്രതകാട്ടുന്ന അത്, യഹൂദേതര ജനതകളെ പരാമര്‍ശിക്കുന്നത് ശത്രുഭാവത്തിലാണ്.