വിലാസിനി

‘വിലാസിനി’ എന്ന് തൂലികാനാമമുള്ള എം.കെ. മേനോന്‍ പ്രസിദ്ധീകരിച്ച ബൃഹത് നോവലാണ് അവകാശികള്‍. മലയാള നോവല്‍ രംഗത്തെ ഒരു അപൂര്‍വസൃഷ്ടി. അവകാശികളുടെ രചന ആരംഭിച്ചത് 1970 ജനുവരി ഒന്നാം തീയതിയാണ്.1975ല്‍ പൂര്‍ത്തീകരിച്ചു. 1980 ഫെബ്രുവരിയിലാണ് പ്രസിദ്ധീകരിച്ചത്. സിംഗപ്പൂരില്‍ ജോലി ചെയ്തിരുന്ന കാലത്ത് താന്‍ കണ്ട ജീവിത സത്യങ്ങള്‍ വാക്കുകളില്‍ ആവിഷ്‌കരിക്കാനാണ് നോവലിസ്റ്റ് ശ്രമിക്കുന്നത്. നാലുഭാഗങ്ങളിലായി ഏതാണ്ട് 4000 പുറങ്ങളുള്ളതാണീ നോവല്‍. മലയാളത്തിലെന്നല്ല മററു ഭാരതീയഭാഷകളിലും ഇത്ര ദൈര്‍ഘ്യമുള്ള നോവല്‍ അപൂര്‍വമാണ്. നോവലില്‍ 40 കഥാപാത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.അതില്‍ 10 കഥാപാത്രങ്ങളുടെ കാഴ്ച്ചപാടിലുടെയാണ് കഥയുടെ ചുരുളഴിയുന്നത്. നാല് തലമുറകളുടെ കഥയാണ് പറയുന്നത്. നാലഞ്ചുമാസക്കാലംകൊണ്ടാണ് നോവലില്‍ വിവരിക്കുന്ന സംഭവങ്ങള്‍ നടക്കുന്നത്. അതില്‍ അനേകദശകങ്ങളുടെ കഥ അനാവരണം ചെയ്യപ്പെടുന്നു. ഒരേ സംഭവത്തെ വിവിധ കഥാപാത്രങ്ങളുടെ കാഴ്ച്ചപാടിലുടെ നോക്കുന്നു.നോവലിന്റെ പശ്ചാത്തലം മലേഷ്യ ആണ്.മലേഷ്യയുടെ തലസ്ഥാനമായ കോലംപുര്‍ കൂടാതെ നോവലിസ്റ്റിന്റെ സാങ്കല്പിക സൃഷ്ടിയായ തന്‌ചോന്ഗ് ബസാര്‍ എന്നീ നഗരങ്ങളിലാണ് പ്രധാന സംഭവങ്ങള്‍ നടക്കുന്നത്. മലേഷ്യയില്‍ താമസമാക്കിയ മലയാളി കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ വളരെ സരസമായി ഒരു സമൂഹത്തിന്റെ കഥ പറയുന്നു. കുടുംബ ബന്ധങ്ങളുടെ തകര്‍ച്ച, ലൈംഗിക അരാജകത്വം മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളുമാണ് ഈ നോവലില്‍ തുറന്നുകാട്ടുന്നു. വേലുണ്ണിക്കുറുപ്പിന്റെ വന്‍ സ്വത്ത് ഭാഗിക്കുന്നതു സംബന്ധിച്ച അവകാശത്തര്‍ക്കമാണ് മുഖ്യകഥാതന്തു.
പുരസ്‌കാരങ്ങള്‍: കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് (1981), ഓടക്കുഴല്‍ അവാര്‍ഡ് (1981), വയലാര്‍ അവാര്‍ഡ് (1983).