കോട്ടയത്തു തമ്പുരാന്റെ ആദ്യകാല ആട്ടക്കഥയാണ് ബകവധം. മഹാഭാരതം ആദ്യ പര്‍വ്വത്തിലെ ജതുഗൃഹാദ്ധ്യായത്തിലാണ് ബകവധം കഥ ഉള്‍പ്പെട്ടിരിക്കുന്നത്. മൂലകഥയില്‍ നിന്നും ഗണ്യമായ വ്യതിയാനമൊന്നും തമ്പുരാന്‍ ഈ ആട്ടക്കഥയില്‍ വരുത്തിയിട്ടില്ല. പാണ്ഡവന്മാരുടെ ബലവീര്യാദികളില്‍ അസൂയാലുവായിത്തീര്‍ന്ന ദുര്യോധനന്‍ അവരെ വാരണാവതത്തിലേയ്ക്കു മാറ്റി പാര്‍പ്പിയ്ക്കുവാന്‍ ധൃതരാഷ്ട്രരോട് അഭ്യര്‍ത്ഥിക്കുന്നു. കൗശലക്കാരനായ ധൃതരാഷ്ട്രര്‍ പാണ്ഡവരെ വാരണാവതത്തിലെ മാഹാത്മ്യങ്ങള്‍ വര്‍ണ്ണിച്ചു കേള്‍പ്പിക്കുന്നു. ഉത്സവം കാണുന്നതിനായി അവരെ അനുവദിക്കുകയും ചെയ്യുന്നു. ഒരു അരക്കില്ലം അവിടെ പണികഴിപ്പിച്ച വിവരം വിദുരര്‍ അറിയുകയും അതില്‍ നിന്നു രക്ഷപ്പെടാന്‍ ഒരു രഹസ്യ ഗുഹാമാര്‍ഗ്ഗം നിര്‍മ്മിക്കുകയും ചെയ്യുന്നു. അരക്കില്ലത്തിനു തീകൊടുത്തശേഷം പാണ്ഡവര്‍ രക്ഷപ്പെടുന്നു. അതില്‍ കുടുങ്ങിയ യാത്രികരുടെ മൃതദേഹം പാണ്ഡവരുടേതെന്നു തെറ്റിദ്ധരിച്ച കൗരവര്‍ സന്തോഷിക്കുന്നു. രക്ഷപ്പെട്ട് എത്തി വനത്തില്‍ താമസമാക്കിയ പാണ്ഡവരില്‍ ഭീമനോട് ഹിഡുംബിയ്ക്ക് അനുരാഗം തോന്നുകയും പിന്നീട് ഭീമനെ വരിക്കുകയും ചെയ്യുന്നു. ഏകചക്രയിലേയ്ക്കു താമസം മാറ്റിയ പാണ്ഡവര്‍ താമസിച്ചിരുന്ന ബ്രാഹ്മണഗൃഹത്തില്‍ ദമ്പതിമാരുടെ വിലാപം കേള്‍ക്കുന്നു. കാരണം അന്വേഷിച്ചപ്പോള്‍ ബകാസുരനു ഭക്ഷിക്കേണ്ട വിഭവങ്ങളോടൊപ്പം ഒരാളിനേയും നല്‍കണമായിരുന്നു. ഇരയായിത്തിരേണ്ടത് ആരെന്നതായിരുന്നു അന്നത്തെ വിലാപത്തിനു കാരണം. കുന്തീദേവി ആ വീട്ടുകാരുടെ പ്രതിനിധിയായി ഭീമനെ അയച്ചുകൊള്ളാമെന്നു ഏല്‍ക്കുന്നു. ബകനെ സമീപിക്കുന്ന ഭീമന്‍ അയാളെ വധിയ്ക്കന്നു. ഈ ആട്ടക്കഥയ്ക്ക് കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജാ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.