എം.ടി.യുടെ നോവലുകളുടെ തുടര്‍ച്ചയാണ് കാലം. മനസില്‍നിന്നു ഗ്രാമീണജീവിതത്തിന്റെ ആര്‍ദ്രമായ നീരൊഴുക്കുകള്‍ വറ്റിപ്പോകുന്ന 'സേതു'വെന്ന ചെറുപ്പക്കാരനാണ് ഇതിലെ നായകന്‍. ബാല്യവും കൗമാരവും തന്നിലേല്‍പ്പിച്ച ദുരിതപൂര്‍ണ്ണമായ അസ്വസ്ഥതകളില്‍ പില്‍ക്കാലജീവിതം മൂല്യനിരാസത്തിന്റേതായി മാറ്റുകയാണയാള്‍. വരാനില്ലാത്ത കത്തുകള്‍ക്കുവേണ്ടി തപാലാഫീസില്‍ കാത്തുനില്‍ക്കുമ്പൊഴും പുഴയ്ക്കപ്പുറത്തെ പുതിയലോകമാണ് അവന്റെ മനസില്‍. സുമിത്ര, തങ്കമണി, മിസിസ് ശ്രീനിവാസന്‍ തുടങ്ങിയവരെല്ലാം സേതുവിന്റെ ജീവിതത്തിലേക്ക് ഓരോ ഘട്ടങ്ങളില്‍ കടന്നുവരുന്നുണ്ട്. എന്നാല്‍, സേതുവിന്റെ സ്വാര്‍ത്ഥമനസിന്റെ ഏകാന്തസഞ്ചാരങ്ങളില്‍ പലപ്പോഴായി അവര്‍ അവഗണിക്കപ്പെടുകയും ചെയ്യുന്നു. ആദ്യ കാമുകി സുമിത്ര ഒരുഘട്ടത്തില്‍ അയാളോടുപറയുന്നുണ്ട്. 'സേതുവിന് എന്നും ഒരാളോടേ ഇഷ്ടമുണ്ടായിരുന്നുള്ളു.' വ്യഗ്രതയില്‍ സ്വയംനഷ്ടപ്പെടുകയാണയാള്‍. പ്രകൃതിക്കുനേരിട്ട വന്ധ്യത മനുഷ്യ മനസിലും അവന്റെ അസ്തിത്വത്തിലും സൃഷ്ടിക്കുന്ന വ്യതിയാനങ്ങളും മൂല്യനിരാസങ്ങളും മോഹഭംഗങ്ങളും ഈ നോവലിന്റെ സവിശേഷതകളാണ്. കാലത്തിന്റെ മുന്നില്‍ നിഷ്പ്രഭമാകുന്ന മനുഷ്യാവസ്ഥയുടെ അന്തര്‍ സംഘര്‍ഷങ്ങളും പ്രകൃതിക്കുമേല്‍ മനുഷ്യനേല്‍പ്പിക്കുന്ന പ്രഹരങ്ങളും ഈ നോവലിന്റെ അന്തര്‍ധാരയായി വര്‍ത്തിക്കുന്നു. കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡു നേടിയ എം.ടിയുടെ നോവല്‍.