(കഥകള്‍)
വി.ഐ.ജോണ്‍സണ്‍
ബോധി ബുക്‌സ്, കായംകുളം 2022

ജീവിതാവബോധത്തിന്റെ അതിസൂക്ഷ്മതലങ്ങളിലേക്ക് ഒരു രാഗം ആസ്വദിച്ചെന്ന പോലെ കൂട്ടിക്കൊണ്ടുപോകുന്ന മൂന്നു ചെറുകഥകളുടെ സമാഹാരം. അപ്രതീക്ഷിതമായി കടന്നുവന്ന് ജീവിതത്തിലാകെ പ്രഭ പരത്തി, അകന്നുപോകുന്ന അവധൂതരെപ്പോലെ, മിന്നിപ്പൊലിയുന്ന പൂച്ചകളാണ് മൂന്നുകഥകളിലെയും കഥാപാത്രങ്ങള്‍. സ്വന്തം ശരികളില്‍നിന്നും പ്രകൃതിയുടെ ക്രമങ്ങളിലേക്ക് വ്യക്തികളെ നയിക്കുന്ന സുന്ദരന്മാരെയും സുന്ദരികളെയും പരിചയപ്പെടുത്തുന്ന കഥകള്‍. കഥകള്‍ ഇവയാണ്: അമ്മുക്കുട്ടിയും പഞ്ഞിക്കുട്ടനും, ദിവ്യാമ്മ, സുന്ദരന്മാരും സുന്ദരികളും.
വീട്ടിലെ വളര്‍ത്തുപൂച്ചയില്‍നിന്നും പുസ്തകത്തിലേക്കും ദാര്‍ശനിക വിചാരങ്ങളിലേക്കും വികസിക്കുന്ന അസാമാന്യമായ രചനാ പാടവമുള്ള പുസ്തകം. നോവലെന്നോ ചെറുകഥയെന്നോ ആഖ്യാനമെന്നോ വിളിക്കാവുന്ന കൃതി. കഥ പറച്ചിലില്‍ വായനക്കാരന്‍ അറിയാതെ ലയിച്ചുപോകുമെന്നതാണ് ആഖ്യാനത്തിന്റെ സവിശേഷത.
മനുഷ്യന്‍ മാത്രമല്ല, മനുഷ്യേതരമായ സകല ജീവജാലങ്ങളും സ്‌നേഹവും പരിചരണവും അര്‍ഹിക്കുന്നുവെന്നും പാരസ്പര്യമാണ് ജീവിതത്തിന്റെ കാതലെന്നും ഈ കൃതി നമ്മെ ഓര്‍മിപ്പിക്കുന്നു.