കാലത്തെ ബന്ധിപ്പിച്ചുനിര്‍ത്തുന്ന ജീര്‍ണ്ണാവസ്ഥകളോടു പൊരുത്തപ്പെടാനാവാതെ സ്വയം അന്യവല്‍ക്കരിക്കുന്ന നായകകഥാപാത്രങ്ങള്‍ എം.ടി. സാഹിത്യത്തിന്റെ സവിശേഷതകളാണ്. വള്ളുവനാടിന്റെ ഗ്രാമഭംഗി ആവോളം അനുഭവിപ്പിക്കുന്ന പശ്ചാത്തലവും നിളയുടെ സാന്നിദ്ധ്യവും എം.ടി.കൃതികളെ ശ്രദ്ധേയമാക്കുന്നു. കൂടല്ലൂര്‍ ഗ്രാമത്തില്‍ ജനിച്ച ഉശിരുള്ള ചെറുപ്പക്കാരന്റെ പ്രതീകമാണ് അസുരവിത്തിലെ ഗോവിന്ദന്‍കുട്ടി. ചുറ്റുപാടുകളുടെ ആക്ഷേപശരങ്ങളേറ്റ് മുറിവേറ്റമനസുമായി എല്ലുമുറിയെ പണിയെടുക്കാന്‍ വിധിക്കപ്പെടുമ്പോഴും ഗോവിന്ദന്‍കുട്ടി പരാതിപ്പെടുന്നില്ല. ചേട്ടന്റെ സ്വാര്‍ത്ഥതയും അമ്മയുടെ കുത്തുവാക്കുകയും ഓപ്പോളുടെ സാന്ത്വനവും സഹോദരീഭര്‍ത്താവായ ശേഖരന്‍ നായരോടുള്ള അമര്‍ഷവും ഗോവിന്ദന്‍കുട്ടിയുടെ വ്യക്തിജീവിതത്തെ പലവിധത്തില്‍ സ്വാധീനിക്കുന്നു. നാട്ടില്‍ കോളറ പടര്‍ന്നുപിടിച്ച കാലത്ത് ഗോവിന്ദന്‍കുട്ടി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങുന്നു. കടന്നുപോയവരുടെയെല്ലാം കാല്‍പ്പാടുകളില്‍ കരിഞ്ഞപുല്ലുകള്‍ നിര്‍മ്മിച്ച ഒറ്റയടിപ്പാതയിലൂടെ തിരിച്ചുവരാന്‍വേണ്ടി യാത്രയാരംഭിക്കുന്നിടത്ത് നോവല്‍ അവസാനിക്കുന്നു.