(മഹാകാവ്യം)
ചെറുശേരി നമ്പൂതിരി

പതിനഞ്ചാം നൂറ്റാണ്ടില്‍ കോലത്തിരിയുടെ കൊട്ടാരത്തിലെ കവിയായിരുന്ന ചെറുശേരി നമ്പൂതിരി രചിച്ച മഹാകാവ്യമാണ് ‘കൃഷ്ണഗാഥ’. ഭാഗവതം ദശമസ്‌കന്ധത്തില്‍ നിന്നെടുത്ത വിഷയമാണ് കവി ആവിഷ്‌കരിച്ചിട്ടുള്ളത്. ശ്രീകൃഷ്ണന്റെ അവതാരം മുതല്‍ സ്വര്‍ഗാരോഹണം വരെയുള്ള കഥകളാണ് ഇതില്‍. എന്നാല്‍, ഭാഗവതത്തിന്റെ വെറും അനുകരണമല്ല കൃഷ്ണഗാഥ. ഭാഗവതത്തിലെ വേദാന്തത്തെക്കാള്‍ ജീവിതമാണ് കവി മുഖ്യമായി കണ്ടത്. കവിയുടെ അനിതര സാധാരണമായ ഭാവനാവിലാസം ഇതില്‍ കളിയാടുന്നു.
ശുദ്ധമലയാള ഭാഷയില്‍ ഇഥംപ്രഥമമായി സംജാതമായ മഹാകാവ്യമാണ് ഇത്. കൂടുതലും കേരളഭാഷയിലാണ് രചിച്ചിട്ടുള്ളത്. ലളിതമായ സംസ്‌കൃതപദങ്ങള്‍ കവി ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍, സംസ്‌കൃതവിഭക്ത്യന്ത രൂപങ്ങളായ പദങ്ങള്‍ തീരെ വര്‍ജിച്ചിരിക്കുന്നു.
ശുദ്ധമലയാളപദങ്ങളുടെ ശക്തിയും വ്യക്തിയും മാത്രമല്ല, സ്വാരസ്യവും സൗന്ദര്യവും ഗ്രഹിക്കുന്നതിന് കൃഷ്ണഗാഥയോളം ഉപകാരപ്രദമായ ഗ്രന്ഥം വേറെയില്ലെന്ന് ‘സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ’ എന്ന ചരിത്രഗ്രന്ഥത്തില്‍ പറയുന്നു.