ഒരു താഴ്‌വാരത്തില്‍ സ്വന്തം ശവക്കുഴി തോണ്ടുന്ന വിചിത്രമനുഷ്യനെ യാദൃശ്ചികമായി കണ്ടുമുട്ടുന്ന മനു അയാളെക്കുറിച്ച് അന്വേഷണം ആരംഭിക്കുന്നു. മുന്‍പ് മരിച്ച ഒരു മനുഷ്യനെയാണ് മനു അവിടെ കാണുന്നത്. സൗഭാഗ്യകരമായ കുടുംബജീവിതം നയിച്ചിരുന്ന അയാള്‍ക്ക് പൊടുന്നനെ ജീവിതത്തിലുള്ള സകല താല്പര്യങ്ങളും നഷ്ടമാകുന്നു. അപര്‍ണ്ണയെന്ന  സുന്ദരിയുടെ ചിത്രം അയാളെ ആകര്‍ഷിക്കുന്നു. കലയിലൂടെ ജീവിതത്തിന്റെ നിരര്‍ത്ഥകതയില്‍ നിന്നുള്ള മോചനം തേടി അയാള്‍ അലഞ്ഞുതുടങ്ങി. നാമെല്ലാം ജീവിക്കുന്നത് അജ്ഞതയുടെ താഴ്‌വരയിലാണെന്നും അവിടെ സ്വന്തം ശവക്കുഴി തോണ്ടുകയാണ് നമ്മളെന്നും കാക്കനാടന്‍ പറയുന്നു. അനാദിയായ അന്വേഷണം അനുസ്യൂതമാണെന്നും ആരും ഒന്നും കണ്ടുപിടിക്കുന്നില്ലെന്നും കാക്കനാടന്‍ അജ്ഞതയുടെ താഴ്‌വരയിലൂടെ വെളിപ്പെടുത്തുന്നു.