അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

കമ്മ്യൂണിസ്റ്റ് നേതാവും കേരളത്തിലെ മുഖ്യമന്ത്രിയുമായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ജീവചരിത്രമാണ് അറിയപ്പെടാത്ത ഇ.എം.എസ്. അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് ഇ.എം.എസുമായി നടത്തിയ അഭിമുഖസംഭാഷണങ്ങളില്‍ നിന്നാണ് ഈ പുസ്തകം രചിച്ചത്. സാമൂഹ്യവും രാഷ്ട്രീയവുമായ സംഭവങ്ങളുടെ ഭാഗമായി നില്‍ക്കുന്ന ഇ.എം.എസിന്റെ വ്യക്തിത്വം ഈ ഗ്രന്ഥത്തില്‍ കാണാം.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരളത്തിലെ ആദ്യകാല ചരിത്രം പുതിയ തലമുറയ്ക്കു പരിചയപ്പെടുത്തിക്കൊടുക്കുവാന്‍ വേണ്ടിയാണ് ഇ.എം.എസുമായി അഭിമുഖ സംഭാഷണം നടത്തി ഇതുപോലൊരു ജിവചരിത്രരചന നിര്‍വഹിച്ചതെന്ന് രചയിതാവ് അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് പറയുന്നു. ഇ.എം.എസ് ഡല്‍ഹിയിലായിരുന്നപ്പോഴാണ് തുടങ്ങിയത്. എന്നാല്‍ വള്ളുവനാടിന്റെ ചരിത്രം എഴുതണമെങ്കില്‍ കേരളത്തില്‍ വരാതെ കഴിയില്ലെന്നു വന്നു. അങ്ങനെ കേരളത്തില്‍ വന്ന് പഴയ തലമുറക്കാരെ കണ്ടു. കൂടാതെ ഇല്ലങ്ങളിലും മറ്റും കയറി ഇറങ്ങി. പഴയകാല രാഷ്ട്രീയ നേതാക്കളെ കണ്ടു. ഇ.എം.എസിന്റെ വ്യക്തിജീവിതം എന്ന ക്യാന്‍വാസിലൂടെ കേരളത്തിലെ പഴയകാല രാഷ്ട്രീയം വരച്ചുകാട്ടാന്‍ ഗ്രന്ഥകാരന്‍ ശ്രമിക്കുന്നു. കേരളത്തിലെ ഇടതുപക്ഷ ചിന്തകനും കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനുമായ പി.ഗോവിന്ദപിള്ളയാണ് ഈ പുസ്തകത്തിന് അവതാരിക എഴുതിയത്. മലയാള ജീവചരിത്ര സാഹിത്യത്തില്‍ അറിയപ്പെടാത്ത ഇ.എം.എസ് ഒരു വഴിത്തിരിവിനെ കുറിക്കുന്നു എന്ന് പി. ഗോവിന്ദപിള്ള എഴുതുന്നു. ഇ.എം.എസ് തന്റെ ആത്മകഥയില്‍ പറഞ്ഞതിനേക്കാള്‍ വിസ്തരിച്ച് കേരളത്തിന്റെ സാമൂഹിക സാമ്പത്തിക ചരിത്രം വിവരിക്കാന്‍ അറിയപ്പെടാത്ത ഇ.എം.എസ് എന്ന കൃതിയിലൂടെ വള്ളിക്കുന്നിനു കഴിഞ്ഞു. നാലാമ്പ്രാന്റെ തിരുപ്പിറവി എന്ന അദ്ധ്യായത്തില്‍ നിന്ന് ഒരു ഭാഗം ഉദ്ധരിക്കാം:എലംകുളം മനയ്ക്കല്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെയും, വിഷ്ണുദത്ത അന്തര്‍ജ്ജനത്തിന്റെയും മകനായി ശങ്കരന്‍ ജനിച്ചത്
രേവതി നാളിലായിരുന്നു. കുഞ്ഞിന്റെ ആയുസ്സിനായി ധാരാളം വഴിപാടുകളും പ്രാര്‍ത്ഥനകളും മാതാപിതാക്കള്‍ നടത്തിയിരുന്നു. രേവതി നാളിനെക്കുറിച്ച് ശങ്കരന്റെ ജാതകം കുറിച്ച ജ്യോത്സന്‍ ഇങ്ങനെ പറഞ്ഞിരുന്നത്രെ:’രേവതി എരക്കും;താനെരക്കും തന്നോടെരക്കും’.