(കവിത)
അജി ദേവയാനി
ചിന്ത പബ്ലിഷേഴ്‌സ് 2023
അജി ദേവയാനി എഴുതിയ കവിതകളുടെ സമാഹാരമാണിത്. മാഞ്ഞുപോയവള്‍, അവള്‍, വേട്ടക്കാര്‍, തിരിച്ചുവരാത്ത യാത്രക്കാരില്‍ ചിലര്‍, അഗ്‌നി, ഇന്ദ്രജാലം, നൊമ്പരത്തിരപ്പൂക്കള്‍, ഭ്രാന്തുപൂക്കും വീടകങ്ങള്‍, നൊമ്പരച്ചിമിഴ്, ചുവന്ന ഇലകള്‍, വേദനമാപിനി, കണ്‍കെട്ട്, എന്നിട്ടും നീ, പച്ചിലപ്പന്തല്‍, സൂര്യതന്ത്രം, മാര്‍ജ്ജാരം, രാത്രി, കാത്തിരിപ്പ്, ആരായിരുന്നു?, പുനര്‍വായന, വടുക്കള്‍ എന്നിങ്ങനെ 37 കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. ഒരു കവി സ്ത്രീകളെ വായിക്കുന്നു എന്ന പേരില്‍ പ്രദീപ് പനങ്ങാട് എഴുതിയ അവതാരികയും കനലിലൂടെയുള്ള പെണ്‍നടത്തം എന്ന പേരില്‍ ഡോ. ഐറിസ് കൊയ്‌ലോ എഴുതിയ പഠനവും ഈ കൃതിക്ക് മാറ്റുകൂട്ടുന്നു.
കവയിത്രി എഴുതിയ മുഖമൊഴി താഴെക്കൊടുക്കുന്നു:
,………….
മുഖമൊഴി
ഇക്കഴിഞ്ഞ മൂന്നുവര്‍ഷങ്ങളിലായി എഴുതിയ കവിതകള്‍. അവയോടൊപ്പം കുറച്ചു പഴയ കവിതകള്‍കൂടി ചേര്‍ത്തുവച്ചപ്പോള്‍ ‘തിരിച്ചുവരാത്ത യാത്രക്കാരില്‍ ചിലര്‍’ യാഥാര്‍ഥ്യമായി. നാവിന്‍തുമ്പിലും തൂലികത്തുമ്പിലും വാക്കുകളും വരികളും പിറന്നുകിട്ടാന്‍ ഈ അടുത്ത കാലത്തായി ഇത്തിരി പ്രയാസം. വാചാലതയേക്കാള്‍ മൗനത്തിനോടൊരാഭിമുഖ്യം. പറയേണ്ടതെന്തെന്ന ഒരനിശ്ചിതത്വവും, പറയണമോ എന്ന സന്ദേഹവും. ജീവിതം അടിച്ചേല്പിക്കുന്ന കടമകളുടെയും ഉത്തരവാദിത്വങ്ങളുടെയും, കാലങ്ങളായി തുടരുന്ന സഹനസമരങ്ങളുടെയും തിരത്തള്ളലില്‍ പറയേണ്ടവയൊന്നും പറയാനാവാതെപോകുന്നു.
‘മഴമരം പെയ്തത്\ എന്റെ ചിന്തകളും വ്യക്തിപരമായ അനുഭവങ്ങളും കറുപ്പിലും വെളുപ്പിലും തെളിഞ്ഞ വരികളിലായിരുന്നുവെങ്കില്‍ തിരിച്ചുവരാത്ത യാത്രക്കാരില്‍ ചിലരില്‍ ചുറ്റുമുള്ളവരുടെ ആവലാതികളും ആകുലതകളും അവയുടെ സാക്ഷ്യപ്പെടുത്തലുകളില്‍ നിറയുന്ന പെരും നോവുകളുമായി തുടരുന്ന യാത്രകളാണ്. സമൂഹത്തിലേക്കൊന്നു ചുഴിഞ്ഞു നോക്കിയാല്‍, ആ നോട്ടമൊരു പെണ്ണിന്റെ കണ്‍കളില്‍ കൂടിയാകുമ്പോള്‍, അടിച്ചമര്‍ത്തലുകളും അസമത്വങ്ങളും ആചാരവും സദാചാരവും തീര്‍ക്കുന്ന ചങ്ങലക്കണ്ണികളും, ദുരഭിമാനത്തിന്റെയും പാരമ്പര്യത്തിന്റെയും പൊട്ടാനാരുകള്‍ തീര്‍ത്ത വലയില്‍ കുരുങ്ങിപ്പിടയുന്ന ഇരകളുടെയും കാഴ്ചകള്‍ മിഴിവോടെ തെളിഞ്ഞുവരും. തന്നിലെ പെണ്മയുടെ അടയാ ളപ്പെടുത്തലിനായി, ഓരോ സ്ത്രീയും മിക്കപ്പോഴും നിശ്ശബ്ദമായും ഗത്യന്തരമില്ലാതാകുമ്പോള്‍ ശബ്ദമുയര്‍ത്തിയും തന്നോടുതന്നെയും കുടുംബത്തോടും സമൂഹത്തോടുമൊക്കെ നടത്തുന്ന നിരന്തരസമരങ്ങള്‍, അവയ്‌ക്കൊപ്പം നേരിടേണ്ടിവരുന്ന അനുഭവതീക്ഷ്ണതയുടെ കടുംകയ്പ്പുകള്‍ നിറഞ്ഞ പാഥേയമാണ് ദൂരങ്ങള്‍ എറെ താണ്ടുന്ന ഈ യാത്രക്കാരുടെ മാറാപ്പിലുള്ളത്. ഭ്രാന്തു പൂക്കും വീടകങ്ങളിലും മനസ്സടരുകളിലും പ്രണയമെന്നത് വെറുമൊരു കണ്‍കെട്ടു വിദ്യയോ, വിടരുംമുന്‍പേ കൊഴിഞ്ഞുവീഴുന്ന ഇതളുകളോ ആണെന്ന് തിരിച്ചറിയുന്നവര്‍കൂടിയായ സഞ്ചാരികള്‍ക്കൊപ്പമാണ് ഇനി ഏറെ ദൂരമില്ലാത്ത എന്റെ യാത്രയും.
പഠനകാലത്ത് ‘അഹല്യ’, പില്ക്കാലത്ത് ‘അജികുമാരി,’ ‘അജിരാജന്‍’ എന്നീ പേരുകളിലൊക്കെ എഴുതിയിരുന്നിട്ടും ഈയടുത്തകാലത്ത് ”അജി ദേവയാനി’ എന്ന പേരിലേക്ക് അക്ഷരങ്ങള്‍ മാറ്റിയെഴുതിയപ്പോള്‍ ഒട്ടേറെ ചോദ്യങ്ങള്‍ നേരിടേണ്ടിവന്നു. മറുപടി ഒന്നു മാത്രമേയുള്ളൂ. പേരിന്റെ ഇനിഷ്യലായിപ്പോലും കൂടെയില്ലാതിരുന്ന ‘ദേവയാനി’ എന്ന എന്റെ അമ്മയുടെ പേര് അതേപോലെ കൂട്ടിച്ചേര്‍ത്ത് എന്നെത്തന്നെ അടയാളപ്പെടുത്താനുള്ള ഒരാഗ്രഹം. ഈ പുസ്തകത്തിലെ ‘അമ്മ’യെ. കവിതയില്‍ അതെന്തുകൊണ്ടാണെന്നതിനുള്ള ഉത്തരമുണ്ട്.
എന്റെ രണ്ടാമത്തെ കവിതാസമാഹാരമായ ‘തിരിച്ചുവരാത്ത യാത്രക്കാരില്‍ ചിലര്‍] പ്രസിദ്ധീകരിക്കാന്‍ ഇക്കുറിയും സന്മനസ്സുകാട്ടിയ ചിന്താ പബ്ലിഷേഴ്‌സിന്, വിശിഷ്യ മാനേജര്‍ കെ.ശിവകുമാര്‍, പ്രിയസുഹൃത്ത് ഗോപീ നാരായണന്‍, മറ്റു ജീവനക്കാര്‍ എന്നിവരോടുള്ള കടപ്പാടും സ്‌നേഹവും അറിയിക്കാതെ ഈ മുഖമൊഴി തുടരാനാവില്ല.
ഈ കവിതാ സമാഹാരത്തിനായി, തന്റെ തിരക്കുകള്‍ക്കിടയിലും അവതാരിക എഴുതാന്‍ സമയം കണ്ടെത്തിയ പ്രിയസുഹൃത്തും പ്രശസ്ത എഴുത്തുകാരനുമായ ശ്രീ. പ്രദീപ് പനങ്ങാട്, എഴുത്തുവഴികളിലെന്നും ഒരേസമയം ഗുരുവും വഴികാട്ടിയും വിശ്വസ്തയായ സുഹൃത്തും സഹോദരിയുമായി, എന്റെ കവിതകളിലെ സ്ത്രീപക്ഷ നിലപാടുകളെ പ്രോത്സാഹിപ്പിക്കുന്ന ഡോ. ഐറിസ് കൊയ്‌ലോ, ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന കവിതകള്‍ വിശദമായ വായനയ്ക്കും ചര്‍ച്ചകള്‍ക്കും വിധേയമാക്കി നിരന്തരം പ്രോത്സാഹിപ്പിക്കുന്ന ‘വിനിമയ’ എന്ന അക്ഷരക്കൂട്ടായ്മയിലെ ഏറ്റവും പ്രിയപ്പെട്ടവര്‍, കലാകൗമുദിയുടെ വിലപ്പെട്ട താളുകളില്‍ എന്റെ കവിതകളില്‍ അച്ചടിമഷി പുരട്ടിത്തന്ന പ്രിയ സഹപാഠി വി.ഡി ശെല്‍വരാജ്, സര്‍വകലാശാല സര്‍വീസില്‍നിന്നും വിരമിച്ചശേഷം വീണ്ടും അറിവിന്റെ അക്ഷര ഖനിയിലേക്ക് എന്നെ ഒപ്പംകൂട്ടിയ, എന്റെ കവിതകളെ പ്രോത്സാഹിപ്പിക്കാനും വിമര്‍ശിക്കാനും മനസ്സും സമയവും കണ്ടെത്തുന്ന ഭരണകര്‍ത്താവും ചിത്രകാരനും വാഗ്മിയും കവിയുമായ ശ്രീ. കെ.ജയകുമാര്‍ എന്ന, ഐഎംജി യുടെ അമരക്കാരന്‍, കോവിഡ് മഹാമാരിക്കാലത്തും ഏറെ അകന്നിരുന്നിട്ടും മനസ്സകൊണ്ട് ഏറെ അടുത്തിരുന്ന അമ്മയും അച്ചാച്ചനും അനിതയും, സുഹൃത്ത്, പങ്കാളി എന്നിങ്ങനെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിരന്തരസാന്നിധ്യമായ ഡോ. രാജന്‍ കണക്കര്‍ എന്ന ഇച്ചായന്‍, മഹാമാരി തന്ന സങ്കടങ്ങള്‍ക്കിടയില്‍ വലിയൊരു സന്തോഷമായി പ്രവാസജീവിതം മതിയാക്കി അമ്മയുടെയും ചാച്ചന്റെയും അരികിലേക്ക് തിരിച്ചുവന്ന് ചങ്ങാതിയെപ്പോലെ സംവദിച്ച്, പുത്രന്റെ കരുതലായി ഒപ്പമുള്ള ബോബിരാജന്‍ എന്ന മോനു, ഭൂഗോളത്തിന്റെ മറ്റേ ചെരുവിലിരുന്ന് എന്റെ ശബ്ദത്തിനും അക്ഷരങ്ങള്‍ക്കും തൊടിയിലെ പൂക്കളുടെ ചിത്രങ്ങള്‍ക്കുമായി കാത്തിരിക്കുന്ന, ഏറെ സ്‌നേഹത്തോടെ ചേച്ചീയെന്ന് നിരന്തരം തേടിവരുന്ന അനിയത്തിക്കുട്ടിയായ ഡോ.നീന കെ.വി, ഞാനെഴുതുന്ന അക്ഷരങ്ങളും വാക്കുകളും തിരക്കുകള്‍ക്കിടയിലും കവിതകളായി ഒരുക്കിത്തരുന്ന പ്രിയപ്പെട്ട അനുജത്തി ശ്രീകല വി.ആര്‍. ഇവരൊക്കെ നല്കിയ സ്‌നേഹവും കരുതലും ഓര്‍ക്കാതിരിക്കാ നാവില്ല.
നാലുവര്‍ഷത്തെ പഠനകാലം, അതിനുശേഷം മുപ്പതുവര്‍ഷത്തെ ഔദ്യോഗികജീവിതം.. അങ്ങനെ പതിറ്റാണ്ടുകളായി ‘അനന്തപുരി’ തന്ന അനുഭവങ്ങള്‍ ഏറെ. അവയുടെ തൂക്കമെടുത്താല്‍ സന്തോഷത്തിന്റെയും സങ്കടത്തിന്റെയും തുലാസില്‍, സങ്കടത്തട്ട് തിരിതാഴ്ന്നു തന്നെയിരിക്കും. ഏറെ കരയിച്ചിട്ട് അവസാനമൊന്നു ചിരിക്കാന്‍ അവസരം തരുമായിരുന്ന കാലമെന്ന ജാലവിദ്യക്കാരന്‍ ഈയടുത്തായി തേങ്ങലുകളുടെ ചിമിഴാണ് തന്റെ മാറാപ്പില്‍നിന്നും സമ്മാനിക്കുന്നത്. മഹാമാരിയുടെ വേലിയേറ്റത്തില്‍ തിരിച്ചുകിട്ടാത്തവണ്ണം വന്‍തിരയിലൊഴുകിപ്പോയത് മുപ്പത്തഞ്ച് വര്‍ഷത്തെ ഇഴമുറിയാത്ത സ്‌നേഹവും സൗഹൃദവും നല്‍കി എന്നും കൂടെയുണ്ടായിരുന്നൊരു ചിരിക്കുന്ന മുഖമായിരുന്നു എന്റെ സ ഹപാഠിയായിരുന്ന ഡോ. നസീഹത്ത്. ഈ പുസ്തകത്തിന്റെ ആദ്യ പ്രതികളിലൊന്ന് അവള്‍ക്കായി ഞാന്‍ കരുതിവച്ചതായിരുന്നു. അതിനിട നല്കാതെ മഹാഭൂരിപക്ഷത്തിന്റെ അണിയിലേക്ക് ആരോടും പറയാതെ ചേക്കേറിയവള്‍ എന്നും എന്റെ അക്ഷരങ്ങള്‍ക്ക് കൂട്ടായുണ്ട് എന്നു കരുതാനാണിഷ്ടം.
എണ്ണിപ്പറഞ്ഞ്, പതംപറഞ്ഞ് കരയാന്‍ ഇനിയും നഷ്ടങ്ങളെത്ര? കാലപ്രവാഹത്തെ നോക്കി കണ്ണുചിമ്മി പിന്നെയും ചിരിക്കാന്‍, കുഞ്ഞു കുഞ്ഞു സന്തോഷങ്ങളുടെ ചെറിയൊര് ഇലക്കുമ്പിളും പേറി, ഈ ചിരിയും കരച്ചിലും ജീവിതപുസ്തകത്തിന്റെ പൊടിഞ്ഞുതുടങ്ങിയ ഏടുകളിലെ അനുഭവങ്ങളുടെ പീലിത്തുണ്ടുകള്‍ എന്ന് സ്വയം ആശ്വസിച്ച്, എന്റെ അക്ഷരങ്ങള്‍ക്കെന്നും കൂട്ടായിരിക്കുന്ന പ്രിയപ്പെട്ടവരുടെ പക്കല്‍ ഏറെ സ്‌നേഹത്തോടെ ‘തിരിച്ചുവരാത്ത യാത്രക്കാരില്‍ ചിലരെ’ ഏല്പിക്കുന്നു. സ്വീകരിച്ചാലും.