1993 ല്‍ വര്‍ക്കല ശ്രീനാരായണ ഗുരുകുലം ഇത് മുനിനാരായണ പ്രസാദിന്റെ വ്യാഖ്യാനത്തോടെ പ്രസിദ്ധീകരിച്ചു. അറിവെന്താണ്? അറിവും അറിയപ്പെടുന്ന വിഷയങ്ങളും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു, അറിവ് ഒന്നോ പലതോ, അറിവില്ലെങ്കില്‍ ഈ ലോകം ഉണ്ടായിരിക്കുമോ? അറിയുന്നതിനുമുമ്പ് എന്തുണ്ടായിരുന്നു? അറിയുന്നു എന്നറിയാം അറിയുന്നില്ല എന്നതു അറിവാണോ അറിവില്ലായ്മയാണോ? അറിവിന് അറിയാന്‍ കഴിവില്ലാത്തതായി എന്തെങ്കിലുമുണ്ടോ? അറിവ് എവിടെ നിന്നുണ്ടായി… ഇങ്ങനെ അറിവുതന്നെ അറിവിനെ സംബന്ധിച്ച് മെനഞ്ഞുകൂട്ടുന്ന ഇത്തരം സംശയങ്ങള്‍ക്ക് അറുതിയില്ല. അദ്വൈതിയുടെ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് ഇതിനൊക്കെ ഉത്തരം പറയുകയാണ് നാരായണഗുരു ഈ ചെറുകൃതിയില്‍ ചെയ്യുന്നത്. അറിവിനെ സംബന്ധിച്ച് ഇത്ര ആഴത്തിലും പരപ്പിലുമുള്ള ഒരു പഠനം ലോകത്തിലുള്ള ഒരു ദാര്‍ശനിക ചിന്താ സമ്പ്രദായത്തിലും ഇതഃപര്യന്തം ഉണ്ടായിട്ടുള്ളതായി കാണുന്നില്ലെന്ന് വ്യാഖ്യാതാവായ മുനി നാരായണ പ്രസാദ് പറയുന്നു. അറിവ് എന്ന വാക്ക് കൊണ്ടാണ് 15 ശ്‌ളോകങ്ങളിലെ അറുപതു വരികളും ആരംഭിക്കുന്നത്.