പാപം മരിക്കുന്നില്ല. അത് മനുഷ്യനോടൊപ്പമുണ്ട്. അത് അവനെ പിടികൂടിയിരിക്കുന്നു എന്ന വസ്തുത ഓര്‍മ്മിപ്പിക്കുകയാണ് സി.വി.ബാലകൃഷ്ണന്‍. ബൈബിള്‍ഭാഷയുടെ ചൈതന്യം ആവാഹിച്ചുകൊണ്ട് പാപത്തിന്റെയും പശ്ചാത്താപത്തിന്റെയും കഥ പറയുകയാണിതില്‍.'മനുഷ്യന്റെ ആയൂസ് പുല്ലുപോലെയാകുന്നു. വയലിലെ പൂപോലെ അവന്‍ പൂക്കുന്നു. കാറ്റ് അതിന്‍മേല്‍ അടിക്കുമ്പോള്‍ അത് ഇല്ലാതെ പോകുന്നു''; ഇതിനിടയില്‍ ഒരു സ്പര്‍ശത്തിനും ആലിംഗനത്തിനും ചുംബനത്തിനും വേണ്ടി ദാഹിക്കുന്ന പച്ചയായ മനുഷ്യജീവികള്‍. മേരിയും സാറായും റാഹേലും ഇത്തരത്തില്‍ ദാഹാര്‍ത്തരാണ്. ശുദ്ധഗതിക്കാരിയായ, പാപബോധമുള്ള, കന്യകയായ ആനി പള്ളിയിലെ കൊച്ചച്ചനെ ഭര്‍ത്താവായി സ്വീകരിക്കുന്നു. ദൈവത്തിന്റെ നിയമങ്ങള്‍ അനുസരിക്കുന്ന നല്ല കുഞ്ഞാടായി യോഹന്നാന്‍ സ്ത്രീയുടെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങുന്നു. ആണും പെണ്ണുമായുള്ള ബന്ധത്തിന് ആദിമകാലത്തിന്റെ താരള്യവും സൗന്ദര്യവും നല്‍കി അവതരിപ്പിക്കുകയാണ് നോവലിസ്റ്റ്.