(നോവല്‍)
ഒയ്യാരത്ത് ചന്തുമേനോന്‍

ലക്ഷണമൊത്ത ആദ്യ മലയാളനോവല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള കൃതിയാണ് ചന്തുമേനോന്റെ ഇന്ദുലേഖ. 1889ലാണ് പ്രസിദ്ധീകരിക്കുന്നത്. ഒരു നായര്‍ കുടുംബത്തിലെ കഥയാണ് ഈ നോവലിന്റെ ഇതിവൃത്തം.
നായര്‍,നമ്പൂതിരി സമുദായങ്ങളിലെ മരുമക്കത്തായവും, ജാതിവ്യവസ്ഥയും നമ്പൂതിരിമാര്‍ പല വേളികള്‍ കഴിക്കുന്ന സമ്പ്രദായവും നായര്‍ സമുദായത്തിന്റെ ധാര്‍മികച്യുതിയും ഇന്ദുലേഖയുടെയും മാധവന്റെയും പ്രണയകഥയിലൂടെ ചന്തുമേനോന്‍ അവതരിപ്പിക്കുന്നു. അദ്ദേഹം കൂടി അംഗമായിരുന്ന മലബാര്‍ വിവാഹ കമ്മീഷന്റെ തീരുമാനങ്ങളെ സ്വാധീനിക്കുവാന്‍ ഈ നോവലിനു സാധിച്ചു. മാത്രമല്ല, മലയാളത്തിലെ പില്കാല നോവലുകളെ വലിയ അളവില്‍ ഇന്ദുലേഖ സ്വാധീനിച്ചു.
ഇന്ദുലേഖ പ്രസിദ്ധികരിക്കാന്‍ പ്രസാധകര്‍ ആദ്യം തയ്യാറാകാത്തതുകൊണ്ട് ആ വര്‍ഷം ഡിസംബറില്‍ ചന്തുമേനോന്‍ സ്വന്തമായാണ് കോഴിക്കോട്ടെ സ്‌പെക്ടെറ്റര്‍ പ്രസ്സില്‍ അച്ചടിച്ച് പുറത്തിറക്കിയത്.1890 ജനുവരിയില്‍ നോവല്‍ വില്‍പനക്ക് എത്തി. മൂന്ന് മാസത്തിനുള്ളില്‍ ഒന്നാം പതിപ്പ് മുഴുവന്‍ വിറ്റു തീര്‍ന്നൂ. 1889 മുതല്‍ 2014 വരെ ഉദ്ദേശം ഒന്നരലക്ഷം കോപ്പിയെങ്കിലും അച്ചടിക്കപ്പെട്ടിട്ടുണ്ട്.
ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയില്‍നിന്ന് കണ്ടെടുത്ത യഥാര്‍ഥ ഇന്ദുലേഖയുടെ ഒന്നാം പതിപ്പില്‍ നിന്ന് നോവലിന്റെ അന്തഃസത്ത ചോര്‍ത്തിക്കളയുന്ന രീതിയില്‍ വെട്ടിത്തിരുത്തലുകള്‍ നടന്നതായുള്ള തെളിവുകളും യഥാര്‍ഥ ഇന്ദുലേഖയില്‍ നിന്ന് വെട്ടിമാറ്റപ്പെട്ട ഭാഗങ്ങളും ഉള്‍പ്പെടുത്തി മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രത്യേക പതിപ്പ് തയ്യാറാക്കിയിരുന്നു. കഥാന്ത്യവും നോവലിന്റെ തുടക്കവും വെട്ടിമാറ്റപ്പെട്ട നിലയിലാണെന്നാണ് ഇത് കണ്ടെത്തിയ ഡോ. പി.കെ. രാജശേഖരന്‍, ഡോ. പി. വേണുഗോപാലന്‍ എന്നിവരുടെ അഭിപ്രായം. കഥാന്ത്യത്തില്‍ നോവലിസ്റ്റ് ഒ.ചന്തുമേനോന്‍ നിര്‍വഹിച്ച ചരിത്രപ്രസക്തിയുള്ള സ്ത്രീപക്ഷ രാഷ്ട്രീയ പ്രസ്താവന ഒഴിവാക്കിയതായി ഇവര്‍ ആരോപിക്കുന്നു.
ഇന്ദുലേഖയ്ക്ക് പ്രധാനമായും രണ്ട് ഇംഗ്ലീഷ് വിവര്‍ത്തനങ്ങളാണ് ഉള്ളത്: 1890ല്‍ ഇറങ്ങിയ ഡബ്ല്യൂ. ഡ്യൂമര്‍ഗിന്റെ വിവര്‍ത്തനവും 1995ലെ അനിതാ ദേവസ്യയുടെ വിവര്‍ത്തനവും.