നക്സല്‍ബാരിക്ക് ശേഷം പത്രാധിപര്‍
(ജീവചരിത്രം)
ഡി.അശ്വിനീ കുമാര്‍
സുജിലി പബ്ലിക്കേഷന്‍സ് 2022
മാധ്യമപ്രവര്‍ത്തകനായ ഡി.അശ്വിനീ കുമാര്‍ എഴുതിയ സുഭാഷ് ചന്ദ്രബോസ് എന്ന മലയാളി രാഷ്ട്രീയപ്രവര്‍ത്തകന്റെയും പത്രാധിപരുടെയും ജീവചരിത്രഗ്രന്ഥമാണിത്. പി.രവികുമാര്‍ ആമുഖം എഴുതിയിരിക്കുന്നു. അവതാരിക എഴുതിയിരിക്കുന്നത് പിരപ്പന്‍കോട് മുരളിയാണ്. അവതാരികയില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു:
പി.രവികുമാറിന്റെ ആമുഖം താഴെക്കൊടുക്കുന്നു:
വിപ്ളവ ചരിത്രത്തിന് ലഭിച്ച ഉപലബ്ധി
പി.രവികുമാർ
വിപ്ളവം സ്വപ്നം കാണുക, വിശുദ്ധമായ പ്രണയം പോലും വേദനയോടെ ത്യജിച്ച്, ഇന്ത്യയുടെ മോചനത്തിനും ‘സ്ട്രീറ്റ്’ എന്ന കമ്മ്യൂണിസ്റ്റ് സൈദ്ധാന്തിക മാസികയ്ക്കും വേണ്ടി ജീവിതം അപ്പാടെ സമർപ്പിക്കുക, സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കപ്പെടാതെ അകാലത്തിൽ മറഞ്ഞുപോവുക-‘സ്ട്രീറ്റ്’-പത്രാധിപർ സുഭാഷ്ചന്ദ്രബോസ് എന്ന വിപ്ളവകാരിയെ ചരിത്രം ഇങ്ങനെയായിരിക്കും അടയാളപ്പെടുത്തുന്നത്.
കമ്മ്യൂണിസ്റ്റ് വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ മുൻനിര നേതാവായി പ്രവർത്തിച്ചുകൊണ്ട്, കേരളത്തിലെ വിദ്യാർത്ഥികൾക്ക് പ്രിയങ്കരനായി തീർന്ന സുഭാഷ്ചന്ദ്രബോസ്, ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ യാഥാസ്ഥിതിക രാഷ്ട്രീയ സിദ്ധാന്തത്തിലെ ആത്മാർത്ഥത ഇല്ലായ്മയും അശാസ്ത്രീയതയും ജീർണതയും തിരിച്ചറിഞ്ഞ്, പാർട്ടിയോട് കലഹിച്ച് പുറത്തുവരികയാണ് ചെയ്തത്. ബോസ് നക്സൽബാരി സന്ദർശിച്ച്, ആ മണ്ണിന്റെ ഹൃദയസ്പന്ദനങ്ങൾ തൊട്ടറിഞ്ഞു. അവിടെ നടന്ന കലാപത്തിന്റെ വിശദാംശങ്ങളും സമഗ്ര ചരിത്രവും സൂക്ഷ്മമായി പഠിക്കുകയും, ഇന്ത്യൻ വിപ്ളവത്തിന്റെ ശരിയായ പാത ഏതെന്ന് മനസിലാക്കുകയും ചെയ്തു. ചാരുമജുംദാറിന്റെ ‘വർഗ്ഗശത്രുക്കളുടെ ഉന്മൂലനം’ എന്ന സിദ്ധാന്തത്തോട് ബോസിന് യോജിക്കാൻ കഴിഞ്ഞില്ല. വിപ്ളവത്തിന്റെ ജനകീയാടിത്തറയുടെ ആവശ്യകതയെക്കുറിച്ച് ബോധവാനാവുകയും അതിനുവേണ്ടി നിരന്തരം എഴുതുകയും പ്രവർത്തിക്കുകയും ചെയ്തു. പലപ്പോഴും തടവറയിലാവുകയും ഭരണകൂടത്തിന്റെ പീഡനങ്ങൾ അനുഭവിക്കുകയും ചെയ്തു. തന്റെ അന്ത്യം വരെയും ഇന്ത്യയുടെ മോചനത്തിനു വേണ്ടിയും സ്ട്രീറ്റ് എന്ന വിപ്ളവ മാസികയ്ക്ക് വേണ്ടിയും രാപകല്‍ പ്രവർത്തിച്ച സുഭാഷ്ചന്ദ്രബോസ് എന്ന വിപ്ളവകാരിയുടെ ജീവിതം എന്റെ പ്രിയ സുഹൃത്ത് ഡി.അശ്വിനീകുമാർ ‘നക്സൽബാരിക്ക് ശേഷം പത്രാധിപർ ‘ എന്ന പുസ്തകത്തിലൂടെ സത്യസന്ധമായി, സൂക്ഷ്മമായി രേഖപ്പെടുത്തുന്നു.
ബോസിന്റെ ജീവിതം രേഖപ്പെടുത്തുന്നതിലൂടെ ഈ പുസ്തകത്തിന് വേറെയും ചില മാനങ്ങൾ കൈവന്നതായി കാണാം. അറുപതുകളുടെ അവസാനം തൊട്ട് എഴുപതുകളുടെ അവസാനം വരെയുള്ള കേരളത്തിന്റെയും ഇന്ത്യയുടെയും വിപ്ളവ പ്രസ്ഥാനങ്ങളുടെ ചരിത്രവും നക്സൽബാരി കലാപവുമായി ബന്ധപ്പെട്ട വിപ്ളവകാരികളുടെ ത്യാഗോജ്ജ്വലമായ ജീവിത കഥകളും ഇതിൽ അനാവരണം ചെയ്യപ്പെടുന്നു.
അശ്വിനീകുമാർ കേരളകൗമുദി ദിനപത്രത്തിൽ ദീർഘകാലം എന്റെ സഹപ്രവർത്തകനായിരുന്നു. സാഹിത്യം,കലകൾ,ശാസ്ത്രം, തത്വചിന്ത തുടങ്ങിയ വിഷയങ്ങളിലൊക്കെ തികഞ്ഞ താല്പര്യവും തെളിഞ്ഞ അറിവും ഉണ്ടായിരിക്കുമ്പോഴും, അശ്വിനി ഇന്ത്യൻ വിപ്ളവത്തിന്റെ ചരിത്രത്തിലും അതിന്റെ വികാസപരിണാമങ്ങളിലും ശ്രദ്ധിച്ചിരുന്നു. ഈ ഒരു പശ്ചാത്തലത്തിലാണ് സുഭാഷ്ചന്ദ്രബോസ് എന്ന വിപ്ളവകാരിയുടെ ജീവിതം രേഖപ്പെടുത്തണമെന്ന് അശ്വിനീകുമാർ ഉത്കടമായി ആഗ്രഹിച്ചത്.അതിനുവേണ്ടി അശ്വിനീകുമാർ ബോസിനെ അടുത്തറിഞ്ഞ, ബോസുമായി സഹകരിച്ചിട്ടുള്ള കമ്മ്യൂണിസ്റ്റ് വിപ്ളവകാരികളായ പലരെയും കാണുകയും ബോസിന്റെ ജീവിതത്തിലെ അധികം പേരൊന്നും അറിയാത്ത ചില വസ്തുതകൾ കണ്ടെത്താനായി നിരന്തരം സഞ്ചരിക്കുകയും ചെയ്തു.ആ അന്വേഷണത്തിന്റെയും തപസ്യയുടെയും സാക്ഷാത്ക്കാരമാണ് ഈ പുസ്തകം.
അശ്വിനീകുമാറിന്റെ ഈ പുസ്തകം കേരളത്തിലെ വിപ്ളവ പ്രസ്ഥാനത്തിന്റെ ചരിത്രത്തിന് ലഭിച്ച അനർഘമായ ഉപലബ്ധിയാണ്.
Leave a Reply