കോട്ടയത്ത് തമ്പുരാന്‍

കോട്ടയത്തു തമ്പുരാന്റെ ഏറ്റവും ജനപ്രിയമായ ആട്ടക്കഥയാണ് കല്യാണസൗഗന്ധികം. പ്രണയിനിയുടെ ഇഷ്ടം നിറവേറ്റാന്‍ കല്യാണസൗഗന്ധികം എന്ന പൂവുതേടി ഭീമന്‍ യാത്രയാവുന്നതാണ് കഥാതന്തു. സൗന്ദര്യം, അവതരണത്തിലെ സങ്കേതലാവണ്യം എന്നിവയെല്ലാം ഒത്തിണങ്ങി.
മഹാഭാരതത്തില്‍ ഈ കഥയുടെ പേര് ‘സൗഗന്ധികാഹരണം’ എന്നാണ്. കല്യാണസൗഗന്ധികം എന്ന മനോഹരമായ പേരുതന്നെ ആദ്യമായി നല്‍കിയത് നീലകണ്ഠകവിയുടെ കല്യാണസൗഗന്ധികം വ്യായോഗത്തോടെയാണ്. കല്യാണകരമായ സൗഗന്ധിക പുഷ്പത്തിന്റെ കഥ എന്നോ കല്യാണകന്‍ എന്ന ഗന്ധര്‍വ്വന്‍ കഥാപാത്രമായി വരുന്ന കൃതി എന്നോ കല്യാണസൗഗന്ധികമെന്ന വാക്കിന് നിഷ്പത്തി പറയാം.

നീലകണ്ഠകവിയുടെ കല്‍പ്പനകളെ സ്വാംശീകരിച്ചും, പുതിയ കല്‍പ്പനാചാതുരികള്‍ നിര്‍മ്മിച്ചുമാണ് കോട്ടയത്തു തമ്പുരാന്റെ രചന. പ്രണയസല്ലാപം നടത്തുന്ന ഭീമസേനനും പാഞ്ചാലിയ്ക്കും ഇടയില്‍ സൗഗന്ധികപുഷ്പം കൊണ്ടുവന്നിടുന്നതു ‘വാല്‍സല്യനിധിയായ കാറ്റ്’ ആണ്. ഭീമന്‍ മാരുതിയാണല്ലോ. സൗഗന്ധികപുഷ്പം തേടി ഗന്ധമാദന താഴ്വരകളിലൂടെ യാത്രയാവുന്ന ഭീമസേനന്‍ ‘സുന്ദരിയായ പാഞ്ചാലിയുടെ ചടുലചാരുകടാക്ഷങ്ങളെ’ പാഥേയമാക്കിയാണ് പോകുന്നത്. മനോഹരമായ കാവ്യബിംബങ്ങളെക്കൊണ്ടും രചനാസൗഷ്ഠവം കൊണ്ടും അനുഗൃഹീതമായ ആട്ടക്കഥയാണ് കല്യാണസൗഗന്ധികം.

കഥാസാരം

മഹാഭാരതം വനപര്‍വ്വത്തില്‍ പലയിടത്തായി ഈ കഥ പറഞ്ഞിരിക്കുന്നു. എണ്‍പത്തിനാലാം അദ്ധ്യായം മുതല്‍ സൗഗന്ധികം ആട്ടക്കഥയിലെ കഥാസന്ദര്‍ഭങ്ങള്‍ മഹാഭാരതത്തില്‍ കാണാം.
അര്‍ജുനന്‍ ദിവ്യാസ്ത്രസിദ്ധിക്കായി ശിവനെ തപസ്സ് ചെയ്ത് പാശുപതാസ്ത്രം നേടി. തുടര്‍ന്ന് പിതാവായ ഇന്ദ്രന്റെ ആഗ്രഹപ്രകാരം സ്വര്‍ഗ്ഗത്തില്‍ എത്തി. ഇന്ദ്രന്‍ അര്‍ദ്ധാസനം നല്‍കി അര്‍ജുനനെ ആദരിച്ചു. ആ സമയം മറ്റുള്ള പാണ്ഡവര്‍ വനത്തില്‍ പാഞ്ചാലീസമേതം കഴിയുന്നു.
അങ്ങനെയിരിക്കെ ഒരിക്കല്‍ ഭീമന്‍ ദുര്യോധനന്റെ ദുഷ്‌കര്‍മ്മങ്ങളില്‍ പ്രകോപിതനായി ധര്‍മ്മപുത്രരുടെ അടുത്തുവന്ന് കൗരവന്മാരെ ഒന്നാകെ നശിപ്പിക്കാന്‍ താനൊരുത്തന്‍ മതിയെന്നും അതിന് അനുവാദം നല്കണമെന്നും അപേക്ഷിച്ചു. ധര്‍മ്മപുത്രര്‍ അനുജനെ സമാധാനിപ്പിച്ചു. ദിവ്യാസ്ത്രലബ്ധിക്കായി പോയ അര്‍ജുനന്റെ വിവരങ്ങള്‍ അറിയാത്തതിനാല്‍ എല്ലാവരും ദുഃഖിച്ചിരിക്കുകയായിരുന്നു. ഇന്ദ്രനിര്‍ദ്ദേശപ്രകാരം അര്‍ജുനവൃത്താന്തം മറ്റ് പാണ്ഡവന്മാരെ അറിയിക്കാനായി രോമശമഹര്‍ഷി ധര്‍മ്മപുത്രരുടെ സമീപം എത്തുന്നു. താമസം കൂടാതെ ദേവലോകത്തുനിന്ന് അര്‍ജുനന്‍ എത്തുമെന്ന് അറിയിച്ചു.
അടുത്ത രംഗത്തില്‍ ശ്രീകൃഷ്ണന്‍ ധര്‍മ്മപുത്രാദികളുടെ സമീപം എത്തുന്നു. അപ്രതീക്ഷിതമായി ബലരാമനോടും യാദവന്മാരോടും കൂടി തങ്ങളുടെ സമീപത്ത് വന്നുചേര്‍ന്ന ശ്രീകൃഷ്ണനെ കണ്ട് പാണ്ഡവന്മാര്‍, ആരാലും ജയിക്കപ്പെടാത്തവനും ആശ്രിതന്മാര്‍ക്ക് കല്‍പ്പവൃക്ഷതുല്യനും ആയ അദ്ദേഹത്തെ നമസ്‌കരിച്ച് അവരുടെ ദുഃഖം പറഞ്ഞു. ശകുനിയുടെ നെറികേട് കാരണം സകല സുഖഭോഗങ്ങളും നശിച്ച് കാട്ടില്‍ നടന്ന് തളര്‍ന്ന പാണ്ഡവന്മാരെ കണ്ട് അവരെ വിധിയാം വണ്ണം സല്‍ക്കരിച്ച് ബലരാമനോടുകൂടിയ ശ്രീകൃഷ്ണന്‍ സൗമ്യമായി അവരെ സമാധാനിപ്പിച്ചു. ശ്രീപരമേശ്വരനില്‍ നിന്ന് സന്തോഷപൂര്‍വ്വം അസ്ത്രം നേടി അര്‍ജുനന്‍ ഉടന്‍ തന്നെ തിരിച്ചെത്തുമെന്നും അങ്ങേക്ക് ജയം വരും എന്ന് പറഞ്ഞ് ശ്രീകൃഷ്ണനും കൂട്ടരും വിടവാങ്ങി.
രംഗം നാലില്‍ ജടാസുരന്റെ ആത്മഗതം ആണ്. ബ്രാഹ്മണവേഷത്തില്‍ ചെന്ന് ഭീമനറിയാതെ, പാണ്ഡവരറിയാതെ അവരേയും പാഞ്ചാലിയേയും തട്ടിക്കൊണ്ട് പോകാന്‍ ജടാസുരന്‍ തീരുമാനിക്കുന്നു.
രംഗം അഞ്ചില്‍ ജടാസുരന്‍ കപടബ്രാഹ്മണവേഷം കെട്ടി അവരോടൊപ്പം സഞ്ചരിക്കാന്‍ ആഗ്രഹമുണ്ടെന്ന് ധര്‍മ്മപുത്രരെ അറിയിച്ചു. ശുദ്ധാത്മാവായ ധര്‍മ്മജന്‍ സമ്മതിച്ചു. ജടാസുരനു ഭീമനെ സംശയം ഉണ്ടായിരുന്നു. ഭീമന്‍ നായാട്ടിന് പോയ തക്കം നോക്കി ജടാസുരന്‍ സ്വരൂപം ധരിച്ച് ധര്‍മ്മപുത്രാദികളെ അപഹരിച്ചു. അപ്പോള്‍ സഹദേവന്‍ എങ്ങനെയോ അസുരന്റെ കയ്യില്‍ നിന്നും രക്ഷപ്പെട്ട് ഭീമനെ തേടിപ്പിടിച്ച് വിവരങ്ങള്‍ പറഞ്ഞു. ഉടന്‍ ഭീമന്‍ ജടാസുരനെ യുദ്ധത്തില്‍ വധിച്ചു.
വീണ്ടും പാണ്ഡവര്‍ യാത്ര തുടരുന്നു. പിന്നേയും കൊടുംകാട്ടില്‍ നടന്ന് തളര്‍ന്നവശനായ പാഞ്ചാലി ഭീമനോട് ആവലാതി പറയുന്നതാണ് ഈ രംഗത്തില്‍. പാഞ്ചാലിയുടെ ആവലാതി കേട്ട് ഭീമന്‍, തന്റെ മകനായ ഘടോല്‍ക്കചനെ സ്മരിക്കുന്നു. ഘടോല്‍ക്കചന്‍ ഭൃത്യന്മാരുമായി ഉടന്‍ പാണ്ഡവസമീപം എത്തുന്നു. ഭീമന്റെ ആജ്ഞ അനുസരിച്ച് ഘടോല്‍ക്കചന്‍ പാഞ്ചാലിയേയും പാണ്ഡവരേയും തോളത്ത് എടുത്ത് അവരുടെ ഇഷ്ടപ്രകാരം സഞ്ചരിച്ചു. അങ്ങനെ അവര്‍ വടക്കന്‍ ദേശത്തിലുള്ള ഗന്ധമാദനപര്‍വ്വതത്തിന്റെ സമീപത്തെത്തി.
ഗന്ധമാദനപര്‍വ്വതത്തില്‍ താമസിക്കുന്ന ഒരു ദിവസം പാഞ്ചാലിക്ക് അതുവരെ കണ്ടിട്ടില്ലാത്ത സൗഗന്ധിക പുഷ്പങ്ങള്‍ കാറ്റില്‍ പറന്നുവന്ന് കിട്ടി. സൗഗന്ധികപുഷ്പങ്ങളുടെ ഭംഗിയും സൗന്ദര്യവും കണ്ട് ഇനിയും ഇത്തരം പുഷ്പങ്ങള്‍ കിട്ടണമെന്ന് പാഞ്ചാലി ഭര്‍ത്താവായ ഭീമനോട് ആവശ്യപ്പെട്ടു. തന്റെ പ്രേയസിയുടെ ഇംഗിതം സാധിപ്പിക്കാനായി ഭീമന്‍ ഗദാധാരിയായി ഉടനെ പുറപ്പെട്ടു.
അനേകദൂരം സഞ്ചരിച്ച് ഉന്നതങ്ങളായ പര്‍വ്വതങ്ങളും മഹാവനങ്ങളും കടന്ന് ഭീമന്‍ കദളീവനത്തില്‍ എത്തി. കാടടച്ച് പൊളിച്ചുള്ള ഭീമന്റെ വരവ് കാരണം കദളീവനത്തില്‍ ശ്രീരാമസ്വാമിയെ ധ്യാനിച്ച് ഇരിക്കുന്ന ഹനുമാന് തപോഭംഗം ഉണ്ടായി. മനക്കണ്ണുകൊണ്ട് തന്റെ തപോഭംഗത്തിനുള്ള കാരണം ഹനുമാന്‍ മനസ്സിലാക്കി. തന്റെ അനുജനായ ഭീമന്റെ ആഗമനോദ്ദേശം മനസ്സിലാക്കിയ ഹനുമാന്‍ ഭീമനെ ഒന്ന് പരീക്ഷിക്കാനും സൗഗന്ധികപുഷ്പങ്ങള്‍ എവിടെ കിട്ടും എന്നും പറഞ്ഞ് കൊടുക്കാം എന്ന് തീരുമാനിച്ചു. പരീക്ഷിക്കുന്നതിനായി ഹനുമാന്‍ ഒരു വൃദ്ധവാനരന്റെ വേഷം ധരിച്ച് ഭീമന്റെ വഴിയില്‍ കിടന്നു. വഴി തടസ്സം ഉണ്ടാക്കുന്ന വാനരവൃദ്ധനോട് എഴുന്നേറ്റ് പോകാന്‍ ഭീമന്‍ പറഞ്ഞു. എങ്കിലും വയസ്സായതിനാല്‍ ചലനശേഷി നഷ്ടപ്പെട്ടെന്നും തന്നെ ചാടിക്കടന്ന് പൊയ്‌ക്കോള്ളാനും ഹനുമാന്‍ ഭീമനോട് പറഞ്ഞു. പക്ഷെ വാനരജാതിയില്‍ തനിക്കൊരു ജ്യേഷ്ഠനുള്ളതിനാല്‍ കവച്ചുവച്ച് പോകാന്‍ ഭീമന്‍ ഇഷ്ടപ്പെട്ടില്ല. വഴിക്ക് വിലങ്ങനെ കിടക്കുന്ന വൃദ്ധവാനരന്റെ വാല്‍ നീക്കി കടന്ന് പോകാന്‍ ഭീമന്‍ ശ്രമിച്ചെങ്കിലും വാനരപുച്ഛം ഒന്ന് അനക്കാന്‍ കൂടെ ഭീമന് പറ്റിയില്ല. എന്തോ ദിവ്യത്വം ഈ വൃദ്ധവാനരനുണ്ടെന്ന് ധരിച്ച ഭീമന്‍ അങ്ങ് ആരാണെന്ന് താഴ്മയോടെ അന്വേഷിച്ചു. ആ സമയം ഹനുമാന്‍ സ്വയം പരിചയപ്പെടുത്തി. ആശ്ചര്യത്തോടും സന്തോഷത്തോടും ഭക്തിയോടും കൂടെ ഭീമന്‍ ഹനുമാനെ നംസ്‌കരിച്ചു. തുടര്‍ന്ന് സമുദ്രലംഘനരൂപം കാണിച്ചുതരുവാന്‍ ഹനുമാനോട് ആവശ്യപ്പെട്ടു. ഹനുമാന്‍ സമുദ്രലംഘനരൂപം കാണിച്ചുകൊടുത്തു.
മാത്രമല്ല വരാന്‍ പോകുന്ന മഹാഭാരതയുദ്ധത്തില്‍ അര്‍ജുനന്റെ കൊടിയില്‍ ഇരുന്ന് ഭയങ്കരമായ അട്ടഹാസംകൊണ്ട് ശത്രുക്കളെ നശിപ്പിക്കാം എന്നും ഹനുമാന്‍ വാക്കുകൊടുത്തു.
കുശലാന്വേഷണങ്ങള്‍ക്ക് ശേഷം സൗഗന്ധികപുഷ്പങ്ങള്‍ ലഭിക്കാനുള്ള മാര്‍ഗ്ഗം ഹനുമാന്‍ ഭീമനു പറഞ്ഞുകൊടുത്തു. ഭീമനെ യാത്രയാക്കി വീണ്ടും തപസ്സില്‍ മുഴുകി.
രംഗം പതിനൊന്നില്‍ ഭീമന്‍ കുബേരന്റെ കല്‍ഹാരവ്യാപിയില്‍ എത്തുന്നു. സൗഗന്ധികങ്ങള്‍ അന്വേഷിക്കുന്ന ഭീമനെ കുബേരഭൃത്യന്മാര്‍ തടുക്കുന്നു. യുദ്ധത്തില്‍ ഭീമന്‍ ജയിക്കുന്നു.
രംഗം പന്ത്രണ്ടില്‍ ഭീമന്‍ പുഷ്പകോദ്യാനത്തില്‍ എത്തുന്നു. സൗഗന്ധികങ്ങള്‍ അന്വേഷിച്ചുവന്ന ഭീമനെ ഇവിടേയും കുബേരഭൃത്യന്മാരായ നിശാചരര്‍ എതിര്‍ക്കുന്നു. യുദ്ധത്തില്‍ ഭീമന്‍ ജയിക്കുന്നു. സൗഗന്ധികങ്ങള്‍ ശേഖരിക്കുന്നു. ഭീമന്‍ തിരിച്ച് പോകുന്നു. സൗഗന്ധികപുഷ്പങ്ങള്‍ നേടിയ ഭീമസേനന്‍ പാഞ്ചാലിയുടെ അടുത്ത് തിരിച്ചെത്തി അവ പത്‌നിക്ക് നല്‍കുന്നു.