(നോവല്‍)
പി.കെ ശ്രീനിവാസന്‍
ഡിസി ബുക്‌സ്

എഴുപതുകളിലെ അടിയന്തരാവസ്ഥയുടെ നീണ്ട രാത്രിയില്‍നിന്ന് സമകാലിക ഇന്ത്യയിലെ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലേക്കുള്ള രാഷ്ട്രീയ പരിണാമത്തെ കണിശമായ യാഥാര്‍ഥ്യബോധത്തോടെയും ആത്മരോഷത്തോടെയും ആവിഷ്‌കരിക്കുന്ന മലയാളത്തിലെ ആദ്യത്തെ ഡോക്യുമെന്ററി നോവലാണ് പി.കെ.ശ്രീനിവാസന്റെ രാത്രിമുതല്‍ രാത്രിവരെ. ഏതു കല്‍പ്പിതകഥയേക്കാളും സ്‌തോഭജനകമായ നമ്മുടെ സാമൂഹിക-രാഷ്ട്രീയാന്തരീക്ഷത്തിന്റെ ആഭ്യന്തര വൈരുദ്ധ്യങ്ങളെയും കാപട്യങ്ങളെയും പ്രത്യക്ഷപ്പെടുത്തുന്ന രചനയാണിത്. അടിയന്തരാവസ്ഥയെ മുന്‍നിര്‍ത്തി എഴുതപ്പെട്ട തീര്‍ത്തും വ്യത്യസ്തമായ ഒരു വാസ്തവകഥാഖ്യാനം.

അടിയന്തരാവസ്ഥയുടെ പത്തൊന്‍പതുമാസം നീണ്ട കറുത്തരാത്രിയുടെ ഓര്‍മ്മകള്‍ പേറുന്ന പലരും മണ്‍മറഞ്ഞു. 70 കളിലെ യൗവനങ്ങള്‍ക്ക് അറുപതിനപ്പുറം പ്രായമായി. ചരിത്രം മറവിയുടെ പുതപ്പില്‍ പുതഞ്ഞു മറയുന്നു. അടിയന്തരാവസ്ഥക്കാലത്തെക്കാള്‍ ഭീകരമായ ജനാധിപത്യ ധ്വംസനങ്ങളുടെ വര്‍ത്തമാനകാലം വാര്‍ത്താ പ്രാധാന്യമില്ലാത്തതായി മാറിയിരിക്കുന്നു. അന്നത്തെ ക്ഷുഭിതയൗവനങ്ങളുടെ പരിണാമഗതി കൗതുകകരമാണ്. രക്തസാക്ഷികള്‍ അനശ്വരമായി അങ്ങനെതന്നെ നില്‍ക്കുന്ന നക്ഷത്രങ്ങളുമായി. ജീവിച്ചിരിക്കുന്ന പഴയ വിപ്ലവസിംഹങ്ങള്‍ അവനവനെ കുഴിച്ചുമൂടി അതിനെ വളമാക്കി പാഴ്മരമായി ജീവിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് പി.കെ ശ്രീനിവാസന്റെ നോവല്‍ ‘രാത്രി മുതല്‍ രാത്രി വരെ’ സംഭവിക്കുന്നത്. നോവല്‍ ചരിത്രമാണ്. ചരിത്രം നോവലും. ആ നീണ്ട ഇരുണ്ട രാത്രിയിലെ യഥാര്‍ഥ കഥാപാത്രങ്ങള്‍ നോവലില്‍ ഉടലെടുത്ത കഥാപാത്രങ്ങള്‍ക്കൊപ്പം നോവലില്‍ ജീവിക്കുമ്പോള്‍ മാധ്യമ പ്രവര്‍ത്തകന്‍ വാര്‍ത്തകള്‍ക്ക് വിടാതെ സൂക്ഷിച്ച സത്ത്, മാധ്യമ പ്രവര്‍ത്തകന്റെ അബോധം, ഫിക്ഷനുമാത്രം കഴിയുന്ന രാസക്കൂട്ടില്‍ ചരിത്രം തെളിയിക്കുന്നു.
അടിയന്തരാവസ്ഥയെക്കുറിച്ച് അനേകം നോവലുകളും സിനിമയും അനുഭവങ്ങളും അന്നേ വന്നുകഴിഞ്ഞു. പക്ഷേ, ഇത്രയും സൂക്ഷ്മവും ബഹുസ്പര്‍ശിയുമായ നോവല്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട് എന്നു തോന്നുന്നില്ല. റിയാസ് കോമുവിന്റെ കവര്‍ ഡിസൈന്‍.