(നാടകം)
രവീന്ദ്രനാഥ ടാഗോര്‍

ജീവിതത്തിന്റെ അവസാനഘട്ടം വരെ, നാടകത്തിന്റെ നിര്‍മാണത്തില്‍ മാത്രമല്ല, അഭിനയത്തിലും സംവിധാനത്തിലും ടാഗോര്‍ എറ്റവുമധികം താല്‍പ്പര്യം പ്രദര്‍ശിപ്പിച്ചിരുന്നു. മലയാളത്തിലെ ടാഗോര്‍ ശതവത്സര പ്രസിദ്ധീകരണങ്ങളുടെ കൂട്ടത്തില്‍ ആറുനാടകങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതില്‍ ഒന്നാമത്തെ വാല്യമാണിത്. വിസര്‍ജനം, ചിരകുമാരസഭ, തപാല്‍ ആപ്പീസ് എന്നീ മൂന്നു നാടകങ്ങളാണ് ഇതില്‍.
ദേവപ്രീതിക്കായി ജീവബലി നടത്തുന്ന പാരമ്പര്യത്തോടുള്ള ഉല്‍ക്കടമായ ഒരു വെല്ലുവിളിയാണ് വിസര്‍ജ്ജനത്തിലെ പ്രമേയം. ദേശസമുന്നമനത്തിനുവേണ്ടി ആജീവനാന്തം അവിവാഹിതരായി കഴിയാന്‍ നിശ്ചയിക്കുന്ന ആദര്‍ശവാദികളുടെ ഒരുകൂട്ടം ചെറുപ്പക്കാരെ ആസ്പദമാക്കിയുള്ള ഒരു രസികന്‍ പ്രഹസനമാണ് ചിരകുമാരസഭ. മുക്തിക്കുവേണ്ടി അപരിമിതമായ വ്യാകുലത അനുഭവിക്കുന്ന മനുഷ്യാത്മാവിന്റെ പ്രതീകമാണ് തപാല്‍ ആപ്പീസിലെ നായകനിലൂടെ വെളിവാകുന്നത്.
വിസര്‍ജ്ജനം, ചിരകുമാരസഭ എന്നീ നാടകങ്ങളില്‍ ടാഗോര്‍ ഉപയോഗിച്ചിട്ടുള്ള ബംഗാളി ഗാനങ്ങള്‍ അവിടവിടെ വിവര്‍ത്തനം ചെയ്തും അനുബന്ധമായി മൂലരൂപത്തില്‍ (മലയാള ലിപിയില്‍) ചേര്‍ത്തിരിക്കുന്നു.