മലയാള ഭാഷാ വ്യാകരണത്തിലെ പ്രാമാണിക ഗ്രന്ഥമാണ് കേരളപാണിനീയം. എ.ആര്‍. രാജരാജവര്‍മ്മയാണ് കര്‍ത്താവ്. ആദ്യപതിപ്പ് 1896ലും പരിഷ്‌കരിച്ച പതിപ്പ് 1917ലും പുറത്തിറങ്ങി. സംസ്‌കൃതത്തില്‍ പാണിനി മഹര്‍ഷി എഴുതിയ പാണിനീയത്തില്‍ അവഗാഹം നേടിയ രാജരാജവര്‍മ്മ പക്ഷേ, പാണിനീയത്തെ അന്ധമായി പിന്തുടരാതെ മലയാള ഭാഷയുടെ സ്വഭാവത്തിനിണങ്ങുന്ന കേരളപാണിനീയം രചിച്ചു. സംസ്‌കൃതത്തില്‍ നിന്നല്ല, പ്രാചീന തമിഴില്‍നിന്നാണ് മലയാളം ഉണ്ടായതെന്ന അഭിപ്രായമാണ് അദ്ദേഹത്തിന്. തമിഴില്‍ നിന്ന് വേര്‍പെട്ട് മലയാളം സ്വതന്ത്രഭാഷയായതിന് ഹേതുവായി കരുതാവുന്ന ആറു നയങ്ങള്‍ അദ്ദേഹം അവതരിപ്പിക്കുന്നു.