മലയാളത്തിലെ ആദ്യകാല നോവലുകളിലൊന്നാണ് 1877ല്‍ പുറത്തിറങ്ങിയ ഘാതകവധം. സി.എം.എസ്. മിഷണറി പ്രവര്‍ത്തകയായിരുന്ന കോളിന്‍സ് മദാമ്മ ഇംഗ്ലീഷില്‍ രചിച്ച നോവല്‍ അവരുടെ ഭര്‍ത്താവും കോട്ടയം സി.എം.എസ്. കോളേജിന്റെ പ്രിന്‍സിപ്പലുമായിരുന്ന റിച്ചാര്‍ഡ് കോളിന്‍സാണ് ഘാതകവധം എന്ന പേരില്‍ മലയാളത്തിലേക്ക് മാറ്റിയത്. പത്തൊമ്പതാം നൂറ്റാണ്ടിലെ ക്രിസ്ത്യാനി കുടുംബങ്ങളിലെ ജീവിതരീതികള്‍ പ്രതിപാദിക്കുന്ന സാമൂഹ്യപ്രസക്തിയുള്ള ഈ കൃതിയിലെ മുഖ്യവിഷയം സ്ത്രീധനമാണ്.
സ്ലെയര്‍ സ്ലൈന്‍ എന്ന പേരില്‍ ഇംഗ്ലീഷ് ഭാഷയിലാണ് 1859ല്‍ കോളിന്‍സ് മദാമ്മ ഇത് എഴുതിത്തുടങ്ങിയത്. അവരുടെ മരണശേഷം ഭര്‍ത്താവായ റിച്ചാര്‍ഡ് കോളിന്‍സ് ഇത് എഴുതിപ്പൂര്‍ത്തിയാക്കുകയും 1864ല്‍ കോട്ടയം സെമിനാരിയില്‍ നിന്ന് പ്രസിദ്ധപ്പെടുത്തിയിരുന്ന വിദ്യാസംഗ്രഹം മാസികയില്‍ ഇംഗ്ലീഷ് ഭാഷയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. 1877ല്‍ ഘാതകവധം എന്ന പേരില്‍ മലയാളപരിഭാഷയും റിച്ചാര്‍ഡ് കോളിന്‍സ് പുറത്തിറക്കി. മലയാളത്തിലെ ആദ്യനോവലായും ഘാതകവധം പരിഗണിക്കപ്പെടാറുണ്ട്.