ഒരു ഗ്രാമത്തിന്റെ നാലു ദശകക്കാലത്തെ വേദനിപ്പിക്കുന്ന കഥ അവതരിപ്പിക്കുകയാണ് ഈ നോവലില്‍. മധ്യതിരുവിതാംകൂറിലെ മേലുകരയെന്ന ഗ്രാമം. അവിടത്തെ പ്രൗഡിയുടേയും പ്രതാപത്തിന്റെയും മൂര്‍ത്തികളാണ് ദാമോദരകാര്‍ന്നോരും മകന്‍ ഗോപിനാഥക്കുറുപ്പും. ശ്രീധരക്കുറുപ്പ് ലൗകികതയില്‍നിന്ന് മുക്തി നേടുന്ന ഭാരതീയ സന്യാസത്തിന്റെ പ്രതിനിധിയാണ്. മേലുകരയിലെ ഈഴവരെ പ്രതിനിധാനം ചെയ്യുന്നത് ഗംഗാധരപ്പണിക്കരും കുമാരനുമാണ്. കീവറീതു മാപ്പിളയും കൊച്ചുവര്‍ക്കിയും ക്രൈസ്തവസമൂഹത്തിന്റെ വ്യത്യസ്തമുഖങ്ങള്‍ കാണിച്ചുതരുന്നു. സമ്പത്തില്‍ താല്പര്യമില്ലാതിരുന്ന കൊച്ചുവര്‍ക്കിയുടെ മകന്‍ അമേരിക്കയില്‍ പോകുന്നതോടെ കൊച്ചുവര്‍ക്കിയില്‍ മാനസികമാറ്റം വരുന്നു. ആകാശത്തിലെ പറവകളെപ്പോലെയാണ് മനുഷ്യജീവിതമെന്നും ആ പറവകള്‍ പറന്നുപോകുന്ന വഴി എവിടെയെങ്കിലും ചിറകറ്റുവീഴുന്നുവെന്നും നോവലിസ്റ്റ് പറയുന്നു. വസുമതി, മീനാക്ഷി, അച്ചാമ്മ തുടങ്ങിയ കഥാപാത്രങ്ങളൊക്കെ വ്യത്യസ്തഭാവങ്ങളെ അവതരിപ്പിക്കുന്നു. അരനൂറ്റാണ്ടുകാലം ശാപശിലപോലെ കിടന്ന തന്റെ ഗ്രാമത്തിനും അവിടെ ദു:ഖഭാരവുംപേറി മണ്‍മറഞ്ഞ തലമുറകള്‍ക്കുമാണ് പാറപ്പുറത്ത് ഈ നോവല്‍ സമര്‍പ്പിച്ചിരിക്കുന്നത്.