ജി.വിവേകാനന്ദന്‍
    ആരെയും കൂസാത്ത പെണ്ണാണ് കള്ളിച്ചെല്ലമ്മ. വിപരീത പരിതസ്ഥിതികളില്‍ പതറാതെ നിലയുറപ്പിക്കുന്ന ചെല്ലമ്മ സ്ത്രീശാക്തീകരണത്തിന്റെ സജീവപ്രതീകം കൂടിയാണ്. താന്‍ താമസിക്കുന്ന സ്ഥലത്തിന്റെ ഉടമയായ ജന്മിയെ അവള്‍ അംഗീകരിക്കുന്നില്ല. എന്നാല്‍, അവളുടെ ജീവിതത്തിലേക്ക് കുഞ്ഞച്ചന്‍ കടന്നുവരുന്നതോടെ ചെല്ലമ്മ കുഞ്ഞച്ചന്റെ കാമുകിയായി മാറി എല്ലാം അവനു സമര്‍പ്പിക്കുന്നു. അദ്രാം കണ്ണിന്റെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങാതെ കുഞ്ഞച്ചനു വേണ്ടി കാത്തിരിക്കുന്ന ചെല്ലമ്മ ആ മനുഷ്യന്‍ വിവാഹിതനും രണ്ടു കുഞ്ഞുങ്ങളുടെ പിതാവുമാണെന്നറിയുമ്പോള്‍ തളര്‍ന്നുപോകുന്നു. രോഗബാധിതനായി ഒടുവില്‍ ചെല്ലമ്മയെ തേടിവരുന്ന കുഞ്ഞച്ചനെ അന്ത്യനിമിഷംവരെ പരിചരിക്കുന്നു. അമ്മയുടെ ചുടലയില്‍ വച്ച തെങ്ങില്‍നിന്നും തേങ്ങയടര്‍ത്തിയ ചെല്ലമ്മയെ സമൂഹം കള്ളിയെന്നു മുദ്രകുത്തുന്നു. തെക്കന്‍ കേരളത്തിന്റെ ജനജീവിതവും ഭൂപ്രകൃതിയും സംഭാഷണശൈലിയും സജീവമായി ഈ നോവലില്‍ വിവേകാനന്ദന്‍ പകര്‍ത്തിയിട്ടുണ്ട്. ഈ നോവല്‍ ഇതേപേരില്‍ സിനിമയാക്കിയിട്ടുണ്ട്. 1969 ല്‍ പി. ഭാസ്‌ക്കരനായിരുന്നു സംവിധാനം.